Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍- 37: ജയന്‍ വര്‍ഗീസ്)

Published on 22 September, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍- 37: ജയന്‍ വര്‍ഗീസ്)
എന്റെയും മേരിക്കുട്ടിയുടെയും വിവാഹം നടന്ന അതേ കാലത്തു തന്നെ മേരിക്കുട്ടിയുടെ ചേച്ചിയായ എല്‍സി ( ഞങ്ങള്‍ കൊച്ചേച്ചി എന്ന് വിളിക്കും. ) അമേരിക്കയില്‍ എത്തിയിരുന്നു. മുന്‍പ് നാഗ്പൂരില്‍ നേഴ്‌സായി ജോലി ചെയ്തിരുന്നപ്പോളും പത്തു പേര്‍ മക്കളായുള്ള സ്വന്തം കുടുംബത്തിന് അവര്‍ വലിയ താങ്ങായിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷവും ആവും വിധത്തിലുള്ള പല സഹായങ്ങളും അവര്‍ ഞങ്ങള്‍ക്ക് ചെയ്തു തന്നിട്ടുണ്ട്. അത്തരം സഹായങ്ങള്‍ക്ക് അവരുടെ ഭര്‍ത്താവായ ഞങ്ങളുടെ മാത്തച്ചന്‍ ചേട്ടനും എതിര് നിന്നിട്ടില്ല. അവര്‍ ചെയ്ത ഏറ്റവും വലിയ ഉപകാരം എന്ന് പറയാവുന്നത് മേരിക്കുട്ടി ഉള്‍പ്പടെയുള്ള അഞ്ചു സഹോദരങ്ങളുടെ കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത് അമേരിക്കയില്‍ എത്തിച്ചു എന്നുള്ളതായിരുന്നു.

ഇവരുടെ മാതാപിതാക്കളെ വിസിറ്റിങ്ങ് വിസയില്‍ അമേരിക്കയില്‍ എത്തിക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകളും, ഇന്റര്‍വ്യൂ സംബന്ധമായ കാര്യങ്ങളും കൊച്ചേച്ചി എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്. മറ്റുള്ളവര്‍ സ്വന്തം ജോലികളുമൊക്കെയായി കുടുംബം നോക്കിക്കഴിയുന്‌പോള്‍ ഞാന്‍ നാടകവുമൊക്കെയായി കറങ്ങി  നടക്കുന്ന ധാരാളം സമയമുള്ള ഒരാള്‍ എന്ന നിലയിലാണ് എല്ലാ ചുമതലകളും എന്നെ ഏല്‍പ്പിക്കുന്നത്. അങ്ങിനെ രണ്ടു പ്രാവശ്യം അപ്പനെയും, അമ്മയെയും കൂട്ടി മദ്രാസില്‍ പോകുവാനും, കുറച്ചു ദിവസങ്ങള്‍ അവിടെ താമസിച്ചു കൊണ്ട് അവരുടെ വിസാ കളക്ട് ചെയ്യുവാനും സാധിച്ചു. ഇതോടെ ഞാനൊരു ' വിസാ വിദഗ്ദനായി ' അറിയപ്പെടുകയും, നാട്ടിലുള്ള ചില കാരണവന്മാര്‍ക്ക് കൂടി വിസാ കളക്ഷന് അവരോടൊപ്പം പോകേണ്ടി വരികയും ഉണ്ടായിട്ടുണ്ട്. ഇതിനു പ്രതി ഫലമായി അവര്‍ നീട്ടിയ പണമൊന്നും ഞാന്‍ വാങ്ങിച്ചിട്ടില്ലാ എന്ന് കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ.

ഭാര്യയുടെ ഇളയ സഹോദരന്‍ മാത്യുവും ഇളയ സഹോദരി ലീലയും അന്ന് ഡല്‍ഹിയില്‍ ജോലി ചെയ്‌യുകയായിരുന്നു. ഡല്‍ഹിയില്‍ രണ്ടു മാസത്തോളം നീണ്ട ഒരു സന്ദര്‍ശനം നടത്തുവാന്‍ അക്കാലത്ത് എനിക്ക് കഴിഞ്ഞു.  ദില്ലിയിലേക്കുള്ള തീവണ്ടി യാത്രയില്‍ കടന്നു പോകുന്ന ഓരോ സംസ്ഥാനങ്ങളിലെയും കല്ലുകളുടെ നിറം പോലും വ്യത്യസ്ഥമാണ് എന്ന കണ്ടെത്തലോടെയാണ് ഞാന്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. രാവിലെ ബ്രേക് ഫാസ്റ്റ് കഴിച്ചു ജോലിക്കിറങ്ങുന്ന അവരോടൊപ്പം ഞാനും പുറത്തിറങ്ങും. നാല്പതു പൈസയായിരുന്നു അന്ന് സിറ്റി ബസുകളിലെ മിനിമം ചാര്‍ജ്. ഓരോ നാല്‍പ്പതു പൈസകള്‍ക്കും ഇറങ്ങാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ ഇറങ്ങി അവിടങ്ങളില്‍ മൈലുകളോളം ചുറ്റി നടന്നു കാണുക എന്നതായിരുന്നു എന്റെ രീതി. ജാടകളില്ലാത്ത ജീവിത രീതികളുടെ നേര്‍ചിത്രങ്ങളാണ് അത്തരം ചുറ്റലുകളില്‍ ഞാന്‍ കണ്ടു മുട്ടിയത്. ഗൗതം നഗറിനും, ആള്‍ ഇന്‍ഡ്യാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിനും ഇടയിലുള്ള ഒരു ചേരിയില്‍ ചാക്കുകളും, പ്ലാസ്റ്റിക്ക് ഷീറ്റുകളും കൊണ്ട് നിര്‍മ്മിച്ചെടുത്ത ചാളകളില്‍ പന്നികളും, കുട്ടികളും ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് അന്നാണ് ഞാന്‍ ആദ്യമായി കാണുന്നത്. വഴിയാത്രക്കാരുടെ തലകള്‍ സ്വന്തം മടിയില്‍ ചേര്‍ത്തു വച്ച് അവരുടെ ചെവിയില്‍ നിന്ന് ചെവിപ്പൊറ്റ തോണ്ടിയെടുക്കുന്ന തൊഴില്‍ ചെയ്‌യുന്ന സ്ത്രീകളെയും, അവരുടെ മടികളില്‍ അടങ്ങിയൊതുങ്ങി തല വച്ച് കിടക്കുന്ന പുരുഷന്മാരെയും ഞാന്‍ കണ്ടു മുട്ടിയതും അത്തരം ചുറ്റലുകളില്‍ നിന്നായിരുന്നു.

പല ദിവസങ്ങള്‍ കൊണ്ട് ചുറ്റി നടന്നു കണ്ടു തീര്‍ത്ത ഒരിടമാണ് ഡല്‍ഹിയുടെ അഭിമാനമായ' ചിഡിയാഗര്‍ പാര്‍ക്ക്. ' പക്ഷികളെയും, മൃഗങ്ങളെയും അതിന്റെ സ്വാഭാവിക ആവാസ അവസ്ഥ പുനഃസൃഷ്ടിച്ചു പാര്‍പ്പിച്ചിട്ടുള്ള ഇവിടെ ഓര്‍മ്മയില്‍ സൂക്ഷിച്ചു വയ്ക്കാനാകുന്ന ഒട്ടേറെ ദൃശ്യങ്ങളുണ്ട്. ജന്തര്‍ മന്ദിറും, കുത്തബ് മിനാറും ഞാന്‍ കണ്ടു തീര്‍ത്തത് മണിക്കൂറുകളോളം ചുറ്റിനടന്ന് അതിന്റെ പരിസരങ്ങള്‍ കൂടി സംവദിച്ചു കൊണ്ടാണ്.

റെഡ് ഫോര്‍ട്ടില്‍ നിന്ന് അടര്‍ന്നു പോയതോ, അടര്‍ത്തിക്കൊണ്ടു പോയതോ ആയ വിലപ്പെട്ട രത്‌നങ്ങളുടെ സ്ഥാനങ്ങളില്‍ ' ഇവിടെ ഒരു രത്‌നമുണ്ടായിരുന്നു ' എന്ന കുറിപ്പുകള്‍ പേറുന്ന കടലാസ് തുണ്ടുകളില്‍ മഹാ ഭാരതത്തിന്റെ പ്രൗഢ ഗംഭീരമായ കഴിഞ്ഞ കാല മുഖം തുടിച്ചു നില്‍ക്കുന്നത് ഞാനറിഞ്ഞു. മനുഷ്യനെ കെട്ടിയിട്ട് മര്‍ദ്ദിക്കാനായി നിര്‍മ്മിച്ച സ്തൂപങ്ങളും, ( കുറ്റവാളിയായ ? ) അവന്റെ പിടച്ചില്‍ അന്തഃപുരം സ്ത്രീകള്‍ക്ക് കാണാനും, രസിക്കാനുമായി വന്നിരിക്കാന്‍ വേണ്ടിയുള്ള ഉയര്‍ന്ന ഇരിപ്പിടങ്ങള്‍ ഒരുക്കി വച്ച കൊട്ടാരക്കെട്ടുകളും ഞാന്‍ കണ്ടു. പുളയുന്ന മനുഷ്യന്റെ അലറിക്കരച്ചിലുകളില്‍ കുപ്പിവള കിലുങ്ങും പോലെ പൊട്ടിച്ചിരിച്ചു രസിച്ച ആ സൗന്ദര്യ ധാമങ്ങള്‍ കാലചക്രം ഉരുണ്ടു വന്ന വീല്‍പ്പാടുകള്‍ക്കുള്ളില്‍ ചതഞ്ഞരഞ്ഞ് കഴിഞ്ഞുവല്ലോ എന്നോര്‍ത്തപ്പോള്‍ അടിച്ചവനും, അടി കൊണ്ടവനും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉണ്ടായിരുന്നതെന്ന് എന്റെ മനസ്സ് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു ?

 പേര് ഓര്‍ത്ത് വയ്ക്കാന്‍  കഴിയാത്ത ചില തകര്‍ന്ന നിര്‍മ്മിതികളും അന്നു ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്. ശാന്തി വനത്തിലെ അണ്ണാന്മാര്‍ക്കൊപ്പം കപ്പലണ്ടി കൊറിച്ചും, രാജ്ഘട്ടിലെ പുല്ലു വെട്ടുകാരായ തടിച്ച കാളകളോടൊപ്പം നടന്നും ഞാന്‍ സമയം ചെലവഴിച്ചു. തങ്ങള്‍ വലിക്കുന്ന പുല്ലുവെട്ടു യന്ത്രം വെട്ടിക്കൂട്ടുന്ന ഇളം പുല്ലുകളുടെ കൂനകള്‍ തിന്നു തീര്‍ത്ത് കൊഴുത്തു തടിച്ചിരിക്കുന്ന ആ വെള്ളക്കാളകളുടെ സൗഭാഗ്യം ഇന്‍ഡ്യാ മഹാരാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ലല്ലോ എന്ന സത്യവും ഞാന്‍ തിരിച്ചറിഞ്ഞു.

വിശാലമായ രാജ്ഘട്ടിന്റെ മധ്യഭാഗത്ത് ഗാന്ധി സമാധി സ്ഥിതി ചെയ്യുന്നിടത്ത് പ്രത്യേകമായി ഡിസൈന്‍ ചെയ്‌തെടുത്ത ഒരു ചെന്പു വിളക്കില്‍ കെടാതെ കത്തി നില്‍ക്കുന്ന ഒരു തീനാളമുണ്ട്. ഞാന്‍ അവിടെ ചെല്ലുന്‌പോള്‍ ആ വിളക്കിനു മുന്നില്‍ ആരോ സമര്‍പ്പിച്ച ഒരു പത്തു പൈസത്തുട്ട് കാണുകയുണ്ടായി. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭരണ കൂട മേലാളന്മാര്‍ക്കു സംഭവിച്ച ബോധ ധാരാ അപചയത്തിന്റെ പ്രതീകമാണ് ആ നാണയത്തുട്ട് എന്നാണു ഞാന്‍ വിലയിരുത്തിയത്. ഒരു സാധാരണ മനുഷ്യനായി ജീവിച്ചു കൊണ്ട്, ലളിതവും, സുതാര്യവുമായ ഒരു ജീവിത ശൈലിയിലൂടെ ദരിദ്ര ഭാരതത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം നിര്‍ദ്ദേശിച്ച ഗാന്ധിസത്തെ അവഗണിച്ചു കൊണ്ടാണല്ലോ നമ്മുടെ ഭരണാധികാരികള്‍ ഇന്ത്യന്‍ സ്വപ്നങ്ങളെ പാശ്ചാത്യ അടിപൊളിയന്‍ ചിന്താ ധാരക്ക് അടിയറവ് വയ്പിച്ചത്? അതിനവര്‍ കണ്ടെത്തിയ ന്യായീകരണമായിരുന്നു പച്ച മനുഷ്യനായ ഗാന്ധിയില്‍ ആരോപിക്കപ്പെട്ട അമാനുഷികത. ദൈവമായ ഗാന്ധിക്ക് സാധിക്കുന്നത് മനുഷ്യരായ ഞങ്ങള്‍ക്കെങ്ങിനെ സാധിക്കും എന്നായിരുന്നു അവരുടെ ന്യായീകരണം. അത് കേട്ട് വിശ്വസിച്ചു പോയ സ്വതന്ത്ര ഇന്ത്യയിലെ ഏതെങ്കിലും ഒരു പട്ടിണിപ്പാവം ദൈവമായ ഗാന്ധിയുടെ ശവ കുടീരത്തില്‍ ഒരു നാണയത്തുട്ടു സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചതിന്റെ തെളിവായിരിക്കണം ആ പത്തു പൈസത്തുട്ട്. ബിര്‍ളാ ഹവ്‌സിലെ വിസിറ്റിങ് ബുക്കില്‍ എന്റെ കാഴ്ചപ്പാട് അന്നേ ഞാന്‍ എഴുതി വച്ചിരുന്നു.

( ഡല്‍ഹിയില്‍ താമസിച്ച ഓരോ ദിവസവും കടുത്ത മാനസിക പിരിമുറുക്കത്തില്‍ അകപ്പെട്ട് പുളയുകയായിരുന്നു ഞാന്‍. ഉറങ്ങാന്‍ കിടക്കുന്ന ഓരോ രാവുകളിലും കുടുംബവും, കുട്ടികളും എന്റെ മനസ്സിലേക്കോടിയെത്തും. എന്റെ അഭാവത്തില്‍ അവര്‍ക്കെന്തെങ്കിലും സംഭവിക്കുമോ എന്ന അകാരണമായ ഒരു ഭയം എന്നെ വേട്ടയാടാന്‍ തുടങ്ങും. പ്രത്യേകിച്ചും അനാരോഗ്യവാനായ എന്റെ മകന്. വീടും കൂടും വിട്ടു ദൂര ദേശങ്ങളില്‍ അകപ്പെട്ടവര്‍ അനുഭവിക്കുന്ന വേദനയുടെ ആഴം എത്രയെന്നറിയുവാന്‍ ഇത് മൂലം എനിക്ക് സാധിച്ചു. എന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെ എത്രയോ പേരാണ് ഈ വേദന അനുഭവിച്ചതും, ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നതും.? മക്കളെ കയറ്റുമതി ചെയ്യാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍ എന്നെ വിഡ്ഢി എന്ന് വിളിച്ചേക്കും, സാരമില്ല. അല്‍പ്പം വെള്ളമൊക്കെ അടിച്ചിട്ടാണെങ്കിലും എല്ലാറ്റിനോടും ' പോടാ പുല്ലേ ' എന്ന് പറയാന്‍ കഴിയുന്ന ധീരന്മാരോട് ഇപ്പോള്‍ എനിക്ക് ബഹുമാനം തോന്നുന്നുമുണ്ട്. )

നമ്മള്‍ അടുത്തുണ്ടെങ്കിലും, ഇല്ലെങ്കിലും ഒന്നും നമ്മുടെ നിയന്ത്രണത്തില്‍ അല്ല നടക്കുന്നത് എന്ന സജീവ സത്യം തിരിച്ചറിയുവാന്‍ കുറച്ചൊക്കെ എനിക്കിന്ന് സാധിക്കുന്നുണ്ട്. നമ്മുടെ പങ്കാളിത്തത്തോടെയോ, അല്ലാതെയോ ക്രിയേറ്റ് ചെയ്യപ്പെടുന്ന സാഹചര്യങ്ങളുടെ ആസ്വാദകനായി തീരുന്നതിനെയാണ്
നമ്മള്‍ ജീവിതം എന്ന് വിളിക്കുന്നതെന്ന് ഞാന്‍ മനസിലാക്കി. ' ഞാന്‍ എന്റെ ജീവിതം കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയതാണ് ' എന്ന് അവകാശപ്പെടുന്ന ധാരാളം മനുഷ്യര്‍ നമുക്കിടയിലുണ്ട്. യഥാര്‍ത്ഥത്തില്‍ അവരുടെ ജനനം മുതല്‍ മരണം വരെയുള്ള കാലങ്ങളില്‍ അവര്‍ പോലുമറിയാതെ അവര്‍ക്കു ചുറ്റും രൂപപ്പെട്ട സാഹചര്യങ്ങളുടെ ബാക്കി പത്രങ്ങള്‍ മാത്രമായിരുന്നു അവര്‍ എന്നതല്ലേ
സത്യം ?

 ഇന്ന് ഞാന്‍ ധരിച്ചിട്ടുള്ള ഈ ടി ഷര്‍ട്ട് എന്ന സാഹചര്യം ഇതേ രൂപത്തില്‍ ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ എന്റെ ശരീരം ഞാന്‍ അതിനകത്ത് ഒളിപ്പിച്ചത് ? ഒന്നോര്‍ത്താല്‍, ഈ ടി ഷര്‍ട്ടിന് ഇത് പോലെ എന്റെ ശരീരം പൊതിഞ്ഞു തരാന്‍ എത്രയോ ലക്ഷോപലക്ഷം സാഹചര്യങ്ങളുടെ സഹകരണമാണ് വേണ്ടി വന്നിട്ടുള്ളത്? ഞാന്‍ അത് എടുത്തണിഞ്ഞു എന്നതു മാത്രമാണ് ഇതില്‍ എന്റെ സ്വതന്ത്രമായ  പങ്ക്.

ഞാന്‍ അത് കടയില്‍ നിന്ന് വാങ്ങി എന്നതില്‍ മാത്രം എത്രയോ ആയിരം സാഹചര്യങ്ങളാണ് നിര നിരയായി നില്‍ക്കുന്നത് ? വില്‍പ്പന നടത്തിയ കടക്കാരന്‍, കടക്കാരന്റെ കട പണിതവര്‍, അതിനുള്ള  മെറ്റീരിയല്‍സ് 
സപ്ലെ ചെയ്തവര്‍, വാഹനങ്ങള്‍ ഓടിച്ചവരും, വാഹനം നിര്‍മ്മിച്ചവരുമായി ആ ശാഖയില്‍ കുറെ പതിനായിരങ്ങള്‍. ടി ഷര്‍ട്ട് നിര്‍മ്മിച്ചവരുടെ പട്ടികയില്‍ തയ്യല്‍ക്കാര്‍, തയ്യല്‍ക്കാര്‍ക്കു വേണ്ടി മെഷീനും, അനുബന്ധ സാധനങ്ങളും നിര്‍മ്മിച്ചവരും, എത്തിച്ചവരും ആയിട്ടുള്ള വേറെ കുറെ പതിനായിരങ്ങള്‍. ഏതോ നാട്ടിലെ മണ്ണിനടിയില്‍ ശേഖരിക്കപ്പെട്ടിട്ടു കിടന്ന ക്രൂഡോയില്‍ കുഴിച്ചെടുത്തവര്‍, അതിനുള്ള യന്ത്ര സാമഗ്രികളുടെ നിര്‍മാതാക്കളും അവിടെ പ്രവര്‍ത്തിക്കുന്ന മനുഷ്യരും ഉള്‍ക്കൊള്ളുന്ന മറ്റനേകം പതിനായിരങ്ങള്‍. ഭൂമിയില്‍ നിന്ന് അത് ശേഖരിച്ചവര്‍, അത് സംസ്കരിച്ച് വിവിധങ്ങളും, വ്യത്യസ്ഥങ്ങളുമായ ഉല്പന്നങ്ങളായി മാറ്റിയെടുക്കുന്നതില്‍ സഹകരിച്ച ലക്ഷക്കണക്കിന് മനുഷ്യരും, സാഹചര്യങ്ങളും വേറെ. ഏതോ ഘട്ടത്തില്‍ വേര്‍തിരിഞ്ഞ നാഫ്തയുടെ അനേകം ഉപ ഉല്‍പ്പന്നങ്ങളില്‍ ഒന്ന് മാത്രമായ സിന്തറ്റിക് പദാര്‍ത്ഥങ്ങളില്‍ ഏതോ ഒന്നില്‍ നിന്നാണല്ലോ ഇതിനുള്ള പ്രധാന മെറ്റീരിയല്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ളത് ?

ഇങ്ങനെ ചിന്തിക്കുന്‌പോള്‍ മനുഷ്യന്‍ എന്നല്ലാ അവന്‍ കാണുന്നതും, കേള്‍ക്കുന്നതുമായ എല്ലാം തന്നെ അവന്റെയോ, അതതു വസ്തുക്കളുടേയൊ യാതൊരു പങ്കുമില്ലാതെ നില നിന്നിരുന്നതോ, അല്ലെങ്കില്‍ ഇപ്പോള്‍ നില നില്‍ക്കുന്നതോ ആയ സാഹചര്യ വേര്‍ഷനുകള്‍  മാത്രമായിരുന്നു എന്ന് കാണാം.

 ' അന്നം ഹി ഭൂതനാം ജേഷ്ടം ' എന്ന ഭാരതീയ ദാര്‍ശനിക സൂക്തം വിരല്‍ ചൂണ്ടുന്നതും ഈ വസ്തുതയിലേക്കാണ്. ജീവിക്കു വേണ്ടതെല്ലാം ജീവിക്കും മുന്‍പേ ( ജേഷ്ടാവസ്ഥയില്‍ ) ഒരുങ്ങി നിന്ന അഥവാ ഒരുക്കപ്പെട്ട സാഹചര്യങ്ങളിലേക്കാണ് വെറും കൈയോടെ  ജീവി വന്നു ചേര്‍ന്നതും, സൗജന്യമായി ആ സാഹചര്യങ്ങള്‍ ആസ്വദിച്ചു കൊണ്ട് ജീവിതം ആരംഭിച്ചതും എന്ന് സാരം. ഇവിടെ ഉണ്ടായിരുന്ന പദാര്‍ത്ഥങ്ങള്‍ ഘടിച്ചും, വിഘടിച്ചും അതല്ലെങ്കില്‍ ഘടിപ്പിച്ചും, വിഘടിപ്പിച്ചും രൂപ പരിണാമം സംഭവിച്ച വസ്തുക്കള്‍ മാത്രമാണല്ലോ നമ്മളും, നാമറിയുന്ന നമ്മുടെ പരിസരങ്ങളും ?

ഒരു കട്ട മണ്ണോ, ഒരു തുള്ളി വെള്ളമോ ഒരാളും ഒരിടത്തു നിന്നും, അതായത് നമ്മള്‍ കൂടി ഉള്‍ച്ചേര്‍ന്നു  നില്‍ക്കുന്ന നമ്മുടെ പ്രപഞ്ചത്തിന് പുറത്തു നിന്ന് കൊണ്ട് വന്നിട്ടില്ല എന്നതിനാല്‍, നമ്മുടെ ഭൗതിക നേട്ടങ്ങള്‍ എന്ന് അടയാളപ്പെടുത്തുന്നവകള്‍ പോലും ' ലെഗോ 'ബ്ലോക്കുകള്‍ കൊണ്ട് കളിക്കാന്‍ വിധിക്കപ്പെട്ട ഒരു കുട്ടിയുടെ സൃഷ്ടികള്‍ പോലെ ആപേക്ഷികമാണ് എന്നതല്ലേ സത്യം ?

ഈ ബ്ലോക്കുകള്‍ കൊണ്ട് പല രൂപങ്ങളും കുട്ടി ഉണ്ടാക്കുന്നുണ്ട്. ഘടിപ്പിക്കപ്പെട്ട നിലയിലായിരിക്കുന്‌പോള്‍ അത് ആനയും, കുതിരയും, വീടും, വിമാനവുമൊക്കെ ആവുന്നുണ്ട്. വിഘടിപ്പിക്കപ്പെടുന്‌പോഴാകട്ടെ, അത് നിശ്ചിതമായി ആരോ രൂപ കല്‍പ്പന ചെയ്തിട്ടുള്ള ബ്ലോക്കുകള്‍ മാത്രമായി തീരുന്നു. കുട്ടിയുടെ സൃഷ്ടികള്‍ അവനു നഷ്ടപ്പെട്ടു എങ്കിലും, അവനു ലഭ്യമായ ബ്ലോക്കുകള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ എന്നെന്നും നില നില്‍ക്കുന്നുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യം ആകുന്നുവല്ലോ ? 

ഉണ്ടായിരുന്ന ടി ഷര്‍ട്ട് എടുത്തണിഞ്ഞു എന്ന പങ്ക് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു എന്നത് പോലെ     മണ്ണും, വെള്ളവും, വായുവും, ഉള്‍പ്പടെ ഇവിടെ ഉണ്ടായിരുന്നവകള്‍  ഫല പ്രദമായി ആസ്വദിച്ചു കൊണ്ടാണല്ലോ ഏതൊരു മനുഷ്യനും ഇവിടെ നില നിന്നതും, നായാമികമായ ഒരു താള ക്രമത്തോടെ ഇന്ന് വരെയും അത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നതും ?
" നിന്റെ ശിലയും, ശില്പിയും നീ തന്നെയാണ് " എന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാട് ശരിയല്ലാ എന്ന് ചിന്താ ശേഷിയുള്ളവര്‍ക്ക് ഇവിടെ  സമ്മതിക്കേണ്ടി വരുന്നു?

പിന്നെ എന്താണ് നീ ? എങ്ങിനെ നീ വന്നു എന്നാണ് ചോദ്യമെങ്കില്‍, നിനക്ക് മുന്‍പേ നില നിന്നിരുന്നതും, പിന്നിലേക്ക് പിന്നിലേക്ക് ചെന്ന് ചെന്ന് പ്രപഞ്ചത്തിനും പിന്നിലേക്ക് വരെ നീണ്ടു ചെല്ലുന്നതുമായ ഒരു ആസൂത്രിത കാര്യ കാരണ ചങ്ങലയിലെ അവസാന കണ്ണിയായിട്ടാണ് നീ നില നില്‍ക്കുന്നത് എന്ന് കാണാം. നിന്നെ നില നിര്‍ത്തുന്നത് നീ മാത്രമല്ലാ എന്ന ആത്യന്തിക സത്യം ഇപ്രകാരം തിരിച്ചറിയപ്പെടുകയാണെങ്കില്‍,, നീ നില  നിര്‍ത്തപ്പെടേണ്ടത് നിനക്കായി നില്‍ക്കുന്ന സാഹചര്യങ്ങളുടെ ആവശ്യമാണെങ്കില്‍ അഭീ, അഭീ, ഭയപ്പെടേണ്ടാ, ഭയപ്പെടേണ്ടാ നീ നില നിര്‍ത്തപ്പെടുക തന്നെ ചെയ്‌യും.

ഭാര്യയെയും കുട്ടികളെയും നാട്ടില്‍ ആക്കി ദൂര ദേശത്ത് പോന്നതിലുണ്ടായ വേവലാതിക്ക് ആശ്വാസമരുളുവാന്‍ ഇത്തരം ചിന്തകള്‌സണ് എന്നെ സഹായിച്ചത്. നമുക്ക് വേണ്ടി നില്‍ക്കുന്ന എന്തോ ഒന്നിന്റെ സുരക്ഷിത വലയത്തിലാണ് നാം എന്ന അവബോധം ഏതൊരു പ്രതി സന്ധികളെയും അതിജീവിക്കുവാന്‍ മനുഷ്യനെ പ്രാപ്തനാകും എന്ന സത്യം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുവാന്‍ എനിക്ക് സാധിച്ചതും ഈ അവസരത്തില്‍ ആയിരുന്നു.

രണ്ടു മാസത്തോളം നീണ്ട ഡല്‍ഹി വാസത്തിനിടക്ക് ധാരാളം മലയാളികളെ ഞാന്‍ പരിചയപ്പെടുകയുണ്ടായി. നാടും, വീടും വിട്ടു ദൂര ദേശങ്ങളില്‍ ചേക്കേറുന്ന മനുഷ്യര്‍ക്ക് ഗൃഹാതുരത്വത്തില്‍ മുളക്കുന്നതും, മനുഷ്യത്വത്തിന്റെ മണവും, ഗുണവും പേറുന്നതുമായ മറ്റൊരു വ്യക്തിത്വം കൂടി രൂപപ്പെടുന്നുണ്ടെന്നു കൂടി ഞാന്‍ മനസിലാക്കി. കുറച്ചു കാലങ്ങള്‍ക്ക് ശേഷം മറ്റൊരു ഡല്‍ഹി വാസം കൂടി ഞാന്‍ നടത്തിയെങ്കിലും, വെറും മൂന്നു ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന ഒരു ഹൃസ്വ യാത്രയായിരുന്നു അത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക