Image

ഉണ്ണിക്കൊരു വീല്‍ചെയര്‍- വേറിട്ട ഓണാഘോഷവുമായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 September, 2019
ഉണ്ണിക്കൊരു വീല്‍ചെയര്‍- വേറിട്ട ഓണാഘോഷവുമായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രൊഫഷണല്‍ സംഘടനയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ (സി.എം.എന്‍.എ) സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കി ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി സെപ്റ്റംബര്‍ 14-നു ഓണം ആഘോഷിക്കുന്നു.

കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എ മെമ്പര്‍ഷിപ്പ് ഫീസ് ഇല്ലാതെ പ്രവര്‍ത്തിക്കുകയും, നിരവധി ജീവകാരുണ്യ, ആരോഗ്യ. സാമൂഹിക, വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്യുന്നു.

ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ മുഖമുദ്ര "ഉണ്ണിക്കൊരു വീല്‍ചെയര്‍' എന്നതാണ്. ജന്മനാ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ ഒരു കുട്ടിക്ക് ഇലക്ട്രിക് വീല്‍ചെയര്‍ ലഭ്യമാക്കുക എന്നതാണ്. 'മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്നത് അന്വര്‍ത്ഥമാക്കുമാറ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസംപകരാനാകട്ടെ മാവേലി മന്നന്റെ ഓര്‍മ്മ.

ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാതിഥി ബ്രാപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണും, ഗസ്റ്റ് സ്പീക്കര്‍ റൂബി സഹോട്ട എം.പിയുമാണ്. കാനഡയിലെ സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ നിരവധി നേതാക്കള്‍ ഓണാഘോഷത്തില്‍ പങ്കാളികളാകും.

കാനഡയിലെ മലയാളി സമൂഹത്തിനു സുപരിചിതമായ സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. കനേഡിയന്‍ ബ്ലഡ് സര്‍വീസുമായി സഹകരിച്ച് ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുക, പുതുതായി എത്തിച്ചേരുന്ന നഴ്‌സുമാര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുക, കാനഡയില്‍ ആതുരസേവനം പൂര്‍ത്തീകരിച്ച് വിരമിക്കുന്ന നഴ്‌സുമാരെ ആദരിക്കുക, ഉദ്യോഗാര്‍ത്ഥികളായ നഴ്‌സുമാര്‍ക്ക് "ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂസ്' എന്ന പരിപാടി സംഘടിപ്പിക്കുക, ഇന്റര്‍നാഷണല്‍ മലയാളി നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനുവേണ്ട സഹായങ്ങള്‍ ലഭ്യമാക്കുകയും, തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടുത്തുകയും ചെയ്യുക, കേരളത്തിലും കാനഡയിലും ഉള്ള സോഷ്യല്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുക എന്നിവയും ഹെല്‍ത്ത് ഏഡ്യൂക്കേഷന്‍ സെഷനുകള്‍ നടത്തിവരുകയും ചെയ്യുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി  കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്യുന്ന ആണ്‍കുട്ടികളില്‍ നിന്നും ഓണക്കുറുമ്പനേയും, പെണ്‍കുട്ടികളില്‍ നിന്നും ഓണക്കുറുമ്പിയേയും, സീനിയേഴ്‌സില്‍ നിന്നും ഓണത്തപ്പനേയും, ഓണത്തമ്മയേയും, യുവാക്കളില്‍ നിന്നും ഓണത്തമ്പുരാനേയും, ഓണത്തമ്പുരാട്ടിയേയും തെരഞ്ഞെടുക്കും. തുടര്‍ന്ന് അവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.

ഈവര്‍ഷത്തെ ഓണസദ്യയ്ക്ക് ഇന്റര്‍നാഷണല്‍ മലയാളി നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനു സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നതാണ്. ഓണത്തിന്റെ മെഗാ സ്‌പോണ്‍സര്‍ വരിക്കണ്ണക്കാട് (ബാരിസ്റ്റര്‍, സോളിസിറ്റര്‍, ആന്‍ഡ് നോട്ടറി പബ്ലിക്, 120 ട്രേഡേഴ്‌സ് ബില്‍ഡിംഗ് ഈസ്റ്റ്, യൂണീറ്റ് 202, മിസ്സിസാഗാ) ആണ്.

സെപ്റ്റംബര്‍ 14-നു ടൊറന്റോയിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ വച്ചാണ് (6890 പ്രൊഫണല്‍ കോര്‍ട്ട്, മിസ്സിസാഗാ) ഈവര്‍ഷത്തെ ഓണാഘോഷം വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ തിരുവാതിര ഉള്‍പ്പടെയുള്ള കലാപരിപാടികള്‍ അരങ്ങേറും.  ഇതിനോടകം കാനഡയിലെ രാഷ്ട്രീയ, സാംസ്കാരിക. സാമുദായിക നേതാക്കള്‍ വേറിട്ട ഈ ഓണാഘോഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ക്ക് കമ്യൂണിറ്റി സര്‍വീസ് അവഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.

സന്ദര്‍ശിക്കുക: www.canadianmna.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക