Image

ചിരിയുടെ മത്താപ്പൂക്കളുമായി ആദ്യരാത്രി

Published on 09 October, 2019
ചിരിയുടെ മത്താപ്പൂക്കളുമായി ആദ്യരാത്രി
ബിജു മേനോനെ നായകനാക്കി വെള്ളിമൂങ്ങയുമായി വന്ന് വിജയം കൊയ്ത ജിബു ജേക്കബ്,  ബിജുവിനെ തന്നെ നായകനാക്കി വീണ്ടും പ്രേക്ഷകനെ ചിരിപ്പിക്കാനെത്തുകയാണ് ആദ്യരാത്രിയിലൂടെ. സിനിമയുടെ ടൈറ്റിലില്‍ നിന്നുതന്നെ തുടങ്ങുന്നു കഥയുടെ പുതുമ. പ്രണയവും പൊല്ലാപ്പുകളും നിറഞ്ഞ ചിത്രത്തില്‍ പ്രേക്ഷകനെ രസിപ്പിക്കാന്‍ പോന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്.

കുഞ്ചാക്കോ ബോബനാണ് നാട്ടിലെ പെമ്പിള്ളേരെ മുഴുവന്‍ പ്രേമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന അത്ഭുതകരമായ കണ്ടെത്തലാണ് മനോഹരന്റേത്. നാട്ടുകാര്‍ക്കെല്ലാം വളരെ പ്രിയങ്കരനാണ് മനോഹരന്‍. എന്നാല്‍ അയാള്‍ക്ക് പ്രണയത്തോട് വെറുപ്പാണ്. പ്രേമിക്കുന്നവരെ കണ്ണെടുത്താല്‍ കണ്ടു  കൂടാത്ത ആള്‍.  അങ്ങനെയുള്ള മനോഹരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു വലിയ ദുരന്തത്തില്‍ നിന്നാണ് ഇന്നത്തെ ചിന്താഗതികളുളള മനോഹരന്റെ ഉദയം.

22  വര്‍ഷം മുമ്പ് ആലപ്പുഴയിലെ മുല്ലക്കരയിലെ ഒരു വീട്ടില്‍ ഒരു വിവാഹം നടക്കുന്നു. എല്ലാവരും ആഹ്‌ളാദത്തോടെ ചിരിച്ചും ഉല്ലസിച്ചുംകഴിയുന്ന അവിടെ പിന്നീട്  ഒരു ദുരന്തഭൂമി പോലെയായി തീരുന്നു. കാരണം കല്യാണപ്പെണ്ണ് ആര്‍ക്കൊപ്പമോ ഒളിച്ചോടി. ആ ദു:ഖം താങ്ങാന്‍ കഴിയാതെ മനോഹരന്റെ അച്ഛന്‍ മരിക്കുന്നു. അന്നു തൊട്ട് മനോഹരന് പ്രേമമെന്ന് കേട്ടാല്‍ കലിയിളകും. വെറുപ്പാണ്.  അങ്ങനെയിരിക്കേ മുല്ലക്കരയിലെ മറ്റൊരു വീട്ടിലും കല്യാണത്തലേന്ന് ഒരു പ്രശ്‌നമുണ്ടാകുന്നു. അവിടെയെത്തുന്ന മനോഹരന്‍ ആ പ്രതിസന്ധി പരിഹരിക്കുകയും പിന്നീട് ഒരു കല്യാണ ദല്ലാളായി മാറുകയുമാണ്. അതോടെ നാട്ടുകാര്‍ക്ക് വീണ്ടും മനോഹരന്‍ പ്രിയപ്പെട്ടവനായി മാറുന്നു. ഏതൊരു കല്യാണവീട്ടിലും ആദ്യാവസാനം വേണ്ട ഒരാളായി മനോഹരന്‍ മാറുകയും ചെയ്യുന്നു.

കായല്‍രാജാവ് എന്നറിയപ്പെടുന്ന കുഞ്ഞുമോന്‍  മുല്ലക്കരയിലെ എണ്ണം പറഞ്ഞ പണക്കാരില്‍ ഒരാളാണ്. അയാള്‍ക്ക് ഒരു വിവാഹാലോചന വരുന്നു. പെണ്ണ് അച്ചു മനോഹരന്റെ ബന്ധു കൂടിയാണ്. എന്നാല്‍ മനോഹരനെ സംബന്ധിച്ച് ആ വിവാഹം നടത്തുന്നതില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. കുറേയേറെ പ്രശ്‌നങ്ങളുടെ നടുവിലേക്കാണ് ഈ വിവാഹം മനോഹരനെ കൊണ്ടെത്തിക്കുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥ.

ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കഥകളിലൂടെ നര്‍മ്മ പ്രധാനമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ജിബു വിന്റ മറ്റൊരു സുന്ദരചിത്രമാണിതെന്ന് നിസംശയം പറയാം. തന്റെ എല്ലാ ചിത്രങ്ങളിലും കോമഡി തന്നെ മെയിന്‍ ട്രാക്ക് എന്ന രീതി പരീക്ഷിക്കുന്ന ജിബു ജേക്കബിന് ഇത്തവണയും പ്രേക്ഷക പിന്തുണ ലഭിക്കുന്നുണ്ട്. 

ആദ്യാവസാനം ചിരിയില്‍  നിറഞ്ഞു നില്‍ക്കുകയാണ് ആദ്യരാത്രി.  കോമഡി രംഗങ്ങളില്‍ ബിജുമേനോന്റെ കഴിവ് വീണ്ടും പ്രകടമാക്കിയ  ചിത്രമാണിത്. ബിജുവും കൂട്ടുകാരനായ കുഞ്ഞാറ്റയായി മനോജ് ഗിന്നസും എത്തുന്ന രംഗങ്ങള്‍ എല്ലാം തന്നെ രസകരമാണ്. സിറ്റുവേഷണല്‍ കോമഡിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത്. പണക്കാരന്‍ കുഞ്ഞുമോനായി എത്തിയ അജുവര്‍ഗീസും പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അനശ്വര രാജനാണ് ഈ ചിത്രത്തിലെ നായിക അച്ചുവായി എത്തുന്നത്. കോളേജ് കുമാരിയുടെ വേഷം അനശ്വര നന്നായി തന്നെ കൈയ്ടക്കത്തോടെ അവതരിപ്പിച്ചു.

ശ്രീലക്ഷ്മി, വിജയരാഘവന്‍,  വീണാ നായര്‍, സാര്‍ജാനോ ഖാലിദ്,  ബിജു സോപാനം എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. മനോഹരന്‍ വിവാഹ ദല്ലാളായി എത്തുന്നതോടെ ബ്രോക്കര്‍ രംഗത്തു നിന്നു പിന്‍മാറി ലോട്ടറി കച്ചവടം തുടങ്ങേണ്ടി വന്ന ത്രേസ്യാമ്മയെ പോളി വില്‍സണ്‍ ഭംഗിയാക്കി. സ്വാഭാവിക അഭിനയത്തിന്റെ കരുത്തില്‍ പല രംഗങ്ങളിലും അവര്‍ പ്രേക്ഷകന്റെ കൈയ്യടി  നേടുന്നുണ്ട്.  ഷാരിസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.  സാദിഖ് കബീറിന്റെ ഛായാഗ്രഹണവും സന്തോഷ് വര്‍മ്മയും ബിജിപാലും ചേര്‍ന്നൊരുക്കിയ ഗാനങ്ങളും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. മനസറിഞ്ഞ് ചിരിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിത്രമാണ് ആദ്യരാത്രി. പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം.
 
ചിരിയുടെ മത്താപ്പൂക്കളുമായി ആദ്യരാത്രി
ചിരിയുടെ മത്താപ്പൂക്കളുമായി ആദ്യരാത്രി
ചിരിയുടെ മത്താപ്പൂക്കളുമായി ആദ്യരാത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക