Image

അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)

Published on 08 October, 2019
അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)
2019 സെപ്റ്റംബര്‍ മാസം 20!! ഏറെ നാളുകളായി ആത്മാവില്‍ കാത്ത് സൂക്ഷിച്ചിരുന്ന ഒരു സ്വപ്നം  പൂവണിഞ്ഞു.  അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളില്‍ ആടിയുലഞ്ഞു  യാത്ര ചെയ്യുന്ന ഉല്ലാസക്കപ്പലില്‍ ഏതാനും സുഹൃത്തുക്കളുമൊത്ത് നാലഞ്ചു ദിവസങ്ങള്‍.

1972 മുതല്‍ ന്യുയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ സാംസ്കാരിക സംഘടനയായ കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍  ന്യുയോര്‍ക്കിന്റെ ഈ വര്‍ഷത്തെ വിനോദ പരിപാടികളിലൊന്നായിരുന്നു ഈ വിദേശയാത്ര. ഈ യാത്ര  ഈ വര്‍ഷത്തെ ഓണാഘോഷമായി ഞങ്ങള്‍ കൊണ്ടാടുകയായിരുന്നു.  ഇരുപത് പേരടങ്ങിയ ഒരു സംഘം ആണ്  ഈ കപ്പല്‍ യാത്രയില്‍ പങ്കാളികളായത്. സംഘടനയുടെ പ്രസിഡണ്ട്  ശ്രീ വിന്‍സന്റ് സിറിയക്ക് നേതൃത്വം എടുത്തു. ഒപ്പം  സംഘടനാഭാരവാഹിയും ട്രാവല്‍ ഏജന്റുമായ ഷാജി വര്‍ഗ്ഗീസ് യാത്രയുടെ സജ്ജീകരണങ്ങള്‍ ചെയ്തു.

സെപ്റ്റംബര്‍ ഇരുപത് വൈകുന്നേരം നാലുമണിക്ക് ന്യയോര്‍ക്ക് സിറ്റിയിലുള്ള തുറമുഖത്ത് നിന്നാണ് കപ്പല്‍ സവാരി ആരംഭിക്കുന്നത്. രാവിലെ പത്ത് മണിയോടെ സിറ്റിയിലേക്ക് ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള വാന്‍ യാത്രയായി. പന്ത്രണ്ടുമണിയോടെ വാന്‍ നിര്‍ദ്ദിഷ്ട സ്ഥലത്തു എത്തിച്ചേര്‍ന്നു. എന്നെപ്പോലെ തന്നെ എന്റെ സഹയാത്രികരും ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു.

സ്വപ്നങ്ങള്‍  യാഥാര്‍ഥ്യമാകുമ്പോഴും ഒരു നേരിയ ദുഃഖം എന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. 1999 ല്‍ വിശുദ്ധനാട് സന്ദര്‍ശിച്ചപ്പോള്‍ മുതലാണ് ഞങ്ങള്‍ വിനോദയാത്രാ സഞ്ചാരികളായത്. ആ യാത്ര ഒരു തീര്‍ത്ഥാടനമായിരുന്നു. അന്ന് എന്നെക്കാള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നത്, എന്റെ പ്രിയ ജോ ആയിരുന്നു. പിന്നീട് പല വിനോദയാത്രകളും അദ്ദേഹത്തോടൊപ്പമായിരുന്നു. 2013 ല്‍ എന്റെ പ്രിയപ്പെട്ടവന്‍ ഈ ലോകത്തോട് വിടപറഞ്ഞു. ആ യാത്രകളിലൊക്കെ ഞങ്ങളുടെ പ്രിയസുഹൃത്തുക്കള്‍ പാപ്പച്ചനും അമ്മിണിയും ഒപ്പമുണ്ടായിരുന്നു. ജോയുടെ വേര്‍പാടിനുശേഷവും ചില യാത്രകള്‍ അവരോടൊപ്പം നടത്തി. കൂട്ടിനു മറ്റൊരു കൂട്ടുകാരി കുഞ്ഞുമോളും ഞങ്ങളോട് ചേര്‍ന്നു.ഈ യാത്ര പാപ്പച്ചനും അമ്മിണിക്കും താല്‍ക്കാലികമായ ചില ശരീരാസ്വാസ്ഥങ്ങളാല്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നില്ല എന്നത് എനിക്ക് അല്പം നിരാശ ജനിപ്പിച്ചു എങ്കിലും കുഞ്ഞുമോള്‍ ഇപ്പോഴും കൂട്ടിനുണ്ട് എന്നത് ഒരാശ്വാസം ആയിരുന്നു.

അന്ന് അല്‍പ്പം തണുത്ത പ്രഭാതത്തോടെ ആണ് ദിവസം ആരംഭിച്ചതെങ്കിലും മധ്യാഹ്നമായപ്പോഴേക്കും ഒരു സുഖമുള്ള ചൂടാണ് അനുഭവപ്പെട്ടത്. ഇതേ യാത്രകള്‍ക്കായി ഒരുങ്ങി എത്തിയ ഒരു വലിയ ജനക്കൂട്ടം ഹാളില്‍ തടിച്ചുകൂടിയിരുന്നു, വിവിധ വേഷധാരികളും വിവിധ ഭാഷാക്കാരുമായ  ഒരു വലിയ ജനക്കൂട്ടം. നോര്‍വീജിയന്‍ ഡോണ്‍ എന്ന സ്വപ്നറാണി ഞങ്ങള്‍ക്ക് വേണ്ടി അപ്പോള്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു.

ഹാളിന്റെ മുന്നില്‍ വാന്‍ നിര്‍ത്തിയതോടെ, ഞങ്ങളുടെ ലഗേജുകള്‍ ഏറ്റെടുക്കുവാനായി ജോലിക്കാര്‍ എത്തിക്കഴിഞ്ഞു. അതോടെ കപ്പല്‍ യാത്രക്കുള്ള ഓരോ നിയമങ്ങളും പടിപടിയായി തുടങ്ങി. എല്ലാം കഴിഞ്ഞു  ഹാളിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ യാത്രക്കാരുടെ ഫോട്ടോകള്‍ കുടുംബം കുടുംബമായി ക്യാമറയില്‍ പകര്‍ത്തി. എന്റെ കുടുംബം തല്‍ക്കാലം ഞാനും കുഞ്ഞുമോളും അടങ്ങുന്നതാണല്ലോ. അത്യാവശ്യമുള്ള ലഘുഭക്ഷണപാനീയങ്ങള്‍ ആ ഹാളില്‍ ലഭ്യമായിരുന്നു.  ബാച്ച് ബാച്ചായി കപ്പലിലേക്ക് സഞ്ചാരികളെ വിളിച്ചുതുടങ്ങി. ഞങ്ങളുടെ ബാച്ചുനമ്പര്‍ നാല്‍പ്പത് ആയിരുന്നു. അധികം താമസിയാതെ നാല്‍പ്പതാം നമ്പറും വിളിക്കപ്പെട്ടു. ആഹ്‌ളാദം മുറ്റി നില്‍ക്കുന്ന മനസ്സുമായി ഞങ്ങള്‍ ഇരുപതുപേരും ആ കപ്പലിലേക്ക് നീങ്ങി. കപ്പലില്‍ കയറുന്നതിനു മുമ്പായി നമ്മുടെ ഒരു ക്രഡിറ്റ് കാര്‍ഡ് കൊടുക്കുമ്പോള്‍ ലെമ ുമ ൈഎന്ന ഒരു കാര്‍ഡ് ലഭിക്കുന്നു. ആ കാര്‍ഡ് കപ്പലില്‍ ഏതെങ്കിലും കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും, നമ്മുടെ ക്യാബിന്റെ  താക്കോലായി ഉപയോഗിക്കുന്നതിനും ഒക്കെയുള്ള പാസ് ആയും ഉപയോഗിക്കണം. അതാണ് കപ്പലിലെ നമ്മുടെ I .D കാര്‍ഡ്.

കപ്പലില്‍ ഏഴാം ഡക്കിലേക്കാണ് പ്രവേശിക്കുന്നത്. അവിടെനിന്നും താഴേക്കും മുകളിലേക്കും പോകുന്നതിനു എലിവേറ്ററുകള്‍ ഉണ്ട്. ഞങ്ങളുടെ ക്യാബിന്‍ അഞ്ചാം  ഡക്കിലാണ്. ഏഴാം ഡക്കിലാണ് ആഫീസ് സംബന്ധമായ  എല്ലാ ഏര്‍പ്പാടുകളും ക്രമീകരിച്ചിരിക്കുന്നത്. വിനോദപരിപാടിക്കുള്ള ക്രമീകരണങ്ങളും വളരെ ആകര്‍ഷകമായ രീതിയില്‍ ഈ ഡക്കില്‍ തന്നെയുണ്ട്.

പന്ത്രണ്ടാം  ഡക്കിലുള്ള റെസ്‌റ്റോറന്റിലേക്കാണ് ഞങ്ങള്‍ പലരും ആദ്യം തിരക്കിട്ടുപോയത്. പ്രഭാതഭക്ഷണത്തിന്റെ വീര്യം ഇതിനോടകം കുറഞ്ഞുതുടങ്ങിയിരുന്നു. ഭക്ഷണശേഷം ഞങ്ങള്‍ കപ്പലിന്റെ വിവിധ ഡക്കുകളില്‍  കൂടി ചുറ്റിനടന്നു. പന്ത്രണ്ടാം നിലയിലാണ് ഏറ്റവും ആള്‍ത്തിരക്ക് കണ്ടത്. വിവിധ ഭാഷകളും വേഷങ്ങളുമുള്ള ഒരു ജനസമുദ്രം. സമയം ഏകദേശം നാലുമണി. സൂര്യതാപം ആരെയും അലട്ടുന്നതായി തോന്നിയില്ല. അവിടെയാണ് നീന്തല്‍ക്കുളം, ഇളംനീലനിറത്തിലുള്ള ജലം. കുളത്തിനു നാലു മൂലകളിലായി ചൂടുവെള്ളം നിറച്ച ചെറിയ കുളങ്ങള്‍.  എല്ലാറ്റിലും വിനോദിക്കുന്ന ധാരാളം സഞ്ചാരികള്‍. കുളത്തിനു ചുറ്റുമായി ധാരാളം കസേരകളും അവിടവിടെയായി തീന്‍മേശകളും. അടുത്തുള്ള ബാറില്‍ തിക്കും തിരക്കും. ഒരു ചെറിയ ഭക്ഷണശാലയും ഐസ്ക്രീം കടയും അവിടെത്തന്നെയുണ്ട്. അടുത്ത നാലു ദിവസങ്ങള്‍ ആനന്ദിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും അവിടെക്കാണാം. ഡാന്‍സും പാട്ടുമൊക്കെയായി മറ്റൊരു ലോകം, ഉല്ലാസങ്ങളുടെ ലോകം.

അപ്പോള്‍ ഒരു അറിയിപ്പ്. നാലുമണിക്ക് ഏവരും ആറാം ഡക്കില്‍ നിര്‍ബന്ധമായും എത്തിയിരിക്കണം, അത്യാഹിത പരിശീലനം. ഡക്കിന്റെ വിവിധ ഭാഗങ്ങളിലായി പരിശീലനം ഏര്‍പ്പാടാക്കിയിരിക്കുന്നു. ഞങ്ങളുടെ  പരിശീലനം കഴിഞ്ഞ് കാബിനില്‍ എത്തിയപ്പോഴേക്കും ഞങ്ങളുടെ ലഗേജുകള്‍  കാബിനില്‍ എത്തിയിരുന്നു. ചെറുതെങ്കിലും  സുഖസജ്ജീകരണങ്ങളെല്ലാം ഉള്ള മുറിയില്‍ വിരിച്ചൊരുക്കിയ  രണ്ടു കിടക്കകള്‍. കുളിമുറിയിലും അവശ്യം വേണ്ട എല്ലാ ക്രമീകരണങ്ങളും ഉണ്ട്. സാമാന്യം വിസ്താരമേറിയ ചില്ലിട്ട ജനാലയില്‍ കൂടി പരന്നുകിടക്കുന്ന കടലിലെ ഓളങ്ങള്‍ നോക്കിയിരിക്കുന്നത് എനിക്ക് സുഖപ്രദമായ ഒരു അനുഭവമായിത്തോന്നി.

കൃത്യം അഞ്ചുമണിക്ക് നോര്‍വീജിയന്‍ ഡോണ്‍ എന്ന സമുദ്രറാണി ന്യുയോര്‍ക്ക് തുറമുഖത്തുനിന്നു  ബെര്‍മുഡ എന്ന സുന്ദരദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിച്ചു. ഇന്ന് സെപ്റ്റംബര്‍ 20 . ഇരുപത്തിരണ്ടാം തിയ്യതി രാവിലെ എട്ടുമണിയോടെയാണ് ഈ വിനോദക്കപ്പല്‍ ദ്വീപില്‍ എത്തിച്ചേരുന്നത്. അതുവരെയുള്ള സമയം കപ്പലില്‍ വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടാം.  തിയ്യേറ്ററുകളില്‍  ഡാന്‍സ്, പാട്ട്,  മാജിക്ക് ഷോ, കോമഡി ഷോ മറ്റു വിവിധ വിനോദങ്ങള്‍, വിവിധ ഡക്കുകളിലുള്ള ബാറിലെ വിവിധ പാനീയങ്ങള്‍, എല്ലാമെല്ലാം.

ഞങ്ങളുടെ ഗ്രൂപ്പ് ഓണത്തിന്റെ ഗൃഹാതുരത്വമുള്ള ഓര്‍മ്മകള്‍ പങ്കിട്ടു.  അറ്റ്‌ലാന്റിക്കിലെ തിരകള്‍ കൈകൊട്ടിക്കളി കളിച്ചു.  കടലിന്നക്കരെനിന്നും  ഓണപൂവിളി ഞങ്ങള്‍ കാതോര്‍ത്തു. അദൃശ്യനായി മാവേലിമന്നന്‍ ഞങ്ങളുടെ ഇടയിലേക്ക് കടന്നുവരുന്നതായി തോന്നി.  തോന്നിയതല്ല. എല്ലാവരുടെയും കണ്ണുകള്‍ മാവേലിമന്നനിലേക്ക് കേന്ദ്രീകരിച്ചു . പാളത്താറും കുടവയറും  കിരീടവുമൊന്നുമില്ല. മുണ്ടും ജുബ്ബയും അണിഞ്ഞ് കയ്യില്‍ വീഞ്ഞിന്റെ ഗ്‌ളാസ് പിടിച്ച് മാവേലി ഞങ്ങളെ നോക്കി ചിരിച്ചപ്പോള്‍ ആളിനെ പിടി കിട്ടി. സ്വര്‍ണ്ണക്കരയുള്ള ചഷകത്തില്‍ പതയുന്ന വീഞ്ഞ്. പാദങ്ങള്‍ ഉറയ്ക്കാതെ അദ്ദേഹം ആടുന്നുണ്ട്. തനിക്ക് കാലുറയ്ക്കാത്തത്  ലഹരിയുടെ സ്വാധീനത്തില്‍ അല്ല,  കടല്‍ ക്ഷോഭിക്കുന്നത്‌കൊണ്ട് കപ്പല്‍ ആടുന്നതിനാലാണ് എന്ന് അദ്ദേഹം ഞങ്ങളെ മനസ്സിലാക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ആട്ടത്തിനനുസരിച്ച് എല്ലാവരും ഒരു കോറസ് പോലെ " "കുട്ടനാടന്‍ പുഞ്ചയിലെ...തിത്തി താര തിത്തി തെയ് തിത്തയ് തെക തെയ് തോം എന്ന് പാടി. തിരമാലകള്‍ക്ക് ആ പാട്ടു ഇഷ്ടമായപ്പോലെ അവരും ഒന്നും ഇളകി. ഒരു ചുണ്ടന്‍വള്ളത്തെപോലെ ഞങ്ങളുടെ കപ്പലും വേഗത്തില്‍ നീങ്ങി. ഇപ്പോള്‍ ശരിക്കും കപ്പല്‍ ഒന്നുലഞ്ഞു. വീഞ്ഞുകുടിച്ചുകൊണ്ടിരുന്ന വ്യക്തി  അപ്പോള്‍ ഒന്നുകൂടി ആടികൊണ്ട് കുടിയന്മാരെപോലെ "ഞാനല്ല ആടുന്നത് കപ്പലാണ് ആടുന്നത്" എന്ന് പറഞ്ഞുകൊണ്ടിരുന്നു. രസകരമായ കുറച്ച് നല്ല നിമിഷങ്ങള്‍.

നേരം പുലരുന്നു. സെപ്റ്റംബര്‍ ഇരുപത്തിരണ്ട്  ഞായര്‍. ആഴ്ച്ചയുടെ ഒന്നാം ദിവസം. വീട്ടിലാണെങ്കില്‍ ദേവാലയത്തിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്ന  പ്രഭാതം. ബെര്‍മുഡ എന്ന സുന്ദരഭൂമിയെപ്പറ്റിയുള്ള സ്വപ്നങ്ങളുമായിട്ടാണ് ഈ ഞായര്‍ ദിനം  പുലര്‍ന്നത്. ഒരുക്കങ്ങള്‍ കഴിഞ്ഞ് പന്ത്രണ്ടാം ഡക്കിലുള്ള റെസ്‌റ്റോറണ്ടില്‍ നിന്നും പ്രഭാതഭക്ഷണം. ഞങ്ങളുടെ ഗ്രൂപ്പില്‍ മിക്കവരും തന്നെ അവിടെ എത്തിയിരുന്നു. എട്ടുമണിയോടെ ദ്വീപിലേക്ക് ഇറങ്ങുന്നതിനുള്ള നിയമങ്ങളെപ്പറ്റി അറിയിപ്പ് വന്നു തുടങ്ങി.  എല്ലാവരും  സീ പാസ് എന്ന കാര്‍ഡ് നിര്‍ബന്ധമായും കരുതിയിരിക്കണം. ഒപ്പം പാസ്‌പോര്‍ട്ടും. രണ്ടായിരത്തിയറുനൂറ് യാത്രക്കാരാണ് ആ കപ്പലില്‍ ഉള്ളത്. എല്ലാവരുടെയും ലക്ഷ്യം  ബെര്‍മുഡ എന്ന സ്വപ്നദ്വീപാണ്. അതുകൊണ്ട് തന്നെ ഒരേവാതിലില്‍ കൂടി ചെക്കിങ് എല്ലാം കഴിഞ്ഞു പുറത്തേക്കുള്ള തിരക്ക് ഊഹിക്കാവുന്നതേയുള്ളു. ഞങ്ങള്‍ തലേദിവസം തന്നെ കപ്പലിലെ ഓഫിസില്‍ നിന്നും ബസ്ടൂര്‍ ഏര്‍പ്പെടുത്തിയിരുന്നു.  നടപടിക്രമങ്ങള്‍ എല്ലാം കഴിഞ്ഞ് പുറത്തുവന്നപ്പോള്‍, രണ്ട് രാത്രിയും ഒരു പകലും കഴിഞ്ഞു ബാഹ്യലോകത്തിലെത്തിയ പ്രതീതി അനുഭവപ്പെട്ടു. പ്രളയത്തിനുശേഷം നോഹയുടെ പെട്ടകത്തില്‍ നിന്നും എല്ലാ ജീവികളും പുറത്തുവന്ന ആ വേദഭാഗം എന്റെ സ്മരണയില്‍ ഓടിയെത്തി.

ഞങ്ങള്‍ ഒറ്റയായും, ഗ്രൂപ്പായും, പെട്ടയായും ചില ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തി, കപ്പലിനോടൊപ്പം. അപ്പോഴേക്കും തലേദിവസം ഞങ്ങള്‍ ക്രമീകരിച്ചിരുന്ന ബസ്സും െ്രെഡവറും എത്തി. ഗ്രൂപ്പിലുള്ള എല്ലാവരും തന്നെ പരസ്പരം സഹായിക്കുന്നതിനും സുഖ സൗകര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനും താല്‍പ്പര്യമുള്ളവരായിരുന്നു.ഗ്രൂപ്പില്‍ " "വെള്ളിത്തലമുടിക്കാരി"  ഞാനായിരുന്നതിനാല്‍ എനിക്കല്പം കൂടുതല്‍ പരിഗണന മറ്റെല്ലാവരും തന്നു കൊണ്ടേയിരുന്നു  ദ്വീപിലെ ഭാഷ ഇംഗളീഷ് തന്നെ. കറന്‍സി ഡോളറും. ഇരുപത്തിയൊന്ന് ചതുരശ്രമൈല്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു ദ്വീപാണ് ബെര്‍മുഡ എന്നു എവിടെയോ വായിച്ചത് ഞാനോര്‍ക്കുന്നു. വടക്കേ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ബെര്‍മുഡ. ഇത് ബ്രിട്ടന്റെ അധികാരപരിധിയില്‍ വരുന്ന പ്രദേശമാണ്. ജോവന്‍ ബെര്‍മുഡസ് എന്ന സ്പാനിഷ് നാവിക അന്വേഷകന്‍ കണ്ടെത്തിയത്‌കൊണ്ടാണ് ദ്വീപിനു ബെര്‍മുഡ എന്ന പേര് വന്നതത്രെ.  സന്ദര്‍ശകരുടെ  ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രം ഇവിടത്തെ "പളുങ്ക് ഗുഹകള്‍" (crystal caves) ആണ് . ഈ ഗുഹകള്‍ ആദ്യം സന്ദര്ശിച്ചത് അമേരിക്കന്‍ നോവലിസ്റ്റായ മാര്‍ക് ട്വയിന്‍ ആണ്. ഇവിടെ ഏകദേശം നൂറ്റിയമ്പതോളം ഗുഹകള്‍ ഉള്ളതായി അറിഞ്ഞു. ചുണ്ണാമ്പ് പാറകളും അതില്‍ നിന്നും ഒലിച്ചുവരുന്ന ചുണ്ണാമ്പ് കല്‍പ്പുറ്റുകളും ഈ ഗുഹകളില്‍ കാണാം.  ചുണ്ണാമ്പ് കല്ലുകള്‍ ഇവിടെ സുലഭമാണെന്നൂഹിക്കാം.  ബസ്സ് യാത്രയില്‍ കണ്ട വീടുകളുടെ മേല്‍ക്കൂര വെളുത്ത നിറത്തിലുള്ള എന്തുകൊണ്ടോ   മേഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു. അതേപ്പറ്റി   ബസ്സിലെ െ്രെഡവര്‍ പറഞ്ഞത് വീടുകള്‍ മേയുന്നത് ചുണ്ണാമ്പ് കല്ലുകൊണ്ടാണെന്നാണ്.

ബസ്സ് ഓടിക്കുമ്പോള്‍ സംസാരിക്കരുതെന്ന നിയമം പാലിക്കുന്നത്‌കൊണ്ടായിരിക്കാം ഞങ്ങളുടെ െ്രെഡവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ പിശുക്കുള്ള ആളായിരുന്നു. ബസ്സ് കുറച്ച് ഓടിക്കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ അയാളോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. തൃപ്തികരമായ മറുപടി കേള്‍ക്കാന്‍ സാധിച്ചില്ല. അറുപത്തിയയ്യായിരം ആളുകള്‍ മാത്രം ഈ ദ്വീപില്‍ വസിക്കുന്നു എന്ന് അയാളില്‍ നിന്നും മനസ്സിലാക്കി. ധാരാളം കൃസ്തീയ ദേവാലയങ്ങളും  അവയോട് ചേര്‍ന്ന് വെള്ളപൂശിയ കല്ലറകള്‍ നിറഞ്ഞ സെമിത്തേരികളും കണ്ടു. അന്നു ഞായാറാഴ്ച്ച ആയതുകൊണ്ട് ചില ദേവാലയങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ആരാധനക്കുശേഷം പുറത്തു വരുന്നത് കാണാനിടയായി. ഒരു മുസ്‌ലിം ദേവാലയം മാത്രം ദ്വീപില്‍ ഉണ്ട് എന്നും ഞങ്ങളുടെ ചോദ്യത്തിന് മറുപടിയായി അയാളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച്ചയായി പരിഗണിക്കപ്പെട്ട കേവ്  ലക്ഷ്യമാക്കിയാണ് ബസ്സ് പോയിക്കൊണ്ടിരിക്കുന്നത്. ടാറിട്ട നിരത്തുകളില്‍ ജനസഞ്ചാരം വളരെക്കുറവാണ് .

ഇടക്കിടെ കാറുകള്‍ ഓടുന്നുണ്ട്.  രണ്ട് ഭാഗത്തേക്കും ഗതാഗതം അനുവദിച്ചിട്ടുള്ള നിരത്താണെങ്കിലും ഒരേസമയം ഒരു കാറിനുമാത്രം അങ്ങോട്ടും ഇങ്ങോട്ടും ഓടാനുള്ള സൗകര്യമേയുള്ളു. ഇരുവശത്തും കാല്‍നടക്കാര്‍ക്ക്  പ്രത്യേകമായി സൗകര്യങ്ങള്‍ കണ്ടില്ല. നമ്മുടെ കേരളനാടിന്റെ ചിത്രം ഓര്‍മ്മയില്‍ വരും.
റോഡിന്റെ ഇരുവശങ്ങളിലും ഹരിതാഭയാണ്. പനകളും അവിടവിടെയായി തെങ്ങുകളും കണ്ടു. എന്നാല്‍ ഫലസമൃദ്ധി വളരെകുറവാണ്. എന്റെ മനസ്സിലേക്ക് അപ്പോള്‍  ഓടിയെത്തിയത് നമ്മുടെ നാടും നാളികേര കുലകള്‍ ഏന്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളുമായിരുന്നു. ഇപ്പോള്‍ ആ സൗന്ദര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെങ്കിലും  പഴയ തലമുറയുടെ ചുണ്ടുകള്‍  "നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്" എന്ന വരികള്‍ പാടാതിരിക്കയില്ല. കാരറ്റ് , അവക്കാഡോ   എന്നിവ സമൃദ്ധിയായി കൃഷി ചെയ്യപ്പെടാറുണ്ട് എന്നും  െ്രെഡവറില്‍ നിന്നു അറിഞ്ഞു. ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ തൊട്ടുമുന്‍പായി ഒരു കൊടുംകാറ്റു കടന്നുപോയ  ലക്ഷണങ്ങള്‍ കണ്ടു. ഒരു ഇലക്ട്രിക്ക് പോസ്റ്റ് വീണുകിടക്കുന്നു.  വൃക്ഷശിഖരങ്ങളും മറ്റും അവിടവിടെയായി കിടക്കുന്നുണ്ട്.

കെട്ടിടങ്ങള്‍ ഒന്നും തന്നെ  രണ്ടു നിലയില്‍ കൂടുതല്‍ ഉയര്‍ന്നുകണ്ടില്ല.  ചുണ്ണാമ്പ് ഓടുകള്‍ (lime tiles) കൊണ്ടാണ് കെട്ടിടങ്ങളുടെ മേല്‍ക്കൂര ചെയ്തിരിക്കുന്നത്. റോസ് , പീച്ച് , വെള്ള എന്നീ നിറങ്ങളിലാണ് മിക്ക കെട്ടിടങ്ങളും . പിങ്ക് സിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ജയ്പൂര്‍ എന്റെ സ്മൃതിയിലേക്കോടി എത്തി. റോഡിന്റെ ഒരു വശത്ത് അല്‍പ്പം ഭൂമി കഴിഞ്ഞാല്‍ നീലനിറത്തിലുള്ള ജലാശയങ്ങളാണ്. മറുവശം മിക്കവാറും ഉയരം കൂടിയ മലകളും. മലമുകളില്‍ കെട്ടിടങ്ങളും കാണാം. ചില ഭാഗങ്ങള്‍  സാമ്പത്തികമായി അല്‍പ്പം പിമ്പിലാണെന്നു കാണാം. എന്നാല്‍ മറ്റു ചില ഭാഗങ്ങളില്‍  സാമാന്യം മനോഹരമായ വലിയ കെട്ടിടങ്ങളും  കാറുകളും ഒക്കെയായി കൂടുതല്‍ പുരോഗമനം  കാണുന്നുണ്ട്.

കേവില്‍  നിന്നുള്ള സന്ദര്‍ശത്തിനുശേഷം അവിടെനിന്നും അധികം ദൂരത്തിലല്ലാതെ ഏകദേശം 15 20 മിനിറ്റ് െ്രെഡവ് ചെയപ്പോള്‍ ഒരു അക്വേറിയവും മൃഗശാലയും കാണാനിറങ്ങി. വിവിധതരങ്ങളിലുള്ള മത്സ്യങ്ങളെ വളര്‍ത്തുന്ന അക്വേറിയം സന്ദര്‍ശകരെ സാമാന്യം ആകര്‍ഷിക്കുന്നു. മൃഗശാലയില്‍ പ്രത്യേകതരം പക്ഷികള്‍, മയിലുകള്‍ സാമാന്യത്തിലധികം വലുപ്പം തോന്നിക്കുന്ന (ഒരു പാറ കല്ലാണെന്നേ ഒറ്റ നോട്ടത്തില്‍  തോന്നുകയുള്ളൂ. ) ഒരു ആമ , മറ്റു ചില ചെറിയ ആമകള്‍ തുടങ്ങി കുറച്ച് പക്ഷിമൃഗാദികളെക്കാണാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനോദസഞ്ചാരങ്ങള്‍ നടത്തിയിട്ടുള്ള സന്ദര്‍ശകര്‍ക്ക് ഇവയൊന്നും ആകര്‍ഷകമായി തോന്നാന്‍ സാധ്യതയില്ല.  റോഡിന്റെ താഴ്‌വശത്തായികാണുന്ന നീലക്കടലും അവയോട് ചേര്‍ന്നുള്ള മനോഹരമായ കടല്‍ത്തീരവും സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കുന്ന പ്രകൃതിരമണീയതയാണ്.ഏകദേശം മൂന്ന് മണിയോടുകൂടി ഞങ്ങള്‍ തിരിച്ചു കപ്പലിലെത്തി.

കാത്ത് കാത്തിരുന്ന ബെര്‍മുഡ സന്ദര്‍ശനം അവിടെ അവസാനിച്ചു. കപ്പലിനുള്ളിലെ വിനോദങ്ങളും സഹൃദങ്ങളും തുടരാന്‍ ഇനിയും രണ്ട് രാത്രികളും ഒരു പകലും ബാക്കിയുണ്ട്. നാലരമണിയോടെ കപ്പല്‍ ന്യുയോര്‍ക്കിലേക്കുള്ള യാത്ര ആരംഭിച്ചു.  രാത്രി പന്ത്രണ്ട് മണിവരെ തുടര്‍ച്ചയായി ഡാന്‍സും പാട്ടും ഒക്കെയായി ശബ്ദമുഖരിതമായ ഒരു അന്തരീക്ഷം, പന്ത്രണ്ടാമത്തെ ഡക്കില്‍ നീന്തല്‍ ക്കുളത്തിനു ചുറ്റുമായി കൊണ്ടാടി. ഓരോരുത്തരും അവരവരുടെ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുസരിച്ചുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ടു.

ഇരുപത്തിമൂന്നാം തിയ്യതി കപ്പലിലെ അവസാനപകല്‍. നേരത്തെ പ്ലാന്‍ ചെയ്തിരുന്നതിനുസരിച്ച് ഞങ്ങള്‍ എല്ലാവരും ഫോട്ടോകള്‍ക്ക് വേണ്ടി ഒരുങ്ങി ഏഴാം ഡക്കിലെത്തി. കമനീയമായി അണിഞ്ഞൊരുങ്ങിയ വനിതാ വിഭാഗം സൗന്ദര്യത്തിന്റെ മിന്നല്‍ പിണരുകള്‍ സൃഷ്ടിച്ചു. മുകളില്‍ നിന്നും ഗോവണിപ്പടി ഇറങ്ങിവന്നിരുന്നവര്‍ ആകാശത്ത് നിന്നും അപ്‌സരസ്സുകള്‍ വഴിതെറ്റി ഭൂമിയിലേക്ക് ഇറങ്ങിയതാണോ എന്ന് സംശയിക്കുമാറ് സുന്ദരികളായിരുന്നു. അവരുടെ വസ്ത്രങ്ങളില്‍ നിന്നും പ്രവഹിച്ചിരുന്ന പ്രകാശരസ്മികള്‍ ഒരു പഴയ ഹിന്ദി സിനിമയിലെ ഗാനരംഗം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. “ബദന്‍ പേ സിത്താരെ ലപടെ ഹുവേ..ജാനേ തമന്ന കിദര്‍ ജാ രഹി ഹോ” ...നക്ഷത്രങ്ങളെക്കൊണ്ട് മേനിയാകെ പൊതിഞ്ഞു ഓമനേ നീ എവിടെ പോകുന്നുവെന്നു അര്‍ത്ഥം....കഷ്ടം! ഞങ്ങളുടെ ഗ്രൂപ്പില്‍ അങ്ങനെ പാടി സുന്ദരിമാരെ സന്തോഷിപ്പിക്കാന്‍ ഷമ്മി കപൂര്‍മാര്‍ ഇല്ലായിരുന്നു. എല്ലാവരും അച്ചടക്കം പാലിക്കുന്ന നല്ല ഭര്‍ത്താക്കന്മാര്‍. ഭാര്യമാരുടെ സൗന്ദര്യത്തില്‍ ലയിച്ച് നിന്നവര്‍ അല്ലെങ്കില്‍ സ്തബ്ധരായവര്‍. കാമുകരുടെ കാലം കഴിഞ്ഞുപോയി. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഏതാനും മണിക്കൂറുകള്‍ ആയിരുന്നു അത്. പിന്നീടുള്ള സമയം ഷോപ്പിങ്ങിനും മറ്റു വിനോദങ്ങള്‍ക്കുമായി ചെലവഴിച്ചു.

ഇരുപത്തിനാല് ചൊവ്വാഴ്ച്ച രാവിലെ ആറു മണിയോടെ എല്ലാവരും പ്രഭാതഭക്ഷണം ലഘുവായി കഴിച്ചു. തലേരാത്രി പതിനൊന്നുമണിയോടെ ഞങ്ങളുടെ  ലഗേജുകള്‍ കപ്പല്‍ ജോലിക്കാര്‍ താഴെ എത്തിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ഇറങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. പത്തുമണിയോടെ ഞങ്ങള്‍ വീണ്ടും ന്യൂയോര്‍ക്കിന്റെ മണ്ണിലിറങ്ങി. നേരത്തെ നിശ്ച്ചയിച്ചിരുന്ന പ്രകാരം വാന്‍ എത്തി ഞങ്ങളെ എതിരേറ്റു. എല്ലാവരും സ്വഭവനങ്ങളിലേക്ക് സസന്തോഷം യാത്രയായി, ഒരു ഉല്ലാസയാത്രയുടെ പര്യവസാനം.

കാറ്റും കോളും നിറഞ്ഞ കടലില്‍ യാതൊരു ആപത്തും കൂടാതെ കാത്തുസൂക്ഷിച്ച് ഒരു നല്ല സൗഹൃദ കൂട്ടായ്മയില്‍ ഭാഗഭാക്കാകാന്‍ അവസരം തന്ന ദൈവത്തിനു നന്ദി.

*********************************




അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)അറ്റ്‌ലാന്റിക്കിന്റെ അലച്ചാര്‍ത്തുകളിലൂടെ ഒരു ഉല്ലാസ യാത്ര (യാത്രാനുഭവം: സരോജ വര്‍ഗ്ഗീസ്)
Join WhatsApp News
Your friend 2019-10-08 13:08:30
You can make friendship with Ukraine president too Mathai 
amerikkan mollakka 2019-10-08 19:58:48
അസ്സലാമു അലൈക്കും. സരോജ സാഹിബ  ഇങ്ങള് 
ചൈനയിൽ പോയി എയ്തിയത് ബായിച്ചിരുന്നു..ഇങ്ങടെ 
കൃതികൾ അധികം കാണുന്നില്ല. എപ്പഴും 
യാത്രയിലാണോ. ഹള്ളാ , ഞമ്മള് കപ്പലിൽ 
ഉണ്ടായിരുന്നെങ്കിൽ ഷമ്മി കപൂറല്ല സാക്ഷാൽ 
പ്രേം നസീർ ആയി പതിന്നാലാം രാവുദിച്ചത് 
പാടിയേനെ. ഇത്ര പെരുത്ത് മൊഞ്ചത്തികളെക്കണ്ടാൽ 
പാട്ടൊക്കെ വരും. പതിന്നാലാം രാവുദിച്ചത് 
അറ്റ്ലാന്റിക്കിലെ കപ്പലിലോ, മൊഞ്ചത്തികളുടെ 
കപിളത്തോ .. ഇത്തിരി മൂപ്പു കൂടി എന്നൊരു സന്ദേഹം.
മമ്മദാലി 2019-10-08 23:24:02
മൊല്ലാക്ക ഇങ്ങള് മൊഞ്ചത്തികളെ കണ്ട് അയിന്റ് പിന്നാലെ പായരുത്. ഇങ്ങക്ക് മൂന്ന് ബീബിമാരില്ലേ. ഇങ്ങടെ ഒടുക്കത്തെ മോഹങ്ങള് ബിട്ടേരു . ഇങ്ങടെ ബീട്ടില് , ഇങ്ങള് ഇല്ലാത്ത നേരത്ത് അടുണ്ടോ അടുണ്ടോ എന്ന് ചോദിയ്ക്കാൻ ചെന്നപ്പോൾ ഇങ്ങടെ ഒരു ബീവി എന്നോട് ചോതിക്കണ് 'ഇങ്ങടെ കയ്യിൽ അടുണ്ടോ ഒന്ന് ബാങ്ങാൻ എന്ന് ?" എന്തനാന്ന് ശോധിച്ചപ്പോൾ പറയണ് , എന്റെ  മൊല്ലാക്ക എന്റെ അടുത്ത് ബരണ ദിവസം അങ്ങേർക്ക് ഒരു ആട്ടിൻ സൂപ്പ് ഉണ്ടാക്കി കൊടുക്കാനാണെന്ന് .ഇങ്ങള് സൂക്ഷിക്കണം . ഇങ്ങള് മൊഞ്ചത്തിക്കളെ കാണുമ്പൊൾ ഉള്ള ഈ ചുറ്റിക്കളി ചിലപ്പോൾ ഒടുക്കത്തെ ചുറ്റിക്കളി ആയിരിക്കും .എന്റെ അള്ളാ മൊല്ലാക്കാന്റെ ചീട്ട് നീ കീറിയോ ? എല്ലാം പടച്ചോൻ കാക്കട്ടെ . ഞമ്മടെ ബീബി ഞമ്മക്ക് കോയീന്റെ സൂപ്പ് ബെച്ചു കാത്തിരിക്കണ് 


അമേരിക്കൻ മുക്രി 2019-10-09 09:30:52
ഓൻ രാത്രിമൊല്ലാക്കയാണ്, പകല് ബേറെ ജാതിയും. അതോണ്ട് നിസ്കാരം ഒക്കെ മുടക്കത്തിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക