Image

വാതില്‍പ്പടികള്‍ (കവിത:രാജന്‍ കിണറ്റിങ്കര)

Published on 27 August, 2019
വാതില്‍പ്പടികള്‍ (കവിത:രാജന്‍ കിണറ്റിങ്കര)
എത്ര പ്രതീക്ഷകള്‍ക്ക്
കാവലിരുന്നിരിക്കുന്നു
എത്ര നിരാശയുടെ
നെടുവീര്‍പ്പുകള്‍
അറിഞ്ഞിരിക്കുന്നു
അകത്തോട്ടും
പുറത്തോട്ടുമുള്ള
യാത്രയുടെ
തലോടലുകളില്‍
ആശയുടെയും
ആശങ്കകളുടെയും
നോവ് പടര്‍ന്നിരുന്നു
കളി ചിരികളുടെ
ആരവങ്ങളാല്‍
മുഖരിതമായ ഇന്നലെകള്‍
മരിച്ചിരിക്കുന്നു
വഴിതെറ്റിയ
യാത്രക്കാരനെപ്പോലെ
എപ്പോഴോ കയറി വരുന്ന
ചില ജീവഛവങ്ങള്‍
സാന്ത്വനമില്ല
തലോടലില്ല
അമര്‍ഷത്തിന്റെ
പ്രതിഷേധത്തിന്റെ
ശക്തി പ്രകടനം
ഭീതിയുടെ
പ്രകമ്പനങ്ങളില്‍
വിറങ്ങലിച്ചു നില്‍ക്കുന്ന
അകത്തളങ്ങള്‍
എന്നാലും ഇപ്പോഴും
ദൗത്യം മറന്നിട്ടില്ല
എപ്പോഴും
തള്ളി തുറക്കാവുന്ന
ഈര്‍ഷ്യയാല്‍
വലിച്ചടക്കാവുന്ന
സഹനത്തിന്റെ
പ്രതിരൂപമായി നിശ്ചലം..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക