Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 21 :ജയന്‍ വര്‍ഗീസ്)

Published on 21 July, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍  21 :ജയന്‍ വര്‍ഗീസ്)
ജ്വാലയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടുവാന്‍ എനിക്ക് അവസരം കിട്ടി. ധാരാളം ചെറുപ്പക്കാര്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അതില്‍ വിദ്യാര്‍ത്ഥികളായിരുന്നു കൂടുതലും. അംഗങ്ങളില്‍ സംഗീത വാസനയുള്ളവര്‍ക്ക് പരിശീലനം നേടുന്നതിനായി ഹാര്‍മോണിയം ഉള്‍പ്പടെയുള്ള ചില സംഗീത ഉപകരണങ്ങള്‍ ഞങ്ങള്‍ വാങ്ങി. അംഗങ്ങളില്‍ നിന്നു പത്തു രൂപാ വീതം പിരിച്ചുകൊണ്ട് ഞങ്ങള്‍ ഒരു ലൈബറി ആരംഭിച്ചു.  രക്ഷാധികാരി എന്ന നിലയില്‍ ഞാനാണ് കൂടുതല്‍ പണം മുടക്കിയത്. വര്‍ഷങ്ങളായി ഞങ്ങളുടെയും അയല്‍ ഗ്രാമങ്ങളിലെയും വീടുകളില്‍ പൊടി പിടിച്ചു കിടന്ന വളരെയേറെ പുസ്തകങ്ങള്‍ കണ്ടെത്തി ശേഖരിച്ചു. ആയിരത്തിലധികം പുതിയ പുസ്തകങ്ങള്‍ വാങ്ങിച്ചു. ഞങ്ങളുടെ കടയുള്ള കെട്ടിടത്തിന്റെ മച്ചിന്‍ പുറം നിസ്സാരമായ ഒരു വാടകക്ക് കിട്ടി. തഴപ്പായകള്‍ നിരത്തി അതിലാണ് പുസ്തകങ്ങള്‍ നിരത്തിയും, അടുക്കിയുമായി വച്ചിരുന്നത്. ആകെക്കൂടി മൂവായിരത്തിലധികം പുസ്തകങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന ജ്വാലയുടെ ലൈബ്രറി ഞങ്ങളുടെ നാട്ടിലെ പുത്തന്‍ തലമുറയുടെ വിഹാര രംഗവും, പ്രവര്‍ത്തന കേന്ദ്രവുമായി. ' മെംബര്‍ കം ഓണര്‍ ' എന്നതായിരുന്നു പ്രവര്‍ത്തന രീതി എന്നതിനാല്‍ ഓരോരുത്തര്‍ക്കും സ്വന്തം പ്രതിഭ വച്ച് മാറുന്നതിനുള്ള ഒരു വേദി കൂടിയായിരുന്നു ജ്വാല. സ്വന്തം മക്കള്‍ കൂടി രംഗത്തുണ്ടായിരുന്നതിനാല്‍ നാട്ടിലെ മൂരാച്ചികള്‍ക്ക് ഈ പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കുവാനും സാധിച്ചില്ല.

നാടക മത്സര വേദികളില്‍ മാറ്റുരക്കാനിറങ്ങിയ ഞങ്ങളുടെ ആദ്യ നാടകാവതരണത്തിന്റെ കഥ  അവിസ്മരണീയമാണ്. എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ' ഞാറക്ക' ലിലെ ഉര്‍വശി ആര്‍ട്‌സ് ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. അഖില കേരളാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുറച്ചു നാടകങ്ങള്‍ക്ക് മാത്രമാണ് അവതരണാനുമതി കിട്ടിയത്. ഇപ്പോള്‍ ' റ്റുവാര്‍ഡ്‌സ് ദി ലൈറ്റ് ' എന്ന പേരില്‍ ഇഗ്‌ളീഷില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ നാടകത്തിന്റെ ഒന്നാം രംഗമാണ് ' ഖാണ്ഡവം ' എന്ന പേരില്‍ അന്ന് മത്സരത്തിന് അയച്ചിരുന്നത്. ആകെ രണ്ടു രംഗങ്ങളുള്ള ഈ നാടകത്തിന്റെ രണ്ടാം രംഗം അന്ന് എഴുതിയിരുന്നില്ല. ഒന്നാം രംഗത്തിന്റെ അനേകം അവതരണങ്ങള്‍ക്കു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടാം രംഗം എഴുതി  ' ജ്യോതിര്‍ ഗമയ :' എന്ന പേരില്‍ പൂര്‍ണ്ണ നാടകമാക്കിയത്.' ജ്യോതിര്‍ ഗമയ ' യുടെ ഇംഗ്ലീഷ് വേര്‍ഷനായ ' റ്റുവാര്‍ഡ്‌സ് ദി ലൈറ്റ് ' ഇപ്പോള്‍  ' ആമസോണ്‍ ഡോട്ട് കോമി' ല്‍ ലഭ്യമാണ്.

ഏതൊരു കാക്കക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞു തന്നെയാണല്ലോ?എങ്കിലും, പറയാതിരിക്കുവാന്‍ സാധിക്കുന്നില്ല. ഞാനറിഞ്ഞിടത്തോളം ലോക നാടക വേദിയില്‍ ഇത് വരെ സംഭവിച്ച രചനാ വിസ്മയങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതാണ്  ീഈ നാടകം. ' കാര്‍ട്ടൂണ്‍ റിയലിസം ' എന്ന് ഇന്ന് ഞാന്‍ പേരിട്ടു വിളിക്കുന്ന ഒരു സംപ്രദായത്തില്‍ എഴുതിപ്പോയ ഈ നാടകം എങ്ങനെ സംഭവിച്ചു എന്ന് ഇന്നും എനിക്കറിയില്ല  എന്ന് മാത്രമല്ലാ, ഒരു യോഗ്യതയുമില്ലാത്ത ഞാന്‍ തന്നെയാണോ ഇതെഴുതിയതെന്ന് എത്രയോ തവണ ഞാന്‍ എന്നോട് തന്നെ  തന്നെ അത്ഭുതം
കൂറിയിരിക്കുന്നു ? മനുഷ്യ വര്‍ഗ്ഗത്തിന്റെ ഇന്നലെകളിലും, ഇന്നുകളിലും, ഇനി നാളെകളിലുമായി വളര്‍ന്നു പടര്‍ന്നു നില്‍ക്കുന്ന ഇതിലെ കഥാ തന്തു, റിയലിസമോ, സര്‍റിയലിസമോ, അബ്‌സേര്‍ഡിസമോ, എപ്പിക് തീയറ്ററോ അല്ലാതെ, സിംബോളിസത്തിന്റെയും, കാര്‍ട്ടൂണിസത്തിന്റെയും  ഒരു സമഞ്ജ സംയോജനമായി സംഭവിച്ച് , ഇതുവരെ ഒരിടത്തും കാണാത്ത ഒരു സവിശേഷമായ രചനാ  രീതിയില്‍ സംഭവിച്ചു എന്നതിനാലാണ് ഞാന്‍ ഇതിനെ ' കാര്‍ട്ടൂണ്‍ റിയലിസം ' എന്ന് വിളിക്കുന്നത്.

കഥാപാത്രങ്ങള്‍ ഒരേ സമയം വ്യക്തികളും പ്രസ്ഥാനങ്ങളുമാണ്. ആചാര്യന്‍, കാവല്‍ക്കാരന്‍, യജമാനന്‍, നവന്‍, ഗുരു ( ശാസ്ത്രം ) മരണം, റോക്കറ്റ്, റോബോട്ട്, 666 കള്‍ എന്നിങ്ങനെയുള്ള പ്രതീകാത്മക കാര്‍ട്ടൂണുകളുടെ സജീവ ഇടപെടലുകളിലൂടെ നമ്മുടെ ചരിത്രത്തിന്റെ ഭൂത കാലവും, സജീവ വര്‍ത്തമാനത്തിന്റെ അസ്വസ്ഥതകളും, ആണവ ഭീഷണിയെന്ന  അനിശ്ചിത ഭാവിയുടെ ആശങ്കകളും ആവിഷ്ക്കരിച്ചു കൊണ്ട് ചടുലമായ സംഭാഷണങ്ങളും, ചലനങ്ങളുമായി നാടകം പ്രേക്ഷകനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയാണ് എന്നതിനാല്‍, നിരായുധീകരണത്തിന്റെയും, വിശ്വ സാഹോദര്യത്തിന്റെയും, മാനവികതയുടെയും, രക്ഷാകവചം ' കരുതല്‍ ' എന്ന് പുനര്‍  നിര്‍ണ്ണയിക്കപ്പെടേണ്ട െ്രെകസ്തവ സ്‌നേഹത്തിലാണെന്ന നാടക സന്ദേശത്തിന്റെ സന്പൂര്‍ണ്ണ സത്ത സ്വയം  സംവദിച്ചു കൊണ്ടല്ലാതെ എത്ര ശ്രമിച്ചാലും ഒരു പ്രേക്ഷകനും ഇടക്ക് എഴുന്നേറ്റു പോകുവാന്‍ സാധിക്കുകയേയില്ല എന്നതാണ് അനുഭവപ്പെട്ടിട്ടുള്ള സത്യം !

( പില്‍ക്കാലത്ത് ഈ നാടകത്തിന് ഒരു ഒരു നിരൂപണം എഴുതിക്കിട്ടാന്‍ ഞാന്‍ പല പണ്ഡിതന്മാരെയും സമീപിച്ചു. അവര്‍ അവര്‍ക്കു തോന്നി എഴുതിത്തന്നത് ആദര പൂര്‍വം ഞാന്‍ സ്വീകരിച്ചു എന്നല്ലാതെ, അവര്‍ക്കൊന്നും ഈ രചനയുടെ ആത്മാവിനെ അനുഭവിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്ന അഭിപ്രായമാണ് ഇന്നും എനിക്കുള്ളത്. )

ഞങ്ങളുടെയും, സമീപ പ്രദേശങ്ങളിലെയും അഭിനയ ശേഷിയുള്ള യുവാക്കളാണ് കഥാ പാത്രങ്ങളെ അവതരിപ്പിച്ചത്. അനുഗ്രഹീത നടന്മാരായ സര്‍വശ്രീ മാത്തച്ചന്‍ മാന്പള്ളി, പോള്‍  കോട്ടില്‍, പി. സി. ജോര്‍ജ്, അംബി ജോസപ്പ്, എന്നിവര്‍ ടീമിലുണ്ടായിരുന്നു.  ശാസ്ത്രം എന്ന ഗുരുവിന്റെ റോള്‍ ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. ശാസ്ത്രം മരണവുമായി മല്‍പ്പിടുത്തം നടത്തി മരണത്തെ തോല്‍പ്പിക്കുന്ന ഒരു രംഗത്തില്‍ മരണമായി അഭിനയിച്ചിരുന്ന അംബി ജോസേപ്പിന് ഒരിക്കല്‍ ചെറിയ തോതില്‍ പരിക്കേല്‍ക്കുകയും ഉണ്ടായി.

എല്ലാ തയാറെടുപ്പുകളോടെയും ഞങ്ങള്‍ ഞാറക്കലിലെത്തി.  നല്ല മഴയുള്ള ഒരു ദിവസം. എത്ര കാത്തിരുന്നിട്ടും കറണ്ട് വരുന്നില്ല. ഒരു ജഡ്ജി രക്ഷാധികാരിയായിരുന്ന ഉര്‍വശി ആര്‍ടിസിനു സമാന്തരമായി മറ്റൊരു ക്ലബ് അവിടെ പ്രവര്‍ത്തിച്ചിരുന്നു എന്നും, ഇവര്‍ തമ്മിലുള്ള കൂടിപ്പക മൂലം മറ്റേ ക്ലബുകാര്‍ എവിടെയോ ഫ്യുസ് ഊരിയത് കൊണ്ടാണ് കറണ്ട് കിട്ടാത്തത് എന്നും മനസ്സിലാക്കി വന്നപ്പോളേക്കും വളരെ താമസിച്ചു പോയി. അന്നത്തെ നാടകാവതരണം പിറ്റേ ദിവസത്തേക്ക് മാറ്റി എന്നറിഞ്ഞതിനാല്‍ മിക്ക ടീമുകളും തിരിച്ചു പോയി. ഞങ്ങളും തിരിച്ചു പോരാനൊരുങ്ങിയെങ്കിലും, രക്ഷാധികാരിയായ ജഡ്ജി നേരിട്ട് വന്ന് " ആരൊക്കെ പോയാലും നിങ്ങള്‍ പോകരുത്, നിങ്ങളുടെ നാടകം ഞങ്ങള്‍ക്ക് കാണണമെന്നും, അതിനായി താമസവും, ഭക്ഷണവും ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു കൊള്ളാമെന്നും " ഒക്കെ പറഞ്ഞപ്പോള്‍ അന്ന് ഞങ്ങള്‍ അവിടെ കൂടി.

ഒരു സ്കൂളിലാണ് താമസ സൗകര്യം ഒരുക്കിയത്. ബെഞ്ചുകള്‍ കൂട്ടിയിട്ട് അതില്‍ കിടക്ക വിരിച്ചു തരാനായിരുന്നു പരിപാടി. കിടക്കയൊന്നും ചുമന്നു കൊണ്ട് വരേണ്ടന്നും, ഓരോ പായ കിട്ടിയാല്‍ മതിയെന്നും ഞങ്ങള്‍ അറിയിച്ചത് കൊണ്ട് അന്ന് രാത്രി പായയില്‍ ഉറങ്ങി.( ഞങ്ങളില്‍ പലരും പായ പോലും ഇല്ലാത്തവരാണെന്ന് അവര്‍ക്കറിയില്ലല്ലോ ?)

നേരം വെളുത്തയുടനെ തന്നെ ഉര്‍വശി ആര്‍ട്‌സ് ക്ലബ്ബിലെ യുവാക്കളെത്തി. ഞങ്ങളില്‍ ഓരോരുത്തരെയും അവരില്‍ ഓരോരുത്തരുടെയും വീടുകളില്‍ ആണ് താമസിപ്പിക്കുന്നതെന്നും, അതിനുള്ള സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. പൂഴിമണല്‍ പരന്നു കിടക്കുന്ന ഞാറക്കലിലെ  തീരഭൂമിയില്‍, തഴച്ചു നില്‍ക്കുന്ന തൈതെങ്ങുകളുടെ നിഴലില്‍ നില്‍ക്കുന്ന കുറെ  ചെറു വീടുകളില്‍ ഞങ്ങള്‍ സ്വീകരിക്കപ്പെട്ടു. ഓരോരുത്തരെയും സ്വീകരിക്കാനും, പരിചരിക്കാനും ആ യുവാക്കള്‍ മാത്രമല്ലാ അവരുടെ മുഴുവന്‍ കുടുംബങ്ങളും മത്സരിക്കുകയായിരുന്നു എന്നതാണ് ശരി.

അവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും അവര്‍ ഞങ്ങള്‍ക്കായി തുറന്നു തന്നു. സ്വന്തം വീടുകളില്‍ അവര്‍ക്കായി പാകം ചെയ്ത രുചിയുള്ള ഭക്ഷണം അവര്‍ ഞങ്ങള്‍ക്ക് വിളന്പി. ഞാന്‍ ചെന്ന വീട്ടിലെ എണ്ണിത്തീര്‍ക്കാനാവാത്ത അത്ര കറികള്‍ എനിക്ക് മാത്രം കിട്ടിയതാണെന്ന് ഞാന്‍ കരുതി. പിന്നെ ഞങ്ങള്‍ കൂടിയിരുന്നു സംസാരിക്കുന്‌പോളാണ് അറിഞ്ഞത്, എല്ലാ വീടുകളിലെയും സ്ഥിതി ഇത് തന്നെ ആയിരുന്നെന്ന് ! കറികള്‍ എണ്ണി നോക്കിയ അംബി ജോസപ്പിന് അവിടെ ഇരുപത്തി നാല് കൂട്ടം കറികള്‍ ഉണ്ടായിരുന്നുവത്രെ !

ഒരു നാടിന്റെ തനതു സംസ്ക്കാരമാണോ, കലയോടുള്ള ആരാധനയാണോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാധികാരി ഉള്‍പ്പടെയുള്ള ഒരു വലിയ കൂട്ടം നാട്ടുകാര്‍ ഒന്നിച്ചെത്തിയാണ് അന്ന് നാടകാവതരണം നിയന്ത്രിച്ചത്. പ്രാദേശികമായ ഒന്നോ രണ്ടോ നാടകങ്ങള്‍ക്ക് ശേഷം അവസാനമാണ് ഞങ്ങളുടെ നാടകം അവതരിപ്പിച്ചത്. ഞങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ അത്രക്ക് ഉന്നതമല്ലായിരുന്നിട്ടു കൂടി ഏറ്റവും നല്ല സമിതിയായി ജ്വാല തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല നാടക രചനക്കുള്ള അവാര്‍ഡ് എന്റെ പേരില്‍ കുറിക്കപ്പെട്ടു എന്നതിലുപരി, പല പ്രമുഖരും നേരിട്ടെത്തി ഈ നാടകം അത് വരെ അവര്‍ കാണാത്ത ഒരത്ഭുതമാണ് എന്നും അറിയിക്കുകയുണ്ടായി.

വളരെ  വേദനയോടെയും, കുറ്റ ബോധത്തോടെയും ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്നുണ്ട്. അത് കൂടി പറഞ്ഞില്ലെങ്കില്‍ ഈ വിവരണം പൂര്‍ണ്ണമാവില്ല. ഞങ്ങള്‍ തിരിച്ചെത്തി ഒന്നര മാസം കഴിഞ്ഞപ്പോള്‍ തൃശൂരില്‍ ശ്രീ സി. എല്‍. ജോസ് രക്ഷാധികാരിയായി സംഘടിപ്പിച്ച ഒരു നാടക മത്സരത്തില്‍ ഞാനെഴുതിയ ഖാണ്ഡവം ഞാറക്കല്‍ ഉര്‍വശി ആര്‍ട്‌സ് അവതരിപ്പിക്കുന്നതായി പത്ര വാര്‍ത്ത വന്നു. എന്റെ സ്ക്രിപ്റ്റ് ഞാനറിയാതെ മത്സരത്തിന് അയച്ചതില്‍ എനിക്ക് വിഷമം തോന്നി. ജ്വാല അതേ  നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതിനാല്‍ നാടകാവതരണം തടയണമെന്ന്  സുഹൃത്തുക്കള്‍ എനിക്ക് കര്‍ശന നിര്‍ദ്ദേശം തന്നു. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്റെ നാടകം എന്റെ അനുവാദമില്ലാതെയാണ് മത്സരത്തിന് അയച്ചിട്ടുള്ളത് എന്നും, അതവതരിപ്പിക്കുന്നത് ശരിയല്ലെന്നും ഞാന്‍ സി. എല്‍. ജോസിന് എഴുതി. അങ്ങിനെ ഉര്‍വശി ആര്‍ട്‌സിനു നാടകാവതരണം നിഷേധിക്കപ്പെട്ടു. ഞാന്‍ കാണിച്ചത് തികഞ്ഞ നന്ദികേടായിപ്പോയെന്ന് ഉര്‍വശി ആര്‍ട്‌സില്‍ നിന്ന് സങ്കടത്തോടെ എനിക്കൊരു കത്ത് വന്നു.

ഇതിലെ ശരിയും, തെറ്റും ഇന്നാലോചിക്കുന്‌പോള്‍ എന്റെ തെറ്റ് എനിക്ക് മനസ്സിലാവുന്നുണ്ട്. ഞാന്‍ എതിര്‍ക്കുകയില്ല എന്ന വിശ്വാസത്തോടെയാവും അവര്‍ സ്ക്രിപ്റ്റ് അയച്ചിരിക്കുക. ഒരു നാടകം പഠിച്ചു സ്‌റ്റേജിലെത്താറാവുന്‌പോള്‍ അത് തടയുന്നതു തെറ്റ് മാത്രമല്ലാ, പാപവും കൂടിയാണ്. ഞാനതു തടയുന്നതിന് മുന്‍പ് അവരോടു സംസാരിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമുണ്ട്. മാത്രമല്ലാ, നഗര ജീവികളായ അവര്‍ അതവതരിപ്പിച്ചിരുന്നെങ്കില്‍ കുഗ്രാമ വാസികളായ ഞങ്ങളെക്കാള്‍ കൂടുതല്‍ സ്വീകാര്യത പൊതു സമൂഹത്തില്‍ അവര്‍ക്കും, നാടകത്തിനും നേടിയെടുക്കുവാനും സാധിച്ചേനെ? എന്തിനു പറയുന്നു, അവര്‍ എന്റെ അനുവാദം വാങ്ങിയിരുന്നില്ലായെങ്കില്‍ കൂടി അവരുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ചതിന്റെ കുറ്റബോധം ഇന്നുമെന്നെ വിടാതെ പിന്തുടരുന്നുണ്ട്. എനിക്ക് കിട്ടിയ മറ്റൊരു ശാപം ! കാലം എനിക്ക് മാപ്പു താറുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.?

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ( സി. പി. ഐ. ) പതിനൊന്നാം കോണ്‍ഗ്രസിനോട് അനുബന്ധിച്ച് പാര്‍ട്ടി സംഘടിപ്പിച്ച അഖില ഭാരതാടിസ്ഥാനത്തിലുള്ള നാടക രചനാ മത്സരത്തില്‍ എനിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. എറണാകുളം മറൈന്‍ െ്രെഡവിനെ ചോരക്കടലാക്കിക്കൊണ്ട് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളന വേദിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നതിനായി നേരത്തെ എത്തിച്ചേരണമെന്നും, വേദിയുടെ മുന്‍ നിരയില്‍ തന്നെ ഉണ്ടാവണമെന്നും, സംഘാടക സമിതിയില്‍ നിന്ന് നേരത്തേ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. വൈകുന്നേരം സമാരംഭിക്കുന്ന സമ്മേളന വേദിയുടെ മുന്നില്‍ സ്ഥാനം പിടിക്കാനായി ഞാനും പി. സി. യും രാവിലെ തന്നെ യാത്ര തുടങ്ങിയിരുന്നെങ്കിലും, ഈ സമ്മേളനത്തിലേക്ക് പങ്കു ചേരാന്‍ പോകുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ വഹിച്ചു കൊണ്ടുള്ള ആയിരക്കണക്കിന് വാഹനങ്ങളുടെ വന്‍ തിരക്ക് മൂലം മൂന്നു മണിക്കൂറിനകം എത്തിച്ചേരേണ്ട ഫാസ്റ്റ് പാസഞ്ചര്‍ ആറ് മണിക്കൂര്‍ എടുത്താണ് എറണാകുളത്ത് എത്തിയത്.

ഒച്ചിഴയുന്ന പോലെ സുബാഷ് പാര്‍ക്കിന് മുന്നിലൂടെ ഇഴയുന്ന ബസ്സില്‍  അക്ഷമയുടെ ആണിപ്പഴുതുകളില്‍ വിരലുകളിട്ട് ഇരിക്കുകയായിരുന്നു ഞങ്ങള്‍. നഗരത്തില്‍ ആകമാനം വിന്യസിച്ചിരിക്കുന്ന കോളാന്പി മൈക്കിലൂടെ വേദിയില്‍ നടക്കുന്നത് എല്ലാവര്‍ക്കും കേള്‍ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഞങ്ങള്‍ ബസ്സില്‍ ഇരിക്കുന്‌പോള്‍ നാടക രചനാ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് എസ്. എ. ഡാങ്കേ സമ്മാനിക്കുന്നതാണെന്നും, അവാര്‍ഡ് ജേതാക്കള്‍ വേദിയുടെ മുന്നിലേക്ക് വരണമെന്നും അറിയിപ്പ് വന്നു. എള്ളില്‍ അകപ്പെട്ടു പോയ ഒച്ചിനേപ്പോലെ ഞാനും പി. സി. യും പുളഞ്ഞുവെങ്കിലും, ബസ്സിന് ഒരിഞ്ചു നീങ്ങാന്‍ ഒരു മിനിട്ടു വേണമെന്ന അവസ്ഥ. മൈക്കിലൂടെ എന്റെ പേര് വിളിക്കുകയാണ്. കാണാതെ വീണ്ടും വിളിക്കുകയാണ്. മൂന്നാം തവണയായി ഇത് അവസാനത്തെ വിളിയാണ് എന്നറിയിച്ചു കൊണ്ട് വീണ്ടും അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലേക്ക് വരണമെന്ന് ക്ഷണിക്കുകയാണ് സംഘാടകര്‍.

രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരുകള്‍ വിളിക്കുന്നത് കേട്ടു. അവരുടെ പേരുകള്‍ വീണ്ടും വിളിച്ചു കേള്‍ക്കാത്തതിനാല്‍ അവര്‍ എത്തി അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കേണ്ടി വന്നു. കെ. എസ്. ആര്‍. ടി. സി. യുടെ എറണാകുളം സ്‌റ്റേഷനില്‍ ഇറങ്ങിയപ്പോളേക്കും പാതി രാത്രി കഴിഞ്ഞിരുന്നു. ഇനി ഇന്ന് തിരിച്ചു ബസ്സില്ല. സിമന്റു ബഞ്ചില്‍ പത്രക്കടലാസ് വിരിച്ചു കൊണ്ട് ചാരിയിരുന്ന് മയങ്ങി ഞങ്ങള്‍. വെളുപ്പിന് നാലു മണിക്കുള്ള മൂവാറ്റുപുഴ ബസ്സില്‍ ഞങ്ങള്‍ തിരിച്ചു പോരുന്‌പോഴും മറൈന്‍ െ്രെഡവില്‍ നിന്നും പൂര്‍ണ്ണമായി ആളൊഴിഞ്ഞിരുന്നില്ല.

 അന്ന് കട തുറക്കാനെത്തിയ എന്നെക്കാത്ത് മൂന്നു നാല് തൊഴിലാളി യുവതികള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ എന്റെ സുഹൃത്തായ എന്‍. ടി. കുഞ്ഞന്റെ ഭാര്യ അമ്മിണിയാണ് എന്നോട് സംസാരിച്ചത്. പാര്‍ട്ടിയുടെ പ്രകടനത്തില്‍ പങ്കെടുക്കാനായി ചാത്തമറ്റത്തു നിന്ന് സ്‌പെഷ്യല്‍ ബസ്സില്‍ പോയ അവര്‍ എന്റെ പേര് വിളിക്കുന്നത് കേട്ട് ഞാന്‍ അവാര്‍ഡ് വാങ്ങുന്നത് കാണാനായി അഭിമാനത്തോടെ കാത്തിരുന്നുവെന്നും, എന്നെ കാണാതെ വന്നപ്പോള്‍ വലിയ സങ്കടം തോന്നിയെന്നും, എന്താണ് സംഭവിച്ചത് എന്നറിയാന്‍ വന്നതാണെന്നും അമ്മിണി പറഞ്ഞു. ഉണ്ടായ സംഭവങ്ങള്‍ വിവരിച്ച് അവരെ മടക്കി. ഒരാഴ്ച കഴിഞ്ഞാണ് എറണാകുളത്തെ സംഘാടക സമിതി ഓഫിസിലെത്തി അവാര്‍ഡ് സര്‍ട്ടിഫിക്കേറ്റും അതോടൊപ്പമുണ്ടായിരുന്ന കുറെ പുസ്തകങ്ങളും കൈപ്പറ്റിയത്.

പില്‍ക്കാലത്ത് അമേരിക്കയില്‍ വന്ന ശേഷം അമേരിക്കയിലെ മലയാള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല രചനകള്‍ക്കുള്ള ' മലയാള വേദി ' അവാര്‍ഡ് ' ജനനി' യില്‍ പ്രസിദ്ധീകരിച്ച ' മഹാ സമുദ്ര തീരത്തെ മണല്‍ത്തരികള്‍ ' എന്ന എന്റെ ലേഖനത്തിനാണു ലഭിച്ചുതെങ്കിലും, ചിക്കാഗോയില്‍ വച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എത്തിച്ചേര്‍ന്ന് അവാര്‍ഡ് സ്വീകരിക്കുവാന്‍ എനിക്ക് സാധിച്ചില്ല. അന്ന് എന്റെ പ്രിയ സുഹൃത്ത് ബഹുമാന്യനായ ശ്രീ പീറ്റര്‍ നീണ്ടൂരിനാണ് കവിതക്കുള്ള അവാര്‍ഡ് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക