Image

വിനായകാ വിഘ്‌നേശ്വരാ (എഴുതാപ്പുറങ്ങള്‍ 44- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 04 September, 2019
വിനായകാ വിഘ്‌നേശ്വരാ (എഴുതാപ്പുറങ്ങള്‍ 44- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
(മുംബൈയിലെ ഗണേശോത്സവത്തെ കുറിച്ച് ഒരു ചെറുവിവരണം)

ഓരോ സ്ഥലങ്ങളും നമ്മുടെ മനസ്സില്‍ സ്ഥാനം പിടിയ്ക്കുന്നത് അവിടുത്തെ ഭൂപ്രകൃതി, കാലാവസ്ഥ, ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍, ഭക്ഷണ രീതി എന്നിവയിലൂടെയാണ്.  ഇത്തരത്തിലുള്ള സവിശേഷതകള്‍ തന്നെയാണ് ഒരു സ്ഥലത്തെ മറ്റൊന്നില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും വിഘ്‌ന വിനാശകനായ ഗണപതി ഭഗവാനെ  ആരാധിയ്ക്കുന്നു എങ്കിലും അതില്‍ നിന്നും വളരെ വ്യത്യസ്തമായി വീടുകള്‍ തോറും ചെറിയതും, പൊതു നിരത്തുകള്‍ തോറും  വലിയതുമായ ഗണപതി ബിംബങ്ങളെ വച്ച് ആരാധിയ്ക്കുന്ന ഗണേശോത്സവത്താല്‍ മഹാരാഷ്ട്ര ചരിത്രത്തിലും, മനുഷ്യമനസ്സിലും  സ്ഥാനം പിടിച്ചിരിയ്ക്കുന്നു. 

ഗണേശ് അല്ലെങ്കില്‍ ഗണപതി, ഹിന്ദുക്കള്‍ ആരാധിയ്ക്കുന്ന ദൈവം. അപ്പോള്‍ തീര്‍ച്ചയായും ഗണേശോത്സവത്തെ ഹിന്ദു ആഘോഷമായി മതവത്കരിയ്ക്കപ്പെടാം. എന്നാല്‍ കേരളത്തില്‍ ഓണം എന്നതുപോലെ ഇതൊരു മഹാരാഷ്ട്രയുടെ മതേതര ഉത്സവമെന്നു ഗണേശോത്സവത്തെ പറയാം. പല സ്ഥലങ്ങളിലും അഹിന്ദുക്കളും സജീവമായിത്തന്നെ ഉത്സവത്തില്‍ പങ്കുചേരുകയും ആഘോഷത്തിന്റെ ഭാഗമായി  വര്‍ത്തിയ്ക്കുകയും ചെയ്യുന്നു   എന്നതും ഒരു പ്രത്യേകതയാണ്. വിദ്യാഭ്യാസരംഗത്തോ, കാര്ഷികരംഗത്തോ, വാണിജ്യ വ്യവസായ രംഗത്തോ ഉള്ളതായ എല്ലാ വിഘ്‌നങ്ങളെയും ഏറ്റെടുത്ത് തുടര്‍ന്നുള്ള ഒരുവര്ഷകാലത്തേയ്ക്കു എല്ലാ നന്മകളുടെയും അനുഗ്രഹവര്ഷം ചൊരിഞ്ഞു വിഘ്‌നേശ്വരന്‍ പോകുന്നു എന്ന സങ്കല്‍പ്പമാണ് ഈ ആഘോഷം.  ഭദ്രപാതത്തിലെ   നാലാം ദിവസമായ ചതുര്‍ത്ഥി മുതല്‍ പത്താം ദിവസമായ ആനന്ദ ചതുര്‍ത്തിവരെ മഹാരാഷ്ട്രയിലെ ഓരോ കോണിലും, ഏതു ചുണ്ടിലും കേള്‍ക്കുന്ന ഭക്തി സാന്ദ്രമായ ശബ്ദം   'ഗണപതി ബപ്പാ മോറിയ. തന്നെയാണ്.  ചതുര്‍ത്ഥി മുതല്‍ പത്ത് ദിവസം മഹാരാഷ്ട്രയിലെ ഓരോ വീടുകളിലും, ഗണപതിയുടെ ബിംബങ്ങള്‍ വച്ച് മനോഹരമായി അലങ്കരിച്ച് വീട്ടുകാരും ബന്ധുക്കളും ഒത്തുചേരുകയും വിഭവ സമൃദ്ധമായ ആഹാരങ്ങളും  മധുരപലഹാരങ്ങളും, പ്രത്യേകിച്ചും മോദകം (കേരളത്തിലെ കൊഴുക്കട്ട  പോലുള്ള ഒരു വിഭവം) ഉണ്ടാക്കി ഗണപതിഭഗവാന് നേദിച്ച് ആട്ടവും പാട്ടുമായി ഉത്സാഹത്തിന്റെ നിമിഷങ്ങള്‍ ഒരുക്കുന്നു. ഓരോ മഹാരാഷ്ട്രീയനും വളരെയേറെ പ്രാധാന്യം നല്‍കുന്ന ഉത്സവമാണ്. പൊതുസ്ഥലങ്ങളില്‍ ഓരോ കൂട്ടം ആളുകള്‍ ചേര്‍ന്ന് പന്തലുകള്‍ നിര്‍മ്മിച്ച് ഭീമാകാരങ്ങളായ ഗണപതി ബിംബങ്ങള്‍ വച്ച് അലങ്കരിച്ച് ആരാധന നടത്തുന്നു. പല സ്ഥലങ്ങളിലെയും ഗണപതികളെ പരസ്പരം പോയി സന്ദര്‍ശിച്ച് ആരാധന നടത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നു.   വാദ്യഘോഷങ്ങളുടെ ഉടമ്പടിയോടെയാണിവര്‍ ഗണപതി വിഗ്രഹങ്ങള്‍ പന്തലുകളില്‍ കൊണ്ടുവരുന്നത്.   വാദ്യഘോഷങ്ങള്‍ക്കൊപ്പം സ്ത്രീ പുരുഷ ഭേദമന്യേ നൃത്ത ചുവടുകള്‍ വയ്ക്കുന്നു.  പത്താം ദിവസമായ  ആനന്ദ ചതുര്‍ത്ഥിയില്‍ പ്രീതിതനായ ഗണപതിഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും സ്വായത്തമാക്കിയതിനുശേഷം ആ ശില്പത്തെ  വാദ്യഘോഷങ്ങളോടെ കൊണ്ടുപോയി കടല്‍ വെള്ളത്തില്‍ ഒഴുക്കുന്നു. 

ദൈനം ദിന ജീവിതചര്യകളില്‍ മുഴുകി നെട്ടോട്ടമോടുന്ന മനുഷ്യമനസ്സിന് ആഹ്‌ളാദം നല്‍കുന്ന ഉത്സവങ്ങള്‍ കൂട്ടായ്മയുടെ പ്രതീകങ്ങള്‍ ആണ്.. ഗണേശോത്സവവും ഇത്തരത്തില്‍ ഒരു കൂട്ടായ്മയെ പ്രതീക്ഷിച്ച് കൊണ്ട് ആരംഭിച്ചതാണെന്നു ചരിത്രം പറയപ്പെടുന്നു 1980കളിലാണ് പൊതുനിരത്തുകളില്‍ ഗണേശാരാധന തുടങ്ങിയത്. ഇതിനുപിന്നില്‍ ശ്രീ ബാലഗംഗാധര തിലകിന്റെ രാഷ്ട്രീയ, സാമൂഹിക ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളാണെന്നു പറയപ്പെടുന്നു. അതായത്    മുംബൈയില്‍ നടന്ന ഹിന്ദു മുസ്ലിം ലഹളയ്ക്കുശേഷം, ലോകമാന്യ ബാലഗംഗാധര തിലക് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി ഹിന്ദു മുസ്ലിം ലഹളയുടെ പ്രധാന കാരണം ആ സമയത്ത് ഹിന്ദുക്കളുടെ ഇടയില്‍, പ്രത്യേകിച്ചും ബ്രാഹ്മണരും, ബ്രാഹ്മണരല്ലാത്തവരും തമ്മിലുള്ള മത്സരം നടന്നിരുന്നു. ഹിന്ദുക്കളുടെ ഇടയിലുള്ള ഈ ഉള്‍പ്പോര് മറ്റുള്ളവര്‍ക്ക് കൂടുതല്‍ ശക്തി നല്‍കി എന്നവര്‍ മനസ്സിലാക്കി. അതിനാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ഒരു കൂട്ടായ്മ ഉണ്ടാക്കുക എന്നത് അനിവാര്യമാണെന്നവര്‍ മനസ്സിലാക്കി.  വിഗ്‌നനേശ്വരനെ അവര്‍ണ്ണരും, സുവര്‍ണ്ണരും ഒരുപോലെ വിശ്വസിയ്ക്കുന്നു എന്ന സത്യത്തെ അടിസ്ഥാനപ്പെടുത്തി ഗണപതി  പത്തുദിവസം ആചരിയ്ക്കുന്നതോടെ ബ്രാഹ്മണരും ബ്രാഹ്മണരല്ലാത്തവരും കൂടിച്ചെരുകയും, ഒരുമിച്ച് ആരാധന നടത്തുകയും ചെയ്യുന്നതോടെ ഇവര്‍ക്കിടയില്‍ ഒരു കൂട്ടായ്മ ഉടലെടുക്കും എന്ന ശുഭാപ്തി വിശ്വാസത്തില്‍ ഇങ്ങിനെ ഒരു ആചാരം മഹാരാഷ്ട്രയില്‍ തുടക്കമിട്ടു. ഇതാണ് ഗണേശോത്സാവത്തിന്റെ തുടക്കം എന്നാണു വിശ്വസിയ്ക്കുന്നത്. ഇത് ആദ്യമായി പരീക്ഷിച്ചത് മഹാരാഷ്ട്രയിലെ പൂനയിലായിരുന്നു. ഈ സംരംഭം അതിന്റേതായ അര്‍ത്ഥത്തില്‍ തന്നെ വിജയകരമാക്കാന്‍ കഴിഞ്ഞു.  എന്നാല്‍ കാലക്രമേണ ഈ ഉത്സവത്തിന്റെ മുഖഛായ മാറി. മതവിദ്വേഷങ്ങള്‍  ഉറഞ്ഞുതുള്ളുന്ന ഈ കാലഘട്ടത്തില്‍ ഇന്ന് പലയിടത്തും ഇത് മതേതരത്തിന്റെ ഒരു കൂട്ടായ്മയായി ആഘോഷിയ്ക്കാന്‍ തുടങ്ങി എന്നത് ഈ ഉത്സവത്തിന്റെ ഒരു പ്രത്യേകതയായി. 

ചതുര്‍ത്ഥി ദിവസം മുതല്‍ മുബൈയിലെ ഓരോ വഴികളിലും കലാകാരന്മാരുടെ ഭാവനകള്‍ സാക്ഷാത്കരിച്ച വിവിധ തരത്തിലുള്ള മനോഹരമായ ഗണപതികളെ കാണാം. ഇവരിലും  തൃശ്ശൂര്‍ പൂരത്തിന് എഴുനെള്ളിയ്ക്കുന്ന ഗജവീരന്മാരില്‍ പ്രധാനികള്‍ എന്നതുപോലെ പേരുകേട്ട ഗണപതികള്‍ ഉണ്ട്.

മനസ്സില്‍ എന്ത് ആഗ്രഹിയ്ക്കുന്നു അത് സാധിപ്പിച്ച്  തരുവാനുള്ള ഗണപതിയാണ്   'ഇച്ഛാ പൂര്‍ത്തി" ഗണപതി അല്ലെങ്കില്‍, ലാല്‍ബാഗ് കീ രാജാ (ലാല്‍ ബാഗ് ചീ രാജാ).  മഹാരാഷ്ട്രയിലെ ഗണപതി ഉത്സവത്തിനെ  കുറിച്ച് കേട്ടവര്‍ ലാല്‍ബാഗ് ഗണപതിയെ  കുറിച്ച് കേള്‍ക്കാതിരിയ്ക്കാന്‍ നിര്‍വ്വാഹമില്ല. അതുകൊണ്ടു തന്നെ വാര്‍ത്ത മാധ്യമങ്ങളില്‍ ഈ ഗണപതി വളരെയേറെ സ്ഥാനം പിടിയ്ക്കുന്നു. മുംബൈയിലെ  ലാല്‍ ബാഗ് എന്ന സ്ഥലത്ത് പ്രതിഷ്ഠിച്ച് ആരാധിയ്ക്കപ്പെന്ന ഈ ഗണപതിയുടെ ഉത്ഭവം   1934 ല്‍ ആണെന്ന് പറയപ്പെടുന്നു. പത്തുദിവസം ആരാധിച്ച് പതിനൊന്നാം ദിവസം കടലിലൊഴുക്കുന്ന ഈ ഗണപതിയെ ഓരോ ദിവസവും 1.5 മില്ല്യനില്‍ കൂടുതല്‍ ആളുകള്‍  ദര്‍ശനത്തിനായി എത്തുന്നു. ഇവിടെ ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് ചുരുങ്ങിയത് 42 മണിക്കൂറുകളെങ്കിലും നീണ്ട വരിയില്‍ നിന്നതിനുശേഷമാണ് ദര്‍ശനം സാധ്യമാകുന്നത്. മനസ്സിലെ ആഗ്രഹപൂര്‍ത്തിയ്ക്കായി എത്തിച്ചേരുന്നവര്‍ ' ആഗ്രഹ സാക്ഷാത്കാരത്തിനുള്ള (ഇതിനെ നവാസ് എന്ന് വിളിയ്ക്കുന്നു)  പ്രത്യേക വരിയില്‍ നിന്ന് പാദദര്‍ശനം എടുക്കണം,  അല്ലാത്തവര്‍ക്ക് മുഖദര്‍ശന്‍, അതായത് ദൂരെനിന്നും കണ്ട് മടങ്ങിയാലും അനുഗ്രഹം ചൊരിയുമെന്നാണ് ഇവിടുത്തെ വിശ്വാസം. ആരാധനയ്ക്കുശേഷം കടലിലൊഴുക്കാന്‍ പത്താം ദിവസം രാവിലെ വാദ്യഘോഷങ്ങളോടെ ആരംഭിയ്ക്കുന്ന ഈ യാത്ര ജനലക്ഷങ്ങളുടെ ദര്‍ശനത്തിനുശേഷം  'ഗിര്‍ഗാവ്' എന്ന കടല്‍ തീരത്ത് എത്തുന്നത് ഏകദേശം അടുത്തദിവസം വെളുപ്പിനോടെയാണ്.   പൂജാവിധികള്‍ക്ക് ശേഷം ഈ മഹാഗണപതിയെ കടലിലൊഴുക്കുന്ന വിശേഷ കാഴ്ച ദര്‍ശിയ്ക്കാന്‍ തടിച്ചു കൂടുന്ന പുരുഷാരം എണ്ണമറ്റതാണ്. കടലിലൊഴുക്കുന്ന നിമിഷം ഒരു നോക്കു കാണുന്നത് മഹാഭാഗ്യമാണെന്നാണ് വിശ്വാസം.
 
ലാല്‍ബാഗ് കീ ഗണപതി 2019

ഇന്ത്യയിലെ ഏതെങ്കിലും പൈതൃക സ്മാരകങ്ങളില്‍ ഒന്നിന്റെ തനി പകര്‍പ്പായിരിയ്ക്കും എന്നതാണ്  മുംബൈ കീ രാജയുടെ   സവിശേഷത. പ്രസിദ്ധിയാര്‍ജ്ജിച്ച ഗണപതികളില്‍ മറ്റൊന്നാണ് ഇത്. പഴയ  കാലഘട്ടത്തില്‍ തുണി മില്ലുകളില്‍  ജോലി ചെയ്തിരുന്നവര്‍  ആരാധനയ്ക്കായി 1928 ല്‍ ലാല്‍ബാഗെന്ന സ്ഥലത്ത് തുടക്കം കുറിച്ച ഗണപതിയാണിതെന്നു പറയപ്പെടുന്നു. മണിക്കൂറുകളോളം ക്ഷമയോടെ വരിയില്‍ കാത്തുനിന്നതിനുശേഷമാണ് ഈ ഗണപതിയുടെയും ദര്ശനം സാധ്യമാകുന്നത് .

ഏറ്റവും ഉയരത്തിലുള്ള ഗണപതി ബിംബത്തിനു അവാര്‍ഡുകള്‍ നേടിയ ഖേത്ത് വാടി ഗണപതിയാണ് മറ്റൊരു പേരുകേട്ട ഗണപതി. ഭീമാകാര രൂപം ആരുടെയും ശ്ര.ദ്ധ പിടിച്ചുപറ്റുന്നതാണ്. നാല്‍പ്പത്  അടിയിലും കൂടുതല്‍ ഉയരം വരുന്ന ഈ ഗണപതി ബിംബം ഗണേശോത്സവത്തിന്റെ ചരിത്രത്തില്‍ തന്നെ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. 1954 ല്‍ തുടക്കമിട്ടു എന്ന് പറയപ്പെടുന്ന  ഈ ഗണപതിയെ വിശ്വാസികള്‍ യഥാര്‍ത്ഥ സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടു അലങ്കരിയ്ക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഇതിനുണ്ട്.  
                
ഖേത്ത് വാടി ഗണപതി 2019  

ഗണപതികളില്‍ ധനികനായ ഗണപതി  ഉത്സവത്തില്‍ പ്രധാനിയാണ്  . 1954 ല്‍ കര്‍ണ്ണാടകത്തിലെ ഗൗഢ ബ്രാഹ്മണര്‍ ഒത്തുചേര്‍ന്നു മുംബയിലെ  വഡാല എന്ന സ്ഥലത്ത്  ആരാധിയ്ക്കാന്‍ തുടക്കമിട്ട ഗണപതിയാണ് ജി.എസ് ബി (ഗൗഢ ബ്രാഹ്മണ സഭ) ഗണപതി.  കിരീടം മുതല്‍ കാല്‍നഖം വരെ വിശ്വാസികള്‍ അര്‍പ്പിയ്ക്കപ്പെടുന്ന യഥാര്‍ത്ഥ സ്വര്‍ണ്ണാഭരണങ്ങളാല്‍ അലങ്കരിയ്ക്കപ്പെട്ട പ്രൗഢഗംഭീരനായ ഈ ഗണപതി ജനങ്ങളുടെ മനം കവരുന്നു. മുംബൈയുടെ സ്വര്‍ണ്ണ ഗണപതി എന്നും ഈ ഗണപതിയെ വിശേഷിപ്പിയ്ക്കാറുണ്ട്. ഈ ഗണപതിയുടെ ആരാധന നടത്തുന്നത് അഞ്ചു ദിവസം മാത്രമാണ്. ഈ ഓരോ  ദിവസങ്ങളിലും ആയിരകണക്കിന് ഗണപതി ഹോമങ്ങള്‍ രാവിലെ മുതല്‍ വൈകീട്ടുവരെ ഇവിടെ നടക്കുന്നു എന്ന ഒരു പ്രത്യേകതയും ഇവിടെയുണ്ട് . ആരാധനയ്ക്കായി വരുന്ന വിശ്വാസികള്‍ക്ക് വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളും ഭക്ഷണവും പ്രസാദമായി ഇവിടെ നല്‍കപ്പെടുന്നു. 
 
ജി.എസ് ബി ഗണപതി 2019

പ്രധാനപ്പെട്ട ഗണപതികളില്‍ മറ്റൊന്ന് അന്ധേരികീ രാജയാണ്. പ്രസക്തമായ ആരാധനാലയങ്ങളെ പ്രതിനിധാനം ചെയ്യുന്ന പന്തല്‍ തീര്‍ത്താണ് ഈ മഹാഗണപതിയെ പ്രതിഷ്ഠിയ്ക്കുന്നത് എന്നതാണ് ഈ ഗണപതിയുടെ സവിശേഷത.  1966 ല്‍ തുടക്കം കുറിച്ചതാണ്  ഈ ഗണപതി ആരാധന.  അഭീഷ്ട സിദ്ധിയ്ക്ക് അനുഗ്രഹം നല്‍കുന്ന ഗണപതിയായതിനാല്‍ ഈ ഗണപതിയെ 'നവശാല പാവനാരാ ഗണപതി'  എന്ന് വിശേഷിപ്പിയ്ക്കുന്നു. 
               
അന്ധേരികീ രാജ 2019

ഇവ പ്രധാനപ്പെട്ട ഗണപതികളില്‍ ചിലതു മാത്രമാണ്. ഈ ഗണപതിമണ്ഡപങ്ങള്‍ വളരെ കാലമായി ഉത്സവത്തിന്റെ ഭാഗമായതിനാല്‍ പേരുകേട്ടവയാണ് എന്നാല്‍ ഈ അടുത്ത കാലത്ത് തുടങ്ങിയ പല ഗണപതി മണ്ഡപങ്ങളും വളരെ വിപുലമായവയാണ്. ഇവ വര്ഷം തോറും ജനങ്ങളില്‍ വിശ്വാസവും ഇവിടുത്തെ പൈതൃകത്തോട് ആത്മാര്‍ത്ഥതയും കൂടുന്നു എന്നതിന് തെളിവുകളാണ്
മതങ്ങളെയോ വിശ്വാസങ്ങളെയോ മാറ്റി നിര്‍ത്തി വിലയിരുത്തട്ടുകയാണെങ്കില്‍ ഓരോ ദേശീയ ആഘോഷങ്ങളും സമൂഹത്തെ പലതരത്തില്‍ സ്വാധീനിയ്ക്കുന്നു എന്ന് മനസ്സിലാക്കാം. ഇതില്‍ പ്രധാനപ്പെട്ടത്ത് ആഘോഷങ്ങള്‍ സാമ്പത്തിക വാണിജ്യ വ്യവസായത്തെ സ്വാധീനിയ്ക്കുന്നു എന്നതാണ്. മനസ്സില്‍ തെളിഞ്ഞുവരുന്ന ഭാവനകളെ ഭീമാകാരങ്ങളായ ശില്പങ്ങളാക്കി മാറ്റുന്നതില്‍ ജാതി മത ഭേദമന്യേ ഒരു കൂട്ടം കലാകാരന്മാരുടെ വിയര്‍പ്പാണ് ഈ ആഘോഷത്തെ വര്‍ണ്ണശഭളമാക്കുന്നത്. അതിനാല്‍ ഒരു വര്‍ഷക്കാലം ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന നിരവധി പേരുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷാ ഈ ആഘോഷത്തില്‍ അധിഷ്ഠിതമാക്കപ്പെട്ടിരിയ്ക്കുന്നു.  കൂടാതെ വീടുകള്‍ തോറും ഗണപതി മണ്ഡപങ്ങള്‍ തോറും മത്സരിച്ച് അലങ്കരിച്ച് ആരാധന നടത്തുമ്പോള്‍ കമ്പോളത്തില്‍ വിറ്റഴിയുന്ന അലങ്കാരവസ്തുക്കളും, ഗണപതി വിഗ്രഹങ്ങളും കമ്പോളത്തെ കൊഴുപ്പിയ്ക്കുന്നു.  മധുരപലഹാരങ്ങള്‍, പൂജിയ്ക്കാനുള്ള പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, വീടുകള്‍ അലങ്കരിയ്ക്കാനുള്ള ചായങ്ങള്‍ മറ്റു അലങ്കാര വസ്തുക്കള്‍,  വീട്ടില്‍ അനുഗ്രഹ വര്ഷം ചൊരിയുന്ന ഗണപതിയെ എതിരേല്‍ക്കാന്‍ അണിയുന്ന പുതു വസ്ത്രങ്ങള്‍  എന്നിവകൊണ്ട് നിറയുന്ന കമ്പോളങ്ങള്‍ വാണിജ്യ വ്യാപാര രംഗത്തെ  കുതിച്ചു കയറ്റവും, അതോടൊപ്പം കുറെ പേര്‍ക്ക് തൊഴിലും ഉറപ്പുവരുത്തുന്നു.  
ഇത് കൂടാതെ ശുചിത്വത്തിന്റെ കാര്യത്തിലും ഉത്സവങ്ങള്‍ക്ക് പങ്കുണ്ട്. ഗണേശോത്സവത്തോടനുബന്ധിച്ച് മുംബൈയിലെ ഓരോ കടല്‍ തീരങ്ങളും ഗണപതിയെ വെള്ളത്തിലൊഴുക്കുന്നതിനായ് വരുന്ന ജനങ്ങള്‍ക്കുവേണ്ടി ശുചിത്വമാക്കിയും സുരക്ഷയോടും സജ്ജമാക്കുന്നു. പ്രധാന വീഥികളിലും ഇതോടനുബന്ധിച്ച് സുരക്ഷിത്വവും, ശുചിത്വവും ഉറപ്പുവരുത്തുന്നു എല്ലാ വീടുകളും ഗണപതിയുടെ വരവേല്‍പ്പിനായി ശുചീകരിയ്ക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു.  വര്ഷത്തിലൊരിയ്ക്കല്‍   ഗണേശോത്സവത്തിനായി ഒരുങ്ങുന്നതോടൊപ്പം മുംബൈ നഗരം പരിതഃസ്ഥിതിയ്ക്ക് ശുചിത്വവും വാഗ്ദാനം ചെയ്യുന്നു 

ഓരോ ആഘോഷവും ജീവിതത്തില്‍ ഒരു മാറ്റം എന്നതിലുപരി രാജ്യത്തിന്‍റെ വാണിജ്യ വ്യാപാര മേഖലകളെയും സമ്പദ്‌വ്യവസ്ഥയെയും വളര്‍ച്ചയെയും സ്വാധീനിയ്ക്കുന്നു എന്നത്  പ്രകടമല്ലാത്ത മറ്റൊരു  പ്രയോജനമാണ്.

Join WhatsApp News
josecheripuram 2019-09-04 19:34:41
Religion&Politics is all a business,To make rich  again rich&the poor again poor.We thought if the British left we will be free,we became slaves of our own British.Why Bhaghat Singh&His friends gave Their life, for nothing?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക