Image

മീഡിയാ കേസില്‍ പി ചിദംബരത്തിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യമില്ല

Published on 20 August, 2019
മീഡിയാ കേസില്‍ പി ചിദംബരത്തിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യമില്ല

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. അറസ്റ്റിൽ നിന്ന് കോടതി നൽകിയ സംരക്ഷണം ഈ മാസം 23 ന് അവസാനിക്കാനിരിക്കെയാണ് ചിദംബരത്തിനെ പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള  ഉത്തരവ്.

 ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ നേരത്തെ നിയമമന്ത്രാലയം സിബിഐക്ക് അനുമതി നൽകിയിരുന്നു.  കേസിൽ ചിദംബരത്തിന്‍റെ മകൻ കാർത്തിക് ചിദംബരത്തെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്‍എക്സ് മീഡിയ എന്ന കമ്പനി  ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുന്നുള്ളൂ. 

ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. കമ്പനിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രാണിയും പീറ്ററും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്‍റെ ഓഫീസിലെത്തി സഹായം തേടി. മകൻ കാർത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്നാണ് സിബിഐ ആരോപിക്കുന്നത്.

ചിദംബരത്തിന്‍റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ, പുതിയ അപേക്ഷ നല്‍കി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നും സിബിഐ പറയുന്നു.കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്‍റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് കമ്പനിക്ക് ഐഎന്‍എക്സ് മീഡിയ ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികൾ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ സിബിഐ പിടിച്ചെടുത്തിരുന്നു. കേസില്‍ ഇന്ദ്രാണി മുഖര്‍ജി മാപ്പുസാക്ഷിയായതോടെ ചിദംബരത്തിന്‍റെ കാര്യം പരുങ്ങലിലാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക