Image

സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയത് സമരം ചെയ്തതിനല്ലെന്ന് എഫ്.സി.സി. സഭ

Published on 23 August, 2019
സിസ്റ്റര്‍ ലൂസി കളപ്പുരയെ  പുറത്താക്കിയത്  സമരം ചെയ്തതിനല്ലെന്ന്   എഫ്.സി.സി. സഭ
സിസ്റ്റര്‍ ലൂസി കളപ്പുരയെ  പുറത്താക്കിയത് മാധ്യമങ്ങള്‍ ആരോപിക്കുന്നതുപോലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം ചെയ്തതിനല്ലെന്ന്   എഫ്.സി.സി. സഭയുടെ വിശദീകരണക്കുറിപ്പ്.

സന്ന്യാസമൂല്യങ്ങള്‍ക്ക് വിരുദ്ധമായ ജീവിതശൈലി തുടര്‍ന്നതും സഭാ നിയമങ്ങള്‍ ലംഘിച്ചതുമൊക്കെയാണ് ലൂസിയെ പുറത്താക്കാന്‍ കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. 

കാരയ്ക്കാമല മഠത്തില്‍ 19-ന് ലൂസിയെ പള്ളിയില്‍ പോകാന്‍ അനുവദിക്കാതെ മഠത്തില്‍ പൂട്ടിയിട്ടെന്നു പോലീസിന് നല്‍കിയ പരാതിയില്‍ കഴമ്പില്ല. സന്ന്യാസിനി സമൂഹത്തെ താറടിക്കാനുള്ള ലക്ഷ്യത്തോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. 

സന്ദര്‍ശകരെ മഠത്തില്‍ സ്വീകരിക്കാന്‍ മഠം സുപ്പീരിയറിന്റെ അനുവാദം വാങ്ങണം. 

മാധ്യമപ്രവര്‍ത്തകര്‍ക്ക് മഠത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. മഠത്തിന്റെയുള്ളില്‍ അനുവാദമില്ലാതെ പ്രവേശിക്കുന്നവര്‍ക്കുനേരെ നിയമനടപടി സ്വീകരിക്കുമെന്നും വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.
Join WhatsApp News
Catholic 2019-08-23 12:05:07
സിസ്റ്ററെ, കത്തോലിക്കാ സഭയെ ആകെ നാറ്റിച്ചില്ലേ? എന്ത് കിട്ടി? ദയവായി സ്വന്തം വഴിക്കു പോകുക 
old FB post 2019-08-23 12:48:47

സിസ്റ്റര്‍ ലൂസി കളപ്പുര ചെയ്യുന്നത് അല്‍പ്പത്തമാണെന്ന് ആരോപിച്ച് മുന്‍ യുവജന നേതാവ് കൂടിയായ സിന്ധുജോയി

സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുമാരി (സിസ്റ്റര്‍) ലൂസിയോട് പറയാനുള്ളത്...

ഇന്നലെ കേരളത്തിലെ വാര്‍ത്താ ചാനലുകളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ കണ്ടു.വയനാട് ജില്ലയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കന്‍ ക്ളാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗം സിസ്റ്റര്‍ ലൂസി കളപ്പുരയെ മുഖ്യാതിഥിയാക്കിയ സായാഹ്ന ചര്‍ച്ചകള്‍. സ്വാഭാവികമായും കത്തോലിക്കാ സഭയെ ആവോളം പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ആ വിചാരണ. സ്വന്തം മതവിശാസത്തിനുവേണ്ടി പലതും വിട്ടുപേക്ഷിച്ചുപോന്ന ഒരാളെന്ന നിലയില്‍ അതെന്നെ വല്ലാതെ നോവിച്ചുവെന്നു പറയാതെ വയ്യ! വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് കുമാരി (സിസ്റ്റര്‍) ലൂസി കളപ്പുര. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാന്‍ സ്വന്തം കാറുള്ള അപൂര്‍വം കത്തോലിക്കാ സന്യാസിനികളില്‍ ഒരാള്‍! കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി താന്‍ അംഗമായിരിക്കുന്ന സന്യാസിനീ സഭയില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നക്കാരി.

കുമാരി (സിസ്റ്റര്‍) ലൂസിയോട് പറയാനുള്ളത് ഇവയാണ്. ഫ്രാന്‍സിസ്‌കന്‍ ക്ളാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ അന്തഃസത്ത എന്താണെന്ന് മനസിലാക്കേണ്ടിയിരുന്നു അവര്‍. ഇറ്റലിയിലെ അസ്സീസിയുടെ തെരുവുകളില്‍ ദാരിദ്ര്യത്തിന്റെ ചാക്കുവസ്ത്രമണിഞ്ഞു നടന്ന ഫ്രാന്‍സിസ് എന്ന സന്യാസി; അവന്റെ ദാരിദ്ര്യത്തിന്റെ വിശുദ്ധിയെറിഞ്ഞു പ്രഭുമന്ദിരം വിട്ടിറങ്ങിയ ക്ലാര എന്ന പെണ്‍കുട്ടി. ഈ ഫ്രാന്‍സിസിന്റെയും ക്ളാരയുടെയും സുകൃത പുണ്യങ്ങളാണ് എഫ് സി സി എന്ന സന്യാസിനീ സഭയുടെ ആന്തരിക സത്ത. 'അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം' എന്നീ മൂന്നു വ്രതങ്ങള്‍ അള്‍ത്താരയുടെ മുന്നില്‍ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്ഞചൊല്ലിയാണ് ഒരു സ്ത്രീ ഫ്രാന്‍സിസ്‌കന്‍ ക്ളാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ അംഗമാകുന്നത്. നാലുവര്‍ഷത്തിലേറെ നീളുന്ന പരിശീലനപ്രക്രിയയുടെ അവസാനമാണ് അത്. അതും കഴിഞ്ഞു ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതേ വ്രതങ്ങള്‍ ഏറ്റുചൊല്ലി വീണ്ടും 'നിത്യവൃത വാഗ്ദാനം'. അപ്പോഴാണ് കത്തോലിക്കാ സഭയില്‍ ഒരു ഒരു സ്ത്രീ പൂര്‍ണമായും സന്യാസിനി ആകുന്നത്. ഇതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സന്യാസത്തില്‍ നിന്ന് പുറത്തുവരാമെന്നു സാരം.

കുമാരി (സിസ്റ്റര്‍) ലൂസി കളപ്പുരയുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഞാന്‍ അംഗീകരിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്. എന്നാല്‍, സന്യാസത്തിന്റെ ആവൃതിയില്‍ അതിനു പരിമിതികളുണ്ട്; അതാണ് സന്യാസത്തിന്റെ കാതല്‍! ഇന്ത്യയിലെ എല്ലാ സൈനിക വിഭാഗങ്ങളിലും ഇപ്പോള്‍ സ്ത്രീകള്‍ക്ക് കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ സേവനം ചെയ്യാം. അതിനുവേണ്ടി അവര്‍ ഒരു പരിശീലനപദ്ധതിയിലൂടെ കടന്നുപോകണം. സൈന്യത്തിന്റെ യൂണിഫോം ധരിക്കണം. സേനയിലെ അച്ചടക്കം പാലിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഉറപ്പായും അവര്‍ അച്ചടക്കനടപടിക്ക് വിധേയമാകും; ഒടുവില്‍ പുറത്തുപോകും. കേരള പോലീസിലുമുണ്ട് വനിതകള്‍. അവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. എന്തിന്, ഒരു ആശുപത്രിയില്‍ ജോലിചെയ്യുന്ന നേഴ്സും ഡോക്ടറുമൊക്കെ ഇത്തരം നിയമങ്ങള്‍ പാലിച്ചേ ഒക്കൂ. ഇതാണ്, ഒരു സന്യാസസഭയിലും നടക്കുന്നത്. ആ സമൂഹത്തിന്റെ നിയമങ്ങള്‍ അനുസരിച്ചേ മതിയാവൂ.

എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ട്: 'മുറിവേറ്റ മൃഗത്തെ സൂക്ഷിക്കണം; അതാണ് ഏറ്റവും അപകടകാരി'. ക്ഷതം രണ്ടു തരമുണ്ട്. ഉള്ളില്‍ ഉണങ്ങാതെ കിടന്ന്, വളര്‍ന്ന്, പിന്നെ ഉണങ്ങാത്ത മുറിവായി നീറിക്കിടക്കുന്ന, വിഷം വമിക്കുന്ന ക്ഷതം. മറ്റൊന്ന് ക്രിസ്തുവിന്റെ മുറിവു പോലെ രക്ഷാകരമായ ക്ഷതം. അവര്‍ ചെയ്തത് എന്തെന്ന് അവര്‍ അറിയുന്നില്ല എന്ന് മനസ്സിലാക്കി അവരുടെ വീഴ്ചകളോട് ക്ഷമിക്കുന്ന യേശുവിന്റെ ക്ഷതം. അത് ഉണങ്ങിപ്പോവുകയും ക്ഷമയുടെയും സൗഖ്യത്തിന്റെയും നീരുവ ആകുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ തിരുമുറിവുകളോട് ചേര്‍ത്തു വയ്ക്കുന്ന എല്ലാ മുറിവുകളും സൗഖ്യം പകരുന്ന ക്ഷതങ്ങളായി മാറുന്നു! കുമാരി ലൂസി കളപ്പുരയുടെ ആന്തരികക്ഷതങ്ങള്‍ അങ്ങനെ ഉണങ്ങിയിട്ടില്ലെന്നു സാരം. കൗമാരപ്രായത്തില്‍ ആരുടെയോ പ്രേരണക്ക് വശംവദയായി സന്യാസത്തിന്റെ ആവൃതിയില്‍ അഭയം തേടിയ ലൂസിയുടെ വൃണങ്ങള്‍ ഇനിയും ഉണങ്ങിയിട്ടില്ലെന്നു വാസ്തവം.

കുമാരി ലൂസി കളപ്പുരയോട് അപേക്ഷിക്കാനുള്ളത് ഇതാണ്. മാന്യതയുണ്ടെങ്കില്‍ സന്യാസവസ്ത്രം ഊരിവച്ചു പുറത്തുവരിക, ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. അല്ലാതെ, സന്യാസിനീമഠത്തിന്റെ ആവൃതിക്കുള്ളില്‍ നിന്നുകൊണ്ട് വിശ്വാസത്തിനുനേരെ കൊഞ്ഞനം കുത്തുന്നത് അല്‍പ്പത്തമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക