Image

മരട്‌ ഫ്‌ലാറ്റ്‌; 197 പേര്‍ക്ക്‌ ഉടമസ്ഥാവകാശ രേഖകള്‍ ഇല്ല

Published on 09 October, 2019
മരട്‌ ഫ്‌ലാറ്റ്‌; 197 പേര്‍ക്ക്‌ ഉടമസ്ഥാവകാശ രേഖകള്‍ ഇല്ല
കൊച്ചി : മരടില്‍ പൊളിക്കുന്ന നാല്‌ ഫ്‌ലാറ്റുകളിലെ ആകെയുള്ള 326 ഉടമകളില്‍ 197 പേര്‍ക്ക്‌ യഥാര്‍ഥ ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലെന്ന്‌ ഫോര്‍ട്ട്‌കൊച്ചി സബ്‌ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്‌. ഇവരുടെ നഷ്ടപരിഹാര കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ സുപ്രീംകോടതി നിയോഗിച്ച സമിതിയാണ്‌. 

ബാക്കിയുള്ളവര്‍ക്ക്‌ നഷ്ടപരിഹാരം കിട്ടാന്‍ തടസ്‌സമുണ്ടാകില്ല. ആദ്യഘട്ട പരിശോധനയില്‍ 140 പേരെയാണ്‌ യഥാര്‍ഥ രേഖകളില്ലാത്തവരായി കണ്ടെത്തിയിരുന്നത്‌.

കൈവശാവകാശ രേഖ വാങ്ങാത്തതെന്തെന്ന്‌ വിശദമായി പരിശോധിക്കുമെന്ന്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അനധികൃത ഫ്‌ലാറ്റ്‌ നിര്‍മിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും ഈ വിഷയം പരിശോധിച്ചേക്കും. 

ജെയിന്‍ കോറല്‍ കോവ്‌ ഫ്‌ലാറ്റിലെ ഭൂരിപക്ഷം അപ്പാര്‍ട്ട്‌മെന്റുകളും വിറ്റുപോയിരുന്നില്ല. ഇവ ബില്‍ഡറുടെ പേരിലാണ്‌ ഇപ്പോഴും. 122 അപ്പാര്‍ട്ട്‌മെന്റുകളാണ്‌ ഇവിടെ ആകെയുള്ളത്‌. 

നഷ്ടപരിഹാരം ലഭിക്കാനുള്ളവരുടെ അക്കൗണ്ട്‌ രേഖകള്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം കൊടുക്കാനാണ്‌ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്‌. ജസ്റ്റിസ്‌ കെ. ബാലകൃഷ്‌ണന്‍ നായര്‍ അധ്യക്ഷനായ സമിതിയെയാണ്‌ നഷ്ടപരിഹാരം നല്‍കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്‌.

ഒരു റിട്ട. ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍, റിട്ട. എന്‍ജിനീയര്‍ എന്നിവരാകും സമിതിയിലുണ്ടാവുക. 
ഫ്‌ലാറ്റുകളില്‍നിന്ന്‌ ആളുകള്‍ ഒഴിഞ്ഞുപോയെങ്കിലും സാധനങ്ങള്‍ മാറ്റിത്തീര്‍ന്നിട്ടില്ല. ഇന്റീരിയര്‍ വര്‍ക്കുകളും തടികൊണ്ടുള്ള പാനലുകളും നീക്കാനുള്ള താമസമാണ്‌ കാരണം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക