Image

മുസ്ലിം വോട്ടുബാങ്ക് തകര്‍ത്ത് ഹിന്ദു വോട്ടുബാങ്ക് സൃഷ്ടിക്കണമെന്ന് തൊഗാഡിയ

Published on 06 May, 2012
മുസ്ലിം വോട്ടുബാങ്ക് തകര്‍ത്ത് ഹിന്ദു വോട്ടുബാങ്ക് സൃഷ്ടിക്കണമെന്ന് തൊഗാഡിയ
കാസര്‍കോട്: രാജ്യത്ത് മുസ്ലിം വോട്ടുബാങ്ക് തകര്‍ത്ത് ഹിന്ദു വോട്ടുബാങ്ക് സൃഷ്ടിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ഡോ. പ്രവീണ്‍ തൊഗാഡിയ. ഹിന്ദുസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് താളിപ്പടുപ്പ് മൈതാനത്ത് സംഘടിപ്പിച്ച ബൃഹത് ഹിന്ദു ശക്തിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ച് മുസ്ലിംകള്‍ക്കാണ് സര്‍ക്കാര്‍ ആനുകൂല്യം അനുവദിക്കുന്നത്. മുസ്ലിം വോട്ടുബാങ്ക് കാരണം രാഷ്ട്രീയ നേതാക്കള്‍ അവര്‍ക്ക് മുന്നില്‍ കുമ്പിടുകയാണ്. ഹിന്ദുവിനെ ഇകഴ്ത്തുന്ന തരത്തില്‍ എല്ലാ ആനുകൂല്യവും മുസ്ലിംകള്‍ക്ക് അനുവദിക്കുന്നതിനാല്‍ മുസ്ലിം വോട്ടുബാങ്ക് തകര്‍ക്കണം. കേരളത്തില്‍ ജിഹാദ് നെറ്റ്വര്‍ക്കുണ്ടെന്ന് തൊഗാഡിയ ആരോപിച്ചു. രാജ്യത്തിന്‍െറ എല്ലാ ഭാഗത്തുനിന്നും ജിഹാദിന് തിരിച്ചടിയുണ്ടാകണം . ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് 30,000 രൂപ നല്‍കുന്നത്. ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ സ്വന്തം രാജ്യത്ത് അനുഭവിക്കുന്ന വിവേചനം നേരിടാനാവുകയുള്ളൂവെന്ന് തൊഗാഡിയ പറഞ്ഞു.
ചടങ്ങില്‍ ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അധ്യക്ഷത വഹിച്ചു. പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥ സ്വാമി മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്‍റ് രവീഷ്തന്ത്ര കുന്താര്‍, മോഹന്‍ദാസ് സ്വാമി, ആഞ്ജനേയേശ്വര സ്വാമി, ഗുരുദേവാനന്ദ സ്വാമി എന്നിവര്‍ സംസാരിച്ചു. ടി.കെ. അച്യുതന്‍ സ്വാഗതം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക