Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം - 5: കാരൂര്‍ സോമന്‍)

Published on 04 August, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം - 5: കാരൂര്‍ സോമന്‍)
പുതുമഴയില്‍ വിരിഞ്ഞ പൂവ്

കാരൂര്‍ പള്ളിക്കടുത്ത് കൊട്ടാരം കോശി വക്കീലിന്റെ ബന്ധത്തിലുള്ള ഒരാളിന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ പണി നടക്കുന്നു. ജഗന്നാഥന്‍ മേസ്തിരിയാണ് പ്രധാനപണിക്കാരന്‍. കടുത്ത വെയിലില്‍ ദേഹം ഉരുകുന്നതു പോലെ തോന്നി ജഗന്നാഥന്. ഒരല്‍പ്പം ആശ്വാസത്തിനായി വെള്ളം കുടിക്കാനായി തണലിലേക്കു മാറി തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ച് വെള്ളം കുടിക്കുന്നതിനിടയിലാണ് കൊട്ടാരം കോശി അങ്ങോട്ടേക്കെത്തിയത്. മനസു നിറഞ്ഞ ചിരിയോടെ ജഗന്നാഥന്‍ അയാള്‍ക്കരികിലേക്ക് ചെന്നു. പണിയെക്കുറിച്ചൊക്കെ ചോദിക്കുന്നതിനിടെ കോശി ജാക്കിയെക്കുറിച്ചും തിരക്കി. മകനെകുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അയാളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. കോശി പണി കഴിപ്പിക്കുന്ന വീടിനുള്ളിലേക്ക് കയറി നോക്കിയിട്ട് ജഗന്നാഥന്‍ മേസ്തിരിക്ക് നിര്‍ദേശങ്ങള്‍ കൊടുത്തിട്ടു മടങ്ങിപ്പോയി.

 ജഗന്നാഥന്‍ മേസ്തിരി വലിയ വീടുകള്‍ പണിഞ്ഞു കൂട്ടുമെങ്കിലും ജഗന്നാഥന് വീടുകള്‍ നിര്‍മിച്ചുള്ള ആര്‍ഭാടത്തൊടൊന്നും വലിയ താത്പര്യമില്ല. അല്ലെങ്കില്‍ തന്നെ ഇതിലൊക്കെ എന്തിരിക്കുന്നു. ഒരു കൂട്ടര്‍ക്ക്  അതൊരു അഭിമാനമാണെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അതൊരു പൊങ്ങച്ചമാണ്. സ്വന്തമായൊരു വീടും മേല്‍വിലാസവും ആരും ആഗ്രഹിക്കുന്ന കാര്യമല്ലേ? അതിന്റെ ആത്മസംതൃപ്തി എന്നെപ്പോലുള്ളവന് മനസ്സിലാവില്ല. ഇഷ്ടികകള്‍ കെട്ടിക്കൊണ്ടിരിക്കെ മണ്‍ചട്ടിയില്‍ സിമന്റിന്റെ മസാല തീര്‍ന്നത് കണ്ട് മോളിയോട് ഉച്ചത്തില്‍ പറഞ്ഞു. ""മോളി മസാല കൊണ്ടുവാ''.ആ സമയം മോളി അടുത്ത മുറിയിലെ ഭിത്തി കെട്ടിക്കൊണ്ടിരിക്കുന്ന കൊമ്പന്‍മീശക്കാരനായ കൃഷ്ണന്റെ അടുത്തായിരുന്നു. അവര്‍ തമ്മിലുള്ള അടുപ്പവും ജഗന്നാഥനറിയാം. മോളിയുടെ കണ്ണുകളിലെ തിളക്കവും കൃഷ്ണന്റെ കാമദാഹത്തിലുള്ള നോട്ടവും ഭാവവും അവരത്ര നിഷ്കളങ്കരായി കാണാന്‍ കഴിയില്ല. അവനൊപ്പം എത്രയോ നാളുകളായി അവര്‍ ജോലിചെയ്യുന്നു.മറ്റുള്ളവരല്ലാം കല്ലു കെട്ടുന്നത് അടുത്ത മുറിയിലാണ്. നാല് മേസ്തിരിമാരും മൂന്ന് മൈക്കാടുകളുമാണ് ഇന്നുള്ളത്. ചിലപ്പോള്‍ പത്തും പതിനഞ്ചും പണിക്കാര്‍ ഒരേ സമയത്തുണ്ട്. ജോലിക്ക് രണ്ട് സ്ത്രീകള്‍ എപ്പോഴും കാണും. മറ്റൊരാള്‍ അനിതയാണ്. പെട്ടെന്ന് മോളി സിമന്റ് മസാല നിറച്ച ചട്ടിയുമായെത്തി. മകനെകുറിച്ചാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ജഗന്നാഥന്‍ മേസ്തിരി .

വിദേശത്തു പോയി പഠിക്കണമന്ന മോഹം ജാക്കി പറഞ്ഞ സമയംതൊട്ട്   ഒരോ നിമിഷവും കഴിച്ചുകൂട്ടിയിരുന്നത് അതെങ്ങനെ സഫലമാക്കും എന്നാലോചിച്ചായിരുന്നു.  തന്റെ അനുഭവം മകനുണ്ടാകരുത്. അവന്റെ പ്രായക്കാരൊക്കെ വിലകൂടിയ മോട്ടോര്‍ ബൈക്കുകളില്‍ ചെത്തിനടക്കുകയാണ്. മകന്‍ ഇന്നുവരെ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവന്റെ അത്തരം ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഈ പിതാവിന് കഴിയില്ലെന്ന് അവനറിയാം. അതിനാല്‍ അവന്‍ ഒന്നും ചോദിക്കാറില്ല. അത് അവന്റെ മനസിന്റെ നന്മയാണ്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അച്ഛനെ സഹായിക്കാനായി പണി ആയുധങ്ങള്‍ എടുത്തതും വിസ്മയത്തോടെയാണ് കണ്ടത്.

തങ്ങള്‍ക്കൊപ്പം മകനും ജോലിചെയ്യുന്നത് കണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. നിര്‍വ്യാജമായ സ്‌നേഹവാത്സല്യത്തോടെ മകനെ വളര്‍ത്തിയതുകൊണ്ടാകണം ഭാരപ്പെടുന്ന അധ്വാനിക്കുന്ന മാതാപിതാക്കളെപ്പറ്റി ഒരുള്‍ക്കാഴ്ച അവനിലുണ്ടാകാന്‍ കാരണം. ഓരോ മനുഷ്യനും എത്രമാത്രം ആഴത്തില്‍ ചിന്തിക്കുന്നുവോ അതവനെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴി നടക്കും. യാഥാര്‍ത്ഥ്യത്തില്‍ നിന്നും തന്റെ മകന്‍ ഓടിയൊളിക്കുന്നവനല്ലെന്ന് ജഗന്നാഥനറിയാം. ഈ തിരിച്ചറിവ് അവനിലുണ്ടാക്കിയത് അവന്റെ വായനയായിരിക്കാം. അവന്റെ കൂട്ടുകാരൊക്കെ ടി.വി.യുടെ മുന്നിലും സിനിമാശാലകളിലും മദ്യഷാപ്പിലുമൊക്കെ സമയം ചിലവിടുമ്പോള്‍ അവനാകട്ടെ പുസ്തകവായനയിലാണ് സമയം ചിലവഴിക്കുന്നത്. അവരില്‍ പലരും ചെളിക്കുണ്ടുകളില്‍ വീണുഴലുന്നത് കണ്ടിട്ടുണ്ട്. ഈ ചെറിയ ലോകത്തുനിന്നും വലിയൊരു ലോകത്തേക്ക് അവന്‍ സഞ്ചരിക്കട്ടെ.

സ്വര്‍ണ്ണം പൂശിയതുപോലെ സൂര്യന്‍ തലക്ക് മുകളിലെത്തി നിന്നു. മകന്റെ മോഹത്തെ കാണാനാവാതെ കെടുത്തി കളയുന്നത് നന്നല്ല. തനിക്ക് അവന്റെയത്ര വിവരമില്ലെങ്കിലും അവന്റെയാഗ്രഹം പൂര്‍ത്തീകരിക്കണം. അതാണിപ്പോള്‍ സഫലമായിരിക്കുന്നത്. അയാള്‍ക്ക് എന്തെന്നില്ലാത്ത ഒരുന്മേഷം തോന്നി. തന്റെ കഷ്ടപ്പാടുകള്‍ക്കെല്ലാം അറുതിയാകാന്‍ പോകുന്നതു പോലെ തോന്നി.

സമര്‍ത്ഥനായ ഒരു കല്ലുപണിക്കാരനെപ്പോലെ ഭിത്തികെട്ടിക്കൊണ്ടിരിക്കെ അയാള്‍ ഒരു ഇഷ്ടിക കരണ്ടിക്കൊണ്ട് രണ്ടായി അടിച്ചു പിളര്‍ത്തി. വെറും കളിമണ്ണായി കിടന്ന ഇഷ്ടികകള്‍ ഇന്നിതാ മനുഷ്യനൊപ്പം മനുഷ്യനെക്കാള്‍ ആയുസുള്ളവരായി ജീവിക്കുന്നു.

എന്തെല്ലാം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭിത്തികളാണിത്. കാഴ്ചയില്ലാത്ത ഇഷ്ടികകള്‍!. നിങ്ങള്‍ എത്രയോ സന്തുഷ്ടരായി മനുഷ്യനൊപ്പം പാര്‍ക്കുന്നു. വെയിലും മഴയും കാറ്റും നിങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ ജീവിതം വളരെ സങ്കീര്‍ണ്ണമാണെങ്കിലും ഒരു പൂവിനെപ്പോലെ വിരിയാനോ ഒരു മരത്തേപ്പോലെ ഫലം നല്കാനോ  ഇണചേരാനോ ചിന്തിക്കാനോ ആവുന്നില്ല. എന്നാലും നിങ്ങള്‍ മനുഷ്യര്‍ക്ക് കാവല്‍ക്കാരായി ഒപ്പമുള്ളത് സന്തോഷം നല്കുന്നു. ഈ പിളര്‍ന്ന ഇഷ്ടിക പോലല്ലേ തന്റെ ജീവിതം. അങ്ങിനെ ചിന്തിക്കേണ്ടതുണ്ടോ? ഓരോരോ വരികട്ടകളിലും ഇതുപോലെ പകുതി പൊട്ടിച്ച കട്ടകളും പൊടികട്ടകളും ചേര്‍ത്തല്ലേ മനോഹരമായ ഭിത്തികളെ വാര്‍ത്തെടുക്കാന്‍ കഴിയുന്നത്. പൊട്ടിച്ച കട്ടകളെ ജീവിതവ്യഥകളായി കണ്ടാല്‍ മതി. ജീവിതത്തില്‍ പ്രതീക്ഷകളും വിശ്വാസങ്ങളും നഷ്ടപ്പെടാന്‍ പാടില്ല. അതിനാല്‍ ജീവനില്ലാത്ത ഈ കട്ടകളെ ജീവനുള്ള മനുഷ്യര്‍ കണ്ടു പഠിക്കുന്നത് നല്ലതാണ്.

അതുപോലെ ചെറുതും വലുതുമായ കട്ടകള്‍ ഒന്നായി ചേര്‍ന്ന് ലക്ഷ്യത്തിലെത്തുന്നു. വിജയം കണ്ടെത്തുന്നു. ജീവിതത്തില്‍ എന്തിനും പരിഹാരമുണ്ട.് അതിന് പരമാവധി  ശ്രമിക്കണം. അതില്ലാതെ ഹൃദയമിടിപ്പ് കൂട്ടിയിട്ടും നിശബ്ദതപാലിച്ചിട്ടും കാര്യമില്ല. ജീവിതത്തെ ഒരു പാറമലയായി കാണുക. അത് പൊട്ടിച്ചിതറി ചെറു കഷണങ്ങളായി മാറി ജീവിക്കാനാവശ്യമായ മണിമന്ദിരങ്ങളെ വാര്‍ത്തെടുക്കുന്നു. അതിന്റെ അടിത്തറ എപ്പോഴും ബലവത്തായ പാറകളാണ്. ഇളക്കി മറിക്കാന്‍ അത്ര എളുപ്പമാകില്ല. കുലംകുത്തിയൊഴുകുന്ന വെള്ളത്തിന്‌പോലും അതിനെ ഇളക്കിമറിക്കാനാവില്ല. അതാണ് അടിത്തറയുള്ള ജീവിതം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക