Image

കല്‍പ്പാന്തം-(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 22 August, 2019
കല്‍പ്പാന്തം-(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പ്രളയമാ, യുഗ്ര പ്രതികാരമായവനി
യിവിടെയീ, ജനതയ്ക്കുമേലിരുമ്പാണി തറയ്ക്കുന്നു
സ്വസ്ഥജീവിതം പ്രഹേളികയാകുന്നു
മനനമൊരു പ്രാര്‍ത്ഥനാമന്ത്രമായ് മാറുന്നു.
നാശം വിതച്ചുകൊണ്ടോരോ വരവിലും
വീശിയടിച്ചകറ്റുന്നുപരി സ്വസ്ഥകം
പാശം ചുഴറ്റിയെറിയുന്നു നിര്‍ദ്ദയം
യമകാല്‍പ്പാടുകള്‍ പതിക്കുന്നു നിര്‍ണ്ണയം.
കല്‍പ്പാന്തകാലമിതെന്നുറപ്പിച്ചപ്പോള്‍
അല്‍പ്പാല്‍പ്പമായിപ്പകരുന്നു പാരിടം
ശാസനാ ലിഖിതമാകുന്നതിര സംഭവം
സാക്ഷികണക്കെ നില്‍ക്കുന്നിവിടെ ബഹുശതം.
കശക്കിയറിഞ്ഞതാം സൂനങ്ങള്‍മാതിരി-
യൊത്തിരിക്കുഞ്ഞു വദനങ്ങള്‍ കാണ്മുനാം
പിശകെവിടെ പറ്റിയെന്നൊത്തുനോക്കീടിലും
വസുധയ്ക്കുമേറ്റ ക്ഷതങ്ങളുമോര്‍ക്ക നാം.
കേണിടും ജനത്തിനു തുണയേകിടാന്‍ നമു-
ക്കാകണം ഭൂവിതിന്‍ കദനം ശമിക്കണം
കാലത്തിനൊത്തുണര്‍ന്നീടണം; ജീവിതം-
കടലാസുതോണികളല്ലെന്നറിയണം
വികൃതമാക്കാതിരിക്കാമീ, ധരാതലം
സുകൃതമായീടട്ടെ മാനവ ജീവിതം
പ്രിയതരമാകട്ടെയിനിവരും വാസരം
പ്രകൃതിയോടിണങ്ങുവാനെന്തിത്ര താമസം?

കല്‍പ്പാന്തം-(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക