Image

മുനമ്ബം മനുഷ്യക്കടത്ത്: നടുക്കടലില്‍ തുഴഞ്ഞ് പൊലീസ്,​ അന്വേഷണം വഴിമുട്ടി

Published on 17 July, 2019
മുനമ്ബം മനുഷ്യക്കടത്ത്: നടുക്കടലില്‍ തുഴഞ്ഞ് പൊലീസ്,​ അന്വേഷണം വഴിമുട്ടി

കൊച്ചി: മുഖ്യപ്രതിയടക്കം ആറുപേരെ അറസ്റ്റ് ചെയ്തു. നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തു. വിവിധ അന്വേഷണ ഏജന്‍സികളുടെ സഹായം തേടി. എന്നിട്ടും രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മുനമ്ബം മനുഷ്യക്കടത്ത് കേസില്‍ ആഴക്കടലില്‍ ഒറ്റപ്പെട്ടതുപോലെയുള്ള അവസ്ഥയിലാണ് കേരള പൊലീസ്. ബോട്ടില്‍ കടന്നവരെ കണ്ടെത്താനാവാത്തതോടെ ആ വഴിക്കുള്ള അന്വേഷണം വഴിമുട്ടി. കുട്ടികള്‍ ഉള്‍പ്പടെ 87 പേരാണ് മുനമ്ബത്ത് നിന്നും ആസ്ട്രേലിയ ലക്ഷ്യമാക്കി കടന്നത്. ഇവര്‍ ആരെല്ലാമെന്ന് വ്യക്തതയില്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതും വൈകുകയാണ്. കേരളാ പൊലീസിന് പുറമേ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, ഐ.ബി, മിലിട്ടറി ഇന്റലിജന്‍സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, അന്താരാഷ്ട്ര ഏജന്‍സികള്‍ എന്നിവരും കേസില്‍ അന്വേഷണം നടത്തിയിരുന്നു.

മുനമ്ബത്ത് നിന്നും കടന്നവര്‍ ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, അള്‍ജീരിയ തുടങ്ങി പല രാജ്യങ്ങളിലായി എത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇതേക്കുറിച്ച്‌ അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. ഏറ്റവും ഒടുവില്‍ വിദേശ നമ്ബറുകളില്‍ നിന്ന് ഏതാനും മിസ്ഡ് കോളുകള്‍ ഇവരുടെ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നെങ്കിലും വിളിച്ചത് ആരെന്ന് കണ്ടെത്താനായില്ല. അള്‍ജീരിയയിലെ അന്നാബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് കോളുകള്‍ എത്തിയത്. കോണ്‍സുലേറ്റിന് ഈ നമ്ബര്‍ കൈമാറിയിരുന്നു. എന്നാല്‍,​ മനുഷ്യക്കടത്ത് കേസുമായി ഈ നമ്ബറിന് ബന്ധമില്ലെന്നാണ് കോണ്‍സുലേറ്റ് പൊലീസിനെ അറിയിച്ചത്.

അതേസമയം, ​മനുഷ്യക്കടത്തിനെ കുറിച്ച്‌ വിദേശകാര്യ മന്ത്രാലയത്തിനും യാതൊരു വിവരവും ലഭിച്ചിട്ടില്ല. പസഫിക് സമുദ്രത്തിലൂടെയായിരുന്നു ബോട്ട് പുറപ്പെട്ടതെന്ന് തിരിച്ചറിഞ്ഞ വിദേശകാര്യ മന്ത്രാലയം മേഖലയിലെ രാജ്യങ്ങള്‍ക്ക് ഇതേ കുറിച്ച്‌ വിവരം നല്‍കുക മാത്രമാണ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 12ന് പുലര്‍ച്ചെ മുനമ്ബം ഹാര്‍ബറില്‍ നിന്ന് ദയാ മാത എന്ന മത്സ്യ ബന്ധന ബോട്ടിലായിരുന്നു മനുഷ്യക്കടത്ത് നടന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും തമിഴ് വംശജരും തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹിയിലെ അംബേദ്കര്‍ കോളനിയിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിച്ചത്. മാല്യങ്കര കടവില്‍ ഇവര്‍ ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്തിലേക്കുള്ള സൂചന ലഭിച്ചത്. കണ്ടെത്തിയ ബാഗുകളില്‍ നിന്ന് സിംഹള ഭാഷയില്‍ എഴുതിയ രണ്ടുപേരുടെ ജനന സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. മത്സ്യബന്ധന ബോട്ടില്‍ കയറാനാകാതെ തിരികെ പോകേണ്ടി വന്നയാളെ ഡല്‍ഹിയില്‍ വച്ച്‌ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക