Image

നഷ്ടസംഗീതം (കവിത: ബിന്ദു വിജയന്‍ കടവല്ലൂര്‍)

Published on 09 October, 2019
നഷ്ടസംഗീതം (കവിത: ബിന്ദു വിജയന്‍ കടവല്ലൂര്‍)
എന്റെ മനസ്സിന്റെ ശ്രീകോവിലില്‍
എന്തിനായിരുള്‍വീഴ്ത്തിയകന്നുപോയ് നീ...
എന്‍ സ്‌നേഹ, സൗഹൃദ ചില്ലയുലച്ചു നീ
എന്നിലെ  പൂക്കള്‍ കൊഴിച്ചകന്നു.

കനവിന്റെ ആകാശഗോപുരത്തില്‍ നിന്റെ
നിറമുള്ള ശില്പം പുണര്‍ന്നുനില്‍ക്കും
പ്രണയിനിയാമെന്റെ ഹൃദയം മുറിച്ചു നീ
പടിയിറങ്ങിപ്പോയതെന്തിനാണ്.

ഉലയും  വിഷാദ സമുദ്രത്തിലേക്കെന്നെ നീ
കരുണയില്ലാതെ എറിഞ്ഞതെന്തേ ...
നീ നിത്യനാദമായ്, നിര്‍ത്താതെയുതിരുന്ന
ഈ മണിവീണ മറന്നതെന്തേ.?

പരിഭവംപൂക്കാതെ നമ്മള്‍ നടന്നൊരീ
പരിചിതമായ വഴിയിലിപ്പോള്‍
പകയോടെയെന്നപോല്‍ പുകനിറഞ്ഞീടുവാന്‍
പ്രിയനേ ഞാന്‍ അപരാധമെന്തുചെയ്തു.? .

മധുരമാണോമനേ നിന്‍സ്വരമെന്നു നീ
പലവട്ടം ചൊല്ലിയ നാവിനാലെ
പിരിയാം നമുക്കിനിയെന്നു ചൊല്ലാന്‍ മാത്രം
പ്രിയനേ ഞാനത്രയ്ക്ക് പാപിയായോ.?

വന്നുപോയിട്ടുണ്ട് പിഴയെന്റെ വാക്കിലായ്
എന്ന് നിനക്കെങ്ങാന്‍ തോന്നിയെങ്കില്‍
മാപ്പു ചോദിച്ചിടാം,...  അത്രമേല്‍ ഞാന്‍ നിന്റെ
സ്‌നേഹം കൊതിക്കുന്നു കൂട്ടുകാരാ..

വയ്യ നിന്‍ സൗഹൃദമില്ലാതെ ഭൂമിയില്‍
തെല്ലുമെനിക്കെന്നറിഞ്ഞിടേണം
നീയിപ്പോഴും എന്റെ ദേവാലയത്തിലെ
ദേവനാണെന്നുഞാന്‍ ചൊല്ലിടുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക