Image

ജാനകിയുടെ വേര്‍പാടില്‍ ആശ്വസിപ്പിച്ചവര്‍ക്കു നന്ദിയര്‍പ്പിച്ചു മാധവന്‍ നായരും കുടുംബവും

ഫ്രാന്‍സിസ് തടത്തില്‍ Published on 21 July, 2019
ജാനകിയുടെ വേര്‍പാടില്‍ ആശ്വസിപ്പിച്ചവര്‍ക്കു നന്ദിയര്‍പ്പിച്ചു  മാധവന്‍ നായരും കുടുംബവും
ന്യൂജേഴ്സി: ഫൊക്കാന പ്രസിഡണ്ട് മാധവന്‍ നായരുടെ മകള്‍ ജാനകി നായകര്‍ക്കു അന്തിമോപചാരമര്‍പ്പിക്കാനും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാനും എത്തിയ അമേരിക്കയിലെ സാംസ്‌കാരിക- സാമൂഹിക- സാമുദായിക മണ്ഡലങ്ങളിലെ പ്രമുഖര്‍ക്കും അഭ്യുദയാകാംഷികള്‍ക്കും മാധവന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തി. 

ഫൊക്കാനയുടെയും ഫോമയുടെയും വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി പേര് ജാനകിക്കു അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

കാനഡ, ഫ്‌ലോറിഡ, ചിക്കാഗോ,ഹ്യൂസ്റ്റണ്‍, ഡാളസ്, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ ഡി. സി തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലുമുള്ളവര്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ജാനകിക്കു ബാഷ്പാഞ്ജലീ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

ഇന്ന് (ഞായർ) മാധവന്‍ നായരുടെ മകളുടെ സഞ്ചയനമാണ്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്നത്.

ഈ മാസം 10 നായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിപ്പിച്ചുകൊണ്ടും മാതാപിതാക്കളായ മാധവന്‍ ബി നായര്‍, ഗീത നായര്‍, പ്രിയതമന്‍ മഹേഷ് , പൊന്നോമനയും ഏക മകളുമായ നിഷികയെയും സഹോദരന്‍ ഭാസ്‌കരന്‍ നായരെയും തീരാ ദുഖ കടലിലാക്കിക്കൊണ്ടും ജാനകി എന്ന 37 കാരി ക്യാന്‍സര്‍ എന്ന മാരക രോഗത്തോട് പടവെട്ടി ഒടുവില്‍ഈ ലോകത്തോട് തന്നെ വിട പറഞ്ഞത്. നാലു വര്‍ഷം മുന്‍പ് രോഗം കണ്ടെത്തിയപ്പോള്‍ ക്യാന്‍സറിന്റെ നാലാം സ്റ്റേജില്‍ എത്തിയിരുന്നു. ഒരു നല്ല പോരാളിയായ ജാനകി പുറത്താരോടും രോഗവിവരം അറിയിക്കാതെ നാലു വര്‍ഷം ജീവിതത്തില്‍ വന്‍ വിജയങ്ങളും കൈവരിച്ചു.

ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സില്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് ആയിരുന്നപ്പോഴാണ് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. ചികിത്സകളും ജോലിയും ഒരുപോലെ കൊണ്ട് പോയ ജാനകി തന്റെ രോഗവിവരം അടുത്ത സുഹൃത്തുക്കളോടുപോലും മറച്ചു വച്ചുകൊണ്ടു ശിഷ്ട കാലത്തു ഗംഭീര പ്രകടനമായിരുന്നു കമ്പനിയില്‍ കാഴ്ച വച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ സി.എല്‍ എസ് ഗ്രൂപ്പിന്റെ ഡയറക്റ്റര്‍ പദവിയിലെത്തിയ ജാനകി മരിക്കുന്നതിന് രണ്ടു മാസം മുന്‍പ് ജോലിയില്‍ കാണിച്ച മികവിനുള്ള അംഗീകരമായി ബോണസ് ഉള്‍പ്പടെ കമ്പനിയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥക്കുള്ള എക്‌സല്ലന്‍സ് പുരസ്‌കാരവുംകരസ്ഥമാക്കിയിരുന്നു. ജോലിയില്‍ നിന്ന് ലഭിച്ച അംഗീകാരം ജാനകിയെ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ പ്രേരിപ്പിച്ചു വരവെയാണ് വീണ്ടുംരോഗലലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.

തന്റെ വീടിന്റെ വെളിച്ചം നഷ്ട്ടപ്പെട്ടുവെന്നാണ് പൊന്നോമന മകളുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടിയ മാതൃഹൃദയം തേങ്ങി പറഞ്ഞത്. രോഗ വിവരം മറ്റുള്ളവരെ അറിയിക്കരുതെന്നു മകള്‍ കട്ടായമായി പറഞ്ഞതിനാല്‍ മാധവന്‍ നായരോ കുടുംബങ്ങളോ അക്കാര്യം രഹസ്യമായി വയ്ക്കുകയായിരുന്നു. പൊട്ടാനിരിക്കുന്ന അഗ്നിപര്‍വതം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നു മാധവന്‍ നായര്‍ മകളുടെ അവസാന നാളുകളില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. പലപ്പോഴും പൊതുവേദികളില്‍ അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളില്‍ ഒരാഴ്ച്ച മുന്‍പ് ചോദിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം മനസ് തുറന്നത്. പോള്‍ രഹസ്യം അവസാന നിമിഷം വരെ സൂക്ഷിച്ചു. മറ്റുള്ളവരുടെ സഹാനുഭൂതി ഒരു പോരാളി എന്ന നിലക്ക് ജാനകിയുടെ ധൈര്യം ചോര്‍ന്നു പോയേക്കുമെന്നു കരുതിയാണ് രോഗ വിവരം രഹസ്യമാക്കി വച്ചത്. എന്നിട്ടും ജാനകിയുടെ നില വഷളായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരെകൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും മാധവന്‍ നായരുടെ ഭവനം നിറഞ്ഞിരുന്നു. മരണ വിവരം അറിഞ്ഞതോടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരുടെ നീണ്ട നിരയായിരുന്നുഅന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍കളെയും മറ്റു നിര്‍ദ്ധനരെയും സഹായിക്കാന്‍ മാധവന്‍ നായരും കുടുംബവും ആരംഭിച്ച എം. ബി. എന്‍. ഫൗണ്ടേഷന്റെ പ്രസിഡണ്ട് ആയിരുന്ന ജാനകി തന്റെ വരുമാനത്തിന്റെ നല്ലൊരു തുക എല്ലാ മാസവും ഫൗണ്ടേഷനിലേക്കു നല്‍കുമായിരുന്നു. അന്തിമ നിമിഷം തൊട്ടടുത്തെത്തിയപ്പോഴും എട്ടും പൊട്ടും തിരിയാത്തമകള്‍ നിഷികയുടെയും അമ്മ ഗീതയുടെയും കാര്യമോര്‍ത്തായിരിന്നു ജാനകിയുടെ ആശങ്കകള്‍.

ജാനകിയുടെ അകാല നിര്യാണത്തില്‍ അമേരിക്കന്‍ മലയാളികളുടെ വിവിധ സംഘടനകള്‍ അനുശോചന യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മാധവന്‍ നായരുടെ വലം കൈയായി പ്രവര്‍ത്തിച്ചിരുന്ന ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളില്‍, ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍എല്ലാ സഹായവുമായി പൂര്‍ണ മനസോടെ മാധവന്‍ നായര്‍ക്കും കുടുംബത്തിനുമൊപ്പം ഉണ്ടായിരുന്നു.

ഇന്നേക്ക് പത്തു ദിവസം മുന്‍പായിരുന്നു ജാനകിയുടെ വേര്‍പാട്. ഇന്ന്മാധവന്‍ നായരുടെ ന്യൂജേഴ്സിയിലെവസതിയില്‍ സഞ്ചയനം നടക്കും. ജാനകിയുടെ ആത്മാവിനായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളും തൊട്ടടുത്ത പ്രമുഖരും മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ മലയാളികളുടെ ആത്മീയ ഗുരു പാര്‍ഥസാരഥിപിള്ള മുഖ്യ കാര്‍മ്മികനായിരിക്കും.

മകളുടെ വേര്‍പാടില്‍ തന്നെയും കുടുംബത്തെയും ആശ്വസിപ്പിക്കാനെത്തിയ എല്ലാവര്‍ക്കും അവളുടെ ആത്മാവിനായി പ്രാത്ഥിച്ച ഏവര്‍ക്കും മാധവന്‍ നായര്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. 
ജാനകിയുടെ വേര്‍പാടില്‍ ആശ്വസിപ്പിച്ചവര്‍ക്കു നന്ദിയര്‍പ്പിച്ചു  മാധവന്‍ നായരും കുടുംബവും
Join WhatsApp News
Joseph Padannamakkel 2019-07-21 15:21:40
ഫ്രാൻസീസ് തടത്തിലിന്റെ വിലാപത്മകമായ ഈ ലേഖനം മനസിനെ വേദനിപ്പിക്കുന്നു. ഒരു അപ്പന്റെ തോളോട് ചേർന്നുള്ള മകളുടെ ചിരിക്കുന്ന നിമിഷങ്ങൾ എത്ര മനോഹരമായിരുന്നു! പൊലിഞ്ഞു പോയ ആ ദീപം അണയാതെ നിത്യം ഓരോത്തരുടേയും മനസ്സിൽ ജീവിക്കുന്നുമുണ്ട്. യുവത്വത്തിലെ  മനോഹാരിതയിൽ മരിച്ച ജാനകിയുടെ വേർപാട് അമേരിക്കൻ മലയാളികളെ ഒന്നാകെ കരയിപ്പിക്കുകയും ചെയ്യുന്നു.

ചെറുപ്രായത്തിൽ തന്നെ ഒരു വലിയ കമ്പനിയുടെ ഉന്നത പദവിയിലിരിക്കുക, ജീവിതത്തിനു അർത്ഥവും മാനദണ്ഡവും കൽപ്പിച്ച് മറ്റുള്ളവർക്കും സഹായഹസ്തം നൽകി ജീവിക്കുക, വരുമാനത്തിന്റെ ഒരു പങ്ക് ദുർബല ജനവിഭാഗത്തിന് നീക്കി വെക്കുക എന്നിങ്ങനെ ധന്യമായ പ്രവർത്തന മണ്ഡലങ്ങളിൽക്കൂടി ജീവിച്ച ഈ യുവതിയിൽ മാതാപിതാക്കൾ, പ്രത്യേകിച്ച് ആ അപ്പൻ എത്രമാത്രം അഭിമാനിച്ചിരുന്നുവെന്നും ഓർത്തുപോവുന്നു. 

ഒരിക്കലും മറക്കാൻ സാധിക്കാത്തവണ്ണം മാതൃകാപരവും സുന്ദരവുമായ ഒരു ജീവിതം ജാനകിക്കുണ്ടായിരുന്നു. നൂറു ജന്മങ്ങളുടെ പുണ്യം നൽകിക്കൊണ്ടല്ലേ! ജാനകി ലോകത്തോട് യാത്രപറഞ്ഞത്. അതിൽ ജീവിച്ചിരിക്കുന്നവർ അഭിമാനിക്കണം. 

ജനിച്ചാൽ മരണം സുനിശ്ചിതമാണ്. മരണത്തെ തടയാൻ സാധിക്കില്ല. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മരണമെന്ന സത്യത്തെ അംഗീകരിച്ചേ മതിയാകൂ. യുവതിയായി, സുന്ദരിയായി, ധീരയായി മരിച്ച ജാനകിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ഒരു സാമൂഹിക പ്രവർത്തകനെന്നതിലുപരി ശ്രീ മാധവൻ നായരെ വ്യക്തിപരമായി എനിക്കറിയത്തില്ല. എങ്കിലും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദുഃഖം ഓരോ മലയാളിയുടെയും ദുഃഖമായി നിഴലിക്കുന്നു. അവരുടെ വേദനകൾ മനസിനെ സ്പർശിക്കുന്നു. ഇനിമേൽ ജാനകിയുടെ ആത്മചൈതന്യം വേദനിക്കുന്ന മാധവൻ നായരുടെ കുടുംബത്തിന് കൂടുതൽ ശക്തി നല്കട്ടെയെന്നും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. ഒപ്പം അനുശോചനവും അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക