Image

വി . എ . ആന്‍ഡ് ദി ഗോഡ് (ബിന്ദു പണിക്കര്‍)

Published on 12 July, 2019
വി . എ . ആന്‍ഡ് ദി ഗോഡ് (ബിന്ദു പണിക്കര്‍)
 ത


വി. എ എന്നാല്‍ വീട്ടമ്മ, പിന്നെ ഗോഡ്, അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന പുള്ളിക്കാരന്‍ തന്നെ.

നേരം വെളുത്ത് വരുന്നു, സമയം കൃത്യം ആറു പത്ത്. നനഞ്ഞ മുടി പരത്തിയിട്ട് മുടിയുടെ തണുപ്പ് പുറത്ത് തട്ടി അലോസരപ്പെടുത്താതിരിക്കാന്‍ ഇളംനീല നിറത്തിലുള്ള ചെറിയ കോട്ടും ഇട്ട് വി.എ പുലര്‍കാല സുന്ദര വാക്കിനിറങ്ങി. .നനഞ്ഞ മുടി എന്തിനു പരത്തിയിട്ടു, ഉരുട്ടി വെയ്ക്കാമായിരുന്നില്ലേ?, മുടി നനയ്ക്കാതെ പോരമായിരുന്നില്ലേ?, എന്നിങ്ങനെ കണക്കറ്റ ചോദ്യങ്ങള്‍ നീങ്ങളുടെ ഉള്ളില്‍ നുരഞ്ഞു പൊന്തുന്നുണ്ടാവാം. നാട്ടിലായിരുന്നെങ്കില്‍ പുലരും മുന്‍പ് കുളിച്ചു ഒരു കസവു നേര്യതും ചുറ്റി കയ്യില്‍ ഒരു പൂവിന്‍ തട്ടവുമായി കൃഷ്ണ ഭഗവാനെ തൊഴാന്‍ പോകേണ്ട നേരാത്താണ് സ്പ്രിങ്ങ് കോട്ടും ഇട്ട് അന്യനാട്ടില്‍ കൂടി ഈ നടപ്പു നടക്കുന്നത് .

സാവധാന മാരുതനില്‍ അളകങ്ങളെ ഇളകാന്‍ വിട്ട് ചില ചിന്തകളിലാണ്ട് വി. എ നടന്നു. പതിവിന്‍ പടി ആ മരച്ചുവട്ടില്‍ എത്തിയപ്പോള്‍ അവിടെ ചുറ്റിപ്പറ്റി ഇത്തിരി നേരം നില്ക്കാന്‍ മോഹം. ഗ്രീഷ്മത്തിന്റെ തുടക്കത്തില്‍ പൂത്ത മരത്തിന്റെ ചോട്ടിലാകെ പൊഴിഞ്ഞ പൂക്കള്‍. കുറെ പൂക്കള്‍ ആ സമയം നടക്കാനിറങ്ങിയ കാറ്റ് വാരി മുടിയില്‍ ചുറ്റിപ്പോയി

പൂക്കളുടെ ആനന്ദാനുഭവം നുകര്‍ന്ന് തെല്ലിട നിന്നപ്പോള്‍, ഏന്നാല്‍ പിന്നെ വാട്‌സാപ്പ് ഒന്ന് നോക്കിയാലെന്താ എന്നായി വി. എ. വാട്‌സാപ്പില്‍ ഒന്നു കണ്ണ് പായിച്ചു ഫോണ്‍ പൂട്ടുമ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. പൂമരത്തിനപ്പുറം കൂടി നില്‍ക്കുന്ന വള്ളിച്ചെടിയില്‍ ആലേഖനം ചെയ്തത് പോലെ ഒരു സുന്ദര മുഖം. ഒന്നൂടെ നോക്കിയപ്പോള്‍ കാണുന്നില്ല . കണ്ണ് തിരുമ്മി തുറന്ന് ഒന്നു കൂടെ നോക്കിയപ്പോള്‍, ശരി തന്നെ, ഇലകളും വള്ളികളും ചേര്‍ന്ന് രൂപം കൊണ്ട ഒരു അതിസുന്ദര വദനം. തന്നെ തന്നെ നോക്കി ഒരു ചെറു പുഞ്ചിരിയുമായി നില്‍ക്കുന്നു. കണ്ണ് മുറുകെ അടച്ചു തുറന്ന് വീണ്ടും നോക്കി. പുഞ്ചിരി തെല്ലു കൂടെ വിടര്‍ന്നത് പോലെ. ഇത്ര കൃത്യമായി രൂപം കൊള്ളാന്‍ ആരെങ്കിലും ചേര്‍ത്ത് വച്ചതോ എന്ന് പോലും തോന്നിപ്പോയി.

എന്തായാലും ഫോണ്‍ തുറന്ന് ഒരു പിക്ചര്‍ എടുക്കുക തന്നെ, ഇല്ലെങ്കില്‍ ചെന്ന് പറയുമ്പോള്‍ വീട്ടിലാരും വിശ്വസിക്കില്ല. അമ്മയുടെ മറ്റൊരു ഭ്രാന്തെന്ന് തള്ളിക്കളയും. ഫോണ്‍ തുറന്നു ക്യാമറാ ഫോക്കസ് ചെയ്തപ്പോള്‍, മുടി മാടിയൊതുക്കി, ഒരു കൈ എളിയില്‍ തിരുകി കുറച്ചു കൂടി വികസിച്ച മന്ദസ്മിതവുമായി ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്ത് നില്‍ക്കുന്ന സുന്ദര രൂപം. ഫോണ്‍ പൂട്ടി വെച്ച് കണ്ണുയര്‍ത്തിയപ്പോള്‍ വീണ്ടും സുന്ദര വദനം മാത്രം ഈശ്വരാ രാവിലെ വെള്ളം എന്ന് കരുതി വോഡ്കയെടുത്തടിച്ചോ? ഹേയ് , ഫ്രിഡ്ജിന്റെ ടാപ്പില്‍ നിന്ന് പോരും മുന്‍പ് വെള്ളം എടുത്ത് കുടിച്ചത് കൃത്യമായി ഓര്‍ക്കുന്നു. ഒരു കട്ടന്‍കാപ്പി കുടിച്ച് നടക്കാനിറങ്ങണം എന്നാണ് ശാസ്ത്രം. പക്ഷെ കൃത്യമായി കാല്‍ക്കുലേറ്റ് ചെയ്തപ്പോള്‍ അഞ്ചു മിനുറ്റ് കട്ടന്‍ കാപ്പിക്കായി മാറ്റി വെയ്ക്കാനില്ല. മോളെയും കൊണ്ട് ഏഴ്പതിനഞ്ചിനു സ്‌കൂളിലേയ്ക്ക് തിരിക്കണം. അവള്‍ക്കിഷ്ടപ്പെട്ട പാന്‍കേക് ഉണ്ടാക്കാന്‍ പതിനൊന്നു മിനിറ്റ്, അത് കഴിപ്പിക്കാന്‍ പത്ത് മിനുറ്റ് , അങ്ങനെ സമയത്തിന്റെ കാല്‍കുലേഷനില്‍ കട്ടന്‍ കാപ്പിയുടെ ആഗ്രഹം ഉപേക്ഷിച്ച്, അത് ഒരു ഗ്ലാസ് വെള്ള ത്തലൊതുക്കി ...

അതെ, ഊണ്, ഉറക്കം, കുളി , രാവിലത്തെ കോഫി കുടി, എന്നിങ്ങനെയുള്ള അനാവശ്യ ആഡംബരങ്ങളില്‍ നിന്നൊക്കെ സമയം ലാഭിച്ച് വീട്ടുകാര്യങ്ങളില്‍ അര്‍പ്പിക്കാന്‍ ഞങ്ങള്‍ വീയെസിന് ദൈവം ഒരു വല്ലാത്ത കഴിവ് തന്നെ തന്നിട്ടുണ്ട്. എന്ന് ചിന്തിച്ചു തീര്‍ന്നപ്പോള്‍ തന്നെ കാതില്‍ ഒരു ചിരി മുഴങ്ങി. തലയുയര്‍ത്തി നോക്കിയപ്പോള്‍ വള്ളിച്ചെടിയും, ഹരിത പത്രവും ചേര്‍ന്ന് തീര്‍ത്ത അംഗവിധാനം , വിശ്വരൂപം പൂണ്ട് എന്നെ നോക്കി ചരിക്കുന്നു.

എന്നിട്ടൊരു ചോദ്യം .
'നിന്ദാസ്തുതിയ്ക്ക് കെങ്കേമിയായ നീയിപ്പോ, മനസ്സില്‍ എന്നെ ചീത്ത വിളിച്ചത് എന്റെ ചെവിയില്‍ പതിഞ്ഞിരിക്കുന്നു'.

'ഈശ്വരാ ഞാനിപ്പോ എന്താണ് ചിന്തിച്ചത് ' രമ ആലോചിച്ചു

'അതും എന്നോടാണോ ചോദിക്കുന്നത്' വീണ്ടും മുഴങ്ങുന്ന ചിരി .
പെട്ടെന്ന് ഓര്‍മ വന്നു, സമയം ലാഭിക്കുന്നതിനെകുറിച്ച് തെല്ലിട മുന്‍പ് ദൈവം തമ്പുരനെ കളിയാക്കി എന്തോ വിചാരിച്ചിരുന്നു .

അപ്പോള്‍ ഹരിത വര്‍ണാഭനായി തന്റെ മുന്‍പില്‍ നില്‍ക്കുന്നത് ദൈവം തന്നെയോ?
വീണ്ടും ചിരി ' അതെ കുട്ടി, ഇത് നാം തന്നെ '

ഈശ്വരാ, പണിയായല്ലോ . ചിന്തിച്ചതൊക്കെ വായിച്ചെടുക്കുന്ന ഒരാളോട് ഞാന്‍ ഇതു വരെ സംവദിചിച്ചിട്ടില്ല. (ചിന്തിക്കുന്നതു പോയിട്ട് പറയുന്നത് പോലുംമനസിലാവാത്ത ഒരാളോട് സംവദിച്ചാണ് എനിക്ക് ശീലം)
പക്ഷെ ഇതേത് ദൈവം ? ഗ്രീന്‍ നിറത്തിലിരിക്കുന്നതു കൊണ്ട് ഗ്രീക്ക് ദേവനെന്നു വിളച്ചാലോ ?
ഇപ്പൊ ചിരി പൊട്ടിച്ചിരിയായി .

'നോക്കൂ, തമാശ പറയാനുള്ള കഴിവ് ആധികം വീയെസിനൊന്നും ഞങ്ങള്‍ ദൈവങ്ങള്‍ കൊടുത്തിട്ടില്ല, നീ വ്യത്യസ്തയാണ് '

'തീര്‍ത്തും വ്യത്യസ്ഥയായൊരു വീട്ടമ്മ ദേവിയെ' എന്നൊരു പാട്ടുവേണമെങ്കിലീ അവസരത്തിലാവാം'രമദേവിയുടെ ചിന്ത

വീണ്ടും മുഴങ്ങുന്ന ചിരി, പിന്നെ ഡയലോഗ്.
'നീയിങ്ങനെ തമാശ പറഞ്ഞെന്നെ കുടുകുടെ ചിരിപ്പിച്ചാല്‍ ലോകപാലനത്തിനുള്ള എന്റെ കര്‍മ്മ പദ്ധതികളൊക്കെ മറന്ന് ഞാന്‍ നിന്റെ പിന്നാലെ കൂടും കേട്ടോ ' .

ഒരു പുരികം ഉയര്‍ത്തുന്ന എമോജിയെ മനസ്സില്‍ ധ്യാനിച്ച് സംശയം നിറഞ്ഞ ഒരു നോട്ടം വള്ളി ദേവന് അവള്‍ സമ്മാനിച്ചു .

ആ സുന്ദര നേത്രങ്ങളില്‍ സ്നേഹം തിളങ്ങി .
'എന്റെ പ്രയോജന ശൂന്യനായ മേലധികാരി എന്നെ ഇട്ട് പൂച്ച ഏലിഗെയീം കളിപ്പിച്ചപ്പോഴും, മറ്റു പല അവസരങ്ങളിലും ഞാന്‍ നൊന്തു വിളിച്ചച്ചിട്ടും, വള്ളിച്ചെടിയായോ ഒരു പ്ലാവിലയായോ പോലും എന്റെ മുന്നില്‍ പ്രത്യക്ഷപെടാത്ത നീ, ഞാനൊന്നു ചിന്തിക്കുക പോലും ചെയ്യാത്ത നേരത്ത് എന്റെ മുന്നില്‍ അവതരിച്ചതെന്തിനാണാവോ ?

' ഈയിടെ നിനക്ക് വാട്സാപ്പില്‍ കിട്ടിയ ഒരു ഗുഡ്മോര്‍ണിംഗ് മെസ്സേജ് ഓര്‍മയില്ലേ? '  Good things happen when you least expect it എന്ന്
'ഹോ ദൈവങ്ങള്‍ക്കും തമാശ പറയാനറിയാം അല്ലേ ഇത്തവണ ഞാനും ചിരിച്ചു.

എന്നിട്ട് വീണ്ടും ആരാഞ്ഞു 'അങ്ങു ദൃഷ്ടിഗോചരമായി എന്റെ മുന്നില്‍ നില്‍ക്കുന്നതിന്റെ ഉദ്ദേശം പറഞ്ഞില്ല '

'നിന്നോട് ചിലത് ചോദിച്ചറിയാന്‍ ' പെട്ടെന്നുള്ള ഉത്തരം.
'ഗ്രീന്‍ ദേവാ നിങ്ങള്‍ ദൈവങ്ങള്‍ക്ക് എല്ലാം അറിവുള്ളതല്ലേ ത്രികാലജ്ഞാനികളല്ലേ ? പിന്നെയീ പൈതങ്ങളോട് എന്ത് ചോദ്യം '

'ചോദ്യങ്ങള്‍ പലതുണ്ട് ,പക്ഷെ എല്ലാംകൂടെ ചോദിച്ചാല്‍ നിന്റെ മോള്‍ടെ പാന്‍ കേക്ക് വൈകും, എങ്കിലും ചിലതു ചോദിക്കാം , സന്തോഷം എന്ന് വിധിക്കാവുന്ന തരത്തിലുള്ള ഒരു ജീവിതം നയിക്കുമ്പോഴും , സന്തോഷം നിറയേണ്ട അവസ്ഥയിലും അശാന്തിയോടെ കാണപ്പെടാന്‍ , നിങ്ങള്‍ സ്ത്രീകളെ സാധാരണ വിഴുങ്ങാറുള്ള വികാരം എന്താണെന്നറിഞ്ഞാല്‍ കൊള്ളാം'

'കുറ്റബോധം, ദൈവമേ, അന്തമില്ലാത്ത കുറ്റബോധം '
ഒന്ന്ചിന്തിക്കാന്‍പോലും തുനിയാതെ ഉത്തരം എന്റെ നാവില്‍ നിന്ന് പുറത്ത് ചാടി.
' മനസ്സറിഞ്ഞൊരീച്ചയെപോലും പരിക്കേല്‍പ്പിക്കാത്ത നീ ,പൊതുജനം ദുശീലം എന്ന് മുദ്ര കുത്തിയ ശീലമേതുമില്ലാത്ത നീ , നിനക്കെന്തിന് പെണ്ണെ കുറ്റബോധം ?

'മക്കളെ നന്നായി നോക്കുമ്പോള്‍ അച്ഛനമ്മമാരെ നോക്കുന്ന കടമ നിര്‍വഹിക്കുന്നില്ല എന്ന കുറ്റബോധം, അച്ഛനമ്മമാരെയും മക്കളെയും നോക്കുമ്പോള്‍ ഭര്‍ത്താവിന് കൊടുക്കുന്ന ശ്രദ്ധ കുറഞ്ഞു പോയോ എന്ന കുറ്റബോധം , സഹോദരങ്ങളോട് ഉള്ള കടമ ഓര്‍ത്തുള്ള കുറ്റ ബോധം,കരിയറില്‍ ശ്രദ്ധ കുറഞ്ഞു പോയോ എന്ന കുറ്റ ബോധം, ആഹാരം കഴിച്ചത് കൂടിപ്പോയോ എന്ന കുറ്റബോധം, വീട് നന്നായി നോക്കുന്നില്ലേ എന്ന കുറ്റബോധം , കൂട്ടുകാര്‍ക്കും സ്നേഹമുള്ളവര്‍ക്കും ഇടക്കൊക്കെ ഇഷ്ട്ടത്തോടെ ആഹാരം വെച്ച് നല്‍കുന്നില്ല എന്ന കുറ്റ ബോധം , അത് ചെയ്തത് നന്നായില്ല , ഇത് ചെയ്തത് നന്നായില്ല , അനങ്ങിയത് നന്നായില്ല , തിരിഞ്ഞത് നന്നയില്ല , പറഞ്ഞത് നന്നായില്ല , ചിരിച്ചത് നന്നായില്ല , എട്ടു കാലുകള്‍ കൊണ്ട് എട്ടു ദിക്കിലേക്ക് നടക്കാന്‍ ശ്രമിച് സ്വന്തം വലയില്‍ കുടുങ്ങി കിടക്കുന്ന ഒരു എട്ടു കാലി പെണ്ണിന്റെ വിഷമം അവിടുത്തേയ്ക്കെന്തറിയാം'കണ്ണീര്‍ ധാരധാരയായി പ്രവഹിച്ചു, പിന്നെ പൊട്ടിക്കരഞ്ഞു.

' കുട്ടി കരയല്ലേ , വല്ലവരും കണ്ട് ഒരു പിക്ച്ചര്‍ എടുത്ത് എഫ്. ബി യിലോ വാട്ട്സാപ്പിലോ ഇട്ടാല്‍ പിന്നെ നോക്കണ്ട , ദൈവങ്ങളുടെ പേരില്‍ ജീവിക്കുന്ന പുരുഷന്മാര്‍ അത്രയ്ക്കൊക്കെ കാട്ടി കൂട്ടി വെച്ചിട്ടുണ്ടാല്ലോ '
കണ്ണ് തുടച്ച് , മൂക്ക് ചീറ്റി സുസ്മേര വദനയാവാന്‍ ശ്രമിച്ചു.

'കരയില്ലെങ്കില് അടുത്ത ചോദ്യത്തിലേയ്ക്ക് കടക്കാം' . എന്ന് ദൈവം 'ശരി ' എന്ന് ഞാന്‍
'നിനക്കീ കുടുങ്ങി കിടക്കുന്ന വലയില്‍ നിന്നും പുറത്ത് വരാന്‍ മോഹമില്ലേ ? എന്നും ഇങ്ങനെ എട്ടുകാലി പെണ്ണായി വലഞ്ഞു കിടന്നാല്‍ മതിയോ?'

'ഗുഡ് ക്വേസ്റ്റ്യന്‍,ഉത്തരമില്ലാഴികയ്ക്കു ഞങ്ങള്‍ ഹ്യൂമന്‍ ബീയിങ്ങ്സ്നിടയിലുള്ള ഉത്തരമാണ് ദൈവമേ ഇത് '
'ഞാന്‍ നിന്നെ സഹായിക്കട്ടെ'
'എന്തൊരു ചോദ്യമാണ് ഭഗവാനെ ഇത് ? കാലത്തും വൈകിട്ടും പിന്നെ ദിവസത്തില്‍ പല തവണ ദൈവമേ സഹായിക്കണേ എന്ന് പ്രാര്‍ഥിക്കുന്ന എന്നോടെന്തിനീ ചോദ്യം '.

'ശരി, ശരി , നീയിതു പറയൂ, നിന്റെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ എന്തൊക്കെ '
കണ്ണ് മിഴിച്ചു ദൈവത്തിന്റെ മുഖത്തേയ്ക്ക് തുറിച്ചു നിര്‍നിമേഷയായി നോക്കി അവള്‍ നിന്നു .
'എന്താദേവി നിങ്ങള്‍ക്ക് ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഏതുമില്ലേ'
രമാ ദേവിയ്ക്ക് വീണ്ടും കണ്ണ് നിറഞ്ഞു.

'മറന്നു പോയിരിക്കുന്നു ദേവാ , ഇഷ്ടങ്ങള്‍ ഒക്കെയും മറന്നു പോയിരിക്കുന്നു, പിന്നെ അനിഷ്ടങ്ങള്‍, ചെയ്യുന്ന കാര്യങ്ങളില്‍ ഒട്ടുമിക്കവാറും അനിഷ്ടമായത് തന്നെ .എണ്ണിയാലൊടുങ്ങാത്ത വിരസമായ ദൈനംദിന ജോലികള്‍ ഒക്കെയും അനിഷ്ടങ്ങള്‍ തന്നെ.'

' ദേവി, നിനക്കും നിന്നെ പോലെയുള്ള കുലാംഗനകള്‍ക്കും ജീവിക്കാന്‍ വേണ്ടതൊക്കെ നല്‍കി 'ഞങ്ങള്‍ സംതൃപ്തരാണ്' എന്ന് നിങ്ങളെകൊണ്ട് പറയിക്കുവാന്‍ എനിക്ക് തീവ്രമായഇഛയുണ്ട്. ദേവന്മാരുടെ കൂട്ടത്തിലെ ന്യൂറിക്രൂട് ആയ എന്റെആരംഭ ശൂരത്വം മാത്രമാണിത് എന്ന് ചില ഫെല്ലോ ദേവന്മാര്‍ കളിയാക്കുന്നു ണ്ട് , ഇതു വരെ വിജയം കാണാത്ത പാഴ് വേലയാണെന്നും, സമയം കളയേണ്ട എന്നും അനുഭവജ്ഞാനമുള്ളവര്‍ ഉപദേശിക്കുന്നും ഉണ്ട് .

ശ്രമം തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം . 'സോക്കര്‍ മോംസ് ' എന്ന് പടിഞ്ഞാറന്‍ രാജ്യക്കാര്‍ വിശേഷിപ്പിക്കുന്ന ഇരിക്കപ്പൊറുതിയില്ലാത്ത മിഡില്‍ ക്ലാസ് 'അമ്മ മാര്‍ക്ക് ഒരു 'റിലാക്സേഷന്‍' ആവട്ടെ എന്ന് കരുതിയാണ് ഞാന്‍ ബ്രയാന്‍ ആക്റ്റന്‍ & ജാന്‍ കുവോം എന്നീ രണ്ട് ഭക്തകുചേലന്‍മാരെ കൊണ്ട് 2009 ല്‍വാട്സ്ആപ് ഉണ്ടക്കിച്ചത് . ഇരുന്നു ഫണ്‍ അടിക്കാന്‍ നേരമില്ലാത്ത നിങ്ങള്‍ നടക്കുന്ന വഴി ഇത്തരി ഫണ്‍ അടിക്കട്ടെ എന്ന് കരുതി. അതിനു മുന്‍പ് ഫേസ് ബുക്കുണ്ടാക്കിയതും ഈ ഉദ്ദേശത്തില്‍ തന്നെ ആയിരുന്നു. പക്ഷെ ഫേസ് ബുക്കും വാട്സാപ്പും ഒക്കെ ചേര്‍ന്ന് നിങ്ങളുടെ വെറികള്‍ വെകിളികളാക്കി , സോഷ്യല്‍ മീഡിയ ഉണ്ടക്കുന്ന വിവാദത്തെ കൊണ്ട് എനിക്ക് കിട്ടുന്ന സങ്കട ഹരജികള്‍ കുന്നു കൂടി.ദൈവം തമ്പുരാനായ ഞാന്‍ ഇനി എന്താണ് വേണ്ടത് ? ഉങ്കളുടെ സന്തോഷത്ത്ക്കാഹെ എന്തിഹ ഞാന്‍ ചെയ്യേണ്ടു'

'ദൈവമേ അങ്ങയുടെ ഉദ്യമത്തിന് നന്ദി , അതെന്നെ പ്രതീക്ഷയുള്ളവളാക്കുന്നു. അങ്ങെന്നെ 'കുലാംഗന' എന്ന് വിശേഷിപ്പിച്ചല്ലോ , ഭാരത പൗരാണികശാസ്ത്ര പ്രകാരം കുലീനയായ ഭാര്യയ്ക്ക് വേണ്ടുന്ന ഗുണങ്ങള്‍ അങ്ങെയ്ക്ക് അറിവുള്ളതാണല്ലോ.

കാര്യേഷു ദാസി , കരണേഷു മന്ത്രി
ഭോജേഷുമാതാ , ശയനേഷു രംഭ
രൂപേഷു ലക്ഷ്മി, ക്ഷ മയാ ധരിത്രി
സത് കര്‍മ യുക്താ, കുലധര്‍മപത്നി.

കര്‍മത്തില്‍ വേലക്കാരിയുടെ പെരുമാറ്റം, കാര്യങ്ങളില്‍ മന്ത്രിയുടെ സാമര്‍ഥ്യം, അമ്മയും , രംഭയും , ഭൂമിയെപ്പോലെ ക്ഷമയുള്ളവളും ഒക്കെ പോരാഞ്ഞു, കനത്ത ഒരെണ്ണം കുടെ, രൂപത്തില്‍ ലക്ഷ്മീ ദേവിയെപ്പോലെ ഇരിക്കണം അത്രേ .

രണ്ടു മൂന്ന് പ്രസവങ്ങള്‍ കഴിഞ്ഞു തല ചൊറിയാന്‍ തോന്നിയാല്‍ നാളെയാവട്ടെ എന്ന് വെയ്ക്കുന്ന അവസ്ഥയിലിരിക്കുമ്പോ ജിമ്മില്‍ പോക്കും ഡയറ്റിങ്ങ് എന്ന പഥ്യാഹാരവും പട്ടിണിയും . ഇനി ഈ ലിസ്റ്റിലെങ്ങും പെടാതെ ഒന്നുണ്ട്.ഭര്‍ത്താവ് മാത്രംഎടുത്താല്‍ പൊങ്ങാത്ത സാമ്പത്തിക ശാസ്ത്രത്തിന്റെ പുസ്തകം ഉദ്യോഗ സ്ഥയുടെ റോളില്‍ ഒരു കുറവും വരാതെ അഭിനയിച്ചു തകര്‍ക്കണം. വീട്ടില്‍ ദാസിയുടെ റോള്‍ അഭിനയിച്ചു തല ഉയര്‍ത്തുന്നത് ഉദ്യോഗത്തില്‍ തലൈവിയുടെ റോളില്‍ ആവും. ഇതിനിടെ ഇപ്പറഞ്ഞ റോളുകളും അതിന്റെ ഉപ വകുപ്പുകളും മിന്നി മിന്നി മറയണം .

ഇതൊന്നും പോരാഞ്ഞു ഒരു പൗരന്റെ ധര്‍മം എന്ന നിലയ്ക്ക് സമൂഹനന്മയ്ക്കായി പ്രീയത്നിക്കണം. ചെറുപ്പത്തില്‍ നൃത്ത നൃത്യങ്ങളുടെയോ, സംഗീതം, സാഹിത്യം , പാട്ട് , ഗഞ്ചിറ എന്നിങ്ങനെ എന്തിന്റെ എങ്കിലും അസുഖം ഉണ്ടായിരുന്നു എങ്കില്‍ അത് നില നിര്‍ത്തിയില്ലെങ്കില്‍ കുഴപ്പങ്ങള്‍ വേറെ.

ഇത് പോരാഞ്ഞു ഒന്ന് കൂടെ എഴുതി വെച്ചുട്ടുണ്ട്

'യെത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ
യാത്രയ്താസ്തുന പൂജ്യന്തേ സര്‍വസ്ത്ഥത്ര ഭലക്രിയ'

നാരിയെ പൂജിക്കുന്നിടത്ത് ദേവത വിളങ്ങുമത്രേ, അല്ലാത്ത ഇടങ്ങളിലെ കര്‍മങ്ങള്‍ നിഷ്ഫലങ്ങള്‍ ആണത്രെ .'

പൂജയും വഴിപാടും ഒന്നും വേണ്ട , ശ്വാസം കഴിക്കാനിത്തിരി നേരം, ഒരു നല്ല വാക്ക്, സ്നേഹത്തോടെ ഒരു നോട്ടം..അതെ വേണ്ടൂ..

കണ്ണീര്‍ പ്രവാഹത്തിനും , മൂക്ക് ചീറ്റലിനുമിടയില്‍ ഏങ്ങലടിയോടെ പറഞ്ഞുതീര്‍ത്ത വാക്കുകള്‍


കണ്ണീര്‍ പ്രേവാഹം അടങ്ങാന്‍ ക്ഷേമയോടെ കാത്തു പച്ചദേവന്‍ , പിന്നെ വേദന നിറഞ്ഞ പുഞ്ചിരി യോടെ പറഞ്ഞു തുടങ്ങി.

നിന്റെയും നിന്റെ ഗണത്തിന്റെയും വേദന ഞാന്‍ മനസിലാക്കുന്നു . അതിനുത്തരമായി എനിക്ക് പറയുവാനൊന്നും ഇല്ല എന്നത് നേര്തന്നെ.

എന്നാല്‍ നിന്നെ ഞാന്‍ ഒരു കാഴ്ച കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.

സിനിമാ സംവിധായകന്റെ കൈമുദ്ര പോലെ കരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഫ്രെയിമിലൂടെ ദേവന്‍ അവളെദൂരെ ദൂരെ ഒരുദിക്കിലേയ്ക്ക് കൂട്ടി കൊണ്ട് പോയി .

അവിടെ അവള്‍ കണ്ട കാഴ്ച്ച ഇങ്ങ്നെ, ഒരു സ്ത്രീ തുള്ളിചാടി സന്തോഷിച് ഓടി വരുന്നു, കയ്യില്‍ എന്തോ പൊതികളും ഉണ്ട്, എന്തൊരു സന്തോഷമാണ് അവളുടെ മുഖത്ത് , ഇതെന്താണ് മാറോടടുക്കി പിടിച്ചു ഇത്രസന്തോഷിക്കാന്‍ ഇതൊക്കെ സ്വര്‍ണ കട്ടികളോ...ഇത്ര സംതൃപ്തയായ ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ലല്ലോ,ആനന്ദ നൃത്തം ചവിട്ടി ഇവള്‍എങ്ങോട്ടാണ് ഓടുന്നത്?

അവള്‍ ഓടിയെത്തിയത് മൂന്ന് നാലു കുഞ്ഞുങ്ങളുടെ അടുത്തെയ്ക്കാണല്ലോ...നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ആ ചതുപ്പു നിലത്ത് കുത്തിയിരുന്നുഅവര്‍ അവള്‍ കൊണ്ട് വന്ന പൊതികള്‍ അഴിച്ചു ആര്‍ത്തിയോടെ വാരി തിന്നുവാന്‍ തുടങ്ങി. സിറിയക് ഭാഷയിലുള്ള സംസാരം എന്തോ കാരണം കൊണ്ട് രമയ്ക്കും മനസിലായി, പലായനം ചെയ്യുന്ന പതിനൊന്നു മില്യണ്‍ സിറിയക്കാരില്‍ ഒരുവള്‍ ആയിരുന്നു ആ അമ്മ. ദിവസങ്ങളായി സന്നദ്ധസംഘടനകളുടെ ഭക്ഷണ പൊതി എത്താതിരുന്നത് കൊണ്ട് വിശന്നു വലഞ്ഞുപോയ എണ്ണമറ്റ മനുഷ്യര്‍. പിന്നെ കണ്ട ആനന്ദ നടനം, അതെന്തായിരുന്നു? , ഒരു ദിവസം കൂടെ ജീവിതം നീട്ടി കിട്ടിയതിലുള്ള സന്തോഷവും കുഞ്ഞുങ്ങളുടെ പട്ടിണി ഒരു നേരം മാറ്റാന്‍ കാഴിഞ്ഞ ആഹ്ലാദവും. തലയ്ക്കു മീതെ കൂരയില്ല എന്നതോ, കാലില്‍ ചെരിപ്പില്ല എന്നതോ നാളെ എന്താണു നടക്കുവാന്‍ പോകുന്നത് എന്നതോ അവരെ വിഷമിപ്പിക്കുന്നതേയില്ല .

വെള്ളം തേടിപ്പോയ കുടുംബ നാഥന് വേണ്ടി ബാക്കി വന്ന ഭക്ഷണം മാറ്റി വെച്ച് അവള്‍ തന്റെ അര വസ്ത്രം തെല്ലു കൂടെ മുറുക്കി ഉടുത്തു. എന്നിട്ടു കൂട്ടത്തില്‍ ഇളയ കുഞ്ഞിനെ വാരിയെടുത്ത്തുരുതുരെ ഉമ്മ വെച്ചു . അപ്പോള്‍ മാത്രം ചുറ്റു പാടും നോക്കെത്താത്തത്ര ദൂരത്തില്‍ കൂടികിടക്കുന്ന മനുഷ്യജീവനുകള്‍ അവള്‍ ദര്‍ശിച്ചു . എല്ലാവരും ആ ചതുപ്പു നിലത്ത് കുത്തിയിരുന്നു ഹെലികോപ്റ്ററില്‍ അപ്പോള്‍ കിട്ടിയ ഭക്ഷണ പൊതികള്‍ ആഹ്ലാദത്തോടെ ഭക്ഷിക്കുന്നു. രോഗികള്‍ക്കും വൃദ്ധന്മാര്‍ക്കും , ഗര്‍ഭിണികള്‍ക്കും , കുഞ്ഞുങ്ങള്‍ക്കു പോലും പരാതിയില്ല. ശ്രദ്ധ ആഹാരത്തില്‍ മാത്രം.

രമയുടെ കണ്ണുകളില്‍ കണ്ണീര്‍ പ്രവാഹം.

വള്ളിക്കുടില്‍ തീര്‍ത്ത പച്ചദേവനോട് ഒരു വക്കും ഉരിയാടാതെ രമ കാലുകള്‍ നീട്ടി വച്ച് നടന്നു. 


***** *****

ബിന്ദു ബൈജു പണിക്കര്‍

കോട്ടയത്തിനടുത്ത് പൂവന്തുരുത്ത് ലക്ഷ്മി ഭവനില്‍ ജനനം. അച്ഛന്‍ റിട്ട. ആര്‍മി ക്യാപ്റ്റന്‍ വാസുദേവന്‍ പിള്ള. അമ്മ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് രത്‌നമ്മ. സ്കൂള്‍ കാലം മുതല്‍ കലാ സാംസ്കാരിക രംഗത്ത് സജീവ സന്നിധ്യം. ബാലമാസികളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യ രംഗത്ത് പിച്ചവെച്ചു. ഭരതനാട്യംവും കര്‍ണ്ണാടക സംഗീതവും ശാസ്ത്രീയമായി അഭ്യസിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം പുനെയിലും മുംബൈയിലും ആ രംഗത്ത് ജോലി നോക്കി. തുടര്‍ന്ന് അമേരിക്കയിലെ മിഷിഗണില്‍ സ്ഥിരതാമസമാക്കി. ഫോര്‍ഡ്, ജി.എം എന്നീ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളിലും, ബാങ്ക് ഓഫ് അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തുമായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ജോലി നോക്കി. ഇപ്പോള്‍ ജനറല്‍ ഇലക്ട്രിക്കല്‍സ് (GE) എന്ന ലോകപ്രശസ്ത സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജരായി ജോലി നോക്കുന്നു.

കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. നിരവധി സ്റ്റേജ് ഷോകള്‍ക്ക് രചന നിര്‍വഹിച്ചു. 2001-ല്‍ പ്രസിദ്ധീകരിച്ച  "ത്രേസ്യാക്കുട്ടീടെ കുമ്പസാരം' എന്ന കഥയെക്കുറിച്ച് പ്രശസ്ത നിരൂപകനായിരുന്ന എം. കൃഷ്ണന്‍ നായര്‍ പ്രശംസിച്ച് എഴുതിയത് തുടര്‍ന്ന് എഴുതാനുള്ള പ്രചോദനമായി.

കേരള ക്ലബ് ഓഫ് ഡിട്രോയിറ്റ് പ്രസിദ്ധീകരിക്കുന്ന കേരളൈറ്റ് എന്ന മാസികയുടെ ചീഫ് എഡിറ്ററായി അഞ്ചു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. മിഷിഗണ്‍ ആസ്ഥാനമായുള്ള മിലന്‍ എന്ന സാഹിത്യ സംഘടനയില്‍ പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

2007-ല്‍ സത്യം ഓഡിയോസ് റിലീസ് ചെയ്ത്, ബിനു പണിക്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ശ്രീവത്സന്‍ ജെ. മേനോന്‍, ബിനി പണിക്കര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള ഗായകര്‍ ചേര്‍ന്നൊരുക്കിയ വിസ്മയ എന്ന  മ്യൂസിക് ആല്‍ബത്തിലെ വരികള്‍ എഴുതി ഗാനരചന രംഗത്തേക്കും കടന്നു.
ഭര്‍ത്താവ്: ബൈജു പണിക്കര്‍
മക്കള്‍: ശ്രീഹരി പണിക്കര്‍, ശ്രീറാം പണിക്കര്‍
ഇമെയില്‍: bindupoems@gmail.com

വി . എ . ആന്‍ഡ് ദി ഗോഡ് (ബിന്ദു പണിക്കര്‍)
Join WhatsApp News
Bindu Panicker 2019-07-23 19:49:33
Thank you all for the encouraging comments!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക