Image

ദളിത് വിവേചനം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ

Published on 20 September, 2019
ദളിത് വിവേചനം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ
തേഞ്ഞിപ്പാലം: ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ച അധ്യാപികയുടെ നടപടിക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗത്തിലെ അധ്യാപികക്കെതിരെ ഗവേഷക വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.

ദളിത് പീഡനമുള്‍പ്പടെയുള്ള ആക്ഷേപങ്ങളാണ് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയിലുള്ളത്.വിഷയം സംബന്ധിച്ച്‌ സംസാരിക്കാനെത്തിയ ഗവേഷക വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്കെതിരെ രോഷം കൊണ്ട അധ്യാപിക രജിസ്ട്രാര്‍ക്ക് കള്ള പരാതിയും നല്‍കി. മനു ഫിലിപ്പ്, അരുണ്‍ ടി റാം , കെ ശ്വേത, വി പി ഫര്‍ഹദ് എന്നീ ഗവേഷക വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഗൈഡായ ഡോ. എം ഷമിനക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ' താന്‍ ഗൈഡായിരിക്കുന്ന കാലത്തോളം തീസിസ് പാസാകാന്‍ അനുവദിക്കില്ലെ'ന്നടക്കം അധ്യാപിക പറഞ്ഞതായി ഗവേഷകര്‍ പറയുന്നു. പണം മോഷണമടക്കമുള്ള കള്ളപരാതിയും അധ്യാപിക നല്‍കി.

പരമാവധി ബുദ്ധിമുട്ടിച്ച്‌ ഗവേഷണം സ്വയം നിര്‍ത്തി പോകുന്നതിന് ഉതകുന്ന രീതിയിലുള്ള അങ്ങേയറ്റം ഹീനമായ പ്രവൃത്തികളാണ് ഗൈഡില്‍ നിന്ന് ഉണ്ടാകുന്നതെന്ന് ഇവര്‍ പറയുന്നു. നാല് ഗവേഷകരില്‍ ഏറ്റവും അധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത് പട്ടികജാതി വിഭാഗത്തില്‍ പെട്ട രണ്ട് പേര്‍ക്കാണെന്നും പരാതിയിലുണ്ട്.

പട്ടികജാതിക്കാരെയാകെ അപമാനിച്ചുകൊണ്ടുള്ള സംഭാഷണങ്ങളാണ് അധ്യാപികയില്‍ നിന്നുണ്ടാകുന്നെതെന്നും ഉദാഹരണ സഹിതം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗവേഷണ വിഷയത്തില്‍ ഗൈഡിന് അറിവിന്റെ അപര്യാപ്തതയുണ്ടെന്നും ഗവേഷണാവശ്യകള്‍ക്ക് ഗൈഡിനെ ലഭിക്കാതിരിക്കുക പതിവാണെന്നും പരാതിയില്‍ പറയുന്നു.

ലാബിലെ പൊതുവായ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, വാക്കിലും പ്രവൃത്തിയിലും സ്ഥിരതയില്ലായ്മ, കുറ്റങ്ങള്‍ പറഞ്ഞ് നടക്കുക, കള്‍ച്ചറല്‍ റൂമിനെയും മൈക്രോസ് കോപ്പിനെയും സംബന്ധിച്ച അശാസ്ത്രീയ സമീപനം സ്വീകരിക്കുക, അറ്റന്‍ഡന്‍സ് പ്രശ്‌നങ്ങളുണ്ടാക്കുക, ഭീഷണി, ഗവേഷണത്തിന് തടസ്സം സൃഷ്ടിക്കുക തുടങ്ങി ഒട്ടേറെ പരാതികളാണ് അധ്യാപികക്കെതിരെ ഗവേഷകര്‍ ഉന്നയിച്ചിരിക്കുന്നത്.

എസ് സി -എസ് ടി കമ്മീഷന്‍, സിന്‍ഡിക്കേറ്റ് മെമ്ബര്‍മാര്‍, റിസര്‍ച്ച്‌ ഡയറക്ടര്‍, ബോട്ടണി പഠന വിഭാഗം തലവന്‍, വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം തലവന്‍, ഇന്റണല്‍ കംപ്ലയിന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, രജിസ്ട്രാര്‍, എ കെ ആര്‍ എസ്‌എ, റിസര്‍ച്ച്‌ ഫെസിലിറ്റേറ്റിംഗ് കമ്മിറ്റി കണ്‍വീനര്‍ തുടങ്ങിയവര്‍ക്കും പരാതിയുടെ കോപ്പി നല്‍കിയിട്ടുണ്ട്.

എസ്‌എഫ്‌ഐയുടേയും എകെആര്‍എസ്‌എയുടേയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. സംഭവവമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി പ്രതിനിധികളുമായി വൈസ് ചാന്‍സലര്‍ ചര്‍ച്ച തുടരുകയാണ്

ഇതില്‍ എ കെ ആര്‍എസ്‌എ പ്രതിനിധികള്‍ സംസാരിക്കാനെത്തിയപ്പോഴാണ് അധ്യാപിക മോശമായി പെരുമാറിയതെന്ന അക്ഷേപം ഉയര്‍ന്നിരിക്കുന്നത്.എന്നാല്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കെതിരെ അധ്യാപിക പരാതി നല്‍കുകയായിരുന്നു.

അടുത്തിടെയാണ് മലയാളം പഠന വിഭാഗം തലവന്‍ ഡോ. എല്‍ തോമസുക്കുട്ടിക്കെതിരെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി പരാതി ഉയര്‍ത്തി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.ഇതിനുപിന്നാലെയാണ് വീണ്ടും യൂണിവേഴ്‌സിറ്റിയില്‍ ജാതി വിവേചനം ഉണ്ടായിരിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക