Image

ഇല്ലാതായത്, മാണിസാര്‍ എന്ന പ്രസ്ഥാനം (പകല്‍ക്കിനാവ് 144 : ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 19 April, 2019
ഇല്ലാതായത്, മാണിസാര്‍ എന്ന പ്രസ്ഥാനം   (പകല്‍ക്കിനാവ് 144 : ജോര്‍ജ് തുമ്പയില്‍ )
കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം. മാണി എന്ന കരിങ്ങോഴയ്ക്കല്‍ മാണി മകന്‍ മാണി ഇനിയില്ല. അദ്ദേഹത്തെ നാട്ടിലായിരിക്കുമ്പോള്‍ കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ അവസരം കിട്ടുന്നത് അമേരിക്കയില്‍ വച്ചാണ്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടയ്ക്ക് അന്നു പ്രചുര പ്രചാരത്തിലിരുന്ന മലയാളംപത്രം ഓഫീസില്‍ മാണിസാര്‍ അദ്ദേഹത്തിന്റെ സുഹൃത്തായ വര്‍ക്കി എബ്രഹാമിനൊപ്പമാണ് എത്തിയത്. അന്നത്തെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന ജോയി ലൂക്കോസ്, ജോര്‍ജ് ജോസഫ്, ടാജ് മാത്യു, ജേക്കബ് റോയി, വി.ജെ. മാത്യു (കൊച്ചുമോന്‍), ലേഖകന്‍ എന്നിവര്‍ ചേര്‍ന്ന് ആനയിച്ചു. പത്രാധിപസമിതിയുമായി മനസ്സു തുറക്കേവ, എത്ര മനോഹരമായി, എത്ര സുന്ദരമായി അന്ന് അദ്ദേഹം ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു. പലപ്പോഴും അതൊരു അഭിമുഖസംഭാഷണം എന്ന നിലയില്‍നിന്നും മാറി സൗഹൃദസംഭാഷണം എന്ന രീതിയിലേക്ക് ചേക്കേറിയത് ഞാനോര്‍ക്കുന്നു. നിയമവകുപ്പ് കൈകാര്യം ചെയ്തിരുന്നതു കൊണ്ട് അദ്ദേഹത്തിന് നിയമകാര്യത്തില്‍ അസാമാന്യ പരിജ്ഞാനമായിരുന്നു. മദ്രാസ് ലോ കോളേജില്‍ നിന്നും നിയമബിരുദം നേടിയ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായിരുന്ന പി.ഗോവിന്ദമേനോന്റെ കീഴില്‍ 1955-ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. എന്നാല്‍ ഒരിക്കലും അദ്ദേഹം പേരിനൊപ്പം അഡ്വ. കെ. എം. മാണി എന്നു ചേര്‍ത്തില്ല. പകരം എല്ലാവര്‍ക്കും അദ്ദേഹം മാണിസാറായിരുന്നു. ആദ്യം കാണുമ്പോള്‍ ചോദിച്ചതും ഇപ്പോഴുമോര്‍ക്കുന്നു, പറയ്-മാണിസാര്‍ എന്നാ ചെയ്തു തരേണ്ടത്? 

സ്വന്തം പാര്‍ട്ടിക്കാരനാണെങ്കിലും അല്ലെങ്കിലും പാലാക്കാരനാണെങ്കിലും അല്ലെങ്കിലും എല്ലാവരോടും അദ്ദേഹം അനുതാപപൂര്‍വ്വം ഇടപെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശനത്തിന് സാധാരണനിലയില്‍ രാഷ്ട്രീയക്കാരോ, സിനിമാമേഖലയില്‍ നിന്നുള്ളവരോ വന്നാല്‍ കാണിക്കുന്ന തലക്കനമൊന്നും മാണിസാറിന് ഉണ്ടായിരുന്നില്ല. സ്ഥിരം ജൂബായും മുണ്ടും മാത്രം ഉപേക്ഷിച്ചിരുന്നു. പാന്റും നല്ല സഫാരി കോട്ടുമൊക്കൊയിട്ട് ചീകിയൊതുക്കിയ മുടിയും മുഖത്ത് നല്ല പൗഡറൊക്കെയിട്ട് സുമുഖനായാണ് അദ്ദേഹം ന്യൂയോര്‍ക്കിലെത്തിയത്. ആ സ്റ്റൈലിനും വൃത്തിക്കും വസ്ത്രധാരണത്തിനും കൊടുക്കണം ഒരു ബിഗ് സല്യൂട്ട്. എപ്പോഴും ഇങ്ങനെ മേക്കൊപ്പൊക്കെയിട്ട് നടക്കുന്നതിനെക്കുറിച്ച് ടാജ്മാത്യു ചോദിച്ചപ്പോള്‍ പറഞ്ഞത്, ഈ കുഞ്ഞാലിക്കുട്ടിയൊക്കെ സുന്ദരനായിട്ട് ഇങ്ങനെ നടക്കുമ്പോള്‍ നമ്മള്‍ ഇത്രയെങ്കിലും മേക്കപ്പൊക്കെ ഇട്ട് നടന്നില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്നായിരുന്നു. മുസ്ലീം ലീഗിലെ കുഞ്ഞാലിക്കുട്ടിയുമായി അദ്ദേഹത്തിനു നല്ല സൗഹൃദമുണ്ടായിരുന്നു. പലപ്പോഴും യുഡിഎഫുമായി പിണക്കത്തിലേര്‍പ്പെട്ടപ്പോള്‍ ഇണക്കി കൊണ്ടു പോകാന്‍ കൂടെ നിന്നത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇപ്പോള്‍, കോണ്‍ഗ്രസുമായി പിണങ്ങി യുഡിഎഫ് വിട്ട് തിരിച്ചു വരാന്‍ കാരണക്കാരനും മറ്റൊരാളല്ല.

മാണിസാറിനെ സംബന്ധിച്ചിടത്തോളം കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും പാലായും രണ്ടല്ല ഒന്നായിരുന്നു. അതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ മാണിസാര്‍ പറഞ്ഞത് വലിയൊരു സിദ്ധാന്തം പോലെയാണ് ഞങ്ങള്‍ കേട്ടിരുന്നത്. '1965-ല്‍ 26 സീറ്റ് നേടിയെങ്കിലും പിന്നീട് മധ്യതിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളുടെ മാത്രം പാര്‍ട്ടിയെന്ന നിലയിലാണ് കേരള കോണ്‍ഗ്രസ് മാറിയതിനു പിന്നില്‍ നിങ്ങള്‍ കരുതും പോലെ ചതിയുടെയും കുതികാല്‍ വെട്ടിന്റെയൊന്നും കഥയല്ല ഉള്ളത്. ജനങ്ങളെ സ്‌നേഹിക്കണം, അവരാണ് നമ്മുടെ തണല്‍. അവര്‍ക്ക് തണലാവണമെങ്കില്‍ അവരോടൊപ്പം നില്‍ക്കണം. അള്‍ത്താരയിലെ തിരുസ്വരൂപമായി നില്‍ക്കുന്നതിലല്ല ഞാന്‍ ആനന്ദം കണ്ടെത്തുന്നത്. മറിച്ച്, ജനങ്ങളുടെ മുഖത്തെ പുഞ്ചിരി കാണുമ്പോഴാണ്. ഞാന്‍ നിയമം പഠിച്ചയാളാണ്. എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ കണ്ടെത്തി അതു വികസനമാക്കി മാറ്റാനാണ് ഞാന്‍ ശ്രമിച്ചത്. ഞാനൊരിക്കലും വരേണ്യവര്‍ഗത്തിന്റെ പ്രതിനിധയില്ല, മറിച്ച് ജനങ്ങളുടെ മുന്നില്‍ നി്‌നിന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആ നിലയ്ക്ക് കേരള കോണ്‍ഗ്രസ് ഒതുങ്ങിപ്പോയെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അതു ശരിയാണ്. പിന്നെ മധ്യതിരുവിതാംകൂറിന്റെ ക്രിസ്ത്യാനി പാര്‍ട്ടിയാണെങ്കില്‍ കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍.ജയരാജും, ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്ണിയാടനും ഇതിന് അപവാദങ്ങളല്ലേ. വിമര്‍ശകര്‍ അതുമിതും പറഞ്ഞോണ്ടിരിക്കും. അതൊന്നും മാണിസാറിനെ തളര്‍ത്തില്ല.' ശരിയാണ്. ഒരിക്കല്‍ പോലും തോല്‍വിയറിയാതെ പാലായില്‍ നിന്നും ജയിച്ചുകയറിയ മാണിസാറിനോട് ഈ മാജിക്കല്‍ ട്രിക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, പാലാ ഉള്ളിടത്തോളം ഞാന്‍ അവരുടെ കൂടെയുണ്ടാവും എന്നാണ്. ഇപ്പോള്‍ അനിവാര്യമായ തിരിച്ചുപോക്കില്‍ മാണി സാര്‍ പറഞ്ഞത് പാലാക്കാര്‍ അക്ഷരംപ്രതി പാലിച്ചു. ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പ് പരാജയം രുചിക്കാതെ പ്രതാപത്തോടെയുള്ള വിടവാങ്ങല്‍.
ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. ആ ചൂടിലേക്ക് കനല്‍കോരിയിട്ടാണ് മാണിസാര്‍ മടങ്ങിയത്. സ്വന്തം പാര്‍ട്ടിയില്‍ തന്നെ വിമതനീക്കം ശക്തമായപ്പോള്‍ തെല്ലും വഴങ്ങാതെ തലയുയര്‍ത്തിപിടിച്ചു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് രാജകീയമായി തന്നെ അദ്ദേഹം മടങ്ങി. കേരളജനതയുടെ രാഷ്ട്രീയമണ്ഡലത്തില്‍ മാണിസാര്‍ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് മനസ്സിലാകുക. അദ്ദേഹം സൃഷ്ടിച്ച ശൂന്യത നികത്താന്‍ കേരളകോണ്‍ഗ്രസ് പാര്‍ട്ടിയിലെന്നല്ല, കേരള രാഷ്ട്രീയത്തിലും മറ്റൊരാളില്ല. ആദരാഞ്ജലികള്‍, പ്രിയപ്പെട്ട മാണിസാര്‍. ആദരവോടെ തല കുനിക്കുന്നു, അങ്ങയുടെ പ്രജാതല്പരതയ്ക്ക് മുന്നില്‍.

ഇല്ലാതായത്, മാണിസാര്‍ എന്ന പ്രസ്ഥാനം   (പകല്‍ക്കിനാവ് 144 : ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക