Image

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് ചങ്ങനാശേരി അതിരൂപതയ്ക്ക് സമ്മാനിച്ചു

Published on 09 October, 2019
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് ചങ്ങനാശേരി അതിരൂപതയ്ക്ക് സമ്മാനിച്ചു


കൊളോണ്‍:കാലം ചെയ്ത മാര്‍പാപ്പ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് പോളണ്ടിലെ ക്രാക്കോവ് അതിരൂപത ചങ്ങനാശേരി അതിരൂപതയ്ക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം പോളണ്ട് സന്ദര്‍ശിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ക്രാക്കോവ് മുന്‍ അതിരൂപതാധ്യക്ഷനും എമരിറ്റസ് കര്‍ദിനാള്‍ ആര്‍ച്ച് ബിഷപ്പുമായ സ്റ്റനിസ്‌ളാവ് ഡ്വിറ്റ്‌സില്‍ നിന്നും അതിരൂപതയിലെ വിശ്വാസികള്‍ക്ക് അള്‍ത്താര വണക്കത്തിനായി സ്വീകരിച്ചു.
ജോണ്‍പോള്‍ രണ്ടാമന്റെ ഇന്റര്‍നാഷണല്‍ പേഴ്‌സണല്‍ സെക്രട്ടറിയുമായി 37 വര്‍ഷം സേവനം ചെയ്തിട്ടുണ്ട് എമരിറ്റസ് കര്‍ദിനാള്‍ ഡ്വിറ്റ്‌സ്.

കര്‍ദ്ദിനാള്‍ ഡ്വിറ്റ്‌സുമായി കൂടിക്കാഴ്ച നടത്തിയ മാര്‍ പെരുന്തോട്ടം മൂന്നു ദിവസം ക്രാക്കോവില്‍ ചെലവഴിച്ചു. സെന്റ് മേരീസ് കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ചു. ജോണ്‍ പോള്‍ രണ്ടാമനോടൊപ്പം രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ച കര്‍ദിനാള്‍ ഡ്വിറ്റ്‌സ് രണ്ടുതവണയും കേരളത്തില്‍ എത്തിയിരുന്നു. അന്നത്തെ സന്ദര്‍ശന മുഹൂര്‍ത്തങ്ങളും ഡ്വിറ്റ്‌സ് പെരുന്തോട്ടം പിതാവുമായി പങ്കുവച്ചു. തിരുശേഷിപ്പ് കേരള സഭയ്ക്ക് സമ്മാനമായി നല്‍കിയതിന് നന്ദി പറഞ്ഞ മാര്‍ പെരുന്തോട്ടം കര്‍ദ്ദിനാള്‍ ഡ്വിറ്റ്‌സിനെ കേരളത്തിലേയ്ക്ക് വീണ്ടും ക്ഷണിക്കുകയും ചെയ്തു.

മാര്‍ പെരുന്തോട്ടത്തിന്റെ പോളണ്ട് സന്ദര്‍ശനത്തിനൊപ്പം ജര്‍മനിയിലെ കൊളോണില്‍ സേവനം ചെയ്യുന്ന ഫാ. ജേക്കബ് ആലയ്ക്കല്‍ സിഎംഐയും ഉണ്ടായിരുന്നു. ക്രാക്കോവിലെ ലോകപ്രശസ്തമായ കറ്റെഡ്ര വാവെല്‍സ്‌ക (വാവെല്‍ കത്തീഡ്രല്‍ ഓഫ് സെന്റ് സ്റ്റാനിസ്ലാവ്, വാക്ലാവ്), ജോണ്‍ പോള്‍ രണ്ടാമന്‍ മ്യൂസിയം, ഓഷ്വിറ്റ്‌സിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാന്പ്, വി. ഫൗസ്റ്റിനയുടെ കോണ്‍വെന്റ്, ജോണ്‍പോള്‍ രണ്ടാമന്റെ ജന്മഗൃഹം എന്നിവയും സന്ദര്‍ശിച്ച് ഇരുവരും പ്രാര്‍ഥന നടത്തി.

സ്‌പെയിന്‍, റൊമാനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മാര്‍ പെരുന്തോട്ടം ജര്‍മനിയിലെത്തിയത്. ജര്‍മനിയിലെ ബാംബെര്‍ഗ് രൂപതയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി അതിരൂപതയിലെ വൈദികരുമായി കൂടിക്കണ്ട ശേഷമാണ് കൊളോണിലെത്തിയത്. കൊളോണില്‍ സേവനം ചെയ്യുന്ന സിഎംഐ സഭാംഗം ഫാ.ജോര്‍ജ് വെന്പാടുംതറയുമായും പിതാവ് ആശയവിനിമയം നടത്തി.

പിതാവുമായി ലേഖകന്‍ കൊളോണില്‍ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിവരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക