Image

ചില ജീവിതങ്ങള്‍ (പ്രസീത രജി)

Published on 04 September, 2019
ചില ജീവിതങ്ങള്‍ (പ്രസീത രജി)
കള്ളത്തരങ്ങള്‍ ഏറെ ഉള്ളവരാണീ മനുഷ്യര്‍. ഇന്നെനിക്കേറെ വെറുപ്പ് തോന്നുന്നതും മനുഷ്യരോടാണ്. എല്ലാ മനുഷ്യരോടും എന്നു പറയാനെനിക്കു കഴിയില്ല. ഞാന്‍ സ്‌നേഹിച്ചവരും, എന്നെ സ്‌നേഹിച്ചവരും അവരില്‍ ചിലരെങ്കിലുമുണ്ട്. പക്ഷേ ആ ചിലരില്‍ പെടാതെ പോയവരാണ് ഏറെയും. അങ്ങനെയുള്ള ആരൊക്കെയോ കാരണമാണ് ഞാനിന്ന് ഈ മണ്ണിലിങ്ങനെ കിടക്കുന്നത്.
       
 ഏതോ നല്ലൊരു ഹോട്ടലിലെ അടുക്കളയില്‍ പലതരം മസാലകളില്‍ പൊതിഞ്ഞും, എണ്ണയില്‍ മുങ്ങി നിവര്‍ന്നും ആരെയും കൊതിപ്പിക്കും വിധത്തിലായിരുന്നു ഞാന്‍. പാത്രങ്ങള്‍ക്കകത്തിരുന്നു ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആ ഉദ്യോഗസ്ഥരവിടെ കേറി വന്നത്. അവരില്‍ ചിലര്‍ പാത്രങ്ങളുടെ അടപ്പുകള്‍ തുറന്നു നോക്കി മുഖം ചുളിച്ചു. ഇതിനിടെ അവരിലൊരാള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തി. എല്ലാവരും പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.പഴകിയ ഈ ഭക്ഷണമെല്ലാം കളയാത്തതെന്തേ എന്ന ചോദ്യത്തിന് ഹോട്ടല്‍ മാനേജര്‍ മുഖം കുനിച്ച്, എന്തോ മറുപടി പറഞ്ഞെന്നു വരുത്തി. കര്‍ക്കശക്കാരനായ ആ ഉദ്യോഗസ്ഥന്‍ മാനേജരുടെ അപേക്ഷാസ്വരത്തിനു കാതുകൊടുക്കാതെ എന്നെയുള്‍പ്പെടെ ചിലരെയെല്ലാം കുഴിച്ചുമൂടാന്‍ ആവശ്യപ്പെട്ടു.
    
   തരക്കേടില്ലാത്ത ഒരു വീട്ടിലായിരുന്നു ഞാനും അമ്മയും ജീവിച്ചിരുന്നത്. നന്ദിനി എന്നായിരുന്നു അമ്മയുടെ പേര്. ചെറുതായിരുന്നപ്പോള്‍ ആ വീട്ടുകാര്‍ എവിടുന്നോ വാങ്ങിക്കൊണ്ടുവന്നതാണത്രെ നന്ദിനിയമ്മയെ. അവിടുത്തെ കുട്ടികള്‍ക്ക് നന്ദിനിയമ്മയെ ജീവനായിരുന്നു. നന്ദിനിയമ്മ കൊടുത്ത പാല് കുടിച്ചാണ് അവര്‍ക്ക് ഇത്ര ഭംഗിയും ബുദ്ധിയുമൊക്കെ ഉണ്ടായതെന്ന് അമ്മയെപ്പോഴും ഗമ പറയാറുണ്ട്. എന്റെ ജ്യേഷ്ടന്‍ ജനിച്ച സമയമായിരുന്നു അത്. കുറച്ചു വലുതായപ്പോള്‍ വീട്ടുകാര്‍ ജ്യേഷ്ടനെയാര്‍ക്കോ വിറ്റു. കൊണ്ടുപോകാന്‍ നേരം, കുതറിയോടാന്‍ ശ്രമിച്ച ജ്യേഷ്ടനെ അവര്‍ ബലമായി പിടികൂടി വണ്ടിയില്‍ കേറ്റി. വണ്ടി അകന്നകന്നു പോകുമ്പോഴും ജ്യേഷ്ടന്‍ അമ്മയെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നുവത്രെ. പിന്നെ കുറെ നാള്‍ ശെരിക്കു ഭക്ഷണമൊന്നും കഴിക്കാതെ അമ്മയാകെ കോലം കെട്ടു.അങ്ങനെയിരിക്കെ ഒരു ദിവസം, ഞങ്ങളുടെ വീട്ടിലെ അമ്മ അടുത്ത വീട്ടിലെ സ്ത്രീയോട് പറയുന്നത് കേട്ടു, "എന്തു പറ്റിന്നറിയില്ല. കാളക്കുട്ടന്‍ പോയതുകൊണ്ടാണെന്നു തോന്നുന്നു അവളൊരു വക തിന്നണില്ല. ഒട്ടും ഉഷാറില്ലാതായി. "
    
" അങ്ങനൊന്നുമില്ല. രണ്ടീസം കഴിയുമ്പോഴേ ഇവറ്റകളതൊക്കെ മറക്കും. വയറ്റിലെന്തെങ്കിലും പ്രശ്!നം ഉണ്ടായതുകൊണ്ടാവും തിന്നാത്തത്. എന്തെങ്കിലും മരുന്ന് വാങ്ങി കൊടുക്ക്." ആ സ്ത്രീ നിസ്സാരമട്ടില്‍ പറഞ്ഞു.
   ആ മറുപടി കേട്ട് നന്ദിനിയമ്മക്ക് അവരോട് അടങ്ങാത്ത കലിയായിരുന്നു.പിന്നീട് ഒരവസരം കിട്ടിയപ്പോള്‍ നന്ദിനിയമ്മ അവരെ തൊഴിച്ചു വീഴ്ത്തുകയും ചെയ്തു. അമ്മയും മക്കളും തമ്മിലുള്ള സ്‌നേഹവും ബന്ധവുമൊക്കെ അവരുമൊന്നറിയട്ടെ. കിടപ്പിലായ അവരെ മക്കള്‍ നേരാംവണ്ണം ശുശ്രൂഷിച്ചില്ല എന്നു പറഞ്ഞ് അവരൊരുപാട് സങ്കടപ്പെടുകയും ചെയ്തുവത്രെ. ഇതെല്ലാം നന്ദിനിയമ്മയെനിക്ക് പറഞ്ഞു തന്നതാണ്.
    
പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ ജനിച്ചത്. അതോടെ നന്ദിനിയമ്മ വീണ്ടും ഉഷാറായി. എന്നെക്കാണാന്‍ നല്ല ഭംഗിയാണെന്ന് എന്നോടെപ്പോഴും പറയുമായിരുന്നു. ഒരു ദിവസം വീട്ടിലെ കുട്ടികളെന്നെ ആരും കാണാതെ അവരുടെ മുറിയിലേക്ക് കൊണ്ടുപോയി. അവര്‍ക്ക് എടുത്തുകൊണ്ടുനടക്കാന്‍ കഴിയുന്നത്രയേ ഞാനന്നുണ്ടായിരുന്നുള്ളൂ. വേറെയേതോ ലോകത്ത് എത്തിപ്പെട്ടതുപോലെയായിരുന്നു എന്റെയവസ്ഥ. ഞാന്‍ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ വസ്തുക്കള്‍ ആ മുറിയിലുണ്ടായിരുന്നു. ചുറ്റിലും കണ്ണോടിച്ചപ്പോള്‍ അവിടെ ഒരു വാഴയിലക്കഷ്ണം കണ്ടു. ഞാനതില്‍ കടിക്കാനൊരുങ്ങിയതും, കൂട്ടത്തിലെ വലിയ കുട്ടി ഓടി എന്റെയരികിലെത്തി.
     "അത് നിനക്ക് തിന്നാനുള്ളതല്ലാട്ടോ, അമ്പലത്തിലെ പ്രസാദമാണ്. " അവള്‍ പറഞ്ഞു.
      " നമുക്കിവന് ഒരു കുറി തൊട്ടു കൊടുത്താലോ? " ഇളയ കുട്ടി പകുതി സംശയത്തോടെ ചോദിച്ചു.
     "കുളിക്കാതെ പ്രസാദം തൊടാന്‍ പറ്റില്ലല്ലോ. ഇവന്‍ കുളിച്ചിട്ടുണ്ടാവ്വോ? " മറ്റൊരാളുടെ സംശയം.
    "പിന്നില്ലാതെ. രാവിലെ ഇവനെ കുളിപ്പിക്കുന്നത് ഞാന്‍ കണ്ടതാ." വലിയ കുട്ടി ഉറപ്പിച്ചു പറഞ്ഞു.
   
ഇളയവള്‍ പ്രസാദമെടുത്തു നീട്ടി. വലിയ കുട്ടി അതില്‍ നിന്ന് കുങ്കുമമെടുത്ത്  എന്റെ നെറ്റിയില്‍ തൊടുവിച്ചു. എന്നിട്ടെന്നെ വലിയ നിലക്കണ്ണാടിയുടെ മുന്‍പില്‍ കൊണ്ടുചെന്ന് നിര്‍ത്തി. അപ്പോഴാണ് ഞാനാദ്യമായി എന്നെ കാണുന്നത്. നന്ദിനിയമ്മ പറയുന്നത് ശെരിയാണ്, എന്നെക്കാണാന്‍ നല്ല ഭംഗിയുണ്ട്.
     
 ഞാനും നന്ദിനിയമ്മയും സുഖമായങ്ങനെ കഴിയുമ്പോഴാണ് ആ വീട്ടില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടായത്. ബഹളവും വാക്കുതര്‍ക്കങ്ങളും. ഒടുവില്‍ ഞങ്ങള്‍ പുല്ലു തിന്ന് നടന്നിരുന്ന പറമ്പെല്ലാം വേലികെട്ടി വേര്‍തിരിച്ചു. ഞങ്ങളുടെ കിന്നാരം കേള്‍ക്കാത്തതുകൊണ്ടാവാം പുല്ലും ചെടികളുമെല്ലാം കരിഞ്ഞുണങ്ങാന്‍ തുടങ്ങി. കടകളില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന എന്തൊക്കെയോ സാധനങ്ങളായി പിന്നീട് ഞങ്ങളുടെ തീറ്റ. അതു കലക്കിത്തരുമ്പോള്‍ അവിടുത്തെ അമ്മ പലപ്പോഴും സങ്കടം പറയുന്നതു കേട്ടിട്ടുണ്ട്.
       
ഇതിനിടെ ഒരു ദിവസം എന്നെയും നന്ദിനിയമ്മയെയും കാണാനായി രണ്ടുപേര്‍ വന്നു. ഞങ്ങളെ സൂക്ഷിച്ചുനോക്കി പരസ്പരം തലകുലുക്കി അവരിപ്പോള്‍ത്തന്നെ പോയി.ജ്യേഷ്ടനെ കൊണ്ടുപോയ കാര്യം ഓര്‍മ്മയില്‍ വന്നതുകൊണ്ടാവാം നന്ദിനിയമ്മ എന്നോടു ചേര്‍ന്നുനിന്ന്, അന്നു രാത്രി മുഴുവന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
     
 ഞങ്ങളെ കാണാന്‍ വന്നവര്‍ പിറ്റേന്ന് രാവിലെത്തന്നെ വീട്ടിലെത്തി. അവിടുത്തെ അമ്മയോട് എന്തോ പറയുന്നതും രൂപയെടുത്ത് കൊടുക്കുന്നതും കണ്ടു. കണ്ണുകള്‍ തുടച്ചുകൊണ്ട് അമ്മയതു വാങ്ങി. ഇതുകണ്ട നന്ദിനിയമ്മക്ക് കാര്യം പിടികിട്ടി.എന്റെ പുറം നക്കിത്തുടച്ചുകൊണ്ട് നന്ദിനിയമ്മ പറഞ്ഞു.
  
 " നമ്മളെ കൊണ്ടുപോകാനാണവര്‍ വന്നിരിക്കുന്നത്. രണ്ടുപേരെയും കൊണ്ടുപോകുന്നത് ഒരിടത്തേക്കാവണേ എന്നാണെന്റെ പ്രാര്‍ത്ഥന. "
 പക്ഷേ നന്ദിനിയമ്മയുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. നന്ദിനിയമ്മയെക്കുറിച്ച് പിന്നീടെനിക്കൊന്നും അറിയാനുമായില്ല.
   
 എന്റെ ഉടമസ്ഥന്‍ ശെരിക്കുമൊരു ദുഷ്ടനായിരുന്നു. മിക്ക ദിവസങ്ങളിലും രാത്രി നേരത്ത് മുറ്റത്തിരുന്ന്, ഒരു കുപ്പിയില്‍ നിന്നെന്തോ ഗ്ലാസ്സിലൊഴിച്ച് കുടിക്കുന്നതു കാണാം. എന്നിട്ട് ബഹളം വെച്ച്, എന്നെ വടിയെടുത്ത് അടിക്കുകയും ചെയ്യും. എന്തിനാണെന്നെ അടിക്കുന്നതെന്ന് ഒരിക്കലും എനിക്ക് മനസ്സിലായിട്ടില്ല. ഇങ്ങനെ പോകുന്നതിനിടെ അയാളെന്നെ മറ്റൊരാള്‍ക്ക് വിറ്റു. രക്ഷപ്പെട്ടു എന്ന ആശ്വാസമായിരുന്നു എനിക്ക്. പക്ഷേ അവിടെ എത്തിയപ്പോഴാണറിഞ്ഞത് അതൊരു അറവുകാരന്റെ തൊഴുത്താണെന്ന്. എന്നെപ്പോലെ വേറെയും ഒരുപാട് പേരുണ്ടായിരുന്നു അവിടെ. ദിവസങ്ങളെണ്ണിയാണ് അവിടെ കഴിയുന്നതെന്ന് അവരെന്നോട് പറഞ്ഞു. കൂട്ടത്തില്‍ നിന്ന് പലരും പോവുകയും, പുതിയവര്‍ വരികയും ചെയ്തുകൊണ്ടിരുന്നു. ഞാന്‍ കരുതിയ പോലെ ഒരു ദുഷ്ടനൊന്നുമായിരുന്നില്ല അറവുകാരന്‍. ഇടയ്‌ക്കെല്ലാം ഞങ്ങളുടെ അടുത്തുവന്ന്,സ്‌നേഹത്തോടെ തലോടിക്കൊണ്ട് പലതും പറയുമായിരുന്നു അയാള്‍. എന്തിനാണ് അയാളിങ്ങനെയൊരു ജോലി ചെയ്യുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കറിയാത്ത ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സില്‍ സൂക്ഷിക്കുന്നവരാണല്ലോ മനുഷ്യരിലേറെയും.
   
 ഇങ്ങനെയിരിക്കെ എന്റെ ദിനവുമെത്തി. നേരം പുലരുന്നതിനു മുന്‍പേ തൊഴുത്തില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ത്തന്നെ എനിക്കു കാര്യം പിടികിട്ടി. കാരണം ഇതിനു മുന്‍പും കൂടെയുള്ള  പലരേയും നേരം പുലരുമ്പോള്‍ കാണാതായിട്ടുണ്ട്. അവരൊന്നും പിന്നീട് തിരിച്ച് വന്നിട്ടുമില്ല.
    
പറമ്പിന്റെ ഒരറ്റത്തുള്ള മറ്റൊരു കെട്ടിടത്തിലേക്കാണ് അറവുകാരന്‍ എന്നെ കൊണ്ടുപോയത്. സഹായികളിലൊരാള്‍ അവിടെയിരുന്ന് കത്തിയ്ക്ക് മൂര്‍ച്ച കൂട്ടുന്നുണ്ടായിരുന്നു. കത്തിയുടെ തിളക്കം കണ്ണിലടിച്ചപ്പോള്‍ മനസ്സൊന്നു പതറി. അല്പസമയത്തിനുള്ളില്‍ എല്ലാം അവസാനിക്കുന്നു എന്നത് എത്ര പേടിപ്പെടുത്തുന്നതും, വേദനിപ്പിക്കുന്നതുമാണെന്ന് അതനുഭവിക്കുമ്പോള്‍ മാത്രമേ മനസ്സിലാകൂ. അറവുകാരന്‍ ഒരു പാത്രത്തില്‍ വെള്ളവുമായി എന്‍റെയരികിലെത്തി. പ്രാര്‍ത്ഥനപോലെ എന്തോ പതുക്കെ ചൊല്ലിക്കൊണ്ട് അതെന്റെ മുന്നില്‍ വെച്ചു. അയാളുടെ സമാധാനത്തിനുവേണ്ടി ഞാനതില്‍ നിന്നും അല്പം കുടിച്ചെന്നു വരുത്തി. അറവുകാരനും സഹായിയും കൂടി എന്നെ തറയില്‍ക്കിടത്തി, കാലുകള്‍ ബന്ധിച്ചു. നന്ദിനിയമ്മയെ മനസ്സിലോര്‍ത്ത് ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ആ നിമിഷം തന്നെ നന്ദിനിയമ്മ എന്റെയരികിലെത്തി, എന്നെ ചേര്‍ത്തു നിര്‍ത്തി ചെവിയിലെന്തോ മന്ത്രിച്ചു. എന്നിട്ട് വാത്സല്യത്തോടെ എന്റെ പുറം നക്കിത്തുടച്ചുകൊണ്ടേയിരുന്നു. അതില്‍ മയങ്ങി ഞാനങ്ങനെ കിടന്നു. പെട്ടെന്നാണ് അറവുകാരന്റെ കത്തി എന്റെ കഴുത്തില്‍ ആഞ്ഞു പതിച്ചത്. അമ്മേ എന്നലറിക്കൊണ്ട്, ഞാനമ്മയെ എത്തിപ്പിടിക്കാനായി കെട്ടിയിട്ട മുന്‍കാലുകള്‍ നീട്ടി. അമ്മ അരികിലില്ല എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം തീര്‍ന്നു കഴിഞ്ഞിരുന്നു. പിന്നെ എത്ര പെട്ടെന്നാണ് അവരെന്റെ തലയും ശരീരഭാഗങ്ങളും വെവ്വേറെയാക്കിയത് ! എങ്ങനെ അവര്‍ക്കിത് ചെയ്യാന്‍ കഴിയുന്നു? ആരേയും വേദനിപ്പിക്കരുതെന്നാണ് നന്ദിനിയമ്മ എന്നോടെപ്പോഴും പറയാറുള്ളത്. ഇവരുടെ അമ്മമാര്‍ അങ്ങനെയൊന്നും പറഞ്ഞിട്ടുണ്ടാവില്ലേ? ഒരുപക്ഷേ ചെറുപ്പത്തില്‍ കേട്ട ആ വാക്കുകള്‍, അന്നേ കളിക്കിടയില്‍ എവിടെയെങ്കിലും കളഞ്ഞുപോയിട്ടുണ്ടാവാം.
   
 നേരം പുലര്‍ന്നതോടെ അറവുകാരന്‍ എന്നെ ഒരു വണ്ടിയിലാക്കി കടയിലെത്തിച്ചു. കഷ്ണങ്ങളാക്കിയ ശരീരഭാഗങ്ങള്‍ക്കരികിലായി ഒരു പ്രദര്‍ശനവസ്തു പോലെ എന്റെ തലയും സ്ഥാനം പിടിച്ചു. ആ വഴി കടന്നു പോയ പലരും ഒരു സ്ഥിരം കാഴ്ചയെന്നമട്ടില്‍ അതു കാര്യമാക്കാതെ നടന്നു. മറ്റു ചിലരാകട്ടെ പേടിയോടെയും വിഷമത്തോടെയും മുഖം തിരിച്ചു. അക്കൂട്ടത്തില്‍ അച്ഛന്റെ കൂടെ നടന്നുപോവുകയായിരുന്ന ഒരു പെണ്‍കുട്ടി ഈ കാഴ്ച കണ്ട് സങ്കടപ്പെട്ട് എന്തൊക്കെയോ പറയുന്നത് കേട്ടു. ഞാനവരുടെ വീട്ടില്‍ വളര്‍ന്നതാണെന്നും, എന്റെ നെറ്റിയിലാണവര്‍ പ്രസാദം തൊടുവിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അവളേറെ വിഷമിച്ചേനെ.
    
കടയിലെത്തിച്ച് അല്പസമയത്തിനുള്ളില്‍ത്തന്നെ രണ്ടുപേര്‍ വന്ന് എന്റെ ശരീരഭാഗങ്ങള്‍ തൂക്കം നോക്കി വിലയുറപ്പിച്ചു. പ്രായം കുറവായതുകൊണ്ട് രുചി കൂടുമെന്നും, അല്പം വില കൂട്ടിത്തരണമെന്നും അറവുകാരന്‍ പറയുന്നതു കേട്ടു. തല കുലുക്കിക്കൊണ്ടുള്ള അവരുടെ ചിരിയില്‍ നിന്നും മറുപടിയെന്താണെന്ന് എനിക്കൂഹിക്കാനായില്ല.
   
വലിയ വലിയ പാത്രങ്ങളും, കത്തിക്കൊണ്ടിരിക്കുന്ന അടുപ്പുകളും, തിരക്കുപിടിച്ചോടുന്ന ജോലിക്കാരുമൊക്കെയുള്ള വലിയൊരു അടുക്കളയിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. ഒരു ഹോട്ടലിന്‍റെ അടുക്കളയാണതെന്ന് അവരുടെ സംസാരത്തില്‍ നിന്നെനിക്ക് മനസ്സിലായി. ജോലിക്കാര്‍ എന്നെ പല വിധത്തിലുള്ള കഷ്ണങ്ങളായി മുറിച്ച് , വെവ്വേറെ പാത്രങ്ങളിലാക്കി, പൈപ്പിന്‍ കീഴെ കൊണ്ടുപോയി കഴുകാനാരംഭിച്ചു. എന്റെ രക്തവും വെള്ളവും കൂടിചേര്‍ന്ന് പാത്രത്തില്‍ നിന്ന് പുറത്തേക്കൊഴുകി. ഒരിക്കല്‍, ഞാന്‍ പറമ്പിലൂടെ ഓടിക്കളിച്ച് വീണ് കാല്‍ മുറിഞ്ഞ് രക്തം വന്നപ്പോള്‍ എന്തൊരു വേവലാതിയായിരുന്നു നന്ദിനിയമ്മക്ക്. ഇന്നിപ്പോള്‍ എന്റെ രക്തത്തിന്റെ അവസാനതുള്ളിയും ഒരു പൈപ്പിലെ വെള്ളത്തിനോടൊപ്പം ഒഴുകിപ്പോകുമ്പോള്‍, ഇതൊന്നും നന്ദിനിയമ്മ അറിയുന്നില്ലല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്.
    
കഴുകി വൃത്തിയാക്കിക്കഴിഞ്ഞ് എന്തൊക്കെയോ അരിഞ്ഞു ചേര്‍ത്ത്, മസാലപ്പൊടികള്‍ വിതറി അടുപ്പിലെ കത്തുന്ന ചൂടിലേക്ക്. പിന്നെ പല രൂപങ്ങളില്‍, പല രുചികളില്‍ അടുപ്പില്‍ നിന്ന് പുറത്തേക്ക്. ഇതിനിടയില്‍ വെപ്പുകാരില്‍ പ്രധാനിയെന്നു തോന്നുന്ന പ്രായം ചെന്നൊരാള്‍ വന്ന് രുചിച്ചു നോക്കി തലകുലുക്കി. ഇത്തിരി നേരം കഴിഞ്ഞപ്പോഴേക്കും ജോലിക്കാരിലൊരാള്‍ വന്ന് രണ്ടു പാത്രങ്ങളില്‍  കുറേശ്ശേ കൊണ്ടുപോകുമ്പോള്‍  എനിക്ക് സന്തോഷം തോന്നി. പക്ഷേ ആ സന്തോഷം അധികം നീണ്ടുനിന്നില്ല.പിന്നീടെന്താണാവോ സംഭവിച്ചത്? അടുത്ത ദിവസങ്ങളില്‍ ജോലിക്കാരിലൊന്നും ആദ്യദിവസം കണ്ട ധൃതി കാണാനായില്ല. അതിനെക്കുറിച്ച് ആരും തന്നെ സംസാരിച്ചും കേട്ടില്ല. ഇടക്ക് വല്ലപ്പോഴും ആരെങ്കിലും വന്ന് അല്പം കോരിയെടുത്തു കൊടുപോകും, അത്രമാത്രം. ദിവസങ്ങള്‍ മാറുമ്പോഴും എന്റെ ഏറിയ പങ്കും ആ പാത്രങ്ങളില്‍ത്തന്നെ അവശേഷിച്ചു. അതില്‍ നിന്ന് മാറ്റി, കേടാവാത്ത വിധത്തില്‍ സൂക്ഷിക്കാനൊന്നും ആരും തയ്യാറായില്ല. പ്രതീക്ഷിച്ച പോലെ വില്‍പ്പന നടന്നില്ലെങ്കില്‍ അതു ശെരിയായി സൂക്ഷിക്കാനെങ്കിലും ഇവര്‍ ശ്രെദ്ധിക്കേണ്ടതല്ലേ? അതിനു കഴിയില്ലെങ്കില്‍ ഇവരെന്തിനാണ് ഇത്രയധികം വാങ്ങിക്കൊണ്ടുവരുന്നത്? അതുകൊണ്ടാണല്ലോ ആ ഉദ്യോഗസ്ഥര്‍ പാത്രം തുറന്നുനോക്കി മുഖം ചുളിച്ചതും, കൊണ്ടുപോയി കളയാന്‍ ആവശ്യപ്പെട്ടതും.ഉദ്യോഗസ്ഥരെ കുറ്റം പറയാനാവില്ല. ആരെങ്കിലും വന്ന് കഴിക്കുമെന്ന് കരുതി പാത്രത്തിനുള്ളില്‍ കാത്തിരുന്ന എന്നെ, വെളുത്ത നിറത്തിലുള്ള ആരൊക്കെയോ വന്ന് ശല്യപ്പെടുത്താന്‍  തുടങ്ങിയിരുന്നു അപ്പോഴേക്കും.
    
അല്പസമയം കഴിഞ്ഞപ്പോള്‍ ജോലിക്കാര്‍ വന്ന് എന്നെയും മറ്റു ചിലരെയും സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ പൊക്കിയെടുത്ത് ഒരു വണ്ടിയില്‍ കയറ്റി. കുറച്ചു ദൂരെയൊരു ഒഴിഞ്ഞ പറമ്പിലേക്കാണ് അവര്‍ ഞങ്ങളെ കൊണ്ടുപോയത്. അവിടെക്കണ്ട ഒരു ചെറിയ കുഴിയിലേക്ക് കമിഴ്ത്തിക്കളഞ്ഞ് അവര്‍ തിരിച്ചു പോയി. വലിയൊരു കുഴിയെടുത്ത്, മണ്ണിട്ടു മൂടണമെന്ന് നിര്‍ദേശം നല്‍കിയാണ് അവരെ ഇങ്ങോട്ടയച്ചത്. അതിനെല്ലാം തലയാട്ടി, സമ്മതം മൂളിയ അവര്‍ ചെയ്തിട്ടുപോയതോ! നന്ദിനിയമ്മ പറഞ്ഞതനുസരിച്ച് ഞങ്ങളെന്നും മനുഷ്യര്‍ക്ക് നന്മകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. അവര്‍ക്ക് ഭക്ഷണമുണ്ടാക്കാനായി കൃഷിപ്പണികള്‍ക്കു സഹായിച്ചും, ഒടുവില്‍ സ്വയം ഭക്ഷണമായും അങ്ങനെയങ്ങനെ.എന്നിട്ടും!
  
പകല്‍ നേരത്തെ പൊള്ളുന്ന ചൂടും, രാത്രിയിലെ നേര്‍ത്ത തണുപ്പും എത്രവട്ടം മാറിമാറി വന്നുവെന്നറിയില്ല. കാക്കകളോ മറ്റോ തിന്നാനെത്തുമെന്നു കരുതി നോക്കിയിരുന്നിട്ട്, ആരും തന്നെ ഈ വഴി വരുന്നില്ല. അവരുടെയൊന്നും ശ്രദ്ധയില്‍പ്പെടാതെ പോകാന്‍ എന്തേ കാരണം എന്നുമറിയില്ല. ആര്‍ക്കെങ്കിലും ഭക്ഷണമാകാന്‍ സാധിച്ചിരുന്നെങ്കില്‍ അതൊരു പുണ്യമായേനെ. ഇതിപ്പോള്‍ ഒന്നിനും വേണ്ടിയല്ലാതെ, ആര്‍ക്കും പ്രയോജനമില്ലാതെ ...

Join WhatsApp News
Sudhir Panikkaveetil 2019-10-04 20:56:26
Good Story.
Neethu chacko 2022-09-21 06:41:05
Gd story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക