Image

ഓര്‍മകളില്‍ നല്ലൊരോണം (ജീന രാജേഷ്, കാനഡ)

Published on 10 September, 2019
ഓര്‍മകളില്‍ നല്ലൊരോണം (ജീന രാജേഷ്, കാനഡ)
തീരെച്ചറുപ്പത്തില്‍ ഓണം മിക്കവാറും വീട്ടില്‍ തന്നെയാണ് ആഘോഷിച്ചിരുന്നത്. അത്തം പിറക്കുന്നയന്നു മുതല്‍ കുഞ്ഞു പൂക്കളമിടീക്കും അമ്മച്ചി. സ്‌കൂള്‍ പഠനം തുടങ്ങുന്നതിന് മുന്‍പ് കൂടുതല്‍ കാലവും അമ്മ വീട്ടില്‍ വളര്‍ന്നതിനാല്‍ ഓര്‍മകളിലേറെയും അവിടവുമായി കെട്ടു പിണഞ്ഞാണ് കിടക്കുന്നത്. തുമ്പ, ചെത്തി, ജമന്തി, ചെമ്പരത്തിയുമൊക്കെയിറുക്കാന്‍ അമ്മച്ചിയോ അപ്പച്ചനോ കൂട്ടു വരും. അത്തത്തിന്റെയന്നിടുന്ന പൂക്കളം തീരെച്ചെറുതായിരിക്കും. ഓരോ ദിവസവും പൂക്കളത്തിന്റെ വലുപ്പം കൂടുമായിരുന്നു അവസാനം തിരുവോണത്തിന് കിട്ടുന്നയെല്ലാ പൂക്കളും വച്ചു സാമാന്യം വലിയൊരു പൂക്കളം...

സ്‌കൂളില്‍ പോയിത്തുടങ്ങിയതോടെയാണ് ഞാന്‍ ചാത്തമറ്റത്തേക്ക് പറിച്ചു നടപ്പെട്ടത്. അത്തത്തിനു സ്‌കൂളടച്ചില്ലെങ്കില്‍ രാവിലെ ഓണപ്പൂക്കളമിടുന്നത് ഒറ്റക്കാണ്...

എന്റെ നിറമുള്ള ഓണങ്ങളും ക്രിസ്തുമസുമൊക്കെ അമ്മച്ചിയുടെയും അപ്പച്ചന്റെയുമടുത്താണ്. അതുകൊണ്ട് സ്‌കൂളടക്കാന്‍ നോക്കിയിരിക്കും അവിടേക്കോടാന്‍...

അത്തം മുതല്‍ അമ്മച്ചി എന്തെങ്കിലുമൊരു സ്പെഷ്യല്‍ കൂട്ടാനുണ്ടാക്കും. കാളനും അവിയലും കൂട്ടുകറിയുമൊക്കെ പല ദിവസങ്ങളിലായി കടന്നു വരും. ഒടുവില്‍ തിരുവോണത്തിന്റെയന്ന് പലകറികള്‍ കൂട്ടി ഒരൂണുണ്ടാവും...സാമ്പാറും പരിപ്പുകറിയും ഒരിക്കലും ആ കൂട്ടത്തില്‍ ഉണ്ടാവാറില്ല. പകരം ഒഴിച്ചു കൂട്ടാന്‍ കാളനും മോരുമാണ്. ചിലപ്പോള്‍ ചേന വറുത്തരച്ചൊരു കറി വയ്ക്കും അമ്മച്ചി. കൂട്ടുകറിയും എരിശ്ശേരിയും അവിയലും പപ്പടവുമുണ്ടാകും. ഒപ്പം അരിപ്പായസമോ പയറ് പായസമോ ഏതെങ്കിലുമൊന്ന്...! കൊച്ചാച്ഛയോ അപ്പച്ചനോ പറമ്പില്‍ നിന്നും തൂശനില വെട്ടിവരും അപ്പോള്‍ വീട്ടിലുള്ളവരെല്ലാവരും ഒരുമിച്ചിരുന്നുണ്ണും. പിയ്യാച്ച മിക്കവാറും രാത്രിയാവും വരാന്‍... സദ്യയുടെ ബാക്കി എല്ലാവരുമൊരുമിച്ച് രാത്രിയിലും കഴിക്കും... ഇതായിരുന്നു എന്റെ വീട്ടോണം.

ഓണത്തിന്റെയന്ന് വൈകുന്നേരമോ പിറ്റേന്നോ ഒക്കെ തിരിച്ചു ചാത്തമറ്റത്തേക്കു എത്തണമെന്നായിരിക്കും മമ്മിയുടെ കല്പന. ആ തിരിച്ചു പോക്കില്‍ പിപ്പീക്കെ ബസിന്റെ ഏറ്റവും മുന്നിലെ സീറ്റില്‍ (പെട്ടിപ്പുറത്ത്) സ്ഥാനം പിടിക്കും ഞാന്‍. അമ്മവീട് മുതല്‍ ചാത്തമറ്റം വരെയുള്ള മുഴുവന്‍ ഓണാഘോഷങ്ങളും കാണണം. ബസ്സിന്റെ മുന്നില്‍ ചാടി മറിയുന്ന പുലികളെയും കുന്തം മറിഞ്ഞു നടക്കുന്ന ആളുകളെയും കാണണം. ഓണമുണ്ടിട്ട് പലവിധ കളികള്‍ കാണാന്‍ കവലയിലെക്കൊന്നു പോകണമെന്ന് വച്ചാല്‍ അമ്മച്ചി സമ്മതിക്കില്ല... കൊച്ചാച്ഛയോ കുഞ്ഞാച്ചയോ പോവാറില്ല അതുകൊണ്ടു കൊണ്ടു പോകാനും ആരുമില്ല. ആഘോഷങ്ങളെ അത്രമേലിഷ്ടപ്പെട്ടിരുന്ന മനസ്സിന് കളികളും ഓണാഘോഷങ്ങളും കാണാന്‍ ഒരേയൊരു വഴി ബസ്സിന്റെ മുന്‍ സീറ്റില്‍ ഇരുപ്പുറപ്പിക്കുകയെന്നതു മാത്രം...

ബസ്സിന്റെ മുന്‍ സീറ്റിലിരുന്നു കണ്ടു കൊതിച്ച ആ നാട്ടോണത്തെ ഞങ്ങള്‍ ഒരിക്കല്‍ ഞങ്ങളുടെ നാട്ടിലേക്കും കൊണ്ടു വന്നു. ഞാന്‍ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കാലത്താണ് തൃപ്പള്ളിക്കവല എന്നറിയപ്പെടുന്ന ഞങ്ങളുടെ പടിഞ്ഞാറേ ചാത്തമറ്റത്ത് ഒരു ക്‌ളബ് തല ഉയര്‍ത്തിയത്. അതിന്റെ സാരഥികളായി നാട്ടിലെ കുറെ ചെറുപ്പക്കാരായ ചേട്ടന്മാര്‍. വനിതാ മെംബേര്‍സ് ആയി ഞാനും Ambily Manesh അമ്പിളിയും. അതിനു മുമ്പ് ഞങ്ങളുടെ അടുത്തുള്ള പുരുഷ കേസരികള്‍ മാത്രം കിഴക്കേ ചാത്തമറ്റത്തേക്കു പോയിരുന്നു ഓണമാഘോഷിക്കാന്‍. അവിടുത്തെ ലൈബ്രറിയും അതിനോടനുബന്ധിച്ചു ഓണാഘോഷ പരിപാടികളും പണ്ടേ പ്രസിദ്ധമാണ്.

എന്തായാലും ഞങ്ങളുടെ ഈ ക്ലബ് തലപൊക്കിയതോടെ ഓണാഘോഷത്തിന്റെ തിമിര്‍പ്പ് തൃപ്പള്ളിയിലേക്കും വന്നു.. ഓണത്തിനും നാളുകള്‍ക്കു മുന്നേ തുടങ്ങുന്ന ഒരുക്കങ്ങള്‍... ഓണം കഴിഞ്ഞും നീണ്ടു നില്‍ക്കുന്ന കൊട്ടിക്കലാശങ്ങള്‍....

ഒരു ലഹരിയായിരുന്നു അത്.

സത്യം പറഞ്ഞാല്‍ അതുവരെ ഓണാവധിയെന്നു കേട്ടാല്‍ അമ്മ വീട്ടിലേക്കോടുമായിരുന്ന ഞാന്‍ 'ഓണമുണ്ണാന്‍ കൊച്ചില്ലാണ്ട് വിഷമമാണെടീ' ന്നും പറഞ്ഞു അപ്പച്ചന്‍ വിളിച്ചു കൊണ്ടു പോയാല്‍ 'ആ ഓണം ഉണ്ടില്ലെ ഇനി ഞാന്‍ തിരിച്ചു പോട്ടെ' എന്നു പറയുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍....

എന്തൊരാഹ്ലാദമായിരുന്നു...
എന്തൊരാവേശമായിരുന്നു...
മരിച്ചവര്‍ക്കൊപ്പം ഊഞ്ഞാലാടിയിട്ടുണ്ടോ നിങ്ങള്‍...
പള്ളി സെമിത്തേരിയിലെ വലിയ മരങ്ങളിലായിരുന്നൂ ഞങ്ങളുടെ ഊഞ്ഞാലാട്ടങ്ങള്‍...
വടം വലിയും
സൈക്കിള്‍ റേസും
സ്പൂണില്‍ നാരങ്ങാ വച്ചോട്ടവും
ബൈക്ക് സ്പീഡിലോടിച്ചാല്‍ ആദ്യസ്ഥാനം കട്ടായമെന്നു പറയുന്ന Biju Chacko ബിജുചാച്ചനും Biju Aliyas ബിജു ചേട്ടനുമൊക്കെ പതിയെ ഓടിക്കാന്‍ കഷ്ടപ്പെടുന്ന സ്ലോ റേസിങ്ങും ഒക്കെയായി ആ ക്‌ളബ് ഞങ്ങളെയെല്ലാം ത്രിപ്പള്ളിക്കവലയിലെത്തിച്ചു.

ഷീലാമ്മച്ചേച്ചിയും സുബൈദച്ചേച്ചിയും അമ്പിളിയും ഞാനും ബഷീറേട്ടനും അതി മനോഹരമായി ചിരിക്കുന്ന സന്തോഷേട്ടനും Jerald Mathew ജെറാള്‍ഡ് ചാച്ചനും തമ്പിച്ചാച്ചനും ആന്റിമാരും മത്തായിച്ചാച്ചനും അമ്മച്ചിയും എന്തിനു പറയണം ഒരിടത്തേക്ക് പോലും ഇറങ്ങാത്ത എന്റെ മമ്മിയും കപ്യാരുമലയിലെ ഏലിക്കുട്ടിച്ചേച്ചിയും വരെ വരും ആ ഓണാഘോഷങ്ങള്‍ക്ക്...

RJ Anju Peter ഓര്‍മ്മ ശരിയാണെങ്കില്‍ കൊച്ചെ നീയൊരിക്കല്‍ പാടിയിരുന്നു അവിടെ... അല്ല നീ പാടിയത് ഞാനൊരിക്കല്‍ കേട്ടു അതാവും ശരി...

എല്ലാ ആഘോഷങ്ങള്‍ക്കുമൊടുവില്‍ സമ്മാനമായി കിട്ടുന്ന സോപ്പ് പെട്ടിയും കുഞ്ഞു പ്ലേറ്റുമൊക്കെ തന്നിരുന്ന സംതൃപ്തി...അതൊന്നു വേറെയാണ്...

പിന്നെ എനിക്കും അമ്പിളിക്കും ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല... ഞങ്ങള്‍ സംഘാടകരാണല്ലോ....

നാട് വിട്ടതില്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടിട്ടുള്ളത് ഓണക്കാലം വരുമ്പോഴാണ്...

എന്റെ വീടിനേക്കാള്‍ എന്റെ നാടിനെയാണ് ഞാന്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്നത്...

കാരണം വീടിനെ പോകുന്നിടത്തെല്ലാം കൂടെ കൂട്ടുന്നല്ലോ ഞാന്‍... നഷ്ടമാവുന്നത് നാട് മാത്രം...

ഇന്ന് ആമിക്കുട്ടിക്കും നദിക്കുട്ടിക്കും കാണിച്ചു കൊടുക്കാന്‍ ആഗ്രഹിക്കുന്ന ഓണം ആ പഴയ നാടിന്റെ ഓണമാണ്...

ആ ഓണത്തിന്റെ ലഹരി എന്നെങ്കിലും അവരെയുമൊന്നറിയിക്കണം.

ഓര്‍മകളില്‍ ഇത്ര നല്ലൊരോണം തന്നതിന് ശരിക്കും നന്ദി പറയാനുള്ളത് കിഴക്കേക്കരയിലെ ബാബുച്ചേട്ടനോടാണ്... കാരണം കിഷ്‌കിന്ധ എന്ന് പേരുണ്ടായിരുന്ന, ഓണത്തിനു മാത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുമായിരുന്ന ആ ക്‌ളബ്ബിന്റെ സാരഥി പുള്ളിയായിരുന്നു...

കിഷ്‌കിന്ധയിലെ വാനരപ്പടകള്‍ എന്ന് എല്ലാവരും കളിയാക്കുമായിരുന്നുവെങ്കിലും വലുതും ചെറുതുമായി എല്ലാവരും ആ വാനര സംഘത്തിലേക്കു വന്നു ചേരുമായിരുന്നു...

ആ കൂടിച്ചേരല്‍ ഓര്‍മകളെന്ന പേരില്‍ ദാ എന്റെ കണ്ണ് നിറക്കുന്നു..
അല്ലെങ്കിലും ഈ ഓര്‍മ്മകള്‍ വാനരന്മാരെപ്പോലെയാണ് ചുമ്മാ വികൃതി കാട്ടി ഇങ്ങു കേറിപ്പോരും...
ഞാനാണെങ്കിലോ ഓര്‍മകളുടെ കിഷ്‌കിന്ധയില്‍ വിരാജിക്കുന്ന രാജ്ഞിയും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക