Image

കേരളാ ബാങ്കിന് ആര്‍ ബി ഐയുടെ അനുമതി, നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും

Published on 09 October, 2019
കേരളാ ബാങ്കിന് ആര്‍ ബി ഐയുടെ അനുമതി, നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും


തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് കേരളാ ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. ആര്‍ ബി ഐയില്‍നിന്നുള്ള അനുമതിക്കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. നവംബര്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും. 

സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് രൂപവത്കരിക്കുന്ന കേരളാ ബാങ്ക് എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നാണ്. സര്‍ക്കാര്‍ രൂപവത്കരണത്തിനു പിന്നാലെ തന്നെ ബാങ്ക് തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ചില ജില്ലാ സഹകരണ ബാങ്കുകളുടെ എതിര്‍പ്പു മൂലം വൈകുകയായിരുന്നു. 

ലയന പ്രമേയം ജില്ലാ ബാങ്കുകളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാകണമെന്ന വ്യവസ്ഥ, കേവലഭൂരിപക്ഷമെന്ന് നിയമനിര്‍മാണത്തിലൂടെ തിരുത്തിയാണ് സര്‍ക്കാര്‍ പതിമൂന്ന് ജില്ലാ ബാങ്കുകളുടെ പിന്തുണ നേടിയത്. മലപ്പുറം ജില്ലാ ബാങ്കില്‍ ലയനപ്രമേയം പാസായിരുന്നില്ല. ജില്ലാ ബാങ്കുകളുടെ കടം സര്‍ക്കാര്‍ ഏറ്റെടുത്തതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.  കേരളാ ബാങ്കിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം റിസര്‍വ് ബാങ്കിനെ സമീപിക്കുകയും ചെയ്തിരുന്നു. കൂടാതെ ബാങ്ക് ലയനത്തിനെതിരെ  പ്രതിപക്ഷ സംഘടനകള്‍ നല്‍കിയ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക