Image

നാട് അടക്കിവാണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് ആദരാഞ്ജലികള്‍...(ശ്രീനി)

ശ്രീനി Published on 31 August, 2019
 നാട് അടക്കിവാണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് ആദരാഞ്ജലികള്‍...(ശ്രീനി)
അനാരോഗ്യകരവും ഒട്ടേറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉളവാക്കുന്നതുമായ ഫ്‌ളക്‌സ് കേരളത്തില്‍ പൂര്‍ണമായും നിരേധിച്ചത് പരിസ്ഥിതി സ്‌നേഹികള്‍ക്കൊരു സന്തോഷവാര്‍ത്തയാണ്. പോളി വിനൈല്‍ ക്ലോറൈഡ് എന്ന പി.വി.സി ഫ്‌ളക്‌സ് പോര്‍ഡുകളും മറ്റും റീസൈക്കിള്‍ ചെയ്യാന്‍ പറ്റില്ലെന്നിരിക്കെ ഇത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഉറപ്പും കാഠിന്യവുമുളള പി.വി.സി മയപ്പെടുത്തിയെടുക്കാനായി പ്ലാസ്റ്റിസൈസറുകളും, ചൂടും പ്രകാശവുമേറ്റ് എളുപ്പത്തില്‍ വിഘടിക്കാതിരിക്കാനായി സ്‌റ്റെബിലൈസറുകളും ചേര്‍ക്കുന്നു. പ്ലാസ്റ്റിക്കിനേക്കാള്‍ മാരകമായ ഫ്‌ളക്‌സുകള്‍ മണ്ണില്‍ ലയിക്കാന്‍ 700 വര്‍ഷങ്ങള്‍ വേണം എന്നതാണു ശാസ്ത്രീയ യാഥാര്‍ത്ഥ്യം. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് നിരോധനം. ഇനി  സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് കര്‍ശന നിര്‍ദേശം. പരസ്യവിപണിക്ക് തിരിച്ചടിയാണി നിരോധനം.

പി.വി.സി ഫ്‌ളക്‌സിനു പകരം തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്ക് ആവരണമുള്ള തുണി ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാനത്തെ മുഴുവന്‍ പരസ്യ-പ്രിന്റിങ് ഏജന്‍സികളും പി.വി.സി ഫ്‌ളക്‌സ് ഉപയോഗിക്കുന്നില്ലെന്നു ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ഉത്തരവിനുശേഷവും പി.വി.സി ഫ്ക്‌സ് പ്രിന്റ് ചെയ്യുന്നവരില്‍നിന്ന് ചതുരശ്ര അടിക്ക് 20 രൂപ നിരക്കില്‍ പിഴ ഈടാക്കും. നിശ്ചിത സമയ പരിധിക്കുള്ളില്‍ ബോര്‍ഡ്, ബാനറുകള്‍ നീക്കം ചെയ്യാത്തവരില്‍നിന്നും ഈ പിഴ ഈടാക്കാന്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും.

പണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റ് പരിപാടികള്‍ക്കുമെല്ലാം തുണികൊണ്ടുള്ള ബാനറുകളും ബോര്‍ഡുകളും ചുവരെഴുത്തുകളുമൊക്കെയായിരുന്നുവെങ്കില്‍ പിന്നീട് കേരളം അക്ഷരാര്‍ത്ഥത്തില്‍ ഒരു 'ഫ്‌ളക്‌സാല'യമായി മാറുകയായിരുന്നു. അതാകട്ടെ പരിസ്ഥിതിയെ മാരകമായി മുറിവേല്‍പ്പിക്കാന്‍ പാകത്തിലുള്ളവയുമായിരുന്നു. എവിടെ നോക്കിയാലും ഫ്‌ളക്‌സുകളാണ് കേരളത്തില്‍. വിചിത്രവും വികൃതവുമായ ചിത്രങ്ങളും അഭിവാദ്യങ്ങളും അടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ലോകത്തില്‍ കേരളത്തില്‍ മാത്രം വല്ലാതെ സ്ഥാനം പിടിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന മിക്ക റോഡപകടങ്ങള്‍ക്കും കാരണം കാഴ്ചയെ മറയ്ക്കുന്ന ഇത്തരം 'അഭിവാദ്യ' ബോര്‍ഡുകള്‍ തന്നെയാണ്. എല്ലാത്തിനും മുന്നില്‍ എന്നവകാശപ്പെടുന്ന മലയാളി പക്ഷെ ഈ അപകടകരവും, അപരിഷ്‌കൃതവുമായ, പ്രകൃതിയെ വെല്ലുവിളിക്കുന്ന ഫ്‌ളക്‌സ് വിപത്തിനെതിരെ പ്രതികരിക്കാന്‍ താമസിച്ചുപോയി. പോകട്ടെ, 'ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍' എന്നാണല്ലോ ചൊല്ല്.

മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കും സിനിമാ പ്രചാരണങ്ങള്‍ക്കുമായിരുന്നു പരസ്യ ബോര്‍ഡുകള്‍. വ്യാപാര സ്ഥാപനങ്ങളുടെ ഹോര്‍ഡിങ്‌സുകള്‍ പക്ഷെ, റോഡിനോടു ചേര്‍ന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍ ഫ്‌ളക്‌സ് എന്ന മാരക പ്രകൃതിവിരുദ്ധ പ്രചാരണായുധം രംഗത്തെത്തിയതോടെ കഥ മാറി. കേരളത്തിലെ വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകളില്‍ ഫ്‌ളക്‌സ് ഇല്ലാത്ത ഒരെണ്ണം പോലുമില്ല. ട്രാഫിക് ലൈറ്റുകള്‍, ജങ്ഷനുകള്‍, മുന്നറിയിപ്പു ബോര്‍ഡുകള്‍ ഇവയൊക്കെ ഈ അപകടവസ്തു കൈയടക്കി. എന്നാല്‍ ഇവയെ ആരും കൈവയ്ക്കില്ല. കാരണം, അങ്ങനെ സംഭവിച്ചാല്‍ എതിര്‍ കക്ഷി അതിന്റെ പേരില്‍ കലാപം അഴിച്ചു വിടുകയും 'ഹര്‍ത്താല്‍' ആഹ്വാനം വരെ ഉണ്ടാവുകയും ചെയ്യും. രാഷ്ട്രീയ-സമുദായ കക്ഷികളുടെ ഫ്‌ളക്‌സ് തകര്‍ത്തതിന്റെ പേരില്‍ ഒരുപാട് ഹര്‍ത്താലുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്രയ്ക്കും വിശേഷപ്പെട്ട ഒന്നായി ഫ്‌ളക്‌സ് മലയാളി മനസില്‍ ചേക്കേറി.

മിക്കവാറും ഫ്‌ളക്‌സുകള്‍ ഒരു മഹാനോ മഹതിക്കോ ഏതെങ്കിലും പ്രസ്ഥാനത്തിനോ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ളതാവും. രാജ്യത്തിനും നാടിനും അസാധ്യമായ എന്തോ നേടിയെടുത്തു എന്നു തോന്നും ഇത്തരം ബോര്‍ഡുകള്‍ കണ്ടാല്‍. അവനവനെത്തന്നെ വലിയ 'സംഭവം' ആക്കി ഫ്‌ളക്‌സ് വയ്ക്കുന്ന പൊങ്ങന്‍മാരെയും നാം കണ്ടിട്ടുണ്ട്.  ചിലര്‍ ജീവിച്ചിരിക്കുന്നു എന്നറിയുന്നതു തന്നെ ഇത്തരം ഫ്‌ളക്‌സുകള്‍ കാണുമ്പോഴായിരിക്കും. ചില ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് എത്ര അംഗങ്ങള്‍ ഉണ്ടെന്നറിയാന്‍ അവരുടെ ഫ്‌ളക്‌സ് നോക്കിയാല്‍ മതി. എല്ലാറ്റിന്റെയും തല അതില്‍ ചേര്‍ത്തിട്ടുണ്ടാവും.  രാഷ്ട്രീയക്കാരേയും ചോട്ടാ നേതാക്കളെയും കടത്തിവെട്ടുന്ന ഫ്‌ളക്‌സ് പ്രചാരണങ്ങളാണ് ആത്മീയക്കച്ചവടക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍വവിഭാഗത്തിലും പെട്ട ജാതി-മത സംഘടനകളുടെ പരിപാടികളുടെയും കണ്‍വന്‍ഷനുകളുടെയും ഫ്‌ളക്‌സുകള്‍ കണ്ടാല്‍ ദൈവം പോലും മൂക്കത്ത് വിരല്‍ വയ്ക്കും.

ചുറ്റുവട്ടത്തുള്ള കാഴ്ചകളെ, പ്രത്യേകിച്ച് പ്രകൃതിരമണീയതയെ ഫ്‌ളക്‌സുകള്‍ മറയ്ക്കുന്നു. യാത്രക്കാര്‍ക്ക്  വിഴികാട്ടിയാവുന്ന സൈന്‍ ബോര്‍ഡുകളും ഫ്‌ളക്‌സ് അധിനിവേശത്തിന്റെ ഇരകളാണ്. മരണ അറിയിപ്പിന്റെ ഫ്‌ളക്‌സുകള്‍ എല്ലാ ദിവസവും തെരുവുകള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു. മിക്കതും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവയായിരിക്കും. ഒന്നിനു പുറകെ ഒന്നായി അവ മാറിക്കൊണ്ടിരിക്കും. നാട്ടില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയും, ബ്ലേഡുകാര്‍, മാഫിയാ തലവന്‍മാര്‍, അഴിമതിക്കാര്‍ തുടങ്ങിയവരുടെയും കാലപുരിയാത്രയ്ക്ക് അകമ്പടി സേവിക്കുന്നതും ഫ്‌ളക്‌സാണ്. വ്യാജ പരിസ്ഥിതി വാദികളുടെയും പ്രൊമോഷന്‍ ഫ്‌ളക്‌സിലൂടെയാണെന്നതാണ് വിചിത്രം. ഒരിക്കല്‍ കോട്ടയം ബസേലിയോസ് കോളേജിന്റെ മുന്നില്‍ ഒരു കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് പ്രക്യക്ഷപ്പെടുകയുണ്ടായി. ഫ്‌ളക്‌സ് മാലിന്യത്തിനെതിരെയുള്ള ഒരു സന്നദ്ധസംഘടനയുടെ ബോധവല്‍ക്കരണ പരിപാടിയുടെ പരസ്യമായിരുന്നു അത്. ഇത് കണ്ട സരസനായ ഒരു ഫ്‌ളക്‌സ് വിരുദ്ധന്‍ 'ഈ മാലിന്യം എവിടെക്കൊണ്ടുപോയിക്കളയും' എന്ന് പേപ്പറിലെഴുതി ആ ബോര്‍ഡില്‍ തന്നെ ഒട്ടിച്ചു. അന്ന് രാത്രി തന്നെ ആ ഫ്‌ളക്‌സ് ബോര്‍ഡ് അപ്രത്യക്ഷമായി.

കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ നിരോധിച്ചിരിക്കുന്നു. കടുത്ത ശിക്ഷയാണ് അവിടങ്ങളില്‍ ഇത് വച്ചാല്‍ ലഭിക്കുന്നത്. കേരളത്തിലെ സന്നദ്ധ സംഘടനകള്‍ പ്ലാസ്റ്റിക്കിനും മറ്റും എതിരെ വലിയ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനായുള്ള പരസ്യ പ്രചാരണങ്ങള്‍ക്കായി അവരും ഫ്‌ളക്‌സുകള്‍ തന്നെയാണ് തെരുവുകളില്‍ സ്ഥാപിക്കുന്നത്. ചുരുക്കത്തില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി ഭീഷണി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തന്നെയാണ്. കേരളത്തിലെ ജനസംഖ്യയില്‍ നല്ലൊരു പങ്കിന്റെയും തലകള്‍ നാട്ടിലെ ഫ്‌ളക്‌സുകളില്‍ നിത്യേനയെന്നോണം കാണാം. കേരളത്തിലെ ജനപ്രതിനിധികള്‍ മണ്ഡലങ്ങളില്‍ ചെലവഴിക്കുന്ന സകലപ്രവര്‍ത്തനങ്ങളും ഫ്‌ളക്‌സിലൂടെ ജനത്തെ അറിയിച്ചുകൊണ്ടിരിക്കുന്നു. ഗതാഗതത്തില്‍, ജനങ്ങളുടെ സുഗമമായ യാത്രാസൗകര്യങ്ങളും ഒരുക്കേണ്ട ഇക്കൂട്ടര്‍ ജനങ്ങളുടെ സഞ്ചാരപഥങ്ങളെ പടുകൂറ്റന്‍ ഫ്‌ളക്‌സുകളിലൂടെ മറയ്ക്കുന്നത് ജനവിരുദ്ധവും സാമൂഹിക അപരാധവുമല്ലേ എന്ന് പ്രത്യേകം ചോദിക്കേണ്ടതില്ല.

ആത്മീയ നേതാക്കളുടെ ജൂബിലി ഫ്‌ളക്‌സുകളും ആള്‍ ദൈവങ്ങളുടെ അനുഗ്രഹ ബോര്‍ഡുകളും ഭാവി പ്രവചിച്ച് സകലദോഷങ്ങളും മാറ്റി എല്ലാവരേയും ഉടലോടെ സ്വര്‍ഗത്തിലെത്തിക്കാന്‍ കവടിനിരത്തുന്ന ജോത്സ്യശിരോമണികളുടെ ഫ്‌ളക്‌സുകളും എവിടെയുമുണ്ട്. ഉത്സവങ്ങള്‍, തിരുനാളുകള്‍, രാഷ്ട്രീയ സമ്മേളനങ്ങള്‍, വെയിറ്റിങ്‌ഷെഡ്, പബ്‌ളിക് ടോയ്‌ലറ്റ്  ഉദ്ഘാടനങ്ങള്‍, ചിട്ടിക്കമ്പനികളുടെ സമ്മേളനങ്ങള്‍ അങ്ങനെ കേട്ടുകേള്‍വി പോലുമില്ലാത്ത പലതിന്റെയും പേരിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുവാനുള്ള സ്ഥലങ്ങള്‍ തന്നെ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്ന അവസ്ഥയിലാണ് ഇടിത്തീയായി ഫ്‌ളക്‌സ് നിരോധനം വന്നിരിക്കുന്നത്. ഫ്‌ളക്‌സ് നിരോധത്തിനെതിരെ ഇനി ഹര്‍ത്താല്‍ നടത്തുമോ എന്ന് പറയാറായിട്ടില്ല.

കേരളത്തില്‍ ചെറുതും വലുതുമായി ആയിരക്കണത്തിന് ഫ്‌ളക്‌സ് പ്രിന്റിങ് യൂണിറ്റുകളാണുള്ളത്. അഞ്ചു മുതല്‍ പത്ത് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളക്‌സ് പ്രതിദിനം കേരളത്തില്‍ പ്രിന്റ് ചെയ്യപ്പെടുന്നു. ശാസ്ത്രജ്ഞര്‍ ഫ്‌ളക്‌സിനെ വിശേഷിപ്പിക്കുന്നത് 'പോയിസണ്‍ പ്ലാസ്റ്റിക്' എന്നാണ്. ഇത് ബയോ ഡീഗ്രേഡബിള്‍ അതായത് ജീര്‍ണിക്കുന്ന വസിതുവല്ല. ഫ്‌ളക്‌സ് കത്തുമ്പോള്‍ വമിക്കുന്ന വിഷപ്പുക കാന്‍സറിന് കാരണമാവുകയും ചെയ്യും. ഫ്‌ളക്‌സ് പുകയിലെ മാരകമായ സള്‍ഫേറ്റും നൈട്രേറ്റും വായുവിനേക്കാള്‍ കനമുള്ളതായതിനാല്‍ അത് ഒരു ബ്ലാങ്കറ്റ് പോലെ അന്തരീക്ഷത്തില്‍ രൂപപ്പെടുകയും ഓക്‌സിജന്റെ സാന്നിധ്യം കുറയ്ക്കുകയും ചെയ്യുന്നു. പി.വി.സി മണ്ണിനെയും മലിനപ്പെടുത്തുന്നു. പി.വി.സി ഫ്‌ളക്‌സുകള്‍ക്ക് സ്‌ക്വയര്‍ ഫീറ്റ് ഒന്നിന് രണ്ട് രൂപ മാത്രം ചെലവുള്ളപ്പോള്‍ അപകടരഹിതമായ പോളി എത്തിലീന് സ്‌ക്വയര്‍ ഫീറ്റിന് 15 രൂപ ചെലവാകും. ഈ വലിയ വ്യത്യാസമാണ് പി.വി.സി ഫ്‌ളക്‌സുകളുടെ ഡിമാന്റിന് കാരണം.

ഏതായാലും മലയാളികളുടെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഫ്‌ളക്‌സ് വിടചൊല്ലുകയാണ്. ഈ അകാല ചരമത്തിന് ആദരാഞ്ജലിയര്‍പ്പിക്കാനായി ഒരു ഫ്‌ളക്‌സ് വയ്ക്കാനാവുന്നില്ലല്ലോ എന്നതാണ് സങ്കടകരം.

 നാട് അടക്കിവാണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് ആദരാഞ്ജലികള്‍...(ശ്രീനി)
Join WhatsApp News
അകാല ചരമത്തിനും ഫ്ലെക്സ് 2019-08-31 13:26:40
 അകാലത്തില്‍ അന്തരിച്ച ഫ്ലെക്സിന്‍റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒരു പ്രതിമ എങ്കിലും വേണം.
 ഇത്തരം നല്ല തീരുമാനങ്ങള്‍ നടപ്പിലാക്കിയ  സര്‍ക്കാര്‍ സിന്ദാബാദ്‌ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക