Image

മാണിസാര്‍ എതിര്‍ക്കാനില്ലാതെ നാലാമങ്കത്തിന് മാണി സി കാപ്പന്‍ (ശ്രീനി)

Published on 28 August, 2019
മാണിസാര്‍ എതിര്‍ക്കാനില്ലാതെ നാലാമങ്കത്തിന് മാണി സി കാപ്പന്‍ (ശ്രീനി)
പ്രതീക്ഷിച്ചതുപോലെ പാലായില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി എന്‍.സി.പിയിലെ മാണി സി കാപ്പന്‍ അങ്കം കുറിച്ചു. പക്ഷേ, ഗോദയില്‍ എതിരാളികളുടെ ചിത്രം വ്യക്തമായിട്ടില്ല. കേരളാ കോണ്‍ഗ്രസ് എമ്മില്‍ പി.ജെ ജോസഫ്-ജോസ് കെ മാണി തര്‍ക്കം കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല. എന്‍.ഡി.എയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുമ്പോള്‍ മാണി സി കാപ്പന്‍ ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞിരിക്കുന്നു. എന്‍.സി.പി സംസ്ഥാന നേതൃയോഗത്തിലാണ് മാണി സി കാപ്പനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. തുടര്‍ന്ന് എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 2016ല്‍ മാണി സി കാപ്പനെ രംഗത്തിറക്കി കെ.എം മാണിയുടെ ഭൂരിപക്ഷം 5000 വോട്ടില്‍ താഴെ എത്തിക്കാനായത് ഇടതുക്യമ്പിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 63 കാരനായ മാണി സി കാപ്പന്‍ ഇത് നാലാംതവണയാണ് പാലായില്‍ ജനവിധി തേടുന്നത്. എന്‍.സി.പി. സംസ്ഥാന ട്രഷററാണിപ്പോള്‍.

കെ.എം മാണിയെ 2006, 2011, 2016 തിരഞ്ഞടുപ്പുകളില്‍ നേരിട്ട മാണി സി കാപ്പന് ഓരോ തവണയും തന്റെ അതിശക്തമായ എതിരാളിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചുവെന്നതാണ് ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ട്. മൂന്നുവട്ടവും മാണി സി കാപ്പന്‍ പരാജയപ്പെട്ടെങ്കിലും മാറിയ സാഹചര്യത്തില്‍ മണ്ഡലം പിടിക്കാമെന്നാണ് ഇടത് കണക്കുകൂട്ടല്‍. മാത്രമല്ല, 2001ല്‍ ഉഴവൂര്‍ വിജയന്‍ മത്സരിച്ചപ്പോള്‍ 33,301 വോട്ടായിരുന്നു കെ.എം മാണിയുടെ ഭൂരിപക്ഷമെങ്കില്‍ 2006ല്‍ അത് 7,590 ആയി കുറയ്ക്കാന്‍ കാപ്പന് സാധിച്ചു. 2011ലെ തെരഞ്ഞെടുപ്പില്‍ 5,259 ആയി. 55 വര്‍ഷം തുടര്‍ച്ചയായി പാലായെ പ്രതിനിധീകരിച്ച കെ.എം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4,307 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തളയ്ക്കാന്‍ മാണി സി കാപ്പന് സാധിച്ചിരുന്നു. ഇതാണ് എല്‍.ഡി.എഫിന് അമിത ആത്മവിശ്വാസം പകരുന്നത്.

പാലായില്‍ 1956 മെയ് 30ന് സ്വാതന്ത്ര്യസമര സേനാനി പാലാ കാപ്പില്‍ ചെറിയാന്‍ ജെ കാപ്പന്റെ മകനായി ജനിച്ച മാണി സി കാപ്പന്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല. കര്‍ഷകനും സിനിമാ നിര്‍മാതാവും സംവിധായകനുമൊക്കെയായി അദ്ദേഹം തിളങ്ങിയിട്ടുണ്ട്. രാജ്യാന്തര വോളിബോള്‍ താരം കൂടിയായ മാണി സി. കാപ്പന്‍ 25ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രവാസിയുമായിരുന്നു. 1977ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീം ക്യാപ്റ്റനായിരുന്ന കാപ്പന്‍ പിന്നീട് സംസ്ഥാന ഇലക്ട്രിസിറ്റ് ബോര്‍ഡില്‍ 1978ല്‍ പ്രതിമാസം 1,000 രൂപ ശമ്പളത്തില്‍ ജോലിക്ക് കയറി. തുടര്‍ന്ന് അബുദാബി സ്‌പോര്‍ട്‌സ് ക്ലബിലേയ്ക്ക് ചുവടുമാറ്റം. ശമ്പളം മാസം 60,000 രൂപ. അന്ന് അതൊരു വലിയ തുകയയായിരുന്നു. നാലു വര്‍ഷം അവിടെ തുടര്‍ന്നു.

നാട്ടിലെത്തിയ ശേഷം സിനിമാ രംഗത്ത് പ്രതാപത്തോടെ തുടക്കം. 1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം ബോറോലര്‍ ഘര്‍ എന്ന പേരില്‍ അസാമി ഭാഷയില്‍ മാണി തന്നെ സംവിധാനം ചെയ്തു. ഉത്പല്‍ദാസ്, ദേവസ്മിത ബാനര്‍ജി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാന്നാര്‍മത്തായി സ്പീക്കിങ്ങ് എന്നചിത്രത്തിന്റെ സംവിധായകനും മാണി സി കാപ്പനാണ്. ജനം, കുസൃതിക്കാറ്റ്, കുസൃതി, മാന്നാര്‍മത്തായി സ്പീക്കിങ്ങ്, മാന്‍ ഓഫ് ദ് മാച്ച്, മേലേപ്പറമ്പില്‍ ആണ്‍വീട്, നഗരവധു എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. സീത, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത, കുസൃതിക്കാറ്റ്, മാന്‍ ഓഫ് ദി മാച്ച്, യുവതുര്‍ക്കി, ദി ഗുഡ് ബോയ്‌സ്, ആലിബാബയും ആറര കള്ളന്മാരും, ഫ്രണ്ട്‌സ്, നഗരവധു, നമുക്കൊരു കൂടാരം, കുസൃതി, ഇരുവട്ടം മണവാട്ടി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍പ്പെടുന്നു.

നാളികേര വികസന കോര്‍പറേഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍, പാലാ മുന്‍ നഗരസഭാ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജിമ്മി ജോര്‍ജിനൊപ്പം വോളിബോള്‍ താരമായിരുന്നു. ഭാര്യ: ആലീസ്. മക്കള്‍: ചെറിയാന്‍, ടീന, ദീപ. അതേസമയം, മാണി സി കാപ്പനെതിരേ മല്‍സരിപ്പിക്കുന്നതിനെതിരേ എന്‍.സി.പിയിലെ ഒരുവിഭാഗം രെത്തെത്തി. കോട്ടയം ജില്ലാ കമ്മിറ്റിയാണ് പ്രധാനമായും കാപ്പനെതിരേ പരസ്യമായി പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. കാപ്പനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സാബു എബ്രഹാമാണ് നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ കാപ്പന്‍ കരുത്തോടെ തന്നെ കളത്തിലുണ്ടായിരുന്നു.

നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ ജോസ് കെ മാണി വിഭാഗം പൊതുധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഇത് അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. അതിനിടെ, വിജയസാധ്യത കൂടുതലുള്ള ആളെ സ്ഥാനാര്‍ഥിയായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ലയനശേഷം ജോസഫ് വിഭാഗം മത്സരിച്ച നാലിടത്തും അവര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും അന്ന് മാണി പക്ഷത്തു നിന്ന് ആരും അഭിപ്രായം പറഞ്ഞിട്ടില്ലെന്നുമാണ് ജോസ് കെ മാണി വിഭാഗം വാദിക്കുന്നത്. കെ എം മാണി മത്സരിച്ച മണ്ഡലമെന്ന നിലയില്‍ ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ട സീറ്റില്‍ എന്തിനാണ് സമ്മര്‍ദ്ദവുമായി വരുന്നതെന്നാണ് ജോസഫ് ഗ്രൂപ്പിനോടുള്ള ചോദ്യം.

പാലായില്‍ സെപ്റ്റംബര്‍ 23ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഓഗസ്റ്റ് 28 ന് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കും. സെപ്റ്റംബര്‍ നാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രികയുടെ സൂഷ്മപരിശോധന സെപ്റ്റംബര്‍ അഞ്ചിന് നടക്കും. സെപ്റ്റംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. 27ന് ഉപതിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും.

കെ.എം മാണിയില്ലാതെ ഇതിവരെ പാലായില്‍ തിരഞ്ഞെടുപ്പില്ലായിരുന്നു. 1964ലാണ് പാല മണ്ഡലം നിലവില്‍വന്നത്. മണ്ഡലം രൂപവത്കൃതമായതിനുശേഷം നടന്ന 65ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാണി കന്നിയങ്കത്തിന് ഇറങ്ങിയപ്പോള്‍ പാലായിലെ പ്രമുഖ അഭിഭാഷകനും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന അഡ്വ. വി.റ്റി തോമസായിരുന്നു എതിരാളി. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ മാണിയെ തുണച്ചു.

പിന്നീടിങ്ങോട്ടു നടന്ന എല്ലാ തിരഞ്ഞടുപ്പുകളിലും മാണിക്കായിരുന്നു വിജയം. തുടര്‍ന്ന് 2006വരെ മാണിയെയല്ലാതെ മറ്റൊരു വ്യക്തിയെ പാലാക്കാര്‍ തെരഞ്ഞെടുത്തതേയില്ല. 87ല്‍ കെ.എസ്. സെബാസ്റ്റിയനെയും 91ല്‍ ജോര്‍ജ് സി. കാപ്പനേയും 96ല്‍ സി.കെ. ജീവനേയും പരാജയപ്പെടുത്തി. 96ലെ തെരഞ്ഞെടുപ്പില്‍ 23,790 എന്ന റിക്കാര്‍ഡ് 'ഭൂരിപക്ഷമാണ് മാണിക്ക് ലഭിച്ചത്. 2001ല്‍ എല്‍ഡിഎഫ് എന്‍സിപിക്ക് സീറ്റ് നല്‍കി. ഉഴവൂര്‍ വിജയനായിരുന്നു സ്ഥാനാര്‍ഥി. 2006ല്‍ മാണി സി. കാപ്പനും. പക്ഷേ മാണിയെ മുട്ടുകുത്തിക്കാന്‍ നോക്കിയ ഇരുവരും മാണിക്കു മുന്നില്‍ മുട്ടു കുത്തുകയായിരുന്നു. മണ്ഡലപുനര്‍നിര്‍ണയത്തോടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് പാലാ. മീനച്ചില്‍ താലൂക്കിലെ പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് പുതിയ പാലാ മണ്ഡലം. മേലുകാവും മൂന്നിലവും കടനാടും ഭരണങ്ങാനവും തലപ്പലവും തലനാടും പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും എലിക്കുളം കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പാലാ മണ്്ഡലത്തില്‍ ഉണ്ടായിരുന്ന കടപ്ലാമറ്റവും ഉഴവൂരും വെളിയന്നൂരും മരങ്ങാട്ടുപിള്ളിയും കടുത്തുരുത്തിയില്‍ ചേര്‍ക്കപ്പെട്ടു.

മുനിസിപ്പാലിറ്റിയും പതിനൊന്നു പഞ്ചായത്തുകളും യുഡിഎഫ്'ഭരിക്കുമ്പോള്‍ മേലുകാവില്‍ മാത്രമാണ് എല്‍ഡിഎഫ് ഭരണം. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മാണി സാറിന് ചരിത്രത്തിലേക്കുള്ള പ്രയാണം കൂടിയാണ്. 11 തവണ എംഎല്‍എയും ഏറ്റവും കൂടുതല്‍ കാലം മന്ത്രിപദവും അലങ്കരിച്ച് പ്രധാന വകുപ്പുകള്‍ ഭരിക്കുകയും ചെയ്ത മാണി റിക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന യാത്രയിലാണ്.
ഇടതുമുന്നണി വച്ചുനീട്ടിയ സീറ്റില്‍ മല്‍സരിക്കുന്ന എന്‍ സി പി മാണി സി കാപ്പനെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. കാലങ്ങളായി തോല്‍ക്കാന്‍ വേണ്ടിമാത്രം തരുന്ന പാല മണ്ഡലം മാറ്റി നല്‍കണമെന്ന ആവശ്യം സി.പി.എം മുഖവിലയ്ക്കുപോലും എടുക്കാത്തതിലുള്ള പരിഭവം ഉള്ളിലൊതുക്കിയാണ് എന്‍.സി.പി മത്സരരംഗത്തുള്ളത്. മുന്‍ രാജ്യാന്തര വോളിബോള്‍ താരം കൂടിയാണ് മാണി സി കാപ്പന്‍. മേലേപ്പറമ്പില്‍ ആണ്‍വീട്, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയ മലയാള ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
***
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപിയിലെ മാണി സി കാപ്പന്‍ തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. മുന്നണിയിലെ സീറ്റ് വീതം വെപ്പ് അനുസരിച്ച് കഴിഞ്ഞ നാല് തവണയായി എല്‍ഡിഎഫില്‍ നിന്ന് എന്‍സിപിയാണ് പാലായില്‍ മത്സരിക്കുന്നത്. അതില്‍ തന്നെ 2006,2011,2016 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനാണ് എന്‍സിപി ടിക്കറ്റില്‍ മത്സരിച്ചത്.
എതിരാളി കെഎം മാണി ആയിരുന്നിട്ടും ശ്രദ്ധേയമായ മത്സരമായിരുന്നു കഴിഞ്ഞ തവണ പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍ കാഴ്ചവെച്ചത്. 55 വര്‍ഷം തുടര്‍ച്ചയായി പാലായെ പ്രതിനിധീകരിച്ച കെഎം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തളയ്ക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന് സാധിച്ചിരുന്നു. മാണിയില്ലാത്ത സാഹചര്യത്തില്‍ മാണി സി കാപ്പന് തന്നെയാണ് വിജയസാധ്യതയെന്നാണ് ഇടതുമുന്നണി വിലിയിരുത്തല്‍.
എന്‍സിപിക്കകത്ത് മറ്റ് അഭ്യന്തര പ്രശ്‌നങ്ങളോ അട്ടിമറികളോ നടന്നില്ലെങ്കില്‍ മാണി സി കാപ്പന്‍ തന്നെ പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാണി സി കാപ്പനെ പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പാലായിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്തെത്തുകയും ചെയ്തു. പാലാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മാണി സി കാപ്പനും പിന്നീട് വ്യക്തമാക്കേണ്ടി വന്നിരുന്നു.
**
ജോസ് കെ മാണിയും പി ജെ ജോസഫും തമ്മില്‍ കൂടുതല്‍ ഇടഞ്ഞാല്‍ യുഡിഎഫ് വോട്ടുകള്‍ ചോരുമെന്നാണ് ഇടതുമുന്നണിയുടെ കണക്കു കൂട്ടല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനേറ്റ കനത്ത പരാജയത്തില്‍നിന്നു മുക്തരാവാന്‍ വിജയമോ നില മെച്ചപ്പെടുത്തലോ ഇടതുമുന്നണിക്ക് പാലായില്‍ അനിവാര്യമാണ്. നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ ജോസഫ് വിഭാഗവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും തങ്ങളെ തുണയ്ക്കുമെന്നും എന്‍സിപി കണക്കു കൂട്ടുന്നു.

അതിനിടെ മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് എന്‍സിപിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും എതിര്‍പ്പു തള്ളിയാണ് ഇപ്പോഴത്തെ തീരുമാനം. സംസ്ഥാന നിര്‍വാഹക സമിതിയംഗം സാബു എബ്രഹാം മാണി സി കാപ്പനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

എന്‍ സി പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ പരിപൂര്‍ണ പിന്തുണ മാണി സി കാപ്പനാണ്. എന്നാല്‍ കോട്ടയം ജില്ലാ മുന്‍ നേതാക്കള്‍ മാണി സി കാപ്പന് എതിരെ ശബ്ദമുയര്‍ത്തിയിരുന്നു.
Join WhatsApp News
Observation 2019-08-28 11:20:24
 somebody needs to protect the wealth he  amassed when he was in Politics.  and that why these children are running for office.  Mani has enough to live comfortably in heaven  
Vayanakkaran. 2019-08-28 13:46:27
ഇനിയും ഈ കുടുംബത്തിൽ ആരുടേം ഫോട്ടോ ഇല്ലിയോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക