Image

ജമ്മു കാശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനം തന്നെയെന്ന് പാക് വിദേശകാര്യമന്ത്രി

Published on 10 September, 2019
ജമ്മു കാശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനം തന്നെയെന്ന് പാക് വിദേശകാര്യമന്ത്രി
ജെനീവ: ജമ്മു കാശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കാശ്മീരില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഖുറേഷി കാശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനം എന്ന് വിശേഷിപ്പിച്ചത്.

കശ്മീരില്‍ മനുഷ്യാവകാശങ്ങല്‍ ചവിട്ടിമെതിയ്ക്കപ്പെടുകയാണെന്നും 80 ലക്ഷത്തോളം കാശ്മീരികള്‍ സൈന്യത്തിന്റെ തടവിലാണെന്നും ഖുറേഷി ആരോപിച്ചു. ഇതിനിടെ, കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഖുറേഷി ആവര്‍ത്തിച്ചു. 'ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍' എന്ന് പറഞ്ഞുകൊണ്ടാണ് ഖുറേഷി മാദ്ധ്യമങ്ങളോട് സംസാരിച്ചത്. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും ഖുറേഷി പറഞ്ഞു.

കാശ്മീര്‍ വിഷയത്തില്‍ ഇതിനുമുന്‍പ് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു ശേഷം വീണ്ടും മനുഷ്യാവകാശ കൗണ്‍സിലില്‍ ആരോപണമുയര്‍ത്തുകയായിരുന്നു. ഇന്ന് വൈകിട്ട് ആറ് മണി കഴിഞ്ഞ് നടക്കുന്ന സെഷനില്‍ ഖുറേഷിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യ മറുപടി നല്‍കും. വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് ഠാക്കൂര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക