Image

പാരീസ് പോലീസിനു നേരെ കത്തിയാക്രമണം: നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Published on 03 October, 2019
പാരീസ് പോലീസിനു നേരെ കത്തിയാക്രമണം: നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിന്റെ മധ്യഭാഗത്തുള്ള പോലീസ് ആസ്ഥാനത്ത് കത്തി ഉപയോഗിച്ച് സഹപ്രവര്‍ത്തകന്‍ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും കൊലപ്പെടുത്തി. പേര് വെളിപ്പെടുത്താത്ത അക്രമിയെ സംഭവശേഷം പോലീസ് വെടിവച്ചു കൊന്നു. ഫ്രഞ്ച് സുരക്ഷാ സേനയില്‍ ജോലിക്കാരനാണ് പ്രതി. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല. ഒരു വനിതാ പോലീസും മരിച്ചവരില്‍പ്പെടുന്നു. ജോലിസ്ഥലത്തെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതാണന്നാണ് പ്രാഥമിക നിഗമനം.

പ്രാദേശിക സമയം ഉച്ചയ്്ക്ക് ഒരുമണിയ്ക്കാണ് സംഭവം. അക്രമി നേരെ ഓഫീസിലേക്ക് ഇരച്ചുകയറി അവിടെ സഹപ്രവര്‍ത്തകരെ സെറാമിക് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുറ്റത്തിനകത്തുവെച്ചാണ് പോലീസ് വെടിവെച്ചുകൊന്നത്.

ആക്രമണത്തില്‍ അഞ്ചാമത്തെ വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു. നോട്രെഡാം കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപമാണ് കെട്ടിടം.

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്, ആഭ്യന്തരമന്ത്രി ക്രിസ്‌റ്റോഫ് കാസ്റ്റനര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

45 കാരനായ ഐടി സ്‌പെഷ്യലിസ്റ്റാണ് പ്രതി.അയാള്‍ 16 വര്‍ഷം പാരീസ് പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇതൊരു തീവ്രവാദ പ്രവര്‍ത്തനം അല്ലെന്ന് ക്രെപിന്‍ ഫ്രാന്‍സിന്‍ഫോ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക