Image

അമ്പലപ്പുഴ ഉണ്ണിക്കണ്ണനൊത്ത് (ഉഷ. എസ്)

Published on 05 September, 2019
അമ്പലപ്പുഴ ഉണ്ണിക്കണ്ണനൊത്ത് (ഉഷ. എസ്)
അമ്പലപ്പുഴ അമ്പലത്തില്‍ ഒരു ദിവസം! എന്നും ഉണ്ണിക്കണ്ണനോട് ഏറെ പ്രിയം. ദൈവമായിട്ടല്ല., കൂട്ടുകാരനായും കാമുകനായും ഭര്‍ത്താവായും ഓരോ രൂപത്തില്‍ മനസ്സില്‍ നിറയുന്നവന്‍. സുഗതകുമാരി എഴുതിയ പോലെ എന്നും മനസ്സു കൊണ്ട്
"ഈ രാധയുളളില്‍ പ്രതിഷ്ഠിതമാകയാല്‍
തീരാത്ത തേടലാകുന്നു ജന്മം".

വില്വംമംഗലം സ്വാമിയാരോടൊത്ത് ചെമ്പകശ്ശേരി രാജാവിന്റെ ജലയാത്ര! വിജനമായ പ്രദേശത്ത് മധുരമായ ഓടക്കുഴല്‍ നാദം. ആ നാദം സാക്ഷാല്‍ ഉണ്ണിക്കണ്ണന്റെ സാന്നിധ്യമറിയിക്കുന്നുവെന്ന സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം ചെമ്പകശ്ശേരി ദേവനാരായണ രാജാവ് നിര്‍മ്മിച്ച ക്ഷേത്രം. പ്രതിഷ്ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കായ്കയാല്‍ തന്ത്രിമാരുടെ അപേക്ഷയെ തുടര്‍ന്ന് നാറാണത്തുഭ്രാന്തന്‍ മുറുക്കിത്തുപ്പിയ താംബൂലപ്പുഴയില്‍ വിഗ്രഹം ഉറച്ചെന്നും താംബുലപ്പുഴ കാലക്രമേണ അമ്പലപ്പുഴയായെന്നും ഐതിഹ്യം.

പ്രാചീനകവിത്രയങ്ങളിലെ ജനകീയനായ കുഞ്ചന്‍ നമ്പ്യാര്‍ ദേവനാരായണരാജാവിന്റെ ആശ്രിതനായിരുന്നു. തുളളല്‍ പിറന്നു വീണത് അമ്പലപ്പുഴയാണ്. ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടവേ നമ്പ്യാര്‍ ഉറക്കം തൂങ്ങിയെന്നും ചാക്യാര്‍ നമ്പ്യാരെ കണക്കിനു കളിയാക്കിയെന്നും ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ നമ്പ്യാര്‍ ഒററ രാത്രി കൊണ്ട് കല്യാണസൗഗന്ധികം കഥ രചിച്ച് പിറ്റേ ദിവസം പുതിയ കലാരൂപം അവതരിപ്പിച്ചെന്നും പറയപ്പെടുന്നു. ആള്‍ക്കാര്‍ ചാക്യാരെ ഉപേക്ഷിച്ച് തുളളല്‍ കാണാന്‍ പോയത്രേ.ചാക്യാരുടെ പരാതിയെ തുടര്‍ന്ന് അമ്പലപ്പുഴ അമ്പലത്തില്‍ തുളളലിനു വിലക്കു വന്നു. ഇന്നും നമ്പ്യാരുടെ മിഴാവ് പ്രത്യേകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഒരിയ്ക്കല്‍ വില്വമംഗലം സ്വാമിയാര്‍ അമ്പലപ്പുഴയില്‍ ദര്‍ശനത്തിനെത്തി. പക്ഷേ ശ്രീകോവിലില്‍ ഭഗവാനില്ല. നാടകശാലയില്‍ സദ്യ നടക്കുന്നു. അങ്ങോട്ടു ചെന്ന സ്വാമിയാര്‍ കാണുന്നത് നെയ്യ് വിളമ്പുന്ന സാക്ഷാല്‍ ഉണ്ണിക്കണ്ണനെയാണ്. സ്വാമിയാരെ കണ്ട് നെയ്യ്പാത്രവുമിട്ട് കണ്ണന്‍ ഓടിമറഞ്ഞു. കണ്ണാന്നു വിളിച്ചു പുറകേയോടിയ സ്വാമിയാര്‍ക്കൊപ്പം ആള്‍ക്കാര്‍ സദ്യയുപേക്ഷിച്ച് എച്ചില്‍കൈയോടെ കണ്ണനെ വിളിച്ച് ഓടി. ഇന്നും ആ ഓര്‍മ്മ പുതുക്കാനായി അമ്പലപ്പുഴയില്‍ നാടകശാലസദ്യ നടക്കുന്നു. പതിന്നാലു കറികളും നാലു വറത്തുപ്പേരികളും നാലു പായസവും നാലു പഴവര്‍ഗ്ഗങ്ങളുമായി വിഭവസമൃദ്ധമായ സദ്യ!ഇന്നും സദ്യ മുഴുമിപ്പിക്കാതെ വളളംകളിപ്പാട്ടുമായ് പടിഞ്ഞാറേ നടയിലെ പുത്തന്‍ കുളം വരെ പോയിമടങ്ങുന്ന ഭക്തരെ ദേവസ്വം അധികൃതരും പോലീസും ചേര്‍ന്ന് വാഴക്കുലയും പണക്കിഴിയും നല്‍കി സ്വീകരിക്കുന്നു.

പായസങ്ങളില്‍ കേമന്‍ എന്നും അമ്പലപ്പുഴ പാല്പായസമാണ്. അമ്പലപ്പുഴയെന്നു കേള്‍ക്കുമ്പോഴേ ആ ഓര്‍മ്മയില്‍ വായില്‍ വെളളമൂറും. ഇതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. ചെമ്പകശ്ശേരി രാജാവിന്റെ സുഹൃത്തായിരുന്നു തലവടി പട്ടമന ഇല്ലത്തെ തിരുമേനി. വെട്ടുകിളി ശല്യം മൂലം ഒരുമണി ധാന്യം പോലുമില്ലാതിരിക്കേ രാജാവ് തിരുമേനിയോട് വിത്തിനായി അയ്യായിരം പറ നെല്ലു വാങ്ങി. അടുത്ത വിളവു കഴിഞ്ഞപ്പോള്‍ നെല്ലു കൊടുക്കാന്‍ ശട്ടം കെട്ടിയിരുന്നെങ്കിലും മന്ത്രി കൊടുത്തില്ല. അമ്പലപ്പുഴ അമ്പലത്തില്‍ തൊഴാന്‍ വന്ന രാജാവിനെ തിരുമേനി തടഞ്ഞു. പലിശ സഹിതം മുപ്പത്താറായിരം പറ നെല്ല് ഉച്ചപൂജയ്ക്കു മുമ്പ് അളന്നു കൊണ്ടു പൊക്കൊണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. നടക്കില്ലെന്നു മനസ്സിലാക്കിയ തിരുമേനി ഒരുപിടി ഭഗവാനു നിവേദിക്കുകയും മുഴുവനും ഭഗവാനു സമര്‍പ്പിക്കുകയും ചെയ്തു. അതിന്റെ പലിശവിഹിതം കൊണ്ടാണത്രേ പാല്‍പ്പായസനിവേദ്യം!

ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴയില്‍ കൊണ്ടുവന്ന് വെച്ചുപൂജിച്ചിരുന്നുവത്രേ. ഇന്നും ആ നട ഗുരുവായൂര്‍ നട എന്നാണറിയപ്പെടുന്നത്. അന്ന് ഗുരുവായൂരപ്പനും കണ്ണന്റെ പാല്‍പായസം നേദിച്ചുവത്രേ. പാല്‍പ്പായസരുചിയിഷ്ടപ്പെട്ട ഗുരുവായൂരപ്പന്‍ ഉച്ചപൂജയ്ക്ക് പായസം രുചിക്കാനെത്തൂമത്രേ. ഏതായാലും പാല്‍പായസരുചി അപാരം തന്നെ!
നുറുക്കരിയും പാലും പഞ്ചസാരയും തിടപ്പളളിയിലെ കിണറിലേയും മണിക്കിണറിലേയും വെളളം സമാസമം ചേര്‍ത്ത് കുറുക്കി പറ്റിക്കുന്നതാണ് അമ്പലപ്പുഴ പാല്‍പായസം. വെളുപ്പിനെ മൂന്നുമണിയ്ക്ക് ആരംഭിക്കുന്ന പായസനിര്‍മ്മാണം പന്ത്രണ്ടു മണിയ്ക്ക് നിവേദ്യത്തിനു തയ്യാറാകും. പായസം ഇളം റോസ് കളറാകുമ്പോള്‍ ശാന്തിക്കാര്‍ ' വാസുദേവാ' എന്നു വിളിക്കും. അപ്പോള്‍ തിടപ്പളളിയില്‍ നിന്നും ആ മനംമയക്കുന്ന പായസഗന്ധം വരികയായി. കണ്ണനെ പോല്‍ പ്രിയങ്കരമായ അമ്പലപ്പുഴ പാല്‍പായസം! ഗോപികമാരെ പോലെ പാല്‍ പായസത്തിനായി പാലുകൊണ്ടുവന്നളക്കുന്ന ഗോപസ്ത്രീകളുടെ നാടായിരുന്നു അമ്പലപ്പുഴ.

ഭക്തിനിര്‍ഭരമായ "ഹരേരാമ ഹരേ കൃഷ്ണാ" വിളികള്‍ക്കൊപ്പം അത്താഴപൂജ കഴിയുകയായി. 'ഹരിവരാസനം' പാടി അയ്യപ്പനെ ഉറക്കിയാണ് നടയടയ്ക്കുന്നതെങ്കില്‍ ഇവിടെ ഉണ്ണിക്കണ്ണനെ എല്ലാം ഏല്‍പ്പിച്ചാണ് നടയടച്ചു പോകുന്നത്. എല്ലാ നടയും അടച്ച് അവസാനം പ്രധാന വാതിലടച്ചു പൂട്ടിക്കഴിഞ്ഞ് നടയ്ക്കു നേരേ നിന്ന് ഉറക്കെ എന്നാല്‍ താളാത്മകമായി ഭക്തിയോടെ ' വാസുദേവാ' എന്നു വിളിക്കുന്നു. അമ്പലവും കരയും നാഥനെ ഏല്‍പ്പിക്കുകയാണ്. ഒരു നടയിലെ ആ വിളി നേര്‍ത്തു നേര്‍ത്ത് ഇല്ലാതാവുമ്പോള്‍ അടുത്ത നടയിലുയരുകയായി ആ വിളി. അങ്ങനെ മൂന്നു നടയിലും. പ്രകൃതിയും ചരാചരങ്ങളും ദൈവവുമെല്ലാം ഒന്നില്‍ ലയിക്കുന്ന അവസ്ഥ!

അമ്പലപ്പുഴ ഉണ്ണിക്കണ്ണനൊത്ത് (ഉഷ. എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക