Image

ഉന്നാവ്‌ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

Published on 11 September, 2019
ഉന്നാവ്‌ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

ഡല്‍ഹി: മുന്‍ ബിജെപി നേതാവും എംഎല്‍എയുമായ കുല്‍ദീപ്‌ സിങ്‌ സെന്‍ഗര്‍ പ്രതിയായ ഉന്നാവ്‌ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി പ്രത്യേക കോടതി ജഡ്‌ജി നേരിട്ടെത്തി രേഖപ്പെടുത്തി.

 വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചാണ്‌ പ്രത്യേക കോടതി ജഡ്‌ജി ധര്‍മേഷ്‌ ശര്‍മ മൊഴി രേഖപ്പെടുത്തിയത്‌. 

ഇതിനായി ആശുപത്രിയില്‍ താല്‍ക്കാലിക കോടതിമുറി സജ്ജീകരിച്ചിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിനായി സെന്‍ഗറിനേയും ആശുപത്രിയിലെത്തിച്ചിരുന്നു.

എയിംസില്‍ സജ്ജീകരിച്ച താല്‍ക്കാലിക കോടതിമുറിയില്‍ രഹസ്യ വിചാരണയാണ്‌ നടക്കുന്നത്‌. ആശുപത്രിയിലെത്തി വാദം കേള്‍ക്കണമെന്ന പ്രത്യേക കോടതി ജഡ്‌ജിയുടെ ആവശ്യത്തിന്‌ ഡല്‍ഹി ഹൈക്കോടതിയാണ്‌ അനുമതി നല്‍കിയത്‌. 

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്‌. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ്‌ വിചാരണ എയിംസിലേക്കു മാറ്റിയത്‌.

ജൂലൈയില്‍ സ്വദേശമായ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നിന്നും റായ്‌ബറേലിയിലേക്ക്‌ സഞ്ചരിക്കവെ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്‌ പെണ്‍കുട്ടിക്കു ഗുരുതരമായി പരുക്കേറ്റത്‌. 

കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രണ്ട്‌ സ്‌ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന്‌ എയിംസില്‍ പ്രത്യേക കോടതി തയാറാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പെണ്‍കുട്ടിയെ വധിക്കാന്‍ സെന്‍ഗര്‍ ആസൂത്രണം ചെയ്‌തതാണ്‌ കാര്‍ അപകടമെന്നാണ്‌ ആരോപണം. കാര്‍ അപകടത്തെക്കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്‌. 

ഉന്നാവുമായി ബന്ധപ്പെട്ട അഞ്ചു കേസുകള്‍ ഡല്‍ഹിലേയ്‌ക്ക്‌ മാറ്റാനും പ്രത്യേക ജഡ്‌ജിയെ നിയമിക്കാനും ഓഗസ്റ്റ്‌ ഒന്നിനാണ്‌ സുപ്രീം കോടതി നിര്‍ദേശിച്ചത്‌. 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തായാക്കാനും കോടതി ഉത്തരവിട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക