Image

ഡികെ ശിവകുമാറിനെ തിഹാര്‍ ജയിലിലേക്ക്‌ മാറ്റി; സഹായി ലക്ഷ്‌മിയെ ചോദ്യം ചെയ്യുന്നു

Published on 19 September, 2019
ഡികെ ശിവകുമാറിനെ തിഹാര്‍ ജയിലിലേക്ക്‌ മാറ്റി; സഹായി ലക്ഷ്‌മിയെ ചോദ്യം ചെയ്യുന്നു

ദില്ലി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ ഡികെ ശിവകുമാറിനെ തിഹാര്‍ ജയിലിലേക്ക്‌ മാറ്റി. 

ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌ത ശേഷമാണ്‌ ജയിലിലേക്ക്‌ മാറ്റിയത്‌. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തിരുന്ന ശിവകുമാറിന്‌ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ്‌ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌.

ഡികെ ശിവകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ദില്ലി കോടതി വ്യാഴാഴ്‌ച പരിഗണിക്കും. അതേസമയം, ഡികെ ശിവകുമാര്‍ ഉള്‍പ്പെട്ട കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ എംഎല്‍എ ലക്ഷ്‌മി ഹെബ്ബാല്‍ക്കറിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ ചോദ്യം ചെയ്യുന്നുണ്ട്‌. 


രാഷ്ട്രീയ പ്രേരിതമായ നീക്കമാണ്‌ അന്വേഷണ സംഘം നടത്തുന്നതെന്ന്‌ ലക്ഷ്‌മി ആരോപിച്ചു. ദില്ലിയിലെ ഇഡി ആസ്ഥാനത്തെത്തുന്നതില്‍ നിന്ന്‌ രണ്ടുതവണ ലക്ഷ്‌മി തടസവാദം ഉന്നയിച്ചെങ്കിലും അന്വേഷണസംഘം പരിഗണിച്ചില്ല. ആദ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍, പ്രളയ ദുരിതാശ്വാസ മേഖലയില്‍ ആണെന്നാണ്‌ ലക്ഷ്‌മി പറഞ്ഞത്‌. 

പിന്നീട്‌ ബെംഗളൂരുവില്‍ വച്ച്‌ തന്നെ ചോദ്യം ചെയ്യണമെന്നും ലക്ഷ്‌മി അഭ്യര്‍ഥിച്ചിരുന്നു. രണ്ടും പരിഗണിക്കാതെ വന്നപ്പോഴാണ്‌ ദില്ലിയിലെ ഇഡി ആസ്ഥാനത്ത്‌ ലക്ഷ്‌മി എത്തിയത്‌.

ലക്ഷ്‌മി ഹെബ്ബാല്‍ക്കറിനെ അറസ്റ്റ്‌ ചെയ്‌തേക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ബെലഗാവി (റൂറല്‍) മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ എംഎല്‍എയാണ്‌ ലക്ഷ്‌മി. ഇവര്‍ക്ക്‌ ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബന്ധമുണ്ടെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സംശയിക്കുന്നു. 

ഡികെ ശിവകുമാറിനെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ലക്ഷ്‌മിക്കെതിരായ നീക്കം. 


കള്ളപ്പണ കേസില്‍ ഡികെ ശിവകുമാറിനെ ഈ മാസം മൂന്നിനാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. നാല്‌ ദിവസം ചോദ്യം ചെയ്‌ത ശേഷമായിരുന്നു അറസ്റ്റ്‌. അറസ്റ്റിന്‌ ശേഷം ഡികെ ശിവകുമാറിനെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. 

വിശദമായ ചോദ്യം ചെയ്യലിന്‌ ശേഷം അദ്ദേഹത്തെ തിരിച്ചുഹാജരാക്കി. ഒക്ടോബര്‍ ഒന്ന്‌ വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തിരിക്കുകയാണിപ്പോള്‍.


അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യയെ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ ഐശ്വര്യ അന്വേഷണ സംഘത്തിന്‌ മുമ്‌ബില്‍ ഹാജരായത്‌. 

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണമുനയിലുള്ള ട്രസ്റ്റില്‍ ഡികെ ശിവകുമാറിന്റെ 22കാരിയായ മകള്‍ ഐശ്വര്യയും അംഗമാണെന്ന്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ്‌ ചോദ്യം ചെയ്‌തത്‌. മാനേജ്‌മെന്റില്‍ ബിരുദ പഠനം നടത്തുകയാണ്‌ ഐശ്വര്യ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക