Image

അറിയാതെ (കവിത: രാജന്‍ കിണറ്റിങ്കര)

Published on 05 July, 2019
അറിയാതെ (കവിത: രാജന്‍ കിണറ്റിങ്കര)
ഏറ്റവും വലിയ
സന്തോഷം
എന്തെന്നറിഞ്ഞില്ല
അത് ഞാന്‍
ജനിക്കും മുന്നേ
ആയിരുന്നു
ഏറ്റവും വലിയ
ദു:ഖവും
കാണാന്‍
കഴിയില്ല
അത് ഞാന്‍
മരിച്ചു കഴിഞ്ഞായിരിക്കും
ഏറ്റവും വലിയ
വിജയം
എന്തെന്നറിയില്ല
പരാജയങ്ങളില്‍ നിന്ന്
ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍
പറ്റണ്ടേ?
ഏറ്റവും വലിയ
തോല്‍വി
എന്തെന്നറിയില്ല
ഓരോ തോല്‍വിയും
കഴിഞ്ഞു പോയതിനെ
നിസ്സാരമാക്കി
കളയുന്നു
ഏറ്റവും വലിയ
സത്യമെന്തെന്ന്
അറിയില്ല
അറിഞ്ഞ സത്യങ്ങളൊക്കെ
ആവര്‍ത്തിക്കപ്പെട്ട
കള്ളങ്ങളുടെ
ബാക്കി പത്രമായിരുന്നു
ഏറ്റവും വലിയ
സ്‌നേഹം
എന്തെന്നറിയില്ല
എല്ലാം
പാതിവഴിയില്‍
കൊഴിഞ്ഞു വീണ
സ്വപ്നങ്ങളായിരുന്നു
അറിയാവുന്നത്
ഏറ്റവും വലിയ
സുഹൃത്ത്
ഏതെന്നു മാത്രം
ഒരു തരി വെട്ടത്തിലും
എന്നോടൊപ്പമെന്നും
കാല്‍ക്കീഴില്‍
എന്റെ നിഴല്‍ മാത്രം


Join WhatsApp News
ശ്രീകുമാരൻ തമ്പി 2019-07-05 23:29:43
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
ആയിരം പേർ വരും
കരയുമ്പോൾ കൂടെക്കരയാൻ
നിൻ‌ നിഴൽ മാത്രം വരും
നിൻ‌ നിഴൽ മാത്രം വരും
സുഖം ഒരു നാൾ വരും വിരുന്നുകാരൻ
സുഖം ഒരു നാൾ വരും വിരുന്നുകാരൻ
ദുഖമോ പിരിയാത്ത സ്വന്തക്കാരൻ
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
ആയിരം പേർ വരും
കരയുമ്പോൾ കൂടെക്കരയാൻ
നിൻ‌ നിഴൽ മാത്രം വരും
നിൻ‌ നഴൽ മാത്രം വരും
കടലിൽ മീൻ പെരുകുമ്പോൾ
കരയിൽ വന്നടിയുമ്പോൾ
കഴുകനും കാക്കകളും പറന്നു വരും
കടൽത്തീരമൊഴിയുമ്പോൾ
വലയെല്ലാമുണങ്ങുമ്പോൾ
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
കരഞ്ഞു കരഞ്ഞു കരൾ തളർന്നു
ഞാനുറങ്ങുമ്പോൾ
കഥ പറഞ്ഞുണർത്തിയ കരിങ്കടലേ...
കരിങ്കടലേ
കനിവാർന്നു നീ തന്ന കനകത്താമ്പാളത്തിൽ
കണ്ണുനീർ‌ച്ചിപ്പികളോ നിറച്ചിരുന്നൂ
കണ്ണുനീർ‌ച്ചിപ്പികളോ നിറച്ചിരുന്നൂ
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
ആയിരം പേർ വരും
കരയുമ്പോൾ കൂടെക്കരയാൻ
നിൻ‌ നിഴൽ മാത്രം വരും
നിൻ‌ നിഴൽ മാത്രം വരും
നിൻ‌ നിഴൽ മാത്രം വരും (ശ്രീകുമാരൻ തമ്പി )

Jyothylakshmy 2019-07-07 06:35:28
ചിന്തിപ്പിയ്ക്കുന്ന വരികൾ. പരമമായ സത്യം.അഭിനന്ദനങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക