മെല്‍ബണ്‍: സെന്റ് മേരീസ് സീറോ മലബാര്‍ വെസ്റ്റ് ഇടവകയില്‍ പരി. കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. മാത്യു മണ്ഡപത്തില്‍ കൊടിയേറ്റം നിര്‍വഹിച്ചു തുടക്കം കുറിച്ചു.
എട്ടു ദിവസങ്ങളിലെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മെല്‍ബണിലെ സീറോ മലബാര്‍ വൈദികര്‍ നേതൃത്വം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകീട്ട് മൂന്നിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പരി. കന്യകാമറിയത്തിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് തിരുനാള്‍ പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. വികാരി ഫാ. മാത്യു മണ്ഡപത്തില്‍, കൈക്കാരന്മാരായ ജോസി ജോസഫ്, ഫ്രാന്‍സിസ് ഫിലിപ്പോസ്, സുനില്‍ ദേവസ്യ, സിജോ പി, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ തിരുനാള്‍ ആഘോഷങ്ങള്‍ മനോഹരമാക്കുവാന്‍ പ്രവര്‍ത്തിച്ചു വരുന്നു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍