Image

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 41:ജയന്‍ വര്‍ഗീസ്)

Published on 08 October, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍  41:ജയന്‍ വര്‍ഗീസ്)
പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ വോട്ടിങ് അടുത്തു വരികയാണ്. ഇതിന് മുന്‍പ് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ജയിച്ചു കയറിയത്. പേരിനു പോലും ഇടതു പക്ഷക്കാര്‍ ഇല്ലാതിരുന്ന ഞങ്ങളുടെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കും എന്നതായിരുന്നു അവസ്ഥ. ഒരു ഇടതു പക്ഷ ചിന്താഗതിക്കാരന്‍ ആയിരുന്നിട്ടു കൂടി രണ്ടാമത്തെയും, മൂന്നാമത്തെയും തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ടു ചെയ്തത്. കടുത്ത മനുഷ്യ ബന്ധങ്ങളായിരുന്നു അതിനു കാരണം. രണ്ടാം തെരഞ്ഞെടുപ്പില്‍ മെംബറും, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിത്തീര്‍ന്ന പി. പി. മാത്യു എന്ന പടിഞ്ഞാറ്റിലെ മാത്തൂച്ചേട്ടന്‍ എന്റെ അപ്പന്റെ അടുത്ത സുഹൃത്തായിരുന്നു. ചെറിയ നിലയില്‍ അദ്ദേഹം ഒരു കോണ്‍ട്രാക്ടറും ആയിരുന്നു. കൂപ്പുകള്‍ ( വെട്ടിത്തെളിച്ച് കൃഷിക്ക് പാകമാക്കിയ സര്‍ക്കാര്‍ ഭൂമി ) ലേലത്തിലെടുത്ത് കൃഷിക്കാര്‍ക്ക് വീതിച്ചു  കൊടുത്ത് അവരെക്കൊണ്ട് കൃഷി ചെയ്യിക്കലായിരുന്നു രീതി. ഇതിന്റെയെല്ലാം നടത്തിപ്പും, കൂപ്പിലെ വിളകള്‍ക്ക് കാട്ടുമൃഗങ്ങളില്‍ നിന്നുള്ള കാവലും മുതല്‍ വിളകള്‍ വിറ്റു കിട്ടുന്ന പതിനായിരക്കണക്കിന് രൂപാ മാത്തൂച്ചേട്ടനെ എണ്ണിയേല്‍പ്പിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ അപ്പനാണ് നടത്തിയിരുന്നത്.

പലപ്പോഴും ജീവന്‍ പണയപ്പെടുത്തിയാണ് അപ്പന്‍ ഈ ജോലി ചെയ്തിരുന്നത്. ലോഡ് കണക്കിനുള്ള വിളകള്‍ ( പ്രധാനമായും കപ്പ അഥവാ മരച്ചീനി ) വിറ്റു കിട്ടുന്ന വലിയ തുകയുമായി വരുന്‌പോഴേക്കും മുള്ളരിങ്ങാടന്‍ പുഴയില്‍ മലവെള്ളം പൊങ്ങി നിറഞ്ഞൊഴുകുകയാവും. ഉടുമുണ്ടഴിച്ച് പണം അതിനകത്താക്കി പിരിച്ച് തലയില്‍ കെട്ടിക്കൊണ്ടാണ് പുഴ നീന്തിക്കടന്ന് രാത്രിയോടെ അപ്പന്‍ മാത്തൂച്ചേട്ടന്റെ വീട്ടിലെത്തി പണം കൈമാറിയിരുന്നത്. " നാളെ പോരായിരുന്നോ പേരപ്പാ? " എന്ന മാത്തൂച്ചേട്ടന്റെ ചോദ്യത്തിന്  " അന്നന്നത്തെ ഇടപാട് അന്നന്ന് തീരണം മാത്തൂ " എന്നായിരിക്കും അപ്പന്റെ മറുപടി. വലിയ ഭൂസ്വത്തുണ്ടായിരുന്ന മാത്തൂച്ചേട്ടന്റെ ഒരേക്കര്‍ നിലം അപ്പന്‍ പങ്കു വ്യവസ്ഥയില്‍ കൃഷി ചെയ്തിരുന്നു. ഏതോ ഒരു ഭൂപരിഷ്ക്കരണ നിയമത്തിന്റെ ബലത്തിന്മേല്‍ കൃഷിക്കാര്‍ കൃഷിഭൂമിയിന്മേല്‍ അവകാശം ഉന്നയിക്കുന്ന ഒരു നില വന്നു. ഇതറിഞ്ഞ അപ്പന്‍ മാത്തൂച്ചേട്ടന്‍ ഏല്‍പ്പിച്ചിരുന്ന നേഞ്ഞിലും, ( കലപ്പ ) നുകവും തിരിച്ചേല്‍പ്പിച്ചു കൊണ്ട് " മാത്തൂ, നിന്റെ നേന്‍ഞ്ഞിലും, നുകവും ഞാനാ ഇലവേല്‍ ചാരീട്ടൊണ്ട്. അടുത്ത പൂവിന് ( തവണ ) ഞാന്‍ കൃഷിക്കില്ലാ " എന്നും പറഞ്ഞു കൊണ്ട് നിലം ഒഴിവായിപ്പൊന്നു.

ഒരുമിച്ചു കള്ളു കുടിക്കുകയും, തോളത്തു കയ്യിട്ടു നടക്കുകയും ചെയ്തിരുന്ന മാത്തൂച്ചേട്ടനെപ്പോലുള്ളവര്‍ തെരഞ്ഞെടുപ്പിന് നില്‍ക്കുന്‌പോള്‍ അവിടെ രാഷ്ട്രീയമല്ലാ, ബന്ധങ്ങളാണ് പ്രധാനം എന്ന് തോന്നിയതിനാലാണ് ഞാനും അപ്പനെപ്പോലെ ചിന്തിച്ചത്. അന്പത് വയസെത്തുന്നതിനു മുന്‍പ് തന്നെ കരള്‍ രോഗം മൂലം മാത്തൂച്ചേട്ടന്‍ മരണമടഞ്ഞപ്പോള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ എന്റെ അപ്പന്‍ പൊട്ടിക്കരഞ്ഞു. ( വര്‍ഷങ്ങള്‍ക്ക് ശേഷം ഈയിടെ എന്റെ പിതാവ് മരണമടഞ്ഞപ്പോള്‍ മാത്തൂച്ചേട്ടന്റെ മക്കളായ ബോബനും, ബാബുവും കണ്ണീര്‍ ചാലുകള്‍ ഒതുക്കാന്‍ പാട് പെടുന്നതും, എന്റെ ഓര്‍മ്മയിലുണ്ട്. )

എന്റെ വല്യാമ്മയുടെ വഴിയില്‍ ഞങ്ങളുടെ ഒരകന്ന ബന്ധുവും, വ്യക്തി പരമായ നിലയില്‍ എന്റെ അഭ്യുദയാകാംഷിയും, സഹായിയും ഒക്കെയായിരുന്ന പി. ടി. തോമസ് എന്ന തോമാച്ചന്‍ ചേട്ടനായിരുന്നു മൂന്നാം പഞ്ചായത്തു തെരഞ്ഞെടുപ്പിലെ വിജയിയായ സ്ഥാനാര്‍ഥി. എന്റെ അപ്പനെ മൂത്ത ജേഷ്ഠനായിക്കണ്ട് ബഹുമാനിച്ചിരുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. തോമാച്ചന്‍ ചേട്ടന്റെ ജേഷ്ഠനായ പി. ടി. പൈലി എന്ന പൈലിക്കുഞ്ഞു ചേട്ടനും അവരുടെ മറ്റു കുടുംബാങ്ങളുമെല്ലാം ഞങ്ങളെ അകറ്റി നിര്‍ത്തിയിട്ടില്ല. ആ ഒരു സ്‌നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് അവരോടുമുണ്ടായിരുന്നു. സര്‍വോപരി കറ തീര്‍ന്ന വ്യക്തിത്വത്തിന് ഉടമയായ ഒരാള്‍ കൂടിയായിരുന്നു തോമാച്ചന്‍ ചേട്ടന്‍. ഇങ്ങനെയുള്ള ഒരാള്‍ സ്ഥാനാര്‍ത്ഥിയാകുന്‌പോള്‍ എനിക്ക് രാഷ്ട്രീയമില്ല. മാത്രമല്ലാ, മാനവീകതയെക്കാള്‍ വലുതായ സിദ്ധാന്തങ്ങളൊന്നും അവതരിപ്പിക്കാന്‍ യാതൊരു ചിന്തകള്‍ക്കും സാധ്യമായിട്ടുമില്ല.

എന്നാല്‍ ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമായിരുന്നു. ചരിത്രത്തിലാദ്യമായി ഇടതു പക്ഷത്തിന് ലഭിച്ച അതി ശക്തനായ ഒരു സ്ഥാനാര്ഥിയായിരുന്നു കെ. സി. മാത്യു എന്ന കുഞ്ഞുമാത്തുച്ചേട്ടന്‍. സര്‍ക്കാര്‍ തലത്തില്‍ കോണ്‍ട്രാക്ടറായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ആ രംഗത്തെ അടവുകളും തന്ത്രങ്ങളും എല്ലാം പഠിച്ചു പയറ്റിത്തെളിഞ്ഞ ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. പോരെങ്കില്‍ അദ്ദേഹത്തിന്‍റെ പിതാവായ കല്ലടയിലെ ചാക്കോച്ചേട്ടന്‍ പണ്ട് കുറിഞ്ഞിയില്‍ ചികിത്സക്ക് പോയ കാലം മുതല്‍ ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് എന്നെ കണ്ടിരുന്നത്. സാഹചര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയിരുന്നെങ്കിലും, ഈ തെരഞ്ഞെടുപ്പും എനിക്ക് തലവേദനയായി ഭവിക്കുകയാണുണ്ടായത്. എന്തുകൊണ്ടെന്നാല്‍ എന്റെ പ്രിയ സുഹൃത്തായ പി. സി. ജോര്‍ജാണ് അപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി വന്നത്. അടിയന്തിരാവസ്ഥക്കാലത്ത് ഞങ്ങള്‍ ഒരുമിച്ച്  കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചു നടക്കുകയും, രാത്രികളില്‍ എന്നോടൊപ്പം പോസ്റ്ററുകള്‍ ഒട്ടിച്ചു നടക്കുകയും ചെയ്തിരുന്ന പി. സി. പെട്ടെന്ന് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടായി തീരുകയാണുണ്ടായത്. ഇതിനെല്ലാമിടയിലും ഉലയാതിരുന്ന ഞങ്ങളുടെ സൗഹൃദത്തിന് ഈ തെരഞ്ഞെടുപ്പ് വെല്ലുവിളികള്‍ ഉയര്‍ത്തി. ഞാനും പി. സി. യുമായി സംസാരിച്ചു. എന്റെ നിലപാടുകള്‍ ആരെക്കാളും അറിയാമായിരുന്ന പി. സി. ഒരു നിര്‍ദ്ദേശമേ മുന്നോട്ടു വച്ചുള്ളു : " പരസ്യമായി പ്രവര്‍ത്തിക്കാന്‍ രംഗത്തിറങ്ങരുത്." എന്ന ആ നിര്‍ദ്ദേശം ഒരു എണ്‍പത്തഞ്ചു ശതമാശനമെങ്കിലും ഞാന്‍ പാലിച്ചു.

കുഞ്ഞുമാത്തുച്ചേട്ടന്‍ അനായാസം ജയിച്ചു കയറി. മാത്രമല്ലാ അദ്ദേഹം പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ പ്രസിഡണ്ടായി അവരോധിക്കപ്പെടുകയും ചെയ്തു. തന്റെ കഴിവും, പരിചയവും ഉപയോഗപ്പെടുത്തി അതുവരെ കാണാത്ത വികസന പദ്ധതികള്‍ക്കു പഞ്ചായത്തിലാകമാനം അദ്ദേഹം തുടക്കം കുറിച്ചു. ഞങ്ങള്‍ തുടങ്ങി വച്ച ' കുട്ടികള്‍ക്ക് കുടിവെള്ളം 'പദ്ധതി കുറേക്കൂടി വിപുലപ്പെടുത്താമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്‍റെ ശ്രമ ഫലമായി  കോതമംഗലം ബ്ലോക്കില്‍ നിന്ന്  മുപ്പത്തി ആറായിരം  രൂപക്കുള്ള ഒരു പദ്ധതിക്ക് അനുവാദമായി. ഞങ്ങള്‍ പണിയാനുദ്ദേശിച്ച ചെറിയ വാട്ടര്‍ ടാങ്കിനു പകരമായി ആറായിരം ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്കും, ഇപ്പോള്‍ ഒരു ഭാഗം കുന്നായി നിരപ്പില്ലാതെ കിടക്കുന്ന കളിസ്ഥലം കുന്നിടിച്ചു നിരപ്പാക്കി ഫുട്ബാള്‍ കോര്‍ട്ടാക്കി തീര്‍ക്കുകയും എന്നതായിരുന്നു അനുവദിക്കപ്പെട്ട പദ്ധതി. പദ്ധതിയുടെ കോണ്‍ട്രാക്ടര്‍ പി. ടി. എ. ആയിരിക്കും. പണി പൂര്‍ത്തിയാവുന്ന മുറക്ക് പണം കൈപ്പറ്റാം  ഇതാണ് വ്യവസ്ഥ.

ഞങ്ങള്‍ക്കെല്ലാം സന്തോഷമായി. ഒരു പ്രശ്‌നമേയുള്ളു ; പണമില്ല. പണം മുടക്കി പണി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ ഫണ്ട് കിട്ടൂ. പതിനായിരത്തില്‍ താഴെയുള്ള ഒരു തുകയേ കൈയിലുള്ളു. എന്തായാലും പി. ടി. എ. പ്രസിഡണ്ട് എന്ന നിലയില്‍ ഞാന്‍ എഗ്രിമെന്റ് വച്ച് സ്‌കെച്ചും, പ്ലാനുമെല്ലാം കൈപ്പറ്റി. ഇത് നടക്കരുത് എന്ന് രഹസ്യമായി ആഗ്രഹിച്ച ഒരു വിഭാഗം വെളിയിലുണ്ടായിരുന്നു. ഏതു വികസനത്തെയും കണ്ണടച്ചെതിര്‍ക്കുന്ന കേരളത്തിലെ രാഷ്ടീയക്കാരുടെ ഒരു ചെറിയ പതിപ്പായിരുന്നു അവര്‍. ഞങ്ങളെപ്പോലുള്ള ദരിദ്രവാസിപ്പിള്ളേര്‍ ഈ പദ്ധതി നടപ്പാക്കിയാല്‍ കിട്ടിയേക്കാവുന്ന ക്രെഡിറ്റിന്റെ ' ആനമുട്ട' യെക്കുറിച്ചായിരുന്നു അവരുടെ അസൂയയുടെ വേവലാതി.

പണം കണ്ടെത്തുന്ന കാര്യത്തില്‍ കുഞ്ഞുമാത്തൂച്ചേട്ടനും ഞങ്ങളോട് സഹകരിച്ചു. ശ്രീ ബോബന്‍ മാത്യു ( മരിച്ചുപോയ മാത്തൂച്ചേട്ടന്റെ മകന്‍ ) പ്രസിഡണ്ടായിട്ടുള്ള 'സന്തോഷ് ക്ലബ് ആന്‍ഡ് ലൈബ്രറി' യുടെ ( ക്ലബ്ബ് മാത്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനവുമായി  ഞങ്ങളുടെ ജ്വാലാ ലൈബ്രറി നിരുപദേശികം ഇതിനകം  ലയിപ്പിച്ചിരുന്നു എന്നതിനാല്‍ ഇപ്പോള്‍ അത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ) ഫണ്ടില്‍ ഒരു പതിനായിരം രൂപയുണ്ട്. ബോബന്റെയും, എന്റെയും കൂട്ടുത്തരവാദിത്വത്തില്‍ അത് പി. ടി. എ. ഫണ്ടിലേക്ക് മാറ്റി. കുഞ്ഞുമാത്തൂച്ചേട്ടന്റെയും, എന്റെയും കൂട്ടുത്തരവാദിത്വത്തില്‍ പൈങ്ങോട്ടൂരിലുള്ള മനയത്തുമാരി ഹാര്‍ഡ് വിയറില്‍ നിന്ന് ഇരുപത്തി  മൂവായിരം രൂപയുടെ മെറ്റീരിയല്‍ കടമായി വാങ്ങി. പി. ടി. എ. .കമ്മറ്റിയിലെ  രണ്ടുമൂന്നു പേര്‍ ആയിരം രൂപാ വീതം കൊണ്ട് വന്നു.

പണം ആവശ്യത്തില്‍ അധികമായ സാഹചര്യത്തില്‍ സന്തോഷത്തോടെ ഞങ്ങള്‍ പണി തുടങ്ങുകയാണ്. വാട്ടര്‍ ടാങ്കിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി നൂനന്‍ എന്ന വിദഗ്ധ മേസ്തിരിയെയാണ് ഏര്‍പ്പാട് ചെയ്തിരുന്നത്. എല്ലാം തയാറാക്കി ഞങ്ങള്‍ പണിക്കായി വിളിക്കുന്‌പോള്‍ അയാള്‍ ഒഴിവാകുകയാണ്. " എന്താണ് കാര്യം?" എന്ന അന്വേഷണത്തിന് " ഈ പണി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് " എന്ന ന്യായം. അദൃശ്യരായ എതിരാളികളുടെ ആദ്യ പ്രകടനം ഞങ്ങള്‍ കണ്ടു. മറ്റൊരാളെ കണ്ടെത്താന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വന്നു. അവസാനം ഒരു മലയാളി യുവതിയെ വിവാഹം കഴിച്ച് ഇവിടെ ജീവിക്കുന്ന തമിഴ് നാട്ടുകാരനായ ഒരു മേസ്തിരിയെ ഒത്തു കിട്ടി. ഞങ്ങളുടെയെല്ലാം സാന്നിധ്യത്തിലും, സഹകരണത്തിലും അയാള്‍ വാട്ടര്‍ ടാങ്കിന്റെ പണി ആരംഭിച്ച.

ഈ സമയത്ത് പി. ടി. എ. കമ്മറ്റിയിലെ ഒരംഗമായ മാധവന്റെ ചെറിയ വീടിന്റെ പണി നടക്കുകയായിരുന്നു. പണി പൂര്‍ത്തിയാവാന്‍ ഒരു ചാക്ക് സിമന്റു കൂടി വേണം. ഞങ്ങള്‍ കടമായി വാങ്ങി വച്ചിരിക്കുന്ന സിമന്റില്‍ നിന്ന് ഒരു ചാക്ക് വായ്പയായി തരാമോ എന്ന് മാധവന്‍ ചോദിക്കുന്നു. പിന്നീട് തിരികെ തരാം എന്ന വ്യവസ്ഥയില്‍. എന്റെ ഉത്തരവാദിത്വത്തില്‍ ഞാന്‍ വാങ്ങി വച്ചിരിക്കുന്ന സാധനം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണല്ലോ എന്ന് കരുതി ഒരു ചാക്ക് സിമന്റ് ഞാന്‍ മാധവന് കൊടുത്തു. അത് പരസ്യമായി തലയില്‍ ചുമന്നു കൊണ്ട് മാധവന്‍ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി.

അതുവരെ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന എതിര്‍ ഗ്രൂപ്പുകാര്‍ പരസ്യമായി രംഗത്തിറങ്ങി. അപ്പോഴാണ്, എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന പി. സി. ജോര്‍ജ്, അപ്പാപ്പന്‍, എന്റെ ചില ബന്ധുക്കള്‍ മുതലായവര്‍ എതിര്‍ ചേരിയിലാണെന്ന് ഞാന്‍ മനസിലാക്കുന്നത്. ' വാട്ടര്‍ ടാങ്ക് പണിയാന്‍ സര്‍ക്കാര്‍ കൊടുത്ത സിമന്റ് പി. ടി. എ. ക്കാരന്‍ മാധവന്‍ വീട് പണിയുകയാണ്, പി. ടി. എ. ക്കാര്‍ കള്ളന്മാരാണ് ' തുടങ്ങിയ ആരോപണങ്ങള്‍ അവര്‍ പ്രചരിപ്പിച്ചു തുടങ്ങി. ഇതിന്റെയെല്ലാം കടിഞ്ഞാണ്‍ നമ്മുടെ അവര്‍കള്‍ സാറിന്റെ കൈയിലായിരുന്നു എന്നും സംസാരമുണ്ട്. എന്റെ ന്യായങ്ങള്‍ ഞാന്‍ പറഞ്ഞു നോക്കി. ആരും അംഗീകരിക്കുന്നില്ല. പിന്നെ ഒന്നും നോക്കിയില്ല;   " നീ പോടാ പുല്ലേ " എന്ന് പരസ്യമായി പറഞ്ഞു കൊണ്ട് ഞങ്ങള്‍ പണി തുടര്‍ന്നു.

കളിസ്ഥലം  നിരത്തുന്നതിനുള്ള കാര്യങ്ങള്‍ പരിഗണനയില്‍ വന്നു. ഒരരികില്‍ ആറടിയോളം പൊക്കത്തില്‍ ചെറിയൊരു മണ്‍ കുന്നുണ്ട്. അത് കോരിയെടുത്ത് ബാക്കി സ്ഥലത്ത് നിരത്തിയിട്ടു വേണം ഫുട്ബാള്‍ കോര്‍ട്ട് നിര്‍മ്മിക്കേണ്ടത്. മണ്ണ്മാന്തി യന്ത്രങ്ങളൊന്നും അന്ന് നിലവിലില്ല. തൂന്പകള്‍ കൊണ്ട് കിളച്ചു കോരി കുട്ടയിലാക്കി ചുമന്ന് വേണം മറ്റു ഭാഗങ്ങളില്‍ ഇട്ടു നിരത്തേണ്ടത്. അതിനുള്ള ആലോചനകള്‍ നടക്കുന്നതിനിടക്ക് ഒരവസാന ശ്രമം എന്ന നിലയില്‍ കോലഞ്ചരിയിലുള്ള പ്രമുഖ കോണ്‍ട്രാക്ടര്‍ ശ്രീ എം. ചാക്കോപ്പിള്ളയെ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയിക്കണ്ടു. വിവരങ്ങള്‍ കേട്ടപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമായി. താനും ചെറിയ നിലയില്‍ തുടങ്ങിയ ആളാണെന്നും, നല്ല വളര്‍ച്ചാ സാധ്യതയുള്ള ഒരു ഫീല്‍ഡാണ് കോണ്‍ട്രാക്ട് ബിസ്സിനസ്സ് എന്നും അദ്ദേഹം പറഞ്ഞു.

ഏതു തരത്തിലുള്ള യന്ത്രമാണ് വേണ്ടതെന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന്, മണ്ണിടിച്ചു നിരത്തുന്നതിനുള്ള ഒരെണ്ണമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ഞങ്ങള്‍ പറഞ്ഞു. അത് തന്നെ പല തരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അകത്തുപോയി ഒരു വലിയ കാറ്റലോഗ് എടുത്തു കൊണ്ട് വന്നു.
 
അതില്‍ ഒറ്റയടിക്ക് ഒരു ലോറിലോഡ് മണ്ണ് കോരിയെടുത്ത് ആവശ്യമുള്ളിടത്ത് നിക്ഷേപിക്കാന്‍ കഴിയുന്നത് മുതല്‍, പാറകള്‍ ഇടിച്ചു നിരത്താനും, തുരക്കാനും, ലോഡ് ചെയ്യുവാനും വരെ കഴിവുള്ള ഡസന്‍ കണക്കിന് യന്ത്രങ്ങളുടെ ചിത്രങ്ങള്‍ ഞങ്ങളെ കാണിച്ചു കൊണ്ട് പ്രവര്‍ത്തനം വിശദീകരിച്ചു തന്നു. ഞങ്ങള്‍ക്ക് പറ്റിയത് ഇതായിരിക്കും എന്ന് സൂചിപ്പിച്ചുകൊണ്ട് ഒരെണ്ണം നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഞങ്ങള്‍ക്ക്  വേണ്ടത് എന്നത്തേക്കാണെന്നു അറിയിച്ചാല്‍, ഏതോ വര്‍ക്ക് സൈറ്റില്‍ കിടക്കുന്ന സാധനം കൃത്യ സമയത്തു തന്നെ ഞങ്ങളുടെ സ്‌പോട്ടില്‍ എത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍  ചെയ്യാമെന്നും അദ്ദേഹംപറഞ്ഞു. ഞങ്ങളുടെ പണിക്ക് കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വേണ്ടി വരുമെന്നും, വണ്ടിയുടെ വാടകയും, െ്രെഡവറുടെ ബാറ്റായും കൂടി ഒരു ദിവസം ഇരുപതിനായിരം രൂപാ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ പുറത്തേക്കു അല്‍പ്പം തള്ളുകയും, " ഒന്നുകൂടി ആലോചിച്ചിട്ട് വരാം " എന്ന്  പറഞ്ഞു കൊണ്ട് അവിടന്ന് തലയൂരി രക്ഷപ്പെടുകയും  ചെയ്തു.

തൂന്പാപ്പണി തന്നെ ആശ്രയം എന്ന് ചിന്തിച്ചു നടക്കുന്‌പോള്‍, ' ഓടക്കാലി ' എന്ന സ്ഥലത്തെ പാറമടയില്‍ ഒരു ബുള്‍ഡോസര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിവുകിട്ടി. ഞാനും, പി. ടി. എ. വൈസ് പ്രസിഡണ്ട് പാട്ടേലില്‍ മത്തായിയും കൂടി ഓടക്കാലിയില്‍ എത്തി അന്വേഷിച്ചു. ശരിയാണ്, ബുള്‍ഡോസറുണ്ട്. തമിഴ് നാട്ടുകാരുടെ വകയാണ് സാധനം. ചുമ്മാ വിളിച്ചാലൊന്നും വരാന്‍ പറ്റുകയില്ല. മൂവാറ്റുപുഴയില്‍ അംഗീകൃത ഏജന്‍സിയുണ്ട്, അവിടെച്ചെന്ന് അവൈലബിള്‍ ആണോ എന്നറിഞ്ഞ്  അഡ്വാന്‍സ് കൊടുത്ത് എഗ്രിമെന്റ് വച്ചാലേ സാധനം കിട്ടൂ എന്ന് ഓപ്പറേറ്റര്‍ തമിഴന്‍  ഒരു വിധം നല്ല ഗമയില്‍ തന്നെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക