Image

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: ഉന്നതാധികാര സമിതി

Published on 04 May, 2012
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: ഉന്നതാധികാര സമിതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് കനത്ത തിരിച്ചടി. ഡാം സുരക്ഷിതമാണെന്ന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്. പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യം കേരളം പുന:പരിശോധിക്കണം. ജലനിരപ്പ് ഉയരുന്നതും ഭൂചലനം ഉണ്ടാകുന്നതും 119 വര്‍ഷം പഴക്കമുള്ള അണക്കെട്ടിനെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഡാമിലെ ജലനിരപ്പ് 136 ല്‍നിന്ന് 142 അടിയായി ഉയര്‍ത്താമെന്നും ജസ്റ്റിസ് എ.എസ് ആനന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനഡാമും ബേബി ഡാമും സുരക്ഷിതമാണ്. അടുത്തിടെ അണക്കെട്ടിന് സമീപമുണ്ടായ ഭൂചലനങ്ങള്‍ ശക്തികുറഞ്ഞതാണെന്നും അവ അണക്കെട്ടിനെ ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പരിഗണിച്ച സുപ്രീം കോടതി ഇരു സംസ്ഥാനങ്ങള്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത്. കേസ് ജൂലായ് 23 ന് വീണ്ടും പരിഗണിക്കും. അണക്കെട്ടിലെ വിള്ളലുകള്‍ അടയ്ക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല. 

2010 ഫിബ്രവരിയിലാണ് അഞ്ചംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നിലവില്‍ അണക്കെട്ട് സുരക്ഷിതമാണോ?, പുതിയ അണക്കെട്ട് എന്ന ആവശ്യം അംഗീകരിക്കണോ? തുടങ്ങിയ മൂന്നു വിഷയങ്ങളാണ് സമിതി പരിശോധിച്ചത്. എട്ടു വാല്യങ്ങളടങ്ങുന്ന 250ലധികം പേജുള്ള റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം, ഇതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ കേസുകള്‍, സമിതിയെ നിയോഗിച്ച സാഹചര്യങ്ങള്‍, ഇരുസംസ്ഥാനങ്ങളുടെയും നിലപാടുകളുടെ ചുരുക്കം തുടങ്ങിയവയാണ് ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക