Image

ഫ്‌ളാറ്റുടമകള്‍ക്ക് അന്ത്യശാസനം; 5 ദിവസത്തിനകം ഇറങ്ങണം

Published on 10 September, 2019
ഫ്‌ളാറ്റുടമകള്‍ക്ക് അന്ത്യശാസനം; 5 ദിവസത്തിനകം ഇറങ്ങണം
കൊച്ചി : ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് താമസക്കാര്‍ക്ക് മരട് നഗരസഭ നോട്ടീസ് നല്‍കി. മൂന്നു ഫ്‌ളാറ്റുകളിലെ താമസക്കാര്‍ നോട്ടീസ് കൈപ്പറ്റാതെ പ്രതിഷേധിച്ചു. ഒരു ഫ്‌ളാറ്റിലുള്ളവര്‍ നോട്ടീസ് കൈപ്പറ്റി.

സുപ്രീംകോടതി ഉത്തരവു പ്രകാരം ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ താത്പര്യപത്രം ക്ഷണിച്ചു. പൊളിക്കലില്‍ പ്രതിഷേധിച്ച് തിരുവോണദിനമായ ഇന്ന് ഫ്‌ളാറ്റുടമകള്‍ നഗരസഭാ ഓഫീസിന് മുമ്പില്‍ പട്ടിണി സമരം നടത്തും. എന്തു സംഭവിച്ചാലും ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.

ഇന്നലെ രാവിലെ ചേര്‍ന്ന നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് ചര്‍ച്ച ചെയ്തു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് നല്‍കിയ നിര്‍ദ്ദേശവും ചര്‍ച്ചയായി. തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

നിയമം ലംഘിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് ഉത്തരവുകളുടെയും ചീഫ് സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അഞ്ചു ദിവസത്തിനകം താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഫ്‌ളാറ്റിലുള്ള സാധനസാമഗ്രികളും നീക്കം ചെയ്യണം. ഒഴിയാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

നഗരസഭാ കൗണ്‍സില്‍ യോഗശേഷം ഉച്ചകഴിഞ്ഞാണ് നഗരസഭാ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസ് സംരക്ഷണത്തില്‍ ഫ്‌ളാറ്റുകളിലെത്തിയത്.

കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റിലെ താമസക്കാര്‍ ഗേറ്റ് പൂട്ടി സെക്രട്ടറിയും ഉദ്യോഗസ്ഥരും അകത്തു കടക്കുന്നത് തടഞ്ഞു. മതിലില്‍ നോട്ടീസ് പതിപ്പിച്ചശേഷം സെക്രട്ടറി മടങ്ങി. കണ്ണാടിക്കടവിലെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിലെ താമസക്കാരായ ഫ്രാന്‍സിസ്, അബൂബക്കര്‍, ജയശങ്കര്‍ എന്നിവര്‍ ഉപാധികളോടെ നോട്ടീസ് കൈപ്പറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക