Image

ഫോമാ കണ്‍വന്‍ഷന്‍ 2012: അരങ്ങൊരുങ്ങുന്നു

Published on 25 April, 2012
ഫോമാ കണ്‍വന്‍ഷന്‍ 2012: അരങ്ങൊരുങ്ങുന്നു
ന്യൂയോര്‍ക്ക്‌: ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ `കാര്‍ണിവല്‍ ഗ്ലോറി'യില്‍ നടക്കുന്ന ഫോമാ മൂന്നാം അന്തര്‍ദേശീയസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുവെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ അറിയിച്ചു.

ഉല്ലാസക്കപ്പലില്‍ നടത്തുന്ന ഈ ക്രൂസ്‌ കണ്‍വന്‍ഷന്‍ ഏറെ പുതുമയേറിയതും ആകര്‍ഷണീയവുമായിരിക്കും. ന്യൂയോര്‍ക്ക്‌ സിറ്റിയില്‍നിന്നും ഓഗസ്റ്റ്‌ ഒന്ന്‌ 12 മണിയോടെയാണ്‌ കപ്പലില്‍ പ്രവേശനം ആരംഭിക്കുന്നത്‌. രണ്ടുമണിക്ക്‌ കപ്പലില്‍ നടക്കുന്ന ഉദ്‌ഘാടനസമ്മേളനത്തില്‍ ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍, സെനറ്റര്‍, അംബാസിഡര്‍ നിരുപമ റാവു തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നതാണ്‌.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്‍വന്‍ഷന്റെ വിവിധപരിപാടികള്‍ അരങ്ങേറും. പ്രതിഭാസമ്പന്നരായ ഒരു ടീം കണ്‍വന്‍ഷന്‍ കമ്മിറ്റിയുടെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത്‌ പ്രവര്‍ത്തിക്കുന്നുവെന്നത്‌ വളരെ അഭിമാനകരമാണെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. നാട്ടില്‍നിന്നുമുള്ള രാഷ്‌ട്രീയപ്രമുഖര്‍,
സാമൂഹ്യസാംസ്‌കാരികനേതാക്കള്‍, കലാകാരന്മാര്‍ എന്നിവരടങ്ങിയ വിശിഷ്ടാതിഥികള്‍ ഫോമാ കണ്‍വന്‍ഷന്‍ സാഗരസംഗമത്തില്‍ പങ്കെടുക്കുവാനെത്തുന്നുണ്ട്‌.

വിവിധഡാന്‍സ്‌ ഇനങ്ങള്‍, ബ്യൂട്ടി പാജന്റ്‌(മിസ്‌ ഫോമ) ഇവ കൂടാതെ `ഫോമാ ബെസ്റ്റ്‌ കപ്പിള്‍' മത്സരവും ഈ കണ്‍വന്‍ഷന്റെ ആകര്‍ഷണങ്ങളിലൊന്നാണ്‌. ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ചെയര്‍പേഴ്‌സണ്‍ ആയ തോമസ്‌ ജോസു(ജോസുകുട്ടി)മായി ബന്ധപ്പെടേണ്ടതാണ്‌.

അമേരിക്കയിലെ മലയാളസാഹിത്യകാരന്മാരെ ഏകോപിച്ചുകൊണ്ട്‌ നടത്തുന്ന സാഹിത്യസമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖസാഹിത്യകാരന്മാരും പങ്കെടുക്കുന്നതായിരിക്കും. പ്രശസ്‌തസാഹിത്യകാരിയായ റീനി മമ്പലം, ജനനി മാസികയുടെ ലിറ്റററി എഡിറ്റര്‍ ഡോ. സാറാ ഈശോ എന്നിവരാണ്‌ സാഹിത്യസമ്മേളനത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

അച്ചടിദ്യശ്യ മലയാളമാധ്യമങ്ങളുടെ ഒരു കൂട്ടായ്‌മയായ മീഡിയ സെമിനാര്‍ നയിക്കുന്നത്‌ പത്രപ്രവര്‍ത്തകനായ ജോര്‍ജ്‌ തുമ്പയില്‍ ആയിരിക്കും. എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഈ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ശ്രീ തുമ്പയില്‍ അറിയിച്ചു.

കടലില്‍ ചിരിയുടെ അലകളിളക്കുവാന്‍ ചിരിയരങ്ങുമായി രാജു മൈലപ്ര, എ.വി വറുഗീസ്‌ എന്നിവര്‍ രംഗത്തെത്തും. ഡോ. എം.വി പിള്ള, ഡോ. ബാബു പോള്‍, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ എന്നീ ബഹുമുഖപ്രതിഭകളുടെ സാന്നിദ്ധ്യം ചിരിയരങ്ങിലെന്ന പോലെ മറ്റെല്ലാ സമ്മേളനങ്ങള്‍ക്കും മാറ്റുകൂട്ടും. കണ്‍വന്‍ഷനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന സൂവനീറിന്റെ ചുമതല ജനനി ചീഫ്‌ എഡിറ്റര്‍ ആയ ശ്രീ ജെ. മാത്യൂസ്‌ ആണ്‌ നിര്‍വഹിക്കുന്നത്‌. സൂവനീറിലേക്ക്‌ സാഹിത്യസൃഷ്ടികള്‍ അയയ്‌ക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9146936337 ല്‍ ബന്ധപ്പെടുക.

നാട്ടില്‍നിന്നുമെത്തുന്ന പ്രശസ്‌തസിനിമാസീരിയല്‍ താരങ്ങളൊരുക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാം ആണ്‌ കണ്‍വന്‍ഷന്റെ മറ്റൊരു പ്രധാനഇനം. കൂടാതെ മതസൗഹാര്‍ദ്ദസമ്മേളനം, വിമന്‍സ്‌ ഫോറം, പൊളിറ്റിക്കല്‍അവേര്‍നെസ്‌, ബിസിനസ്സ്‌ മീറ്റിംഗ്‌ തുടങ്ങി നിരവധി വ്യത്യസ്‌തപരിപാടികള്‍ക്കും ഈ സമ്മേളനത്തില്‍ വേദിയൊരുക്കുന്നുണ്ട്‌.

ഇതുകൂടാതെ ദിവസേന കപ്പലിലെ ആകര്‍ഷണങ്ങള്‍ ഒട്ടേറെയുണ്ട്‌. തിയേറ്റര്‍ ഷോ, മൂവീസ്‌, ഡാന്‍സ്‌ ക്ലാസ്‌, യോഗ, ഫാഷന്‍ ഷോ, ഫ്‌ളവര്‍ ഷോ, ജ്വല്ലറി പ്രദര്‍ശനം, ബിംഗോ ഗയിംസ്‌, കാസിനോ ടൂര്‍ണമെന്റ്‌ എന്നിവ അവയില്‍ ചിലതുമാത്രം. കുട്ടികളുള്‍പ്പെടെ ഏത്‌ പ്രായക്കാര്‍ക്കും ആസ്വദിക്കുവാന്‍ പറ്റിയ അനേകം പരിപാടികള്‍ കാര്‍ണിവല്‍ ഗ്ലോറിയെ അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ ഉല്ലാസക്കപ്പല്‍ ആക്കിമാറ്റുന്നു.

സെന്റ്‌ ജോണ്‍സ്‌, ഹാലിഫാക്‌സ്‌ എന്നീ മനോഹരങ്ങളായ ദീപുകളിലാണ്‌ കാര്‍ണിവല്‍ ഗ്ലോറി താവളമടിക്കുന്നത്‌. രണ്ടിടത്തും കാഴ്‌ചകള്‍ കാണുവാന്‍ ഓരോ ദിവസം വീതമുണ്ട്‌. അവിടെയുള്ള എക്‌സ്‌കര്‍ഷന്‍സ്‌ കാര്‍ണിവല്‍ മുഖേന അറേഞ്ച്‌ ചെയ്യാം. ക്രൂസ്‌ എക്‌സ്‌കര്‍ഷന്‍സ്‌ വാങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ രേണുക സഹായ്‌ യുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോണ്‍: (301) 9162010. അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പോ ഗ്രീന്‍കാര്‍ഡോ ഇല്ലാത്തവര്‍ക്ക്‌ കാനേഡിയന്‍ വിസാ ആവശ്യമാണ്‌. അതിനുള്ള തയ്യാറെടുപ്പ്‌ യഥാസമയം ചെയ്യണമെന്നും സണ്ണി പൗലോസ്‌ ഓര്‍മ്മപ്പെടുത്തി. വീല്‍ ചെയര്‍ ആവശ്യമുള്ളവര്‍ നേരത്തെ തന്നെ ബുക്ക്‌ ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ്‌ തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സജി ഏബ്രഹാം എന്നിവരോടൊപ്പം, ഫോമയുടെ അഡൈ്വസറി ബോര്‍ഡ്‌, മറ്റ്‌ നാഷണല്‍ കമ്മറ്റിഅംഗങ്ങള്‍ എന്നിവരടങ്ങുന്ന ഒരു വലിയ ടീം കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി അശ്രാന്തപരിശ്രമം നടത്തുന്നുണ്ട്‌.

ഇതിനോടകം വളരെയധികം പേര്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. സജീവ്‌ വേലായുധനാണ്‌ രജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്നത്‌. കുറഞ്ഞനിരക്കിലുള്ള ക്യാബിനുകളുടെ എണ്ണം പരിമിതമാകയാല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയുംപെട്ടെന്ന്‌ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.com സന്ദര്‍ശിക്കുക.
ഫോമാ കണ്‍വന്‍ഷന്‍ 2012: അരങ്ങൊരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക