Image

ഉരുള്‍പൊട്ടല്‍: കണ്ടെത്താനുള്ളത്‌ 25 പേരെ; കവളപ്പാറയില്‍ മരണം 41 ആയി

Published on 18 August, 2019
ഉരുള്‍പൊട്ടല്‍: കണ്ടെത്താനുള്ളത്‌ 25 പേരെ; കവളപ്പാറയില്‍ മരണം 41 ആയി

കോഴിക്കോട്‌: മലപ്പുറം കവളപ്പാറയിലും വയനാട്‌ പുത്തുമലയിലും ദുരന്തംവിതച്ച ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത്‌ 25 പേരെ. 

കവളപ്പാറയില്‍ 18 പേരും പുത്തുമലയില്‍ ഏഴുപേരുമാണ്‌ മണ്ണിനടിയില്‍പ്പെട്ടിരിക്കുന്നതെന്നാണ്‌ സര്‍ക്കാരിന്റെ കണക്ക്‌. കവളപ്പാറയില്‍ ഇന്ന്‌ രാവിലെ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹംകൂടി കണ്ടെത്തി. 

രാവിലെ 10.30 ഓടെ ഭൂഗര്‍ഭ റഡാര്‍ സംവിധാനം (ജിപിആര്‍എസ്‌) ഉപയോഗിച്ചുള്ള തിരച്ചിലിലാണ്‌ മൃതദേഹം കണ്ടെടുത്തത്‌. ഇതോടെ ഇവിടെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 41 ആയി. 

റഡാര്‍ സംവിധാനത്തിന്‌ പുറമെ ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധസംഘടനകളുടെയും പോലിസിന്റെയും നേതൃത്വത്തിലുള്ള തിരച്ചിലും സമാന്തരമായി നടക്കുന്നുണ്ട്‌.
18 മൃതദേഹങ്ങള്‍കൂടി ദുരന്തഭൂമിയില്‍നിന്ന്‌ ഇനി കണ്ടെടുക്കാനുണ്ട്‌. 

ഹൈദരാബാദ്‌ നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള സംഘം പ്രത്യേക വിമാനത്തിലാണ്‌ ഗ്രൗണ്ട്‌ പെനിട്രേറ്റിങ്ങ്‌ റഡാര്‍ സംവിധാനം കരിപ്പൂരിലെത്തിച്ചത്‌. 

ദുരന്തമേഖലയിലെ ചതുപ്പുനിറഞ്ഞ പ്രദേശങ്ങളിലേക്ക്‌ തിരച്ചില്‍ നടത്താന്‍ മനുഷ്യസാധ്യമായിരുന്നില്ല. ഭൂഗര്‍ഭ റഡാര്‍ സംവിധാനമുപയോഗിച്ചുള്ള തിരച്ചിലിലൂടെ മൃതദേഹങ്ങളുടെ സാന്നിധ്യം കണ്ടെത്താനാവുമെന്ന്‌ ഹൈദരാബാദില്‍നിന്നെത്തിയ ശാസ്‌ത്രജ്ഞര്‍ പറയുന്നു. 

ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളില്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിന്‌ പരിമിതിയുണ്ട്‌. എങ്കിലും മണ്ണിനടിയിലെ പ്രതലം ചിത്രീകരിക്കാന്‍ റഡാറിനാവും.

രണ്ടു ശാസ്‌ത്രജ്ഞന്‍മാരും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും മൂന്നു ഗവേഷകരും ഉള്‍പ്പെട്ടതാണ്‌ സംഘം. കവളപ്പാറയില്‍നിന്ന്‌ സൈനികന്‍ വിഷ്‌ണു എസ്‌ വിജയന്റെ അടക്കം രണ്ട്‌ മൃതദേഹങ്ങളാണ്‌ ശനിയാഴ്‌ച കണ്ടെത്തിയത്‌. 

സഹോദരിയുടെ വിവാഹച്ചടങ്ങുകള്‍ക്കായി ഉരുള്‍പൊട്ടലുണ്ടായതിന്റെ രണ്ടുദിവസം മുമ്‌ബാണ്‌ വിഷ്‌ണു നാട്ടിലെത്തിയത്‌. 

ഇദ്ദേഹത്തിന്റെ അച്ഛന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുനിന്ന്‌ ലഭിച്ചിരുന്നു. മഴ മാറിനില്‍ക്കുന്നതിനാല്‍ കവളപ്പാറയില്‍ തിരച്ചിലിന്‌ വേഗതയുണ്ടായിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക