Image

പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ നീക്കം സജീവം; രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകാന്‍ നോട്ടീസ്

Published on 20 August, 2019
പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ നീക്കം സജീവം; രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകാന്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി. ചിദംബരത്തെ തേടി സി.ബി.ഐ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി. എന്നാല്‍ അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് സി.ബി.ഐ സംഘം മടങ്ങി. സി.ബി.ഐയ്ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് സംഘവും ചിദംബരത്തിന്റെ വീട്ടിലെത്തി.

രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാണിച്ച് വീടിനു പുറത്ത് നോട്ടീസ് പതിപ്പിച്ചു. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി. ചിദംബരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും. ഇതിന് മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക