Image

ജനഹിതമല്ല ദൈവഹിതം നിറവേറണം: മാര്‍ ജോസഫ്‌ പൗവ്വത്തില്‍

Published on 05 May, 2012
ജനഹിതമല്ല ദൈവഹിതം നിറവേറണം: മാര്‍ ജോസഫ്‌ പൗവ്വത്തില്‍
കാഞ്ഞിരപ്പള്ളി: സഭാത്മക സാമൂഹ്യ ജീവിതത്തില്‍ വിശ്വാസിസമൂഹം ജനഹിതമല്ല ദൈവഹിതമാണ്‌ തേടേണ്ടതെന്ന്‌ മാര്‍ ജോസഫ്‌ പൗവ്വത്തില്‍ പ്രസ്‌താവിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ രൂപതയുടെ 9-ാം പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മാര്‍ പൗവ്വത്തില്‍.

ദൈവഹിതം തിരിച്ചറിയുമ്പോഴാണ്‌ സഭയ്‌ക്കും സമൂഹത്തിനും നന്മയേകി നിസ്വാര്‍ത്ഥ സേവകരായി നമുക്കു മാറുവാന്‍ കഴിയുന്നത്‌. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചറിഞ്ഞ്‌ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാകുവാന്‍ സഭാസമൂഹത്തിനാകണം. ഇന്നിന്റെ വെല്ലുവിളികളില്‍ ജാഗ്രതപാലിക്കുക മാത്രമല്ല , ധൈര്യപൂര്‍വ്വം അതിജീവിക്കുവാനുള്ള ആര്‍ജ്ജവം കൈവരിച്ച്‌ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ നമുക്കാകണം. സഭയുടെ വീക്ഷണങ്ങളും വിശ്വാസനിലപാടുകളും സഭാമക്കളിലും പൊതുസമൂഹത്തിലും പ്രതിഫലിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും അല്‌മായ സമൂഹം നിറവേറ്റണമെന്ന്‌ മാര്‍ പൗവ്വത്തില്‍ ഉദ്‌ബോധിപ്പിച്ചു.

ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി അഡ്വ.വി.സി.സെബാസ്റ്റ്യനെ വീണ്ടും തെരഞ്ഞെടുത്തു. വികാരി ജനറാള്‍മാരായ റവ.ഡോ.മാത്യു പായിക്കാട്ട്‌, റവ.ഡോ.ജോസ്‌ പുളിക്കല്‍, ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജോര്‍ജുകുട്ടി ആഗസ്‌തി എന്നിവര്‍ സംസാരിച്ചു.
ജനഹിതമല്ല ദൈവഹിതം നിറവേറണം: മാര്‍ ജോസഫ്‌ പൗവ്വത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക