Image

സാധാരണ രാജു (ഭാഗം 1: അശോക് വിക്രം)

Published on 02 September, 2019
സാധാരണ രാജു (ഭാഗം 1: അശോക് വിക്രം)
ഏതെങ്കിലുമൊരു ഹൈറേഞ്ച് യാത്രയില്‍ നിങ്ങളെപ്പോഴെങ്കിലും ഞങ്ങളുടെ ഔതച്ചന്‍സിറ്റിയിലൂടെ കടന്നുപോയിട്ടുണ്ടാവണം. പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ജംഗ്ഷന്‍ മാത്രമായതുകൊണ്ട് നിങ്ങളൊരുപക്ഷേ അത് ശ്രദ്ധിച്ചുകാണാന്‍ വഴിയില്ല. ഹൈറേഞ്ചിലെ ഏതൊരു 'സിറ്റി'യെയും പോലെതന്നെ ഒരു സാധാരണ കവല മാത്രമാണത്. ഷോപ്പിംഗ് കോംപ്ലക്‌സ് എന്നു പറയാവുന്ന, പത്തുമുറികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഇരുനിലക്കെട്ടിടം അവിടെ പുതുതായി ഉയര്‍ന്നിട്ടുണ്ട്. തുണ്ടത്തില്‍ ഔതച്ചന്‍ ആര്‍ക്കേഡ്. സത്യത്തില്‍ ആ ഒരു കെട്ടിടത്തിനുള്ള സ്ഥലം മാത്രമേ ഔതച്ചന്‍സിറ്റിയിലുണ്ടായിരുന്നുള്ളു എന്നതാണ് സത്യം !

ചെങ്കുത്തായ മല കുറുകെ വെട്ടിയരിഞ്ഞുണ്ടാക്കിയ സ്‌റ്റേറ്റ് ഹൈവേ അതിലെയാണ് കടന്നുപോകുന്നത്. മലയുടെ മടക്കിലൂടെ കുത്തിയൊഴുകുന്ന കഴുതച്ചാല്‍ തോടിനു കുറുകെയായി ഒരു കലുങ്ക്. അതിനു വടക്കുഭാഗത്തായി പാറക്കെട്ടുകളില്‍ നിന്ന് കാലാകാലങ്ങളായുതിര്‍ന്ന്, ഒഴുകിപ്പോകാനിടമില്ലാതെ മലവിളുമ്പില്‍ കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്തപ്പോളുള്ള സ്ഥലത്താണ് ഔതച്ചന്‍ ആര്‍ക്കേഡ് സ്ഥിതിചെയ്യുന്നത്. മറ്റൊരു കെട്ടിടത്തിനോ, എന്തിന് ഒരു ഷെഡ്ഡിനോപോലും അവിടെങ്ങും സ്ഥലമില്ലാത്തതിനാല്‍ ഔതച്ചന്‍സിറ്റിയിലെ എല്ലാ സ്ഥാപനങ്ങളും ഔതച്ചന്‍ ആര്‍ക്കേഡില്‍ത്തന്നെ സ്ഥിതിചെയ്യുന്നു  കരിമണ്ണില്‍ക്കാരുടെ ജനറല്‍ സ്‌റ്റോഴ്‌സ്, രാജുവിന്റെ പലചരക്കുകട, മൈക്കിളിന്റെ വളം  കീടനാശിനിക്കട, വാസുദേവന്റെ ചായക്കട, രാജുവിന്റെ ബാര്‍ബര്‍ഷോപ്പ് ഇത്രയും താഴത്തെനിലയില്‍. മുകള്‍നിലയില്‍ പാര്‍ട്ടിയാപ്പീസും, കംപ്യൂട്ടര്‍, ഡി റ്റി പി ഇന്‍സ്റ്റിറ്റിയൂട്ടും മാത്രമേയുള്ളു. ബാക്കി മുറികള്‍ അടഞ്ഞുകിടക്കുകയാണ്. നെടുങ്ങനെ പോയിരിക്കുന്ന ഔതച്ചന്‍ ആര്‍ക്കേഡ് കലുങ്കിനടുത്തെത്തുമ്പോള്‍ മാത്രം അര മുറിയോളം പിന്നിലേക്ക് നീങ്ങിയാണ് സ്ഥിതി ചെയ്യുന്നത്. ആ ഒഴിവുസ്ഥലത്ത് ഒരു കുരിശു കാണാം, കരിപിടിച്ച മരപ്പട്ടികക്കഷണങ്ങളില്‍ ആണിതറച്ച്, അവിദഗ്ദമായി ഉണ്ടാക്കപ്പെട്ടിരിക്കുന്ന ആറടിയോളം നീളമുള്ള ഒരു കുരിശ് ! അത് വെറുംനിലത്ത് കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ചു നിര്‍ത്തിയിരിക്കയാണ്.

ഔതച്ചന്‍ ആര്‍ക്കേഡിന്റെ സ്ഥാനത്ത് ഒരുവര്‍ഷം മുമ്പുവരെ ഒരു ഒറ്റനിര പീടികക്കെട്ടിടമായിരുന്നു, ഓടുമേഞ്ഞത്. തുണ്ടത്തില്‍ ഔതച്ചന്‍ നിര്‍മ്മിച്ചത്. ആ പ്രദേശത്തെ ആദ്യ കുടിയേറ്റക്കാരനായ തുണ്ടത്തില്‍ ശമ്യേലിന്റെ മകനായിരുന്നു ഔതച്ചനെങ്കിലും, അവിടത്തെ വികസനങ്ങള്‍ക്കടിത്തറ പാകിയവനെന്ന നിലയില്‍ ഔതച്ചന്റെ പേരിലറിയപ്പെടാനായിരുന്നു ആ സ്ഥലത്തിന്റെ നിയോഗം. ഏലം, കാപ്പി കൃഷിക്കാരനായിരുന്ന ശമ്യേലില്‍ നിന്നും ബിസിനസ്സിലേക്കു കൂടി കുടുംബത്തെ പറിച്ചുനട്ടത് ഔതച്ചനായിരുന്നു. കഴുതച്ചാല്‍ നീരൊഴുക്കും, ഒരു കലുങ്കുമല്ലാതെ മറ്റൊന്നുമില്ലാതിരുന്ന ആ സ്ഥലത്ത്, വളവിന് അകവശത്തായി പാറകളില്‍ നിന്നൂര്‍ന്നുവീണ മണ്ണുമാറ്റിയുണ്ടാക്കിയ സ്ഥലത്ത് ഔതച്ചന്‍ നിരപ്പലകകളിട്ട അഞ്ചുമുറികളുള്ള ഒരു നീളന്‍കെട്ടിടം പണിതു. കൂടാതെ ഏറ്റവും തെക്കേയറ്റത്ത്, നീരൊഴുക്കിനോട് ചേര്‍ന്ന ഭാഗത്തെ മുറിയില്‍ ആ പ്രദേശത്തെ ആദ്യത്തെ വ്യാപാരസ്ഥാപനവുമാരംഭിച്ചു  മലഞ്ചരക്കു വ്യാപാരം !

ഔതച്ചന്‍സിറ്റിയില്‍ നിന്നും കിഴക്കോട്ട് മലകയറിപ്പോകുന്ന രണ്ട് ഇടുക്കുവഴികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പടിഞ്ഞാറുഭാഗത്ത് റോഡിനപ്പുറം അഗാധമായ കൊക്കയായിരുന്നു. വടക്കുഭാഗത്തെ വഴി മലകയറി ചെന്നെത്തുന്നത് കിഴക്കേനിരപ്പിലായിരുന്നു. ശമ്യേലിന്റേതുള്‍പ്പടെ പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാരുടെയൊക്കെ വീടുകള്‍ കിഴക്കേനിരപ്പിലായിരുന്നു. തെക്കുഭാഗത്തെ വഴി നേരേ കിഴക്കോട്ടുകയറി, തെക്കോട്ടു തിരിഞ്ഞെത്തിയിരുന്ന പ്രദേശമായിരുന്നു കഴുതച്ചാല്‍. അവിടത്തെ മലയിടുക്കിലെ വലിയ കുളമായിരുന്നു കഴുതച്ചാല്‍ തോടിന്റെ ഉദ്ഭവസ്ഥാനങ്ങളിലൊന്ന്. കഴുതച്ചാല്‍ എന്ന പേര് ഒരു പോരായ്മയായിത്തോന്നുകയാല്‍ ചില പുത്തന്‍കൂറ്റുകാര്‍ ചേര്‍ന്ന് മരിയന്‍സിറ്റി എന്ന് പ്രദേശത്തെ പുനര്‍നാമകരണം ചെയ്‌തെങ്കിലും, പഴമക്കാര്‍ക്ക് നാക്കുളുക്കി അത് പലപ്പോഴും തെറ്റായി ഉച്ചരിക്കപ്പെടുകയാല്‍ പഴയ പേരില്‍ത്തന്നെ അറിയപ്പെടാനായിരുന്നു കഴുതച്ചാലിന്റെ വിധി. ഏതായാലും കിഴക്കേനിരപ്പിലെയും, കഴുതച്ചാലിലെയും മടക്കുകളായിക്കിടന്നിരുന്ന മലഞ്ചെരിവുകളില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന ഏലവും, കുരുമുളകും, കാപ്പിയും, ഇഞ്ചിയും, ഗ്രാമ്പൂവും, കറുവപ്പട്ടയുമൊക്കെ ഔതച്ചന്റെ കടയിലൂടെയാണ് കോതമംഗലത്തും, കൊച്ചിയിലുമൊക്കെ എത്തിയിരുന്നത്.

ഔതച്ചന്‍ ഒരു ദൈവനിഷേധിയായി ആയിരുന്നു അറിയപ്പെട്ടിരുന്നത്. തന്റെ വിവാഹത്തിനുശേഷം ആദ്യമായി ഔതച്ചന്‍ പള്ളിയിലെത്തിയത് മരിച്ച് ശവമായി പെട്ടിക്കുള്ളിലടക്കം ചെയ്യപ്പെട്ടായിരുന്നു. തന്റെ മക്കളുടെയോ, കൊച്ചുമക്കളുടെയോ മാമ്മോദീസക്കോ, ആദ്യകുര്‍ബ്ബാനക്കോ, വിവാഹത്തിനോ ഔതച്ചന്‍ പള്ളിയില്‍ പ്രവേശിക്കുകയുണ്ടായിട്ടില്ല. പള്ളിയും, പട്ടക്കാരുമൊക്കെയായി നിരന്തര സമരത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ ഔതച്ചന്റെ ഭാര്യ ഏലമ്മയും, അഞ്ചില്‍ നാലു മക്കളും പരമഭക്തരും, തിരുസഭയുടെ കല്പനകള്‍ അണുവിട തെറ്റാതെ പിന്തുടരുന്നവരുമായിരുന്നു.

മൂത്തമകന്‍ ജോമിച്ചന്‍ നന്നായി പഠിച്ച് ഡോക്ടറായി കടല്‍കടന്ന് ലണ്ടനിലെത്തി സെറ്റിലായിരുന്നു. ഏകമകള്‍ സോഫിയാമ്മയെ വിവാഹം ചെയ്തത് കുറുപ്പുംപടിയിലെ പ്രശസ്തകുടുംബത്തിലെ ഇളമുറക്കാരനും, ഗവ. കോണ്‍ട്രാക്ടറുമായിരുന്ന തോബിയാസായിരുന്നു. സഹോദരസ്‌നേഹിയായ ജോമിച്ചന്‍ തന്റെ മൂന്നനുജന്മാരില്‍ മുതിര്‍ന്ന രണ്ടുപേരെയും പഠിപ്പിച്ച് ഓരോ തൊഴിലുകളിലാക്കി ലണ്ടനിലെത്തിച്ച് സുരക്ഷിതരാക്കിയിരുന്നു. ഏറ്റവും ഇളയവനായ സോമിച്ചനാവട്ടെ ചേട്ടന്റെ പിടിയില്‍പ്പെടാതെ തന്നടികണ്ടന്‍ കളിച്ച് കള്ളുംകുടിച്ച്, പെണ്ണുംപിടിച്ച് വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും ഒരു പേടിസ്വപ്നമായി ഊരുചുറ്റിയിരുന്നു. ഇതിനകം ഇരുപത്തൊന്നു വയസ്സ് തികഞ്ഞിരുന്ന ഇളയമകന്റെ വഴിവിട്ട പോക്കില്‍ മനംനൊന്ത് ഏലമ്മ ബൈസണ്‍വാലി മാതാവിന് സ്‌തോത്രകാഴ്ചകള്‍ നേരുകയും, മനസ്സുതിരിഞ്ഞ് അവനൊരു വിവാഹത്തിന് തയ്യാറായാല്‍ ഉണ്ടാകുന്ന മൂത്തകൊച്ചിനെ ദൈവവഴിയിലേക്കയക്കാമെന്ന് നേര്‍ച്ചനേരുകയും ചെയ്തിരുന്നു. ഏലമ്മയുടെ ഈ നേര്‍ച്ചയെപ്പറ്റി അറിവുണ്ടായിരുന്ന നാട്ടുകാര്‍, എന്നാല്‍പ്പിന്നെ ഔതച്ചന്റെ കുടികിടപ്പുകാരനും, പുതുക്രിസ്ത്യാനിയുമായ യോനാച്ചന്റെ മകള്‍ വെറോനിയുടെ മൂത്തമകന്‍ എല്‍ദോയെ അച്ചന്‍പട്ടത്തിന് വിടേണ്ടിവരുമെന്ന് രഹസ്യമായി പറഞ്ഞ് ചിരിച്ചിരുന്നു.

ദൈവനിഷേധിയായതിനാലാവാം ഔതച്ചന്റേത് ഒരു ദുര്‍മരണമായിരുന്നു. ഏതാണ്ട് അന്‍പതു കഴിഞ്ഞപ്പോള്‍ മുതല്‍ നാട്ടുകാരുടെ ഭാഷയില്‍ അല്പം വട്ടു പ്രകടിപ്പിച്ചിരുന്ന ഔതച്ചന്‍ തന്റെ മലഞ്ചരക്കുകടയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ദൈവനിഷേധിയായിരുന്നെങ്കിലും മരണത്തോടെ ദൈവത്തിന് ഔതച്ചനോടുള്ള വൈരാഗ്യമെല്ലാം തീര്‍ന്നതിനാലും, മക്കളെല്ലാം ലണ്ടനിലായതിനാല്‍ തിരുസഭക്കും എതിര്‍പ്പില്ലാത്തതിനാലും ഔതച്ചന്‍ തെമ്മാടിക്കുഴിയിലിടം കിട്ടാതെ കുടുംബക്കല്ലറയില്‍ത്തന്നെ കിടക്കേണ്ടിവന്നു. പണ്ട് പെരുന്നാള്‍ ചെലവുകണക്ക് കമ്മിറ്റിയില്‍ ചോദ്യംചെയ്ത കുറ്റത്തിന് മഹറോനായ മേലിടയില്‍ ലൂക്കാ ഇതുകണ്ട് തെമ്മാടിക്കുഴിയില്‍ക്കിടന്ന് ചിരിച്ചു വശംകെട്ടിരുന്നു.

ഔതച്ചന്റെ മരണശേഷം ബാക്കി നാലു പീടികമുറികളും പ്രവര്‍ത്തിച്ചിരുന്നെങ്കിലും, മലഞ്ചരക്കുവ്യാപാരം നടന്നിരുന്ന മുറി ആരും തുറക്കുകയുണ്ടായില്ല. സോമിച്ചനാവട്ടെ കടവാടക പിരിക്കാന്‍ വന്നിരുന്നതല്ലാതെ വ്യാപാരം പുനരാരംഭിക്കാന്‍ യാതൊരു താല്‍പര്യവും കാട്ടിയില്ല. ദുര്‍മരണം നടന്ന മുറിയായിരുന്നതിനാല്‍ പുതിയ വാടകക്കാരുമെത്തിയില്ല.

അങ്ങനെ ഒഴിഞ്ഞുകിടന്ന ആ കടത്തിണ്ണയിലാണ് ഔതച്ചന്റെ മരണശേഷം ഏതാണ്ട് ഒരു വര്‍ഷത്തോളം കഴിഞ്ഞ് ഒരു തമിഴന്‍ ചെരിപ്പുതുന്നല്‍ക്കാരന്‍ കുടിയേറിയത്. അയാളുടെയൊപ്പം ഗര്‍ഭിണിയായ ഭാര്യയുമുണ്ടായിരുന്നു. പണിയായുധങ്ങളടങ്ങിയ ഒരു കാല്‍പ്പെട്ടിയും, തുണികളടങ്ങിയ ഒരു ഭാണ്ഡവുമായിരുന്നു അവരുടെ ആകെയുള്ള സമ്പാദ്യം. പണിയും കഴിഞ്ഞ് ഒരു പുല്‍പ്പായയില്‍ കമ്പിളിയും പുതച്ച് കടത്തിണ്ണയില്‍ തന്നെയായിരുന്നു അവരുടെ ഉറക്കവും. ഏതാണ്ട് കാല്‍നൂറ്റാണ്ടു മുമ്പുനടന്ന ഈ സംഭവക്കാലത്ത് ഔതച്ചന്‍സിറ്റിക്കാര്‍ ഭൂരിഭാഗവും ചെരിപ്പുധരിക്കുന്നവരല്ലാതിരുന്നിട്ടും തമിഴന് കൈനിറയെ പണിയായിരുന്നു.

പ്രമാണിമാരാണ് മൂവാറ്റുപുഴയില്‍ നിന്നും വന്നിരുന്ന റബ്ബര്‍ചെരിപ്പുകളുപേക്ഷിച്ച് ആദ്യമായി തമിഴനെക്കൊണ്ട് അളവിനൊപ്പിച്ച് തുകല്‍ച്ചെരിപ്പുകള്‍ തുന്നിച്ചത്. പിന്നീട് ആ ഫാഷന്‍ സാധാരണക്കാരും ഏറ്റുപിടിച്ചു. ചെരിപ്പുതുന്നല്‍ കൂടാതെ തുകല്‍ബാഗുകള്‍ തുന്നുക, ബൈബിളിന് തുകല്‍ പുറഞ്ചട്ട തുന്നുക തുടങ്ങിയ ജോലികളും തമിഴനെ തേടിവന്നിരുന്നു. ഗര്‍ഭിണിയായ ഭാര്യയായിരുന്നു കടത്തിണ്ണയില്‍ കാലും നീട്ടിയിരുന്ന് ഈ ജോലികളിലൊക്കെ തമിഴനെ സഹായിച്ചിരുന്നത്. കറുമ്പിയെങ്കിലും മൂക്കുത്തിയണിഞ്ഞ അഴകത്തിയായ തമിഴത്തിയെ പലരും ഇടംകണ്ണിട്ടു നോക്കിയിരുന്നു. നാള്‍ക്കുനാള്‍ വീര്‍ത്തുവന്നിരുന്ന അവളുടെ വയറിനെനോക്കി ഔതച്ചന്‍ സിറ്റിക്കാര്‍ വചനം നിവൃത്തിയേറുവാനായി കാത്തിരുന്നു…………

( തുടരും )

സാധാരണ രാജു (ഭാഗം 1: അശോക് വിക്രം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക