Image

ജോബിന്‍ പണിക്കര്‍: ദൃശ്യമാധ്യമരംഗത്തെ അഭിമാനം

ഡോ. മാത്യു ജോയിസ് , ലാസ് വേഗസ് Published on 08 September, 2019
ജോബിന്‍ പണിക്കര്‍: ദൃശ്യമാധ്യമരംഗത്തെ അഭിമാനം
ന്യൂയോര്‍ക്ക്: ദൃശ്യമാധ്യമരംഗത്തെ മികവിനുള്ള മീഡിയ എക്സലന്‍സ് അവാര്‍ഡ് ലഭിച്ച ജോബിന്‍ പണിക്കര്‍ 2012 ഡിസംബറിലാണു ഡാളസിലെ എബിസി-ഡബ്ല്യുഎഫ്എഎ ചാനല്‍ 8 ന്യൂസിനൊപ്പം ചേരുന്നത്.

എട്ടു തവണ എമ്മി അവാര്‍ഡ് നേടിയ ജോബിന്‍ പണിക്കര്‍ 2018-ല്‍ നാഷണല്‍ റിപ്പോര്‍ട്ടര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട നാലു ഫൈനലിസ്റ്റുകളില്‍ ഇടംപിടിച്ചു.

2011, 2012, 2015, 2016, 2018 വര്‍ഷങ്ങളിലാണ് അദ്ദേഹം എമ്മി പുരസ്‌കാരങ്ങള്‍ നേടിയത്. ആറു തവണ എഡ്വേഡ് ആര്‍. മുറോ പുരസ്‌കാരം നേടിയിട്ടുള്ള ജോബിന്റെ റിപ്പോര്‍ട്ടുകള്‍ എപി അവാര്‍ഡുകളും കരസ്ഥമാക്കി. 2011, 2018 വര്‍ഷങ്ങളില്‍ സൊസൈറ്റി ഓഫ് പ്രൊഫഷണല്‍ ജേണലിസ്റ്റ് പുരസ്‌കാരവും നേടി. അദ്ദേഹത്തിന്റെ ഭൂരിഭാഗം റിപ്പോര്‍ട്ടുകളും വന്‍ ജനശ്രദ്ധ നേടി.

ഇന്ത്യ, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ജോബിന്‍ ജോലിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒടുവില്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫറും വെബ് നിര്‍മാതാവും ഷെറിന്‍ മാത്യൂസിന്റെ അനാഥാലയവും സ്വദേശവും സന്ദര്‍ശിച്ചു. ഇന്തോ-അമേരിക്കന്‍ മാതാപിതാക്കള്‍ ദത്തെടുത്ത കൊച്ചു പെണ്‍കുട്ടിയായിരുന്നു ഷെറിന്‍. പിന്നീട് ടെക്‌സസിലെ റിച്ചാര്‍ഡ്‌സണില്‍ മരിച്ചനിലയില്‍ ഷെറിനെ കണ്ടെത്തി. ആ വാര്‍ത്തയെ വിശദമായി പിന്തുടര്‍ന്ന ജോബിന്റെ റിപ്പോര്‍ട്ടുകളാണ്, പിതാവ് വെസ്ലി മാത്യൂസിന്റെ വിചാരണയ്ക്കും ശിക്ഷയ്ക്കും കാരണമായത്.

ഫാദര്‍ യോഹന്നാന്‍, ലില്ലി പണിക്കര്‍ ദമ്പതികളാണ് ജോബിന്റെ മാതാപിതാക്കള്‍. ലോസ് ഏഞ്ചല്‍സിലെ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പുരോഹിതനാണു ഫാദര്‍ യോഹന്നാന്‍ പണിക്കര്‍. ജെന്നി പണിക്കറാണു ഭാര്യ. ജോനാ (6), സോളമന്‍ (4), ആര്യ (1) എന്നിവര്‍ മക്കളാണ്.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഹില്‍ട്ടണ്‍ ഡബിള്‍ട്രീയില്‍ നടക്കുന്ന ഐഎപിസി ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍വച്ച് അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക