Image

യാത്ര- (അവസാനഭാഗം: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 08 August, 2019
യാത്ര- (അവസാനഭാഗം:  ജോണ്‍ വേറ്റം)
'ഒരു വര്‍ഷത്തോളം കാത്തിരുന്നിട്ടും ഗര്‍ഭധാരണം ഉണ്ടായില്ല. ഭര്‍ത്താവിന് കുഴപ്പമില്ലായിരുന്നു. എന്നാല്‍, ഡോക്ടര്‍ എനിക്ക് ന്ല്‍കിയ വിശദീകരണം എന്നെ ഭയപ്പെടുത്തി! തെറ്റിദ്ധാരണയും കുടംബത്തകര്‍ച്ചയും ഉണ്ടാകുമെന്ന ചിന്തയാല്‍ ഉള്ളം വേദനിച്ചു! ഡോക്ടര്‍ പറഞ്ഞകാര്യം പണ്ടേ അറിഞ്ഞിരുന്നുവെങ്കില്‍, ഞാന്‍ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു. വിവാഹത്തിനു മുമ്പ് ആണും പെണ്ണും അവരവരുടെ ശാരീരികവും മാനസികവുമായ അവസ്ഥയെന്തെന്ന് അറിഞ്ഞിരിക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ട്. ഭര്‍ത്താവിന്റെ മുമ്പില്‍ നിസ്സഹായതയോടെ കരയാനെ എനിക്ക് കഴിഞ്ഞുള്ളൂ. ശരീരശാസ്ത്രം പഠിച്ച അദ്ദേഹം എന്റെ ബലഹീനത മനസ്സിലാക്കി. എന്നെ ആശ്വസിപ്പിച്ചു! എങ്കിലും, ഞാനൊരു പാഴ്മരമാണെന്ന വ്യാകുലചിന്ത വിട്ടുപോയില്ല.'
അത്രയും കേട്ടപ്പോള്‍ ആകാംക്ഷയോടെ ജോസഫ് ചോദിച്ചു: 'പോരായ്മ എന്തെന്ന് കൂടി പറയാമോ?'

'അക്കാര്യം മനഃപൂര്‍വ്വം മറച്ചതല്ല. എന്റെ ജീവിതത്തില്‍ ഒളിക്കത്തക്കതായി ഒന്നുമില്ല.' ആലീസിന്റെ തൊണ്ടയിടറി! അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു: മാതൃത്വമെന്ന ഒരനുഗ്രഹം എനിക്ക് ലഭിക്കില്ല. ജന്മസിദ്ധമായ വന്ധ്യത്വം എനിക്കുണ്ട്. ഗര്‍ഭധാരണത്തിനുള്ള ക്രൃത്രിമരീതിയും, ദത്തെടുക്കുന്നതും,  അദ്ദേഹം ഇഷ്ടപ്പെട്ടില്ല. കടന്നുപോയ കാലങ്ങളും, വിനോദസഞ്ചാരങ്ങളും, ആശ്വാസവചനങ്ങളും എന്റെ ആന്തരീക നൊമ്പരത്തെ ക്രമേണ മാറ്റി. രണ്ട് പതിറ്റാണ്ട കഴിഞ്ഞപ്പോള്‍, കേട്ടുകൊണ്ടിരുന്ന ഇമ്പമേറിയയൊരനുരാഗ ഗാനം പെട്ടെന്ന് നിലച്ചപോലെ, ഭവനത്തിലൊരസ്വസ്ഥത! ഭര്‍ത്താവിന്റെ സ്വഭാവം മാറുന്നതു കണ്ടു. അദ്ദേഹത്തിന്റെ സംസാരം കുറഞ്ഞു. പുകവലി വര്‍ദ്ധിച്ചു. ഏകാന്തത ഇഷ്ടപ്പെട്ടു. വിനോദഭാവം വിട്ടുപോയി. മനസ്സില്‍ എന്തോ മറച്ചുവെച്ചതായി ഞാന്‍ സംശയിച്ചു. എന്തിന് വേദനിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ 'നിന്നെ സ്‌നേഹിക്കുന്നതുകൊണ്ട്' എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ സമാധാനം ചോര്‍ന്നുകൊണ്ടിരുന്നു!

ഭൂതകാല വിവരണം കേട്ടുകൊണ്ടിരുന്ന ജോസഫ് ചോദിച്ചു: ആലീസിന്റെ ഭര്‍ത്താവ് മദ്യപിക്കുമായിരുന്നോ?

ഇല്ല! നിരാശയാല്‍ മദ്യപിക്കുന്ന ബലഹീനനും അവിഹിതബന്ധം പുലര്‍ത്തുന്ന ആളുമല്ലായിരുന്നു. അഭിമാനബോധം അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നു. എന്റെ സമാധാനത്തിനും സുഖത്തിനും സുരക്ഷക്കും വേണ്ടി ജീവിച്ച ഭര്‍ത്താവ്. ഞാന്‍ മനസമ്മതം കൊടുത്ത നാള്‍ മുതല്‍ പ്രാര്‍ത്ഥിച്ചത്, എനിക്കു വേണ്ടിയല്ല, അദ്ദേഹത്തിനുവേണ്ടിയായിരുന്നു. അന്ന് രാത്രിയില്‍ ഗൗരവമുള്ളൊരു പ്രശ്‌നം മറച്ചുവച്ചുകൊണ്ടാണ് എന്നെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങിയതെന്ന് എനിക്ക് അറിയത്തില്ലായിരുന്നു. പിറ്റേന്ന് രാവിലെ ഉണര്‍ന്നില്ല. ഞാന്‍ ഏകയായി! കരള്‍രോഗം കാര്‍ന്നുതിന്നു. അസുഖം മറച്ചതും, ചികിത്സിക്കാത്തതും എന്തിനെന്ന് ഇപ്പോഴും എനിക്കറിയത്തില്ല! അദ്ദേഹം എഴുതിവച്ച അന്ത്യാഭിലാഷപ്രകാരം കബറടക്കിയില്ല. ദഹിപ്പിച്ചു! ആലീസിന്റെ കണ്ണീര്‍കണ്ടു മനസ്സലിവോടെ ജോസഫ് പറഞ്ഞു. പറയാതെ, വെളിപ്പെടാത്തതാണ് ഹൃദയരഹസ്യങ്ങള്‍. നഷ്ടബോധവും നിരാശയും ഒന്നിനും പരിഹാരവുമല്ല. ദുഃഖഭാരം താഴ്ത്തുവാന്‍ മരണത്തെ അത്താണിയാക്കുന്നവരുണ്ട്!
കണ്ണ് തുടച്ചുകൊണ്ട് ആലീസ് തുടര്‍ന്നു: ഇളകിമറിഞ്ഞ വികാരങ്ങളും, പരിഭ്രാന്തിയുംമൂലം ജീവിതം തകരുമെന്ന് ഭയന്നു. വിധി പിഴച്ചവളെന്നവികാരം വേദനിപ്പിച്ചു. 

കഴിഞ്ഞുപോയകാലങ്ങളെയും, തിക്താനുഭവങ്ങളെയുമോര്‍ത്തു കരയരുതെന്ന് പിന്നീട് തോന്നി. പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചു കരുതലോടെ ജീവിച്ചു. പെന്‍ഷനായപ്പോള്‍ മറ്റൊരു ജോലി സ്വീകരിച്ചു. വേതനമില്ലാത്തൊരു സേവനം. പാവപ്പെട്ട ദമ്പതികള്‍ക്ക് ഉപദേഷ്ടാവായി. അജ്ഞതയും, അക്ഷമയും, അന്ധവിശ്വാസവും, ദാരിദ്രവും, ദുരിതവും ശിഥിലമാക്കിയ കുറെ കുടുംബങ്ങളെ തുന്നിച്ചേര്‍ക്കുവാന്‍ സാധിച്ചു. എന്നാലും, തളര്‍ന്നു വീട്ടിലെത്തുമ്പോള്‍ ഏകാന്തത. ആള്‍പെരുമാറ്റമില്ലാത്ത ഭവനത്തിലെ അവസ്ഥ എത്ര അരോചകമാണെന്ന് ജോസഫ് സാറിനറിയാമല്ലോ. കദനകഥകള്‍ ഉരുവിടുന്ന വൃദ്ധസദനത്തില്‍ തളയ്ക്കപ്പെടുന്നതിന് താല്‍പര്യമില്ല. ജീവിതം മുമ്പോട്ട് പോകുമ്പോള്‍, വൈകാരികമായി കഷ്ടപ്പെടുമ്പോള്‍, ആശ്വസിപ്പിക്കാനും സാദ്ധ്യമാകുന്നിടത്തോളം സഹായിക്കാനും കൂടിരുന്നുപ്രാര്‍ത്ഥിക്കാനുമൊക്കെ, ഒരാള്‍ വേണമെന്ന ചിന്ത എനിക്കുമുണ്ടായി. ഒരു ധര്‍മ്മപത്‌നിയായി ജീവിച്ച, യാഥാര്‍ത്ഥ്യങ്ങളറിയുന്ന, സമ്പത്തും ആരോഗ്യവുമൊക്കെയുള്ള എനിക്ക്, സന്യാസമല്ല, സുരക്ഷിത ജീവിതമാണ് വേണ്ടതെന്ന് തോന്നി. ഇരുപത്തഞ്ചാമത്തെ വയസ്സില്‍, എനിക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍, എന്റെ അമ്മച്ചി വിധവയായി! വൈധവ്യത്തിലെ ന്ഷ്ടബോധം ഒരു കെടാക്കനലാണെന്ന് എനിക്കറിയാം. രണ്ടാം വിവാഹത്തിനുള്ള അര്‍ഹതയും അമ്മച്ചിക്കുണ്ടായിരുന്നു. പക്ഷേ....

ആലീസിന്റെ കണ്ണ് വീണ്ടും നിറഞ്ഞു തൂവി! ഒരു ദൃക്‌സാക്ഷിയെന്നപോലെ, ജോസഫ് പറഞ്ഞു: വിധവകള്‍ക്ക് വിവാഹം മുടക്കുന്ന ആചാരങ്ങള്‍ ഇപ്പോഴമുണ്ട്. സ്ത്രീസമത്വം വെറുക്കുന്നവരും വിധവകളെ ചട്ടങ്ങളാല്‍ കെട്ടിയിടുന്നു. ്അത് അടിമത്തദാനമാണ്! ക്രൂരവും ദാരുണവുമാണ്! മാതൃത്വത്തെക്കാള്‍ ആചാരത്തെ മഹത്വപ്പെടുത്തുന്ന കുരുടന്മാര്‍ മനുഷ്യത്വം കാണുന്നില്ല. സ്ത്രീസമത്വം നിഷേധിക്കുന്നവര്‍ വര്‍ഗ്ഗീയ മുന്‍വിധിയുള്ളവരാണ്. ദൈവവിശ്വാസം നീതിയിലും നിഷ്പക്ഷതയിലും അധിഷ്ഠിതമായിരിക്കണം. സ്ത്രീസമത്വം മാതൃത്വവും ദൈവദത്തവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

വിലമതിപ്പിന്റെ സംഭാഷണം കഴിഞ്ഞു. 'ആലീസ് എഴുന്നേറ്റു. മന്ദഹസിച്ചുകൊണ്ട് പറഞ്ഞു: ജോസഫ് സാറിന് നന്ദി. വീണ്ടും വിളിക്കാം.' അവള്‍ സ്വകാര്യമുറിയിലേക്ക് നടന്നു.

സ്വഭവനത്തിലേക്ക് മടങ്ങുമ്പോള്‍ ജോസഫ് സ്വയം ചോദിച്ചു: 'അവളുടെ വാക്കൊരു വിടപറച്ചിലായിരുന്നോ? വീണ്ടുമൊരുവിവാഹപരസ്യം കൊടുക്കേണ്ടിവരുമോ? ഒരു സന്തുഷ്ടബന്ധത്തിന് സ്ത്രീയുടെ ഏത് സ്വഭാവഗുണമാണ് പരിഗണിക്കേണ്ടത്? സ്വന്തഭാര്യയോടുള്ള നിത്യസ്‌നേഹം ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍, ഏകാന്തതയുടെ തണുപ്പും നിശ്ശബ്ദതയുമകറ്റാന്‍, ഒരിണയെ അന്വേഷിക്കുന്നത് കുറ്റമോ? വ്യക്തികളെന്ന നിലയില്‍, അവരവരുടെ താല്‍പര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ ഓരോരുത്തര്‍ക്കും അവകാശമില്ലെ?  മനുഷ്യബന്ധങ്ങള്‍ അന്ത്യശ്വാസത്തില്‍ അവസാനിക്കുമോ?'

ആകംക്ഷയുടെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞു. എന്നിട്ടും ആലീസ് വിളിച്ചില്ല. ജോസഫ് പറഞ്ഞതെല്ലാം കേട്ടെങ്കിലും വാസ്തവം മനസ്സിലാക്കാന്‍ അവള്‍ക്ക് അന്വേഷിക്കണമായിരുന്നു.

ഒരു മാസം കഴിഞ്ഞപ്പോള്‍ ആലീസ് ജോസഫിനെ വിളിച്ചു. അവരുടെ കൂടിക്കാഴ്ചകള്‍ തുടര്‍ന്നു. രണ്ടായിരുന്നു ആശയവഴികള്‍ സന്ധിച്ചു. വിധവകള്‍ക്കും വിധുരര്‍ക്കും ബഹുമാനം കൊടുക്കാത്ത, പ്രായമേറിയവരുടെ ആവശ്യങ്ങളെ ശ്രദ്ധിക്കാത്ത, ഒരു ലോകത്തിനു മുമ്പില്‍ ഉഭയസമ്മതപ്രകാരം അവര്‍ ഒന്നിച്ചു! യുഗ്മയാത്ര ആരംഭിച്ചു!

യാത്ര- (അവസാനഭാഗം:  ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക