Image

'മലയാളിയാവാനാണ് ഇഷ്ടം'; മുല്ലപ്പൂവും ചൂടി ജാര്‍ഖണ്ഡ് സ്വദേശിയായ തൃശ്ശൂര്‍ സബ് കളക്ടര്‍

Published on 09 September, 2019
'മലയാളിയാവാനാണ് ഇഷ്ടം'; മുല്ലപ്പൂവും ചൂടി ജാര്‍ഖണ്ഡ് സ്വദേശിയായ തൃശ്ശൂര്‍ സബ് കളക്ടര്‍

തൃശ്ശൂര്‍ കളക്ടറേറ്റിലെ ഓണാഘോഷത്തില്‍ എല്ലാവരുടെയും ശ്രദ്ധ പോയത് ചുരിദാറുമിട്ട് മുല്ലപ്പൂവും ചൂടി വന്ന ആ പെണ്‍കുട്ടിയിലാണ്. അതാരാണെന്നല്ലേ? ജാര്‍ഖണ്ഡ് സ്വദേശിയായ തൃശ്ശൂര്‍ സബ് കളക്ടര്‍ അഫ്‌സാന പര്‍വീണാണ് മുല്ലപ്പൂവും ചൂടി കളക്ടറേറ്റിലെ ഓണാഘോഷത്തിനെത്തിയത്.

കേരളവും കേരളത്തിന്‍റെ സംസ്കാരവും കേരളത്തിലെ ആഘോഷങ്ങളും എപ്പോഴും അദ്ഭുതപ്പെടുത്താറുണ്ടെന്നും അഫ്സാന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ജാതി- മത ഭേതമന്യേ എല്ലാവരും ഓണം ആഘോഷിക്കുന്നത് കാണുമ്പോള്‍ സന്തോഷവും  അദ്ഭുതവുമാണ്. കേരളീയവസ്ത്രങ്ങളണിഞ്ഞ് സ്ത്രീകളും പുരുഷന്മാരുമെല്ലാം കൊണ്ടാടുന്ന ആഘോഷം തനിക്ക് ഏറെ ഇഷ്ടമാണെന്നും അഫ്സാന പറയുന്നു. ഇതുപോലെ ഒരു സംസ്ഥാനം മുഴുവന്‍ ഒരുപോലെ ആഘോഷിക്കുന്നയൊന്ന് ജാര്‍ഖണ്ഡില്‍ ഇല്ലയെന്നും അഫ്സാന കൂട്ടിച്ചേര്‍ത്തു. 

കളക്ടറേറ്റിലെ ഓണാഘോഷത്തിന് സഹപ്രവര്‍ത്തകര്‍ നല്‍കിയ മുല്ലപ്പൂ അണിഞ്ഞാണ് അഫ്‌സാന എത്തിയത്. ചുരിദാര്‍ ധരിച്ചാണ് സബ് കളക്ടര്‍ എത്തിയത്. സാരിയുടുക്കാന്‍ ഇഷ്ടമാണോ എന്ന ചോദ്യത്തിന് അതെയെന്നും എന്നാല്‍ സാരിയുണ്ടുക്കാന്‍ അറിയില്ല എന്നുമാണ് കളക്ടര്‍ പറഞ്ഞത്. 

കേരളത്തില്‍ ജോലി ചെയ്യുന്നിടത്തോളം കാലം തനിക്ക് മലയാളിയാവാനാണ് ഇഷ്ടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ ഭക്ഷണത്തോടും പ്രത്യേകം ഇഷ്ടമാണ്. 2015ല്‍ തിരുവനന്തപുരത്തായിരുന്നപ്പോള്‍ കഴിച്ച ഓണസദ്യയുടെ രുചി ഇപ്പോഴും നാവിലുണ്ടെന്ന് അഫ്‌സാന പറയുന്നു. തൃശ്ശൂരിന്‍റെ സംസ്കാരവും കേരളത്തിന്‍റെ പ്രകൃതിയെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.  

മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക്കാണ് അഫ്സാനയുടെ ഭര്‍ത്താവ്. രാജസ്ഥാന്‍ സ്വദേശിയാണ് ജാഫര്‍. ഓഗസ്റ്റ് 24-നാണ് തൃശ്ശൂരില്‍ സബ് കളക്ടറായി അഫ്സാന ചുമതലയേറ്റത്. ജാര്‍ഖണ്ട് സ്വദേശിയാണെങ്കിലും അഫ്സാന മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ഒപ്പം നന്നായി മലയാളം സംസാരിക്കുകയും ചെയ്യും.  ജാഫറിനും മലയാളം സംസാരിക്കാന്‍ അറിയാമെന്നും അഫ്സാന പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക