Image

ഹെര്‍മ്മന്‍ ഹെസ്സേക്ക് ഒരു ആമുഖം (വായന: മുരളി ജെ. നായര്‍, ഫിലഡല്‍ഫിയ)

Published on 26 May, 2019
ഹെര്‍മ്മന്‍ ഹെസ്സേക്ക് ഒരു ആമുഖം (വായന: മുരളി ജെ. നായര്‍, ഫിലഡല്‍ഫിയ)
സാഹിത്യ നോബേല്‍ സമ്മാനജേതാക്കളോട് മലയാളികള്‍ക്ക് ഒരു പ്രത്യേക ആദരവാണുള്ളതെന്നു നമുക്കറിയാം. ഗാര്‍സിയ മാര്‍ക്കേസും ഏണസ്റ്റ് ഹെമിങ്ങ് വേയും സാര്‍ത്രും ഷോളോഖോവും പാബ്‌ളോ നെരൂദയും വി.എസ്. നയ്‌പോളും ഗുന്തര്‍ ഗ്രാസും ഒര്‍ഹാന്‍ പാമുഖും ഒക്കെ വിവര്‍ത്തനങ്ങള്‍ വഴിയും വര്‍ഷങ്ങള്‍നീണ്ട ആസ്വാദനസംവാദ പരമ്പരകള്‍ വഴിയും മുഖ്യധാരാമലയാള സാഹിത്യത്തില്‍ തങ്ങളുടെ മഹത് സാന്നിദ്ധ്യം അരക്കിട്ടുറപ്പിച്ചിട്ടുണ്ട്.  അതുപോലെതന്നെ,  ബര്‍ണാഡ് ഷാ, തോമസ് മാന്‍,  റ്റി.എസ്. എലിയറ്റ്, ബര്‍ട്രാന്‍ഡ് റസ്സല്‍ തുടങ്ങിയവര്‍ അക്കാദമിക്ക് തലങ്ങളില്‍ ധാരാളം പഠിപ്പിക്കപ്പെട്ടിട്ടും പഠിക്കപ്പെട്ടിട്ടുമുണ്ട്.  എന്നാല്‍ ഇവരെയൊക്കെപ്പോലെതന്നെ, അഥാവാ മലയാളക്കരയോടുള്ള പൈതൃകബന്ധം മുലം ഇവരെയൊക്കെക്കാളുപരി നമുക്കു പ്രിയങ്കരനാകേണ്ടിയിരുന്ന ഹെര്‍മന്‍ ഹെസ്സെ എന്ന മഹാപ്രതിഭയ്ക്കു മലയാളസാഹിത്യരംഗത്തു കിട്ടേണ്ടിയിരുന്ന പരിഗണന കിട്ടിയിട്ടില്ല എന്നു തോന്നുന്നു.  ഈ കുറവ് അല്പമെങ്കിലും നികത്താനുതകുന്ന ഒരു പുസ്തകമാണ് ഡോ. പി.സി. നായര്‍ എഴുതി, ഗ്രീന്‍ ബുക്‌സ് ഈയിടെ പ്രസിദ്ധീകരിച്ച "ഹെര്‍മന്‍ ഹെസ്സേക്ക് ഒരു ആമുഖം."

ജന്മം കൊണ്ടു യൂറോപ്യനായിരുന്നെങ്കിലും മലയാളഭാഷയുടെ ഇതിഹാസത്തില്‍ ഒരു ചരിത്രവിഗ്രഹത്തിന്റെന്റെ പരിവേഷമുള്ള ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മകളുടെ മകനായിരുന്ന ഹെര്‍മന്‍ ഹെസ്സെ,  ഭാരതീയപൈതൃകത്തിന്റെ അടിസ്ഥാനശിലകളായ വേദങ്ങളിലും ഉപനിഷത്തുക്കളിലും അവഗാഹമായ പാണ്ഡിത്യം നേടിയിരുന്നു.  കൂടാതെ, മഹാത്മാഗാന്ധിയുടെ ജീവിതസ്‌ന്ദേശങ്ങളിലും അദ്ദേഹം ആകൃഷ്ടനായിരുന്നു.
കൃത്യമായ ഗവേഷണപാതകളിലൂടെ സഞ്ചരിച്ച്, ഹെര്‍മന്‍ ഹെസ്സെ എന്ന യുഗപ്രഭാവന്റെ ജീവിതത്തിലേക്കിറങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ സാഹിത്യപ്രപഞ്ചവും ദാര്‍ശനികഭൂമികയും മലയാളികള്‍ക്കു പരിചയപ്പെടുത്തുകയാണു ഡോ. പി.സി. നായര്‍ ഈ പുസ്തകത്തിലൂടെ.  നൂറ്റിനാല്പത്തിനാലു പേജുകളുള്ള ഈ പുസ്തകം ഹെസ്സെയുടെ ജീവിതസാഹിത്യതത്വദര്‍ശന മണ്ഡലങ്ങളെ ഒരു കൌതുകച്ചിമിഴിലൊതുക്കിയ അനുഭവമാണു വായനക്കാര്‍ക്കു സമ്മാനിക്കുന്നത്.

ഹെസ്സെയുടെ സാഹിത്യരചനകളില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയ, ബാല്യകാലത്തെയും കൌമാരകാലത്തെയും ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ആരംഭിക്കുന്ന ആഖ്യാനം ആ ധന്യജീവിത്തിന്റെ സമഗ്രശാഖകളിലേക്കും വെളിച്ചം പായിക്കുന്നു.

"പെന്‍സില്‍ പിടിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ ഈരടികള്‍ എഴുതുമായിരുന്ന" സര്‍ഗശക്തിയുടെ ഉടമയായിരുന്നത്രെ ഹെസ്സെ.  ആ പ്രതിഭയ്ക്ക്, തന്റെ ജീവിതത്തില്‍ സംഭവിച്ച  തീവൃനൈരാശ്യങ്ങളും പ്രണയപരാജയങ്ങളും ഏകാന്തതയും കുടുംബജീവിതത്തിലെ താളഭ്രംശങ്ങളും പിന്നെ ധിഷണാശാലികളുമായുള്ള സൌഹൃദങ്ങളും എല്ലാംതന്നെ ബൌദ്ധികവും ദാര്‍ശനികവുമായ വളര്‍ച്ചയ്ക്ക് ഊര്‍ജമായിത്തീര്‍ന്ന നാള്‍വഴികള്‍ ഈ പുസ്തകം വിശദീകരിക്കുന്നു.
ഹെസ്സെയുടെ ജീവിതാഖ്യാനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വെളിവാകുന്ന ഒരുകാര്യം ഗുരുശിഷ്യബന്ധങ്ങളും ഉത്തമങ്ങളായ സുഹൃദ് ബന്ധങ്ങളും എങ്ങനെയാണു ഒരു വ്യക്തിത്വത്തെ വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്നത് എന്ന സന്ദേശമാണ്.  "ഉപനിഷത്" എന്ന സംജ്ഞയിലെ ആശയത്തോടു തുലനം ചെയ്യാവുന്നതരം ബന്ധമാണു ഹെസ്സെയ്ക്ക് തന്റെ ഗുരുസ്ഥാനീയരുമായി ഉണ്ടായിരുന്നത്.  ദ് ഗ്ലാസ്ബീഡ്‌സ് ഗെയിമെന്ന നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഇത്തരം ഗുരുശിഷ്യബന്ധങ്ങളുടെ അനുരണനം കാണുന്നുത് ഒരു ഉദാഹരണം മാത്രം.
രണ്ടുഡസനിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഹെര്‍മന്‍ ഹെസ്സെയുടെ പ്രധാനകൃതികള്‍ സിദ്ധാര്‍ഥ, ദ് ഗ്‌ളാസ് ബീഡ്‌സ് ഗെയിം, സ്‌റ്റെപ്പന്‍വുള്‍ഫ്, നാര്‍സിസസ്സ് ആന്ദ് ഗോള്‍ഡ്മണ്ഡ്, ഡെമിയാന്‍ തുടങ്ങിയവയാണ്.  അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ പലരിലും തന്റെ ആത്മാംശം എത്രമാത്രം കലര്‍ന്നിരുന്നു എന്നതു കൌതുകരമാണ്. ആദ്യകാലത്ത് എഴുതപ്പെട്ട നിരവധി കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടാതെ മ്യൂസിയങ്ങളില്‍ വിശ്രമിക്കുന്നു.

ഒരു സാഹിത്യകാരനെന്നതിനുപരി, ഭാരതീയ തത്വചിന്താപൈതൃകം ലോകത്തിനു പരിചയപ്പെടുത്തി, അതുവഴി ഉരുത്തിരിഞ്ഞുവരുന്ന ഒരു പുതിയ ലോകക്രമവും ധര്‍മ്മനീതിയും സ്വപ്നം കണ്ട ഒരു ദാര്‍ശനികനായിരുന്നു ഹെസ്സെ.  കാല്പനികമായ ഭാവത്മകതയിലൂടെയാണെങ്കിലും അദ്ദേഹം അവതരിപ്പിച്ച ചിന്താധാരകള്‍ ലോകം ഉള്‍ക്കൊണ്ടിട്ടുന്നതിനു തെളിവാണ് കാലാതിവര്‍ത്തികളായി നിലകൊള്ളുന്ന അദ്ദ്‌ദേഹത്തിന്റെ പുസ്തകങ്ങള്‍. 1946ലെ നോബേല്‍ പുരസ്കാരപ്രഖ്യാപനത്തില്‍,അദ്ദേഹത്തിന്റെ കൃതികളിലെ ദാര്‍ശനികത നോബേല്‍ കമ്മിറ്റി പ്രത്യേകം ശ്‌ളാഘിക്കുകയുണ്ടായി.

വളരെ സംഭവബഹുലവും ധന്യവുമായ ജീവിതത്തിനുശേഷം തന്റെ എണ്‍പത്തിയഞ്ചാം വയസില്‍,  സ്വിറ്റ്‌സര്‍ലന്റിലെ മൊണ്ടനോളയില്‍ വെച്ച് ഹെസ്സെ മരിക്കുന്നതും,  തന്റെ പ്രിയങ്കരനായ മോത്സാര്‍ട്ടിന്റെ സംഗീതം ആസ്വദിച്ച് ഉറങ്ങാന്‍ കിടന്നതിന്റെ പിറ്റേദിവസം രാവിലെയായിരുന്നു!
ഹെസ്സെയുടെ കൃതികളിലെ സാഹിത്യമേന്മയോടൊപ്പം മറ്റു മണ്ഡലങ്ങളിലെ സംഭാവനകളേയും ഗ്രന്ഥകര്‍ത്താവ് തന്റെ സ്വതസിദ്ധമായ വീക്ഷണപാടവത്തോടെ വിലയിരുത്തുന്നു. ഇതിലൂടെ, തന്നില്‍ത്തന്നെയുള്ള ഒരു ആസ്വാദകനേയും നിരൂപകനേയും തത്വചിന്തകനേയും കൂടി നമുക്കു വെളിവാക്കിത്തരികയാണു ഡോ. നായര്‍. 

ഹെസ്സെയുടെ ജീവിതാനുഭവങ്ങളും അക്കാലത്ത് യൂറോപ്പിലെ നവോത്ഥാനസാംസ്ക്കാരികസാഹിത്യകലാരംഗങ്ങളിലുമുണ്ടായ സംഭവവികാസങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് കാര്യകാരണസഹിതം അദ്ദേഹം ഇഴപിരിച്ചു കാണിച്ചുതരുന്നു. അതോടൊപ്പം, ഹെസ്സെയുടെ ജീവിതദര്‍ശനം രൂപെപ്പടുത്തുന്നതില്‍ ഭാരതീയസംസ്കാരത്തിന്റെ പങ്കും പരാമര്‍ശവിഷയമാകുന്നു. ഇതുപോലൊരു ഗ്രന്ഥം രചിക്കാന്‍ വേണ്ട ചരിത്രപാണ്ഡിത്യവും ശാസ്ത്രവീക്ഷണവും സാഹിത്യബോധവും തനിക്കുണ്ടെന്നും അദ്ദേഹം തെളിയിച്ചിരിക്കുന്നു.

തിരുവല്ലാ സ്വദേശിയായ ഡോ. പി.സി. നായര്‍ കേരളത്തിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ധനതത്വശാസ്ത്രത്തില്‍ എം.എ. യും. പി.എച്.ഡി. യും നേടിയിട്ടുള്ള ഇദ്ദേഹം അമേരിക്കയിലെ പല കോളേജുകളിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985ല്‍ വാഷിങ്ങ്ടനില്‍ നടന്ന ലോകമലയാള സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു.  ഹെര്‍മന്‍ ഹെസ്സെയുടെ "സിദ്ധാര്‍ഥ" ഇബ്‌സന്റെ "മാസ്റ്റര്‍ ബില്‍ഡര്‍" എന്നീ കൃതികളുടെ വിവര്‍ത്തനങ്ങളടക്കം മലയാളത്തിലും ഇംഗ്‌ളീഷിലുമായി ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം 2014ലെ വള്ളത്തോള്‍ പുരസ്കാരജേതാവുമാണ്.

"ഹെര്‍മന്‍ ഹെസ്സേക്ക് ഒരു ആമുഖം" ഒരാവര്‍ത്തി വായിച്ചുകഴിയുമ്പോള്‍, ആ മഹത് വ്യക്തിയെ യഥാവിധി ആദരിക്കാന്‍ മലയാളത്തിനു കഴിഞ്ഞിട്ടില്ലല്ലോ എന്ന വ്യഥയാവും വായനക്കാര്‍ക്ക് അനുഭവപ്പെടുന്നത്, വിശേഷിച്ചും ലോകസാഹിത്യത്തില്‍നിന്നുള്ള എല്ലാ ഉത്കൃഷ്ടതകളും സര്‍വാത്മനാ സ്വാംശീകരിക്കാന്‍ സന്നദ്ധതയുള്ള നമ്മുടെ ഭാഷയ്ക്ക്!
*******

മുരളി ജെ. നായര്‍, ഫിലഡല്‍ഫിയ
mjnair@aol.com

ഹെര്‍മ്മന്‍ ഹെസ്സേക്ക് ഒരു ആമുഖം (വായന: മുരളി ജെ. നായര്‍, ഫിലഡല്‍ഫിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക