Image

മൃഗങ്ങള്‍ ദുരന്തം പ്രവചിക്കുമോ? (മുരളി തുമ്മാരുകുടി)

Published on 21 August, 2019
മൃഗങ്ങള്‍ ദുരന്തം പ്രവചിക്കുമോ? (മുരളി തുമ്മാരുകുടി)
മനോരമ പത്രത്തില്‍ എന്റെ സുഹൃത്ത് മഹേഷ് ഗുപ്തന്റെ ഒരു റിപ്പോര്‍ട്ടുണ്ട്. ഉരുള്‍പൊട്ടലിന് മുന്‍പ് ആനകള്‍ കാട് വിട്ട് ഓടിയെന്നും പശുക്കള്‍ ഉയര്‍ന്ന പ്രദേശത്തേക്ക് പോയി എന്നുമാണ് വാര്‍ത്ത.

ഇതില്‍ നിന്നും അദ്ദേഹം നടത്തുന്ന വിലയിരുത്തല്‍ ഇതാണ്.
'ദുരന്തമുഖത്തു നിന്നു നേരിട്ടു കേട്ട കാര്യങ്ങളാണിവ. ഈ വാദങ്ങള്‍ക്ക് എത്രത്തോളം ശാസ്ത്രീയ പിന്‍ബലമുണ്ടെന്നു പലരും ചോദിച്ചേക്കാം. പക്ഷേ, അപകടസൂചന തിരിച്ചറിഞ്ഞവരെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറുകയും രക്ഷപ്പെടുകയും ചെയ്തു എന്നതു സത്യമാണ്. അതീവ ദുരന്തസാധ്യതാ മേഖലയായിരുന്നിട്ടും ഈ സൂചനകള്‍ കണ്ടെത്താനോ പ്രദേശവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാനോ നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങള്‍ക്കുകഴിഞ്ഞില്ല എന്നത് വിമര്‍ശനാത്മകമായിത്തന്നെ വിലയിരുത്തപ്പെടണം.'

ഈ വിഷയത്തിലെ ശാസ്ത്രം എന്താണ് ?

ലോകത്തില്‍ പലയിടത്തും ദുരന്തങ്ങള്‍ക്ക് ശേഷം ഇത്തരം വാര്‍ത്തകള്‍ വരാറുണ്ട്. ഇവ ശാസ്ത്രീയമായി അവലോകനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുമുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ എന്തെങ്കിലും ശാസ്ത്രീയമായ അടിത്തറ ഉള്ളതായി പഠനങ്ങള്‍ ലഭ്യമല്ല. പ്രായോഗികമായി ഇക്കാര്യത്തിന് ഒരു ഉപയോഗവുമില്ല താനും.

മനുഷ്യന്‍ കേള്‍ക്കാത്ത ശബ്ദവും മനുഷ്യര്‍ക്ക് മനസ്സിലാകാത്ത തരത്തിലുള്ള പ്രകന്പനങ്ങളും മൃഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയേക്കും എന്നതില്‍ അശാസ്ത്രീയമായി ഒന്നുമില്ല. എന്നാല്‍ ഈ ശക്തികള്‍ ദുരന്തത്തെ മുന്‍കൂട്ടി കാണുന്നതിന് മൃഗങ്ങളെ സഹായിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ശാസ്ത്രീയമായി ഒരു തെളിവുമില്ല.

മൃഗങ്ങളുടെ പെരുമാറ്റം ദുരന്തന്തിന്റെ മുന്നറിയിപ്പായി എടുക്കുന്നതില്‍ വ്യക്തികള്‍ക്കും സംവിധാനങ്ങള്‍ക്കും പരിമിതികളുണ്ട്. ഉദാഹരണത്തിന് ഭൂകന്പം ഉണ്ടാകുന്നതിന് മുന്‍പ് പട്ടികള്‍ അകാരണമായി കുരക്കാറുണ്ട് എന്നതാണ് പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളത്. അപ്പോള്‍ പട്ടികള്‍ അകാരണമായി കുരക്കുന്നതിനെ ഭൂകന്പ മുന്നറിയിപ്പിനുള്ള എളുപ്പവഴിയായി എടുക്കണമെങ്കില്‍ നമ്മള്‍ രണ്ടു കാര്യങ്ങള്‍ ചെയ്യണം.

1. ഓരോ പ്രാവശ്യവും പട്ടി കുരക്കുന്‌പോള്‍ അതിന്റെ കാരണം അന്വേഷിക്കണം .

2. നമുക്ക് വ്യക്തമല്ലാത്ത കാരണത്താല്‍ പട്ടി കുരച്ചാല്‍ ഭൂകന്പത്തിന്റെ മുന്നറിയിപ്പായി കണക്കാക്കി മേശക്കടിയില്‍ കയറിയിരിക്കണം, അല്ലെങ്കില്‍ വീട് വിട്ടു മാറണം.
എത്ര സമയം മുന്‍പാണ് പട്ടികള്‍ കുരക്കുന്നത് എന്നതിന് ശാസ്ത്രമില്ല. അപ്പോള്‍ മേശക്കടിയില്‍ അരമണിക്കൂര്‍ ഇരുന്നാല്‍ മതിയോ, വീട് വിട്ട് ഒരു ദിവസം മാറി താമസിക്കണമോ എന്നും നിര്‍ദ്ദേശം നല്‍കേണ്ടി വരും.

നാട്ടില്‍ അനവധി പട്ടികളുണ്ട്. ഓരോ ദിവസവും ഓരോരോ കാരണങ്ങള്‍ കൊണ്ട് അവ കുരക്കാറുമുണ്ട്. അതിന്റെയെല്ലാം കാരണം തേടിപ്പോയാല്‍ നമുക്ക് അതിനേ സമയം കാണൂ. കാരണം കാണാത്തപ്പോളെല്ലാം നമ്മള്‍ കുട്ടികളുമായി കട്ടിലിനടിയില്‍ കയറിയിരുന്നാല്‍ ദിവസത്തില്‍ പല പ്രാവശ്യം കട്ടിലിനടിയില്‍ കയറേണ്ടി വരും. രണ്ടു ദിവസം ഈ പ്രവൃത്തി ആവര്‍ത്തിച്ചാല്‍ ഇത്തരം 'മുന്നറിയിപ്പുകളുടെ' അര്‍ത്ഥശൂന്യത നമുക്ക് വേഗം മനസ്സിലാകും.

മൃഗങ്ങള്‍ സുനാമി മുന്‍കൂട്ടി തിരിച്ചറിഞ്ഞു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ സുനാമി തിരിച്ചറിയാത്ത മൃഗങ്ങളുടെ കഥ എന്നോട് എന്റെ ശ്രീലങ്കന്‍ സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
ശ്രീലങ്കയിലെ ഒരു റിസോര്‍ട്ടിലെ പരിസ്ഥിതി ഉപദേശകനും ടൂര്‍ ഗൈഡും ആയിരുന്നു ആ സുഹൃത്ത്. ഒരു ദിവസം രാവിലെ ആരോ അദ്ദേഹത്തോട് പറഞ്ഞു
'കടല്‍ പുറകോട്ട് പോയി.'
എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് മനസ്സിലായില്ലെങ്കിലും കേട്ടപാടെ കാമറയും എടുത്ത് കടല്‍ത്തീരത്തേക്ക് ഓടി.
'പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല, ഓര്‍മ്മ വരുന്‌പോള്‍ കുറച്ചു മരച്ചില്ലകളില്‍ ഉടക്കി, മുണ്ടെല്ലാം പറിഞ്ഞു പോയി കിടക്കുകയാണ്. കാമറ പിന്നെ ഞാന്‍ കണ്ടതുമില്ല, നോക്കിയതുമില്ല. നിലവിളിച്ച് ഓടിയത് മാത്രം നല്ല ഓര്‍മ്മയുണ്ട്.
'
ശ്രീലങ്കയില്‍ ചില മൃഗങ്ങള്‍ സുനാമി മുന്നേ കണ്ടു എന്ന വാര്‍ത്ത വന്നതിനോട് അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു.
''ഷഡ്ഡിയും ഇട്ട് ഞാന്‍ ഓടുന്ന സമയത്ത് ആളുകളും ആടുമാടുകളുമടക്കം എല്ലാ ജീവികളും എന്റെ മുന്നിലും പുറകേയും ഉണ്ടായിരുന്നു. എനിക്കുണ്ടായതില്‍ കൂടുതല്‍ മുന്നറിയിപ്പൊന്നും അവര്‍ക്കും കിട്ടിയില്ല എന്ന് അന്നേ ഞാന്‍ തീരുമാനിച്ചു.
മൃഗങ്ങള്‍ക്ക് ഭൂകന്പം ഉള്‍പ്പടെ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള കഴിവുണ്ടോ എന്ന ചോദ്യം ശാസ്ത്രം ചുമ്മാതെ തള്ളിക്കളയുകയല്ല ചെയ്തത്. ഇത്തരത്തിലുള്ള ഒരു കഴിവും മൃഗങ്ങള്‍ക്കുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടില്ല. ദുരന്ത സമയത്ത് എവിടെയെങ്കിലും കണ്ട ഉദാഹരണങ്ങള്‍ വ്യക്തികള്‍ക്കോ സര്‍ക്കാരിനോ മുന്നറിയിപ്പ് മാര്‍ഗ്ഗമായി എടുക്കാന്‍ പറ്റില്ലെന്ന് ആദ്യമേ പറഞ്ഞല്ലോ.

പ്രളയത്തില്‍ പെടാതിരിക്കാന്‍ നമ്മുടെ ശാസ്ത്രീയമായ കാലാവസ്ഥ പ്രവചനം ശക്തിപ്പെടുത്തുകയേ തല്‍ക്കാലം മാര്‍ഗ്ഗമുള്ളൂ. മഴ പെയ്യുന്‌പോള്‍ പശുവിനെ കയറൂരി വിട്ട് അത് മലയുടെ മുകളിലേക്കാണോ താഴേക്കാണോ പോകുന്നത് എന്ന് നോക്കി വീടൊഴിയുന്നത് വൃഥാവേലയാണ്. ചക്കയുടെയും മുയലിന്റെയും കഥ ഓര്‍ക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക