Image

ഓര്‍മ്മകള്‍ ബാക്കിയാക്കി മടക്കം; നടന്‍ സത്താര്‍ അന്തരിച്ചു

Published on 17 September, 2019
ഓര്‍മ്മകള്‍ ബാക്കിയാക്കി മടക്കം; നടന്‍ സത്താര്‍ അന്തരിച്ചു


മലയാളത്തിലെ പ്രമുഖ നടന്‍ സത്താര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.50ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് മൂന്നുമാസമായി ചികില്‍സയിലായിരുന്നു അദ്ദേഹം. 1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 1976ല്‍ അനാവരണത്തിലൂടെ നായക പദവിയില്‍ എത്തി.


നിരവധി വില്ലന്‍ വേഷങ്ങളിലുടെയും ശ്രദ്ധേയനായി. 2014 ലെ പറയാന്‍ ബാക്കിവച്ചത് ആണ് അവസാനചിത്രം. കബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് കൊടുങ്ങല്ലൂരുകാരന്‍ സത്താറിനെ സിനിമയിലെ തിരിച്ചത്. നായകനായും വില്ലനായും സിനിമയില്‍ അരങ്ങേറിയത് നാലുപതിറ്റാണ്ടുകാലം.


 ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും പരാതികളില്ലാതെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച സത്താറിനെ ഓര്‍ക്കാന്‍ നിരവധി കരുത്തുറ്റ വേഷങ്ങളുണ്ട് പ്രേക്ഷകമനസ്സില്‍ ഇന്നും ഉള്ളത്.പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിനെ നായകവേഷത്തില്‍ എത്തിച്ചത്. ആ അപേക്ഷ പരിഗണിച്ചതാകട്ടെ വിന്‍സെന്റ് മാഷിന്റെ അനാവരണത്തിലും. എഴുപതുകളുടെ മധ്യത്തിലെത്തിയ ചിത്രത്തിന്റെ വിജയം സത്താറിന്റെ മുന്നേറ്റത്തിന്റെ വഴികള്‍ ആയിരുന്നു.


തുടര്‍ന്നെത്തിയ യത്തീമിലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് നായകനായും പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞുനിന്നു.ബെന്‍സ് വാസു, ഈ നാട്,അവളുടെ രാവുകള്‍ ഈ സിനിമയിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകമനസില്‍ കയറി.ശരപഞ്ജരത്തില്‍ നായകവേഷം പങ്കിട്ട ജയന്‍ സൂപ്പര്‍താരമായി മാറിയതോടെ ഇരുവരും ഒന്നിച്ച്‌ സിനിമകളുണ്ടായി തുടങ്ങി. അതിനിടെയാണ് സിനിമാ ലോകം അസൂയയോടെ നോക്കി കണ്ട ബീനയില്‍ കൂടെ അഭിനയിച്ച മുന്‍നിര നായിക ജയഭാരതി ജീവിതസഖിയായി എത്തുന്നത്. എന്നാല്‍ വിധിയുടെ ക്രൂരതയില്‍ അവര്‍ വേര്‍പിരിയേണ്ടി വന്നു. സത്താറിന്റെ ജീവിധത്തിലെ എക്കാലത്തെയും ദുഃഖം ആയിരുന്നു അത്.


നടന്മാരായ രതീഷിനോടും ജയനോടും ആത്മബന്ധം പുലര്‍ത്തിയ അദ്ദേഹം ഇരുവരുടെയും മരണം വല്ലാതെ സങ്കടത്തില്‍ ആക്കി. എണ്‍പതുകളില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദ്വയങ്ങളുടെ കടന്നുവരവോടെ സത്താര്‍ വില്ലന്‍വേഷങ്ങളിലേക്ക് മാറുകയായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ ലോ ബ‍ഡ്ജറ്റ് കോമഡി സിനിമകളില്‍ സത്താര്‍ സ്ഥിരം സാന്നിധ്യമായി. തമിഴില്‍ മയില്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ അദ്ദേഹം ചെയ്തു. 2012 ലെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം സത്താറിന്റെ മടങ്ങിവരവ് തന്നെ ആയിരുന്നു. കാഞ്ചി, നത്തോലി ചെറിയ മീനല്ല പോലുള്ള സിനിമകള്‍ സത്താറിലെ അഭിനേതാവിനെ പുതിയ തലമുറയ്ക്കും പരിചിതമാക്കി. സത്താര്‍ വിടപറഞ്ഞതോടെ ഒരു കാലഘട്ടം തന്നെ ആണ് ഇല്ലാതാകുന്നത് .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക