Image

നാരായണ ഗുരു ഒരു ഹിന്ദു സന്യാസിയോ...? (ഗീത രാജീവ്)

Published on 13 September, 2019
നാരായണ ഗുരു ഒരു ഹിന്ദു സന്യാസിയോ...? (ഗീത രാജീവ്)
തിരുവനന്തപുരത്ത് ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ 1856ല്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച നാരായണന്‍ 1888 –ലെ ശിവപ്രതിഷ്ഠയോടു കൂടിയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. അതിനിടയില്‍ ഒരു സമൂഹത്തെ മുഴുവന്‍ ഭൌതികവും ആത്മീയവുമായ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനുള്ള ആത്മബലം തപസ്സുകൊണ്ടും വിദ്യകൊണ്ടും ഗുരു നേടികഴിഞ്ഞിരുന്നു.ഒരേസമയം ഋഷിയും കവിയും ഗുരുവുമായി ആധുനികകേരളത്തിന് കിട്ടിയ വരദാനമായിരുന്നു നാരായണഗുരു. 20 താം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന സവിശേഷമായ നവോത്ഥാനത്തിന്‍റെ ആണിക്കല്ലായിരുന്നു ഗുരുവിന്‍റെ ശിവപ്രതിഷ്ഠ.

1888 –ലെ ശിവരാത്രി ദിവസം പ്രകൃതി രമണീയമായ നെയ്യാറ്റിന്‍ കരയിലെ ശങ്കരന്‍ കുഴിയില്‍  ഉറങ്ങികിടന്ന ശിലാഖണ്ഡം ഗുരുവിന്റെ കൈയ്യില്‍ ചരിത്രം തിരുത്തി കുറിച്ചനാഴികകല്ലായി മാറുമ്പോള്‍ മൂവായിരം വര്‍ഷംകൊണ്ട് മുറ്റി മുരടിച്ച് ആത്മാവ്‌പോലും കൈമോശം വന്ന ഒരു ജനതക്ക് അതു വീണ്ടെടുത്തു കൊടുക്കുകയായിരുന്നു ഗുരു ചെയ്തത് .
 സാമൂഹ്യപരമായും, സാഹിത്യപരമായും , സാംസ്കാരികപര മായുമുള്ള ഒരു വ്യവസ്ഥിതിയുടെ ശാപത്തില്‍ നിന്നും ഒരു ജനാവലിയെ മോചിപ്പിച്ചെടുക്കുകയായിരുന്നു ക്ഷേത്രപ്രതിഷ്ഠ വഴിയും സ്‌ത്രോത്രകൃതികള്‍ വഴിയും ഗുരു നിറവേറ്റിയത്. വെറും ആരാധനാലയങ്ങള്‍ എന്നതിനപ്പുറം ഒരു ജനതയുടെ സാംസ്കാരിക കേന്ദ്രങ്ങളായാണു ഗുരു ക്ഷേത്രങ്ങളെ വിഭാവന ചെയ്തത്. ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങളും, കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനകേന്ദ്രങ്ങളും വായനാശാലകളും , എല്ലാ മതഗ്രന്ധങ്ങളും ശേഖരിച്ചു പഠിക്കുവാനുള്ള സൌകര്യങ്ങളും ഉണ്ടാവണമെന്ന് ഗുരു നിര്‌ദ്ദേശിച്ചു. ഉത്സവത്തിനും, കരിമരുന്നിനുമല്ല ജനങ്ങള്‍ക്ക്  വന്നിരിക്കാനും പ്രസംഗിക്കാനുമുളള വിശാലമായ മുറികളാണു വേണ്ടതെന്ന് നിര്‍ദ്ദേശിച്ചു. കാര്‍ഷിക ജീവിതം വ്യസായം  മുതലായവ നിത്യവൃത്തിക്കുള്ള ആയോധനാ മാര്‍ഗങ്ങളെന്ന നിലയില്‍ കവിഞ്ഞ പ്രാധാന്യത്തോടെ മനുഷ്യന്‍ സ്വീകരിക്കണം എന്ന് ഉപദേശിച്ചു. അതേ ക്ഷേത്രങ്ങളെ തന്നെയാണ് വിശ്വമാനവികതയുടെ വേദിയായും ഗുരു കണ്ടത്. അറിവിപ്പുറം ക്ഷേത്രച്ചുവരില്‍ ഗുരു കുറിച്ചിട്ടത് വിശ്വമാനവികതയുടെ സുക്തമായിരുന്നു .

‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സ്വോതരത്യേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.”

പില്‍ക്കാലത്ത് ക്ഷേത്രപ്രെതിഷ്ഠകൊണ്ട് ഗുരുപ്രെതീക്ഷിച്ച മാറ്റം ഉണ്ടാകുന്നില്ല എന്ന് വേദനയോടെ തിരിച്ചറിഞ്ഞ ഗുരു 1917 ലെ വിളംബരത്തില്‍ ഇക്കാര്യം വ്യക്തമാക്കി.

“ജാതിഭേദം കുടാതെ ഒരു പൊതു ആരാധനസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ച് ചേര്‍ക്കുവാന്‍ ക്ഷേത്രങ്ങള്‍ വഴി കഴിയുമെന്ന് തോന്നിയിരുന്നു. അനുഭവം നേരേമറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനിയും ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാവാന്‍ ശ്രമിക്കണം .അവര്‍ക്ക്  അറിവുണ്ടാകട്ടെ .അതുതന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്. പിന്നിട് വിഗ്രഹങ്ങള്‍ക്ക് പകരം പ്രതീകങ്ങള്‍ സ്ഥാപിക്കാനയിരുന്നു ഗുരുവിന് താല്‍പര്യം.

 “1916ല്‍ ഗുരു ഇങ്ങനെ പ്രസ്താവിച്ചു. ഏതെങ്കിലും ഒരു പ്രത്യേക മതവുമായി നമുക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. നാമായി ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ലാ. നാം ചില ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് ചിലരുടെ ആഗ്രഹമനുസരിച്ചാണ്. അതുപോലെ തന്നെ ക്രിസ്താനികള്‍ , മുസ്ലീംങ്ങള്‍ മുതലായവര്‍ ആവശ്യപ്പെടുന്ന പക്ഷം അവര്‍ക്കും  വേണ്ടത് ചെയ്തുകൊടുക്കുവാന്‍ നമുക്ക് എപ്പോഴും സന്തോഷമാണ് ഉള്ളത്. നാം ജാതിമതങ്ങള്‍ വിട്ടിരിക്കുന്നു” വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍ മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലിലും ചേര്‍ക്കുകയുള്ളൂ എന്നും, വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു “

എന്ന് മാത്രമല്ല , കേരളത്തില്‍ നിലനില്‍ക്കുന്ന ഈ പ്രെത്യേക ജാതീയമായ മനോഭാവം സഹിക്കവയ്യാതെ വന്നപ്പോള്‍ “ നാമിനി കേരളത്തിലേക്കില്ല “എന്ന് പറഞ്ഞുകൊണ്ട് സിലോണിലേക്ക് പോവുകയും അവിടെത്തന്നെ തങ്ങുകയും ചെയ്തു. ആ സമയത്ത് ആലുംമൂട്ടില്‍ എ. കെ .ഗോവിന്ദദാസും ശിവഗിരിമഠത്തിലെ ഗോവിന്ദാനന്ദ സ്വാമിയും കൂടി ചേര്‍ന്ന് അവിടെ ചെന്ന് ഗുരുവിന്‍റെ കാലില്‍ സാഷ്ടാംഗം പ്രണമിച്ച് തിരിച്ചു കേരളക്കരയിലേക്ക്കൂട്ടി കൊണ്ടുവരികയായിരുന്നു എന്നും പറയപ്പെടുന്നു. ‘നമുക്കാരുമില്ലല്ലോ തമ്പി , നീ യെങ്കിലും നമ്മോടൊപ്പം നില്‍ക്കുമോ” എന്നു ഗുരു വിലപിച്ചതായി നടരാജഗുരുവും പായുന്നു. “ആ ഉത്തരവാദിത്വം നാം എറ്റെടുക്കുന്നു എന്നായിരുന്നു നടരാജഗുരുവിന്‍റെ മറുപടി.” നടരാജഗുരുവിന്‍റെ ആദര്‍ഷധീരത തൊട്ടറിഞ്ഞ നാരായണഗുരുതന്നെയാണ് നടരാജഗുരുവിനെ പാരിസിലേക്ക് പഠിക്കാന്‍ അയക്കുന്നതും....നാരായണഗുരുവിനു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു ഡോക്ടര്‍പല്‍പ്പുവിന്‍റെ മകന്‍ Dr.നടരാജന്‍..

ഏതൊരു മഹാനും പില്‍ക്കാത്ത് അറിയപ്പെടുന്നത് അവരുടെ കൃതികളിലൂടെയും അവര്‍ ജീവിച്ചിരുന്ന കാലഘട്ടങ്ങിളിലുടെയും ഒക്കെയാണ് അല്ലാതെ100വര്‍ഷങ്ങള്‍ക്കപ്പുറം നിലനിന്ന തെറ്റുകളെ തിരുത്തുവാന്‍ ഉപയോഗിച്ച ഏതെങ്കിലും മാനദണ്ഡങ്ങളെ ഒരു ഗുരുവിന്റെ മാഹാത്മൃമായി കൊട്ടിഘോഷിച്ചുകൊണ്ടല്ല.

“സംഘടനകൊണ്ടു ശക്തരാകുക, വിദ്യകൊണ്ട്പ്രബുദ്ധരാകുക “ യെന്നു ഗുരു പറഞ്ഞപ്പോള്‍ അതിലെ സാമ്പത്തികവും മതപരവുമായ നേട്ടങ്ങളെ സ്വീകരിക്കുകയും ധാര്‍മ്മികമായ അംശങ്ങളെ നാം നിഷ്കരുണം വിട്ടുകളയുകയും ചെയ്തിരിക്കുന്നു. ഏതൊരു മഹാത്മാക്കളെ സബന്ധിച്ചും ഇത്തരം മൂല്യശോഷണം ഒരുതുറന്ന പുസ്തകമായി നമുക്ക്മുന്പി്ല്‍ ഇരിക്കുന്നു.. അതുകൊണ്ടുതന്നെ വരും തലമുറയിലേക്ക് ഗുരുവിന്റെ ദര്‍ശനങ്ങള്‍ പകരും മുന്‍മ്പ് നാം നമ്മിലേക്ക് ഒന്ന് ഉണരേണ്ടതുണ്ട് ഗുരുക്കന്മാരെ വെളിച്ചത്തിലേക്ക്‌കൊണ്ടുവരും മുന്‍പ് നാം നമ്മെ വെളിച്ചത്തിലേക്ക് നയിക്കെണ്ടതുണ്ട്. അല്ലാതുള്ള ഗുരുസ്തുതികള്‍ വെറും ഉപരിപ്ലവങ്ങളായി മാത്രമായേ വരും    തലമുറവിലയിരുത്തുകയുള്ളു...
അതുണ്ടാവാതിരിക്കട്ടേ...

അത്രമാത്രം ശാസ്ത്രീയമായി പുരോഗതിയിലെത്തിയ ഒരുകാലത്തിലൂടെയാണ്‌നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. യുക്തിക്ക്‌നിരക്കാത്തതൊന്നും സ്വികരിക്കുവാന്‍ പുതിയ കാലത്തിനാവില്ല. ഇന്നിന്റെ കാലത്തിനാവശ്യമായ ഗുരുവിനെ കണ്ടെത്താന്‍ നാം ഇനിയെങ്കിലും ശ്രമിക്കേണ്ടതുണ്ട്..അതായിരിക്കണം നമ്മുടെ ഗുരുപുജ.

ഈ വര്‍ത്തമാനകാല ജീവിതത്തില്‍ നമ്മുടെ കണ്‍മുമ്പിലൂടെ ഓരോനിമിഷവും കടന്നു പോയ്‌കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വ്യക്തിജിവിതത്തിലും സാമുഹ്യജീവിതത്തിലും പരിഹാരം ഉണ്ടാക്കാന്‍ ഗുരുവിന്റെ ആഴമുള്ളജ്ഞാനകാണ്ടം നമുക്ക് ഉപകരിക്കുമെങ്കില്‍ ഗുരുവിനെ നാം മനസിലാക്കാന്‍ ശ്രമിക്കുന്നു എന്ന് പറയാം.ഒരു ഗുരുവിന് നല്കാവുന്ന ഏറ്റവും നല്ല ഗുരുസ്തുതിയും അതാവും……
നാരായണഗുരു അവര്‍ണ്ണരുടെയോ സവര്‍ണ്ണരുടെയോ ഗുരുവല്ല , അവര്‍ണ്ണനീയനായ ഗുരുവാണ് .             

Join WhatsApp News
Sudhir Panikkaveetil 2019-09-13 18:11:29
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നുദ്ഘോഷിച്ച 
ഗുരുവിനെ  ഈഴവസ്വാമിയായി ലോകം കാണുന്നു.   ഇയ്യിടെ ഒരു ഇംഗളീഷ് 
പത്രത്തിൽ  താഴ്ന്ന ജാതിയിൽ പിറന്ന സ്വാമി  എന്നൊരു 
വിശേഷണം കണ്ടു. സ്വാമിയെ സിലോണിൽ നിന്നും 
സർവശ്രീ ഗോവിന്ദദാസും, ഗോവിന്ദാനന്ദ സ്വാമിയും 
കേരളത്തിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല. 
ഈഴവ സമൂഹവും സ്വാമിയെ അവരുടെ സ്വാമിയാക്കി 
വച്ചിരിക്കുന്നു. മറ്റു മതക്കാർ സ്വാമിയെ ഗൗനിക്കിയില്ലെന്നുള്ളത് വാസ്തവം.ഗുരുമൂലം മതപരിവർത്തനം ഒരു പരിധി വരെ തടയാൻ കഴിഞ്ഞുവെന്നത് ഒരു സത്യം.
ഓരോരുത്തരും മാതാപിതാക്കളുടെ വിശ്വാസമെന്ന   തടവറയിലേക്ക്  ജനിച്ചു 
വീഴുന്നു. അവിടെ നിന്നും ഒരു ന്യാന്യായാധിപനും 
അവരെ മോചിപ്പിക്കുന്നില്ല. മതം മാറുന്നവർ പോലും മുന്തിയ ജാതിയിൽ 
നിന്നും മാറിയവർ എന്നവകാശപ്പെടുന്നു. ജാതി ഒരു തീരാവ്യാധിയാണ്.ലേഖനം നന്നായിരുന്നു. 
ജാതി,മതം,ദൈവം വേണ്ട മനുഷന് 2019-09-13 20:31:16

ഞാന്‍ കണ്ട ഗുരു, ഞാന്‍ പഠിച്ച ഗുരു –

ഒരു ജാതി ഒരു മതം..... എന്നതില്‍ നിന്നും വളരെയധികം ദൂരെയുള്ള പാതകളില്‍ സഞ്ചരിച്ച ഗുരു ആയിരുന്നു ശ്രി നാരായണ്‍.. അന്നത്തെ  മതത്തിന്‍റെ ചീഞ്ഞു അളിഞ്ഞ സമൂഹത്തിനു പെട്ടെന്നൊരു മോചനം കൊടുക്കുവാന്‍ വേണ്ടി ആവാം അവര്‍ക്ക് മനസ്സില്‍ ആകുന്ന ഭാഷയില്‍ - ഒരു ജാതി .....എന്നൊക്കെ അദേഹം പറഞ്ഞു എന്ന് ഇന്നു പലരും കൊട്ടി ഗോഷിക്കുന്നത്. രജനീഷ്/ ഓഷോ കൊടി കുത്തി വാഴുന്ന സമയം ആണ് ഫിലോസഫിയുടെ ഒരു എളിയ ആരാധകന്‍ ആയി എന്‍റെ ജീവിതം മാറ്റി മറിക്കപെട്ട കാലം. റീടെസ് ഡൈജെസ്റ്റ് കയ്യില്‍ പിടിച്ചു ഓഷോയെകുറിച്ച് സംസാരിക്കുന്നവന്‍ ബുദ്ദി ജീവി എന്ന് വിദ്യാധരന്മാര്‍ പോലും കരുതുന്ന കാലം. സോക്രട്ടീസ്- റസ്സല്‍; ഇവരൊക്കെ സിരകളില്‍ പിച്ചും പേയും പറഞ്ഞു നുരഞ്ഞു ഞരമ്പില്‍ ഉള്ളില്‍ കയറി വടംവലി/വാദം നടത്തുന്ന കാലം. അന്നൊക്കെ എന്നെ ഏറ്റവും ആകര്‍ഷിച്ച ഗുരു ആണ് ശ്രി നാരായണന്‍. ഗുരു ഇന്നു ജീവിച്ചിരുന്നു എങ്കില്‍ അദേഹം പറഞ്ഞേനെ ‘ മതം വേണ്ട, ജാതി വേണ്ട, ദൈവം{മനുഷര്‍ ഉണ്ടാക്കിയ ദൈവങ്ങള്‍} വേണ്ട; മനുഷന്, മനുഷന്‍ ആയി ജീവിക്കാന്‍.-andrew

 

വിദ്യാധരൻ 2019-09-14 00:10:45
"ജാതിഭേദം കുടാതെ ഒരു പൊതു ആരാധനസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ച് ചേര്‍ക്കുവാന്‍ ക്ഷേത്രങ്ങള്‍ വഴി കഴിയുമെന്ന് തോന്നിയിരുന്നു. അനുഭവം നേരേമറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനിയും ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാവാന്‍ ശ്രമിക്കണം .അവര്‍ക്ക്  അറിവുണ്ടാകട്ടെ .അതുതന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്."  ക്ഷേത്രങ്ങൾ മാത്രമല്ല, ക്രൈസ്തവ ദേവാലയങ്ങൾ  , മുഹമ്മദീയപ്പളളി അങ്ങനെ എല്ലാം തന്നെ ജാതിപ്പിശാചിന്റെ ആവാസ കേന്ദ്രങ്ങളാണ് . 

ആണും പെണ്ണും വേർതിരിച്ചു 
കാണും വണ്ണമിനത്തെയും 
കാണണം കുറികൊണ്ടിമ്മ 
ട്ടാണു നാം അറിയേണ്ടത് (ജാതിലക്ഷണം -ശ്രീനാരായണ ഗുരു )

പുരുഷനും സ്ത്രീയുമെന്ന് മറ്റാരും പറയാതെതന്നെ ലക്ഷണം കൊണ്ട് തിരിച്ചറിയാൻ കാഴിയുന്നതുപോലെ തിരിച്ചറിയാൻ കഴിയുന്നെത് ഏതാണോ അതാണ് ജാതി - പുരുഷനും സ്ത്രീയും ചേർന്നത് മനുഷ്യ ജാതിയാണ് .  ഇത് ഒരു പരമസത്യമാണ് . എന്നാൽ മതം എന്ന പിശാച് മനുഷ്യന്റെ മേൽ എന്ന് ആവാഹിച്ചോ അന്നു തുടങ്ങി മനുഷ്യൻ 'മനുഷ്യജാതിയെന്ന " സത്യത്തിൽ നിന്ന് അകലാൻ തുടങ്ങുകയും പരസ്പരം വെട്ടി മരിക്കാനും തുടങ്ങി .   എന്തു കൊണ്ട് മനുഷ്യർക്ക് , അവരെ , മനുഷ്യജാതിയായി കാണാൻ കഴിയാത്തത് ? അതിന് കാരണം അജ്ഞത എന്ന ഇരുട്ടാണ് .  ഈ അജ്ഞത മാറ്റിയെങ്കിലേ  ജാതിഭേദങ്ങളെ ഇല്ലാതാക്കി മനുഷ്യ ജാതിയെ ഒന്നാക്കാൻ കഴിയു എന്ന് അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണ് , "ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങളും, കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനകേന്ദ്രങ്ങളും വായനാശാലകളും , എല്ലാ മതഗ്രന്ധങ്ങളും ശേഖരിച്ചു പഠിക്കുവാനുള്ള സൌകര്യങ്ങളും ഉണ്ടാവണമെന്ന് ഗുരു നിര്‌ദ്ദേശിച്ചു. ഉത്സവത്തിനും, കരിമരുന്നിനുമല്ല ജനങ്ങള്‍ക്ക്  വന്നിരിക്കാനും പ്രസംഗിക്കാനുമുളള വിശാലമായ മുറികളാണു" വേണ്ടതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചത് . അതുകൊണ്ടാണ് ചെറുഭാഷാപദ്യങ്ങളടങ്ങിയ അദ്വൈത വേദാന്ത കൃതിയായ 'അറിവ് ' (ബോധം ) രചിച്ചത് .  

അറിയപ്പെടുമിത് വേറ-
ല്ലറിവായിടും തിരഞ്ഞിടുന്നേരം 
അറിവിതിലൊന്നായതുകൊ -
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും (അറിവ് - ഗുരു )

അറിവ് , അറിയപ്പെടുന്ന പദാർത്ഥങ്ങൾ എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്തറിയുമ്പോൾ അറിയപ്പെടുന്ന ഈ പ്രബഞ്ചം ബോധസ്വരൂപമായ അറിവ് തന്നെയാണ് തെളിയും .കണ്ണടച്ചാൽ ഒരു വസ്തുവിനെ കാണാൻ കഴിയാത്തത് ഇക്കാരണം കൊണ്ടാണ് . ഒരു വസ്തു ഉണ്ടായിട്ടും കാര്യമില്ല അത് ഉണ്ട് എന്ന് തോന്നണെമെങ്കിൽ  ബോധം ഉണ്ടെങ്കിലേ സാധിക്കു- കണ്ണ് എന്ന ഇന്ദ്രിയത്തിലൂടെ ബോധം അല്ലെങ്കിൽ അറിവ്  ആ വസ്തുവിനെ  കാണുന്നു 

അറിവന് അല്ലെങ്കിൽ ബോധത്തിന് ജാതി മത ഭേദമില്ല - അങ്ങനെ ജാതിബ്ദമില്ലാത്ത ഒരു ബോധം എല്ലാവരിലും നില നിൽക്കുന്നു എന്നറിഞ്ഞാൽ അല്ലെങ്കിൽ നാം ആരെന്നറിഞ്ഞാൽ പിന്നെ ഇവിടെ ഒരു മതത്തിനും നിലനില്പുണ്ടാകില്ല .  അതുകൊണ്ടാണ് സർവ്വ മതവും മനുഷ്യരെ അജ്ഞതയുടെ ഇരുട്ടറകളിൽ തളച്ചിട്ട് , ചുടു ചോർ വാരിപ്പിക്കുന്നത് . 

"മലയാളിയുടെ സത്വബോധത്തിന്റെ അതിരുകൾ വിപുലീകരിച്ച ദർശിക്കാനാണ് ശ്രീനാരായണഗുരു . ജാതിയുടെ ഇടുങ്ങിയ ഇടങ്ങളിൽ തളച്ചിടപ്പെട്ട മലയാളിയുടെ സത്വത്തിന് പ്രാദേശികവും ദേശീയവും സർവദേശീയവുമായ വികാസത്തിന്റെ വിപുലമായ ഇടം ചൂണ്ടിക്കാട്ടിയത് ശ്രീനാരായണ ദർശനമാണ് . മനുഷ്യപുരോഗതിക്കും സാമൂഹ്യ മുന്നേറ്റത്തിനും വിലങ്ങു തടിയായി നിൽക്കുന്ന ജീർണ്ണിച്ച വിശ്വാസങ്ങളെ തുടച്ചു നീക്കി" (ഡോ. രാജൻ വറുഗീസ് , സി . അശോകൻ , കേരള ഭാഷ ഇന്സിസ്റ്റിട്യൂട്ട് )  മനുഷ്യനെ സ്വതന്ത്രമാക്കാൻ ഇനിയും അത്തരക്കാർ ഭൂമിയിൽ ഉണ്ടാകട്ടെ .   മനുഷ്യന്റെ അജ്ഞതയെ അകറ്റാൻ , ശ്രീ അന്ദ്രൂസ് , സുധീർ പണിക്കവീട്ടിൽ തുടങ്ങിയവർ നിരന്തരം നടത്തുന്ന ഒറ്റയാൾ യുദ്ധങ്ങൾക്ക് . പട്ടും വളയും കിട്ടിയില്ലെങ്കിലും  മതത്തിന്റെ ചങ്ങലയിൽ ബന്ധിതരായിക്കിടക്കുന്നവരെ അസ്വാസ്ഥരാക്കാൻ കഴിയുന്നുവെങ്കിൽ അതിന്റെ അർഥം അത് ലക്ഷ്യ സ്ഥാനങ്ങളിൽ കൊള്ളുന്നുവെന്നാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക