Image

ഫിദല്‍ കാസ്‌ട്രോയുടെ ജര്‍മന്‍ കാമുകി നിര്യാതയായി

Published on 22 September, 2019
ഫിദല്‍ കാസ്‌ട്രോയുടെ ജര്‍മന്‍ കാമുകി നിര്യാതയായി
ബര്‍ലിന്‍ : ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ കാമുകി മാരീറ്റ ലോറന്‍സ് ജര്‍മനിയില്‍ അന്തരിച്ചു. ജര്‍മന്‍ നഗരമായ ഓബര്‍ഹൗസിലെ  വൃദ്ധസദനത്തിലായിരുന്നു എണ്‍പതുകാരിയുടെ അന്ത്യം. ജര്‍മന്‍ പൗരത്വമുള്ള മാരീറ്റ ഈ വര്‍ഷം ആദ്യമാണ് ന്യൂയോര്‍ക്കില്‍ നിന്നു ജര്‍മനിയിലെ വൃദ്ധസദനത്തിലെത്തിയത്.

മാരിറ്റയുടെ ജനനം 1939–ല്‍ ജര്‍മനിയിലെ ബ്രേമന്‍ നഗരത്തിലായിരുന്നു. പിതാവ് കപ്പിത്താനായിരുന്നു. രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം മാരീറ്റായുടെ കുടുംബം യുഎസിലേക്ക് കുടിയേറി. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലെയിനിലായിരുന്നു താമസം.

കഥയെ വെല്ലുന്ന ജീവിതത്തിന്റെ ഉടമയാണ് മാരീറ്റ. 1959 ലാണ് കാസ്‌ട്രോയെ ഇവര്‍ കണ്ടുമുട്ടുന്നത്. മാരിറ്റയുടെ ആദ്യത്തെ പ്രണയം മൊട്ടിടുന്നു. കാസ്‌ട്രോയുടെ മനം കവര്‍ന്ന അവര്‍ കാസ്‌ട്രോയില്‍ നിന്ന് ഗര്‍ഭിണിയായെങ്കിലും ഗര്‍ഭം അലസി.

ഇതിനിടയില്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ മാരീറ്റായുടെ പ്രേമം മണത്തറിഞ്ഞു. മാരീറ്റായെ പണം കൊടുത്ത് സംഘടനയില്‍ അംഗമാക്കി. കാസ്‌ട്രോയെ എങ്ങനെയെങ്കിലും വകവരുത്തുകയെന്നതായിരുന്നു മാരീറ്റാക്ക് സിഐഎ നല്‍കിയ നിര്‍ദ്ദേശം. പക്ഷേ കാസ്‌ട്രോയുടെ സ്‌നേഹത്തിന്റെ മുന്‍പില്‍ അവര്‍ക്അതിന് കഴിഞ്ഞില്ല. ഈ കാര്യം പിന്നീട് ഇവര്‍ തന്നെ വെളിപ്പെടുത്തി. കാസ്‌ട്രോയെ അത്രയ്ക്ക് അവര്‍ സ്‌നേഹിച്ചിരുന്നു.

1970–വരെ അവര്‍ സിഐഎയുടെ ഏജന്റായി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ഇവര്‍ സിഐഎയുടെ നോട്ടപുള്ളിയായി മാറി. മാരീറ്റയെ വക വരുത്താന്‍ പലശ്രമങ്ങളും നടന്നുവെങ്കിലും വിജയിച്ചില്ല. 1995 വരെ സ്വയരക്ഷയ്ക്കായി തോക്ക് കൈവശം വയ്ക്കാന്‍ അവര്‍ക്ക് അനുമതിയുണ്ടായിരുന്നു.

പിന്നീട് അവരുടെ ന്യൂയോര്‍ക്കിലെ ജീവിതം പരിതാപകരമായി. മാതൃരാജ്യത്തിലെത്തി മരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. ജര്‍മന്‍ സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നല്‍കി അവരെ  ജര്‍മനിയിലെത്തിച്ചു. ഒന്‍പത് മാസം ജര്‍മന്‍ മണ്ണില്‍ ജീവിച്ച് അവര്‍ യാത്രയായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക