Image

രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗറില്‍ തടഞ്ഞു, മാദ്ധ്യമങ്ങളെ കാണാനും അനുമതിയില്ല

Published on 24 August, 2019
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗറില്‍ തടഞ്ഞു, മാദ്ധ്യമങ്ങളെ കാണാനും അനുമതിയില്ല

ശ്രീനഗര്‍‌: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ശ്രീനഗറിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കാളെ വിമാനത്താവളത്തില്‍ തടഞ്ഞു. ഇവര്‍ക്ക് മാദ്ധ്യമങ്ങളെ കാണാനുള്ള അനുമതിയും നല്‍കിയില്ല. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ, കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത്.


നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് ജമ്മു കാശ്മീര്‍ ഭരണകൂടം അറിയിച്ചു. എന്നാല്‍, സന്ദര്‍ശനം വിലക്കി കൊണ്ട് സര്‍ക്കാരില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. പ്രതിപക്ഷ സംഘത്തെ തിരിച്ചയക്കാനുള്ള നടപടികളിലേക്കാണ് ഭരണകൂടം ശ്രമിക്കുന്നത്.അതേസമയം, തടങ്കലിലുള്ള നേതാക്കളെ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്താനാണെന്നും പ്രശ്നമുണ്ടാക്കാനല്ല പോകുന്നതെന്നും എ.ഐ.സി.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.


ഇതിനിടെ ശ്രീനഗറിലെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ മൗസ്മി സിംഗിനെ പൊലീസ് കൈയേറ്റം ചെയ്തു. പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം അറിയാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. നേതാക്കളുടെ അടുത്തേക്ക് കടത്തിവിടാതെ മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക