Image

ക്രൈം യൂണൈറ്റ്‌സ് മലയാളി കമ്മ്യൂണിറ്റി (വാല്‍ക്കണ്ണാടി - കോരസണ്‍)

Published on 15 October, 2019
ക്രൈം യൂണൈറ്റ്‌സ് മലയാളി കമ്മ്യൂണിറ്റി (വാല്‍ക്കണ്ണാടി - കോരസണ്‍)
കേരളത്തിലെ മഹാപ്രളത്തിനു ശേഷം ലോകത്താകമാനമുള്ള മലയാളികള്‍ ഒന്നിച്ചത് ഇപ്പോഴാണ്. കൂടത്തായി കൂട്ടക്കൊലക്കേസിലെ ജോളിയുടെ വിചിത്രമായ ജീവിതത്തെയും ക്രൂരതകളെയുംപറ്റി കേട്ടു ഹൃദയമിടിപ്പോടെയാണ് ഓരോ ദിവസവും മലയാളി തള്ളി നീക്കുന്നത്. മലയാളികളില്‍ ആകെ ഒരു പാപിനിയും, ബാക്കിയുള്ള മൊത്തം മാലാഖമാരും എന്നതാണ് അവസ്ഥ!. എത്രപേര്‍ മനസ്സുകൊണ്ട് സയനൈഡ് ചേര്‍ത്ത് ഭക്ഷിക്കാന്‍ വച്ച് നീട്ടുന്നു .അല്‍പ്പം ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ എത്ര ജോളിമാര്‍ നമ്മുടെ ഇടയില്‍ കാവടിആടും എന്ന് ചിന്തിക്കാനാവുമോ.

'സയനൈഡ് കിട്ടുന്ന വിധം അറിയില്ല അല്ലെങ്കില്‍ ഇവളുമാരു എപ്പോളേ നമക്കിട്ടു സൂപ്പ് തന്നേനേ' ഒരു സുഹൃത്തിന്റെ തമാശ. അടക്കം അധിക്ഷേപിക്കുകയല്ല എന്നാലും, അധികാരവും സുഖവും പണവും അംഗീകാരവും മോഹിക്കാത്ത,അതിനുവേണ്ടി ഏതറ്റവും വരെ പോകാന്‍ മടിക്കാത്ത എത്രപേര്‍ കാണും മലയാളികളില്‍? ഇത്തരം എത്രയോ സംഭവങ്ങള്‍ ശ്രദ്ധിക്കാതെ കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞുപോയിക്കാണണം. ഒക്കെ വളരെ ഭദ്രം എന്ന് തോന്നിപ്പിക്കുന്ന ജീവിത നാടകങ്ങളില്‍ ഇത്തരം ചില ദാരുണ അനുഭവങ്ങളാണ് മനസ്സു തുറക്കാന്‍ സഹായിക്കുന്നത്. സൂക്ഷ്മതക്കുറവ്, ജാഗ്രതയില്ലായ്മ, മുതലെടുപ്പുകള്‍ തിരിച്ചറിയാതിരിക്കുക, അനുഭവങ്ങള്‍കൊണ്ട് ഒന്നും പഠിക്കാതിരിക്കുക ഒക്കെ നമ്മുടെ സമൂഹത്തെ അന്ധമാക്കുന്നു.

അക്രമം സമൂഹത്തെ ഒന്നിപ്പിക്കുന്നു
അക്രമം സമൂഹത്തെ ഒന്നിപ്പിക്കുന്നു,(ക്രൈം യൂണൈറ്റ്‌സ് കമ്മ്യൂണിറ്റി) എന്ന ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞന്‍ എമിലി ദര്‍ഖേയിം (1858-1917) പറഞ്ഞപ്പോള്‍ മുഖം ചുളിച്ചവര്‍ ഏറെയായിരുന്നു. അക്രമോത്സുകതമായ, വഴിതെറ്റിയ പെരുമാറ്റരീതികള്‍ ആളുകളെ ഒന്നിപ്പിക്കുന്നു, അവര്‍ അക്രമിക്കെതിരായി ഒന്നായി പ്രതികരിക്കുന്നു, അങ്ങനെ സാമൂഹിക ഇടപെടലുകളെ ആവര്‍ത്തിച്ചു സ്ഥിരീകരിക്കുന്നു. അക്രമങ്ങള്‍ ഒരു സാധാരണ സാമൂഹിക പ്രക്രിയ ആയി മാറുന്നു എന്നാണ് എമിലി ദര്‍ഖേയിം പറഞ്ഞത്.

'അക്രമം' ഒരു സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ്. ഒരു കുറ്റകൃത്യം ഉണ്ടാകുമ്പോള്‍ സാമൂഹിക ഇടപെടലുകളില്‍ വേണ്ട തിരുത്തലുകള്‍ ഉയര്‍ന്നുവരികയും, പെരുമാറ്റച്ചട്ടം,ആദര്‍ശം, മൂല്ല്യം,വിശ്വാസം,ധര്‍മ്മം ഇവയെക്കുറിച്ചു പുതിയ അളവുകോലുകള്‍ ഉണ്ടാക്കപ്പെടുകയും ചെയ്യും. സാമൂഹിക ഇടപെടലുകളിലെ ജൈവമായ പരിണാമക്രമം, വ്യതിയാനം സമൂഹത്തെ കൂടുതല്‍ ഭദ്രമാക്കുകയും കോട്ടങ്ങള്‍ പരിഹരിക്കയും ചെയ്യപ്പെടും.

കുറ്റകൃത്യം ഒഴിവാക്കാനാവാത്ത സാമൂഹിക പ്രക്രിയയാണ്. അത് സ്വര്‍ഗ്ഗത്തിലും നരകത്തിലും ഉണ്ടാകുന്നുണ്ട് എന്ന് പുരാണങ്ങള്‍ പോലും പറയുന്നു. സാമൂഹിക ക്രമങ്ങള്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ നിയമങ്ങള്‍ ഉണ്ടായി, സ്വാഭാവികമായും അതിനു യോജിപ്പില്ലാത്തവര്‍ കലഹം ഉണ്ടാക്കി, അഭിപ്രായ വ്യത്യാസത്തില്‍ നിന്നും പകയുംഅക്രമവുമായി മാറി. പുതിയ അക്രമണരീതികള്‍ പുതിയ പെരുമാറ്റ ചട്ടങ്ങള്‍ നിര്‍മ്മിക്കുകയും ചിലവ ഒഴിവാക്കാക്കിക്കൊണ്ടുമിരുന്നു. ശിക്ഷയെക്കുറിച്ചും അവ എങ്ങനെ നടപ്പാക്കണം എന്നും വീണ്ടും ചര്‍ച്ചകള്‍ ഉണ്ടായി. അങ്ങനെ ഓരോ പ്രമാദമായ കുറ്റകൃത്യം ഉണ്ടാകുമ്പോഴും ന്യായത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും അടിസ്ഥാനപരമായ വിചിന്തനം രൂപപ്പെടും.

അനിവാര്യമായ തിരുത്തലുകള്‍
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര ഇപ്പോള്‍ ഇത്തരം ഒരു സാമൂഹിക തിരുത്തലിനു വിധേയമാക്കുകയാണ്. ഒരു സ്ത്രീ ആഗ്രഹിക്കുന്ന സുരക്ഷിതത്വം, സുഖം,തണല്‍, സാമൂഹിക നിലവാരം, ശീലങ്ങള്‍, പെരുമാറ്റം ഒക്കെ പുരുഷന്മാര്‍ എങ്ങനെ കാണുന്നു. അതുപോലെ പുരുഷന്‍ സ്ത്രീയില്‍ നിന്നും പ്രതീക്ഷിക്കുന്ന വിധേയത്വം, തലോടല്‍, കൈത്താങ്ങുകള്‍, സംതൃപ്തി, സ്വാതന്ത്ര്യം ഒക്കെ പുതിയ അളവില്‍ നിരീക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. കൂട്ടുകുടുംബങ്ങളിലും, ഒറ്റപ്പെട്ട കുടുംബങ്ങളിലും ഇന്നും നടമാടുന്ന രീതികള്‍, സമീപനങ്ങള്‍ ഒക്കെ പുതിയ സദാചാര നിലവാരത്തിലേക്ക് കൊണ്ടുപോകണം.

കുടുംബത്തിലെ പണമിടപാടുകള്‍ ആര് ഏറ്റെടുക്കണം?അവരാണ് കുടുംബത്തിന്റെ നേതാവ് എന്ന ധാരണ. ഇടപാടുകളിലെ സുതാര്യത, വ്യക്തത, ഏതുവരെ സത്യം പറയാം, പറയേണ്ട, ആരാണ് അന്ത്യമായ നേട്ടക്കാരന്‍. തമ്മിലുള്ള വായ്പകള്‍, തിരിച്ചു ചോദ്യങ്ങള്‍ , അപ്പോഴുണ്ടാകുന്ന അപസ്വരങ്ങള്‍ ഒക്കെ മതിലിനു പുറത്തു ആരും അറിയാതിരിക്കുക, അഥവാ അറിഞ്ഞാലും, ഇടപെടാതിരിക്കുക. ഓരോ അവസ്ഥയിലും എടുത്തണിയുന്ന കപടതയുടെ മുഖപടങ്ങള്‍! തോറ്റുപോകുന്ന മതത്തിന്റെ ധാര്‍മ്മികത, കടമകള്‍, ഉത്തരവാദിത്തം, ഒക്കെ വെറും വേഷംകെട്ടുകള്‍ എന്ന ധാരണകള്‍. മറ്റുള്ളവരില്‍ നിന്നും ബഹുമാനം പിടിച്ചുവാങ്ങാന്‍ കാട്ടുന്ന കോപ്രായങ്ങള്‍. വിശ്വാസം എന്ന കെട്ടുകഥ. എല്ലാം ആത്യന്തികമായി തന്നിലേക്ക് തന്നെ തറച്ചുനില്‍ക്കുന്ന കടുത്ത സ്വാര്‍ത്ഥത ഒക്കെ ഒന്ന് കൂടി തിരിച്ചറിയണം.

വിവാഹ ബന്ധത്തിന് തയ്യാറാകുമ്പോള്‍ സൗന്ദര്യത്തേക്കാള്‍ കുടുംബ പശ്ചാത്തലവും, ചുറ്റുപാടുകളും ചോദിച്ചറിയുക എന്നത് ഇപ്പോള്‍ പഴങ്കഥയായി. ഒക്കെ സ്വന്തമായി തീരുമാനിക്കപ്പെടുമ്പോള്‍ കുറെയേറെ വലിയ കാര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുകയാണ്. സ്വന്തം അരക്ഷിതാവസ്ഥയില്‍ വീര്‍പ്പുമുട്ടുന്ന ദാമ്പത്യത്തിലെ ഒരുഭാഗം മറുഭാഗത്തെ പ്രതിരോധത്തില്‍ തളച്ചിടുകയാണ്. എങ്ങനെയും തകര്‍ക്കുക ഒറ്റപ്പെടുത്തുക എന്ന രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ യുദ്ധസമാനമായ അവസ്ഥയാണ് ദാമ്പത്യത്തില്‍ ഉണ്ടാക്കുന്നത്. വിവാഹ ബന്ധത്തില്‍പ്പെടുന്ന രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയാണ് പലേടത്തും വരച്ചിരിക്കുന്നത്.

സഹോദരങ്ങള്‍ തമ്മിലുള്ള വിശ്വാസവും കരുതലും, നേട്ടങ്ങളെക്കുറിച്ചുള്ള മത്സരത്തില്‍ അലിഞ്ഞുപോയി. കുടുംബ കൂട്ടായ്മകള്‍ക്കുള്ളില്‍പോലും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന രീതിയില്‍ തുറന്നു സമീപിക്കുന്ന സ്ത്രീ-പുരുഷമാരുടെ സൗഹൃദങ്ങള്‍, പരിധിവിട്ടാല്‍ വിനാശകരമായ നിലയില്‍ എത്തും. സ്ത്രീകള്‍ തങ്ങളുടെ സാമര്‍ഥ്യം കൊണ്ട് കുടുംബത്തില്‍ ചില്ലറ കാര്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ , അതാണ് ശരിയായ രീതി എന്ന് വിട്ടുകൊടുക്കുന്ന പുരുഷന്‍മാരും വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നതെന്ന് അറിയുമ്പോഴേക്കും ഒക്കെ കൈവിട്ടു പോകും.

തര്‍ക്കങ്ങള്‍ ഒതുങ്ങാതെയാകുമ്പോള്‍ ഉള്‍പ്പെടുന്ന വ്യവഹാരങ്ങള്‍, തീരുമാനം ആയാലും വിശ്വാസത ചോദ്യം ചെയ്യപ്പെടുന്ന നീതി-ന്യായ മര്യാദകള്‍, നിഷ്‌ക്രിയരായി, നിസ്സഹായകരായി കൈ മലര്‍ത്തുന്ന ഭരണക്രമങ്ങള്‍, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍, വിശ്വാസത നഷ്ട്ടപ്പെടുന്ന പൊതു മാധ്യമങ്ങള്‍, വഴുവഴുപ്പന്‍ രാഷ്ട്രീയ നിലപാടുകള്‍, രാഷ്ട്രീയ ഇടപെടലുകള്‍ ഒക്കെ നമ്മെ അങ്കലാപ്പു സൃഷ്ട്ടിക്കുന്ന ഗോത്ര സംസ്‌കാരത്തിലേക്ക് തരം താഴ്ത്തുകയാണ്. എന്തിനെയും എല്ലാത്തിനെയും ഭയന്നുള്ള ഒളിച്ചോടലുകള്‍, കടുത്ത ലൈംഗിക അരാജകത്വം, അസംതൃപ്തി, മൂടിവച്ച വൈകൃതങ്ങള്‍, ഒടുങ്ങാത്ത അഭിനിവേശങ്ങള്‍ , മതിവരാത്ത ആര്‍ത്തി, ആസക്തി, അന്ധ വിശ്വാസങ്ങള്‍, പാപവും പുണ്യവും താന്‍ തന്നെ തീരുമാനിക്കും, സ്വര്‍ഗ്ഗവും നരകവും ഇവിടെത്തന്നെ എന്ന അഹങ്കാരം ഒക്കെ നമ്മെ കൊണ്ടെത്തിക്കുന്നത് ഏതു തമോഗര്‍ത്തത്തിലേക്കാണ്?

ശുദ്ധമായതും നേര്‍ത്തതും കനിവുള്ളതും ഒക്കെ പരാജയത്തിന്റെ പര്യായമായി. വെട്ടിപ്പിടിച്ചും പിടിച്ചു പറിച്ചും ദ്രോഹിച്ചും കൊള്ളയിട്ടും നേടുന്ന നേട്ടങ്ങള്‍ വിജയത്തിന്റെ അടയാളങ്ങളായി. തകിടുകളിലും ചരടുകളിലും ആഭിചാരത്തിലും മഷിനോട്ടങ്ങളിലും വിശ്വാസം കൂടി, അവിടവിടെയായി നിലനിന്ന സമൂഹത്തിന്റെ ചുമടുതാങ്ങികള്‍ അപ്രത്യക്ഷങ്ങളായി, ആര്‍ക്കും ആരെയും വേണ്ടാതായി. നഷ്ടപ്പെട്ടത് മറ്റൊന്നുമല്ല, പരസ്പരം നിലനില്‍ക്കാനുള്ള വിശ്വാസത്തിന്റെ പാലാരിവട്ടം പാലമാണ് ഇടിഞ്ഞുവീണത്.

വ്യാസന്‍ പറഞ്ഞ കഥ
വ്യാസന്‍ പറഞ്ഞ ഒരു കഥയുണ്ട്. മൈത്രേയന്‍ എന്ന രാജാവ് വേട്ടക്ക് പോയി ഒരു വനത്തില്‍ രാത്രി കുടുങ്ങി. ഒരു മരത്തിനു മുകളില്‍ രാത്രി ചിലവഴിക്കാന്‍ എത്തിയ രാജാവിനെ, മരത്തില്‍ കയറി വന്ന ഒരു കരടി നേരിടുന്നു. കരടിയെ ഓടിച്ചു കൊണ്ടുവന്ന സിംഹം മരത്തിനു താഴെ നിലയുറപ്പിച്ചതുകൊണ്ടു അവര്‍ തമ്മില്‍ ഒരു ധാരണ ഉണ്ടാക്കുന്നു. രാത്രി പകുതി വരെ രാജാവ് ഉറങ്ങും, കരടി കാവലിരിക്കും, ബാക്കി സമയം രാജാവ് കരടിക്കു കാവലിരിക്കണം, അപ്പോഴേക്കും സിംഹം പൊയ്‌ക്കൊള്ളും. രാജാവ് ഉറക്കം തുടങ്ങിയപ്പോള്‍ സിംഹം കരടിയോടു, ആ രാജാവിനെ ഇങ്ങോട്ടു തട്ടിയിട്ടുകൊള്ളൂ, നിന്നെ ഉപദ്രവിക്കില്ല എന്ന ഒരു വിലപേശല്‍. ധാര്‍മ്മികനായ കരടി അതിനു വഴങ്ങിയില്ല. രാജാവിന്റെ ഊഴം വന്നപ്പോളും സിംഹം, കരടിയെ ഇങ്ങോട്ടു തട്ടിയിട്ടോളൂ നിന്നെ ഉപദ്രവിക്കില്ല എന്ന് വിലപേശി. രാജാവ് സമ്മതിച്ചില്ല എങ്കിലും, സിംഹം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ രാജാവ് , കരടിയെ താഴേക്ക് തട്ടി. താഴെവീഴാതെ കരടി മരക്കമ്പില്‍ പിടിച്ചു രക്ഷപെട്ടു. പിന്നീട് ധാര്‍മ്മികനായ കരടിയും ആഹാരത്തിനായി വിലപേശുന്ന സിംഹവും ശാപമോക്ഷം നേടുന്നു, ആത്മശിക്ഷണം നഷ്ട്ടപ്പെട്ട രാജാവ് കടുത്ത ശാപത്തിനിരയാകുന്നു.

ഇവിടെ നഷ്ടപ്പെടുന്നത് ചില ധാരണകളാണ്, വിശ്വാസങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിന്റെ ആധാരങ്ങളാണ് കൈമോശം വരുന്നത്. നമ്മുടെ സമൂഹത്തിനു ശാപമോഷം ഉണ്ടാകണമെങ്കില്‍, ഇന്നത്തെ നമ്മുടെ സാമൂഹിക അവസ്ഥയെക്കുറിച്ചു ഒരു സൂക്ഷമ പരിശോധന ഉണ്ടാവണം. അത് എല്ലാതലങ്ങളില്‍നിന്നും ഉണ്ടാവാനുള്ള ആര്‍ജ്ജവം കാട്ടണം. അതിനു കൂടത്തായി കൂട്ടക്കൊലക്കേസ് ഒരു നിമിത്തമാകട്ടെ. ക്രൈം യൂണൈറ്റ്‌സ് മലയാളി കമ്മ്യൂണിറ്റി.

എന്താണ് വേണ്ടത്
ഓരോ നിമിഷവും അപ്പുറവും ഇപ്പുറവും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിയുന്ന ഡിജിറ്റല്‍ യുഗത്തില്‍, അക്രമവാസനയും അവിശ്വസ്തതയും പത്തിവിടര്‍ത്തിയാടുന്ന സീരിയല്‍ നാടകങ്ങളും നമ്മുടെ സമൂഹത്തെ വല്ലാത്ത ഒരു രീതിയിലേക്ക് മാറ്റുന്നുണ്ട്. പ്രതിവിധികള്‍ രൂപപ്പെടണം. ആരോഗ്യപരമായ സാമൂഹിക ബന്ധങ്ങള്‍ക്ക് വഴിമരുന്നിടുന്ന പഠന ക്രമങ്ങള്‍ ചെറിയ ക്ലാസുകള്‍ മുതല്‍ ആരംഭിക്കണം.

ആശയ വിനിമയത്തില്‍ സാങ്കേതികവിദ്യ പ്രധാനപ്പെട്ട പങ്കുവഹിക്കുമ്പോള്‍, ആദരവ്, സ്‌നേഹം, കരുണ, ശരിയായ ആശയവിനിമയം എന്ന സാമൂഹിക സങ്കല്‍പ്പങ്ങള്‍ സമഗ്രപഠനത്തിനു വിധേയമാക്കണം. അത് സര്‍ക്കാരുകള്‍ നേരിട്ട് ഏറ്റെടുക്കേണ്ട കര്‍ത്തവ്യമാണ്. സദാചാര ചിന്തകള്‍ ചൂണ്ടിക്കാണിക്കേണ്ട മതസംവിധാനങ്ങള്‍ , മനുഷ്യരെ തമ്മിലടിപ്പിക്കുന്ന കോമരങ്ങളായി അധഃപതിക്കുമ്പോള്‍ ആ വിടവ് നികത്തേണ്ടത് സമൂഹത്തിന്റെ സാംസ്‌കാരിക നേതൃത്വമാണ്. അതിനെ പരിപോഷിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. സാംസ്‌കാരിക വകുപ്പ് കൂടുതല്‍ ഉത്തരവാദിത്തത്തോടുകൂടി കാര്യങ്ങളെ സമീപിക്കണം.

'There is no power for change greater than a community discovering what it cares about.'
- Margaret J. Wheatley
Join WhatsApp News
രോക്ഷൻ 2019-10-16 11:42:33
നിങ്ങളൊക്കെ താമസിക്കുന്ന രാജ്യം,  ട്രംപും അവന്റെ ശിങ്കിടികളും കൂടി റഷ്യക്ക് വിൽക്കാൻ പോകുമ്പോൾ , ജീവിതത്തിൽ , നിങ്ങൾക്കും നിങ്ങളുടെ സന്താനപാരമ്പരകൾക്കും നന്മതേടി വന്ന,  നിങ്ങളെ കാത്തു സൂക്ഷിച്ച , നിങ്ങളുടെ ചിറ്റമ്മയോട്, ഈ അമേരിക്കയോട് ,  അല്പവും കൂറുകാണിക്കാതെ, നിങ്ങൾ പിറന്നു വീണ കൈരളി മാതാവിനെ സ്ഥിരം അവരാതിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരെക്കുറിച്ചും മതനേതാക്കളെ കുറിച്ചും എഴുതിയും പറഞ്ഞും , മീറ്റിങ്ങ്കൂടിയും സമയം കളയുന്ന മുതുകാളകൾ , ഇതൊന്നു നിറുത്തുമോ. നാടു കൊള്ളയടിച്ചു കുട്ടിച്ചോറാക്കിയതും പോരാഞ്ഞ്, നിങ്ങൾ വിഡ്ഢികളെ വീണ്ടും വീണ്ടും കൊള്ളയടിക്കാൻ എത്തുന്ന മത രാഷ്ട്രീയ ചൂഷണ വർഗ്ഗത്തെ തലയിലേറ്റി, അമേരിക്ക മുഴുവൻ ചുറ്റി നടക്കുന്ന , നിങ്ങൾ കഴുതകളെ കാണുമ്പോൾ എനിക്ക് ശർദ്ദിക്കാൻ വരുന്നു. ഒരു ലക്ഷ്യവുമില്ലാതെ നാട്ടിലെ ചെത്തിലപ്പട്ടികളെപ്പോലെ ഈ പ്രതികരണകോളത്തിൽ അലഞ്ഞു തിരിയാതെ വീട്ടിലെ അടുപ്പിൽ ചാരത്തിൽ എവിടെയെങ്കിലും കേറി കിടക്കുക.  പുൽക്കൂട്ടിൽ ഒരിക്കലും കിടക്കരുത് . പാവം ആ പശുക്കൾ പുല്ല് തിന്നട്ടെ . അടുപ്പിലെ ചാരത്തിൽ കിടന്നാൽ , ഭാര്യ കഞ്ഞി വയ്ക്കാൻ വരുമ്പോൾ രണ്ടു കുത്തു തന്ന് അവിടെ നിന്നും എഴുന്നേൽപ്പിച്ചോടിക്കുമല്ലോ. എനിക്ക് ഇവിടെ ഇരുന്ന് നിനക്കൊക്കെ ഓരോ കുത്ത് തരാൻ പാട്ടുമായിരുന്നെങ്കിൽ ഇങ്ങനെ എഴുതുകയില്ലായിരുന്നു . 
Joseph 2019-10-15 19:05:12
പ്രൗഢഗംഭീരമായ, താത്ത്വികമായ കോരസന്റ് ഒരു ലേഖനം. അനുമോദനങ്ങൾ. 

പൈശാചിക കൃത്യങ്ങൾ നിർവഹിച്ച ജോളിയെന്ന സ്ത്രീയുടെ ക്രൂര മനുഷ്യഹത്യകൾ നാം ഒരു പാഠമായി എടുക്കേണ്ടതാണ്. അതിന്റെ പേരിൽ സ്ത്രീ ജനങ്ങളെ മൊത്തമായി അപകീർത്തിപ്പെടുത്തുകയല്ല വേണ്ടത്. നരഹത്യ 90 ശതമാനവും പുരുഷന്മാരാണ് നടത്തുന്നത്. അന്നൊന്നും പുരുഷന്മാരെ അവഹേളിച്ചുകൊണ്ട് സ്ത്രീ ജനങ്ങൾ രംഗത്ത് വന്നിട്ടില്ല. സ്ത്രീ പാവമാണ്. പരിശുദ്ധമാണ്. പക്ഷെ അവളെ പിശാചാക്കിയാൽ അവൾ അങ്ങേയറ്റം പ്രതികരിക്കുകയും ചെയ്യും.  പാരമ്പര്യമുള്ള ഒരു കത്തോലിക്കാ കുടുംബത്തിൽ നിന്നും, ഗ്രാമത്തിലും വളർന്ന ജോളി എങ്ങനെ പിശാചായി എന്നും ഗഹനമായ പഠനം ആവശ്യമാണ്.  ക്രൂരമായ ഈ നരഹത്യ പ്രവണതകളെപ്പറ്റി നരവംശ ശാസ്ത്രജ്ഞരും മാനസിക വിദഗ്ദ്ധരും വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. 

എന്നാൽ, മാദ്ധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയായാകളും മൊത്തം സ്ത്രീകളെ അപമാനിക്കത്തക്ക  വാർത്തകൾ ഇറക്കിക്കൊണ്ടിരിക്കുന്നു. 'ജോളി' എന്ന് പേരുള്ള പെണ്ണുങ്ങളെ മൊത്തം അപമാനിക്കുന്ന വിധമുള്ള ചില വീഡിയോകളും കണ്ടു. മലയാളികൾ വലിയ സംസ്ക്കാര സമ്പന്നരായി അറിയപ്പെടുന്നു. പക്ഷെ ജോളി നടത്തിയ കൊലപാതകങ്ങളെ അവതരിപ്പിക്കുന്നത് കാണുമ്പോൾ നമ്മുടെ സംസ്ക്കാരം താഴോട്ടോയെന്നും ചിന്തിച്ചു പോവാറുണ്ട്. 

സ്ത്രീയുടെ സുരക്ഷിതത്വത്തിന്റെ ചുമതല ഓരോ പുരുഷനിലുമുണ്ട്. കോരസൺ പറഞ്ഞതുപോലെ ഒരു കുടുംബത്തിലെ ശരിയായ പണം ഇടപാടുകൾ, ഒരു കുടുംബത്തിന്റെ ശാന്തതയ്ക്ക് ആവശ്യമാണ്. പല കുടുംബങ്ങളിലും പണത്തിന്റെ മേധാവിത്വം പുരുഷനിലാണ് നിഷിപ്തമായിരിക്കുന്നത്. അവിടെ സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. 

പുരുഷനെപ്പോലെ സ്ത്രീയും കുടുംബ ബഡ്ജെറ്റുകൾ കൈകാര്യം ചെയ്യട്ടെ. ചില കുടുംബങ്ങളിൽ സ്ത്രീയ്ക്കും പുരുഷനും പ്രത്യേക അക്കൗണ്ടുകളുമുണ്ട്. അത് പരസ്പ്പര വിശ്വാസത്തിലുള്ള തടസമാണ് കാണിക്കുന്നത്. അവിടെ സ്ത്രീക്ക് പുരുഷനോടുള്ള അകൽച്ചയും പ്രകടമാകുന്നു. 
കത്തോലിക്ക സ്ത്രി എങ്ങനെ പിശാച് ആയി 2019-10-15 20:06:29

'സ്ത്രീ പാവമാണ്. പരിശുദ്ധമാണ്. പക്ഷെ അവളെ പിശാചാക്കിയാൽ അവൾ അങ്ങേയറ്റം പ്രതികരിക്കുകയും ചെയ്യും. പാരമ്പര്യമുള്ള ഒരു കത്തോലിക്കാ കുടുംബത്തിൽ നിന്നും, ഗ്രാമത്തിലും വളർന്ന ജോളി എങ്ങനെ പിശാചായി എന്നും ഗഹനമായ പഠനം ആവശ്യമാണ്'- താങ്കൾക്ക് എന്ത് പറ്റി?

I always respected your articles as scholarly; but what happened here in your comment?

Dear Joseph!

''സ്ത്രി പാവം ആണ് പരിശുദ്ധം ആണ്" -താങ്കള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത്?

  • a man & woman- there is not much difference in behaviorism. The difference we see is just peripheral. No one is evil or good, the circumstances they grew up make them what they are.

  • A scholar like you; should not have used the - പാരമ്പര്യമുള്ള ഒരു കത്തോലിക്കാ കുടുംബത്തിൽ നിന്നും, ഗ്രാമത്തിലും വളർന്ന ജോളി - what you mean here? Catholics are better positioned or whatever than others?. I don't want to go further & upset you.

  • Last time I criticized Mr. Korasnan he got upset too. So; I am holding back any further comments. Please review what you wrote. Is the catholic church still dominating you?

  • andrew

Joseph 2019-10-15 21:33:58
ഒരു സഭയയെയും ഞാൻ സ്പർശിച്ചില്ല അലക്സ്. ഞാൻ ഒരു വിശ്വാസവും വെച്ച് പുലർത്തുന്നയാളല്ല. ഒരു കത്തോലിക്കനായിട്ട് ഞാൻ ഒരിക്കലും എന്റെ ജീവിതത്തെ പണയം വെച്ചിട്ടില്ല. താങ്കൾ ഓർമ്മിക്കുന്നുണ്ടായിരിക്കുമല്ലോ, ചങ്ങനാനാശേരിയിൽ എന്റെ 'അമ്മ വീടിനു സമീപമുള്ള കത്തോലിക്ക സ്ത്രീകളുടെ സ്വഭാവം. അവർ ചന്ത സ്ത്രീകളെക്കാൾ, മത്തിക്കച്ചവടക്കാരേക്കാൾ  കഷ്ടമാണെന്നു അന്ന് ഞാൻ താങ്കളോട് വ്യക്തിപരമായി പറഞ്ഞിരുന്നു. മറ്റൊരു ഭാഷയും ഞാൻ ഉപയോഗിച്ചിരുന്നു. ഇവിടെ എഴുതുന്നില്ല. അതെ സമയം ഞാൻ ജനിച്ചുവളർന്ന ഞങ്ങളുടെ നാട്ടിൻ പുറത്തുള്ളവർക്ക് ആ സംസ്ക്കാരം ഉണ്ടായിരുന്നില്ല. 

പാരമ്പര്യം എന്ന് ഞാൻ ഉദ്ദേശിച്ചത് മുതുമുത്തച്ഛന്മാരായി സംസ്ക്കാര പാരമ്പര്യത്തിൽ വളർന്നവരെന്നാണ്. അല്ലാതെ തോമ്മാ ശ്ലീഹ മുക്കിയവരെന്ന കെട്ടുകഥ അടിസ്ഥാനമാക്കിയല്ല. ഹിന്ദുക്കളെപ്പറ്റിയും മുസ്ലിമുകളെപ്പറ്റിയും അങ്ങനെ തന്നെ ഞാൻ പരാമർശിക്കാറുണ്ട്. ദൗർഭാഗ്യവശാൽ ഈ കമന്റ് ഇട്ടപ്പോൾ എന്റെ കുടുംബം കത്തോലിക്ക പാരമ്പര്യമെന്ന വസ്തുതയും ഞാൻ മറന്നുപോയി.   

ജോളിയുടെ നാട് കട്ടപ്പനയെപ്പറ്റി എനിക്കറിയാം. നിഷ്കളങ്കരായ കർഷകർ. കൂടുതലും കത്തോലിക്കർ. അങ്ങനെയുള്ള ഒരു ഗ്രാമത്തിൽനിന്നും എങ്ങനെ ഒരു പിശാചുണ്ടായി എന്ന അർത്ഥമാണ് ഞാൻ സങ്കൽപ്പിച്ചത്. അവിടെയുള്ള സ്ത്രീകളും ഭർത്താക്കന്മാരോടൊപ്പം കൃഷിഭൂമിയിൽ പണിയെടുക്കുന്നവരാണ്. അതുകൊണ്ടാണ് അവരെ പട്ടണപ്രദേശങ്ങളിലുള്ള മറ്റു സ്ത്രീകളിൽ നിന്നും വ്യത്യസ്‍തമായി നിഷ്കളങ്കരെന്ന് വിളിച്ചത്. സ്ത്രീകളും പുരുഷന്മാരും ഒരേ സ്വഭാവ ഗുണങ്ങൾ എന്നും സമ്മതിക്കുന്നു. പക്ഷെ സാഹചര്യങ്ങൾ ഇരുകൂട്ടരെയും വ്യത്യസ്തമാക്കുന്നു. 

അല്ലാതെ, ഒരു കത്തോലിക്കന്റെ മഹത്വമൊന്നും ഞാൻ പ്രകീർത്തിച്ചില്ല. അങ്ങനെയുള്ള ചിന്ത എന്റെ ബാല്യത്തിൽ തന്നെ മനസ്സിൽ നിന്നും പിഴുതു കളഞ്ഞിട്ടുള്ളതാണ്. കേരളത്തിൽ മൊത്തം അഴിമതികളുടെ മൊത്തക്കച്ചവടക്കാർ ആ സമുദായത്തിൽനിന്നാണ്. അവർ കൂടുതലും പട്ടണപ്രദേശങ്ങളിൽ നിന്നുമുള്ളവരാണ്.  

പിന്നെ എന്റെ വിശ്വാസം. അങ്ങനെ പ്രത്യേകമായ ഒരു വിശ്വാസം എനിക്ക് ഒന്നിനോടും ഇല്ല. വേണമെങ്കിൽ പ്രകൃതിയും മനുഷ്യനുമെന്നു സങ്കൽപ്പിക്കാം. താങ്കളെ ഞാൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ്. തെറ്റിദ്ധാരണകളിൽ ഖേദിക്കുന്നു.
Sudhir Panikkaveetil 2019-10-15 21:49:37
ശ്രീ കോരസൺന്റെ ലേഖനം നന്നായിരുന്നു. 
അപഗ്രഥനവും വിലയിരുത്തലുകളും ഭാഗികമായി 
ശരിയാണ്. crime unites കമ്മ്യൂണിറ്റീസ് എന്ന 
അഭിപ്രായം എല്ലാ കാര്യത്തിലും ശരിയാകണമെന്നില്ല.
കുറ്റകൃത്യങ്ങൾ എല്ലാവ രെയും ബാധിക്കുമ്പോൾ 
ആണ് അവർ ഒന്നുചേരുന്നത്. കമ്മ്യൂണിറ്റീസ് unite 
against ക്രൈം. ജോളിയുടെ കുറ്റം ഒരു 
കുടുംബത്തെ ചുറ്റിപ്പറ്റി നിൽക്കുന്നു. എവിടെയും 
മണത്ത് ചെല്ലുന്ന മലയാളിക്ക് അതൊക്കെ കേട്ട് 
രസിക്കാൻ മാദ്ധ്യങ്ങൾ അവസരം നൽകുന്നു 
എന്നല്ലാതെ പൊതുജനം അതേപ്പറ്റി 
വ്യാകുലപ്പെടാനോ അതിനു പരിഹാരം തേടാൻ 
ഒന്ന് ചേരാനോ പോകുന്നില്ല. പ്രളയസമയത്തെ 
ഒരുമ ചാകാൻ പോകുന്ന ആൾ വൈക്കോ  ൽ 
ൽ തുരുമ്പിൽ 
പിടിക്കുന്നപോലെ സംഭവിച്ചതാണ്. കുറ്റകൃത്യങ്ങൾ 
ഇങ്ങനെ മാദ്ധ്യങ്ങൾ പെരുപ്പിച്ച് കാണിക്കയും എഴുതുകയും 
ചെയ്യുന്നതുകൊണ്ട് അവർക്ക് റേറ്റിങ്/പ്രചാരം 
എന്നിവ ലഭിക്കുന്നു. muckraking, yellow journalism 
എന്നിവയിൽ ഏർപ്പെടുന്നവർക്ക് ഇത് ചാകര.
ജോളി സയനൈഡ് കലക്കി 
കുടുംബക്കാർക്കും പ്രിയതമനും നൽകി എന്നത് കൊണ്ട് 
നാട്ടിലെ സ്ത്രീകളൊന്നും അത് ചെയ്യാൻ 
പോകുന്നില്ല. എന്റെ അഭിപ്രായത്തിൽ 
ഇത്തരം വാർത്തകൾ വരുമ്പോൾ സ്ത്രീകളുടെ 
ജീവിതത്തെപ്പറ്റി, അവരുടെ മതം, സാമ്പത്തികം 
എന്നിവയെപ്പറ്റി പഠിക്കാൻ കമ്മറ്റി രൂപീകരിക്കുന്നതിനേക്കാൾ 
ഭാരതത്തിലെ നിയമങ്ങൾ പരിശോധിക്കാൻ 
കമ്മറ്റികൾ ഉണ്ടാകണം.  ഒരു കുറ്റം നടക്കുമ്പോൾ 
കഴുകനെപോലെ വക്കീലന്മാർ വരുന്നു. 
കുറ്റം ചെയ്തവൻ പുഷ്പാം പോലെ വീട്ടിൽ പോകുന്നു. 
455 വര്ഷം മുമ്പ് ജനിച്ച ഷെയ്ക്‌സ്പിയർ എഴുതി 
കുറ്റങ്ങൾ കുറയ്ക്കാൻ സകല വക്കീലന്മാരെയും 
കൊല്ലുക. അങ്ങനെ വല്ല നടപടിക്ക് കമ്മ്യൂണിറ്റീസ് 
ഒരുമിച്ചാൽ എന്തെങ്കിലും ഗുണം കാണും.  

പൊടി പറ്റിയ ഡയമണ്ട് 2019-10-16 05:26:39
Thank you Joseph Sir for clearing up the confusion. Yes! i know you very well. But the readers Don't. I want you to come out and clear it. You know there are lot of critics out there, especially fanatic Catholics.
 Now you are shining like a Diamond.- your good old friend-andrew
ചങ്ങനാശ്ശേരിയുടെ ഗുണം. 2019-10-16 05:42:47
ചങ്ങനാശ്ശേരി ക്ക്  പുറത്ത് എവിടെ ചെന്നാലും ചങ്ങനാശ്ശേരിക്കാരന്‍ എന്ന് പറഞ്ഞാല്‍ ആള്‍ക്കാര്‍ ഉടനെ അല്പം പുറകോട്ട് മാറി നില്‍ക്കുമായിരുന്നു. വലിയ തട്ടിപ്പുകാര്‍, കബളിപ്പിക്കുന്നവര്‍, നുണയന്‍മാര്‍, ചതിയന്മാര്‍, കടം വാങ്ങിയാല്‍ തിരികെ കൊടുക്കാത്തവര്‍, എല്ലാറ്റിലും ഉപരി പര ചട്ടമ്പികള്‍ എന്ന ധാരണ ചങ്ങനാശ്ശേരിക്കാരെ പറ്റി പരക്കെ ഉണ്ടായിരുന്നു. കോട്ടയം, അങ്കമാലി, കൊച്ചി ഇവിടെ ഒക്കെ ഇത്തരക്കാര്‍ ധാരാളം ഉണ്ടായിരുന്നു എങ്കിലും ചങ്ങനാശ്ശേരിക്കാരന്‍ ആണ് എന്ന് അറിഞ്ഞാല്‍ പിന്നെ ആരും വലിയ വേലയുംയി വരില്ലായിരുന്നു. ഇവിടെ ഒക്കെ പ്രസ്സ് ഉണ്ടായിരുന്നു, അപ്പോള്‍ ലഭിച്ച അനുഭവം ആണ് ഇത്.
 ചങ്ങനാശ്ശേരി ക്കാരന്‍ ആണ് എന്ന് അറിഞ്ഞാല്‍ തിരുവല്ല, കോഴന്‍ചേരി ക്കാര്‍ കല്യാണം കഴിക്കാന്‍ താല്പര്യം കാണിക്കില്ലായിരുന്നു. അതും മറ്റൊരു കഥ.
 ഒരു പഴയ ചങ്ങനാശ്ശേരിക്കാരന്‍.
അമളി പറ്റിയ ചങ്ങനാശ്ശേരിക്കാരന്‍ 2019-10-16 10:53:35
പറയുമ്പോള്‍ എല്ലാംതന്നെ പറയണമല്ലോ! ഇത് ചങ്ങനാശ്ശേരിക്കാരന് പറ്റിയ അമളി ആണ്.
 ഞാന്‍ എന്ന ചങ്ങനാശ്ശേരിക്കാരന് ജോണ്‍ ബോള്‍ട്ട്ന്‍ സ്റ്റയില്‍ അഥവാ മാല്‍ബ്രോ കൌ ബോയ്‌ സ്റ്റൈല്‍ കപ്പടാ കൊമ്പന്‍ മീശ ഉള്ള കാലം. കേരളത്തിലെ ഫെടറല്‍ ബാങ്കില്‍ ജോലി കിട്ടി, പക്ഷെ 4 ലക്ഷം ഫിക്സഡ് ഡിപ്പോസിറ് പിടിച്ചു കൊടുക്കണം. 4 രൂപ പോലും ഇല്ലാത്തവൻ എങ്ങനെ 4 ലക്ഷം ഉണ്ടാക്കും. അങ്ങനെ ഇതികർത്താ വെധ മൂഡനായി വിഷണ്ണൻ ആയി നടക്കുന്ന കാലം തിരുവല്ലയിൽ നിന്നും ഒരു ഉഗ്രൻ കല്യാണം. പെണ്ണ്  പരമ സുന്നരിയും. വീട്ടുകാർ തമ്മിൽ നേരത്തെ തന്നെ അറിയാമായിരുന്നതു കൊണ്ടും, പെണ്ണും ചെറുക്കനും തമ്മിൽ നേരത്തെ അറിയാവുന്നതു കൊണ്ടും പെണ്ണ് കാണൽ, ചെറുക്കൻ കാണൽ ഒന്നും ഉണ്ടായിരുന്നില്ല. വീട്ടുകാർ കല്യാണം ഉറപ്പിച്ചു. മീശ കിളുക്കുന്നതിന് മുമ്പ് എന്നെ  ഭാവി അമ്മായി അമ്മ കണ്ടിരിന്നുള്ളൂ. ഏതായാലും നാട്ടിലെ പതിവ് പോലെ ഒരു കല്യാണം മുടക്കി പെണ്ണിൻ്റെ  വീട്ടിൽ ചെന്ന്  ഞാൻ എന്ന ചങ്ങനാശേരിക്കാരൻ വലിയ കൊമ്പൻ മീശക്കാരൻ ചട്ടമ്പി ആണ് എന്ന് ഓതി. ഭാവി അമ്മായിഅമ്മ -ഏലിയാമ്മ -ബാങ്കിൽ വന്നു  ഉറപ്പു വരുത്തി. ഒരു പുതിയ ഡിമാൻ്റെ . മീശ വടിച്ചു കളയണം. ബാങ്ക് മാനേജരുടെ   മീഡിയേഷൻ ഒന്നും ഏലിയാമ്മ സമ്മതിച്ചില്ല. അവസാനം  കേസ് മാർത്തോമ്മാ വലിയ മെത്രാ പോലീത്തയുടെ കോടതിയിൽ എത്തി. എൻ്റെ പേഴ്സണാലിറ്റിയുടെ പ്രദാന ഭാഗം എന്ന് ഞാൻ അഭിമാനിക്കുന്ന മീശ കളയുന്ന പ്രശനം ഇല്ല എന്ന് ഞാൻ. മാത്രം അല്ല വിധവ ഏലിയാമ്മ ആണ് പണ്ടേ വീട്ടു മാപ്പിള. കല്യാണം കഴിഞ്ഞു മറ്റു വല്ലതും കൂടി മുറിക്കണം എന്ന് വാശി പിടിച്ചാൽ ഞാൻ പടിക്കു പുറത്തു എന്ന് ഒരു ഭയം. ഒരു പഴുതാര മീശ ആകാം എന്ന് മെത്രാപോലിത്ത. ഞാൻ മീശയിൽ തന്നെ പിടി മുറുക്കി.  കഥയുടെ അവസാനം ഇങ്ങനെ.- പെണ്ണും പോയി, പണവും [സ്ത്രി സ്വത്തു് ] പോയി. ജോലിയും പോയി.  മീശ മാത്രം മിച്ചം - ഒരു പഴയ ചങ്ങനാശേരിക്കാരൻ. 
കോരസൺ 2019-10-17 08:47:58
പോസ്റ്റിൽ പ്രതികരിച്ചവരെ ഒക്കെ പ്രതിഭകൾ ആണ്, എല്ലാ അർത്ഥത്തിലും നന്ദി. സമൂഹത്തിലെ ചില തിരുത്തലുകൾ വരുത്തേണ്ട അവസരമായി എന്നു ചൂണ്ടികാണിക്കുവാനാണ് ഞാൻ ശ്രമിച്ചത്. പ്രാദേശീക വിഷയങ്ങൾ കൊണ്ടുവന്നതു ചർച്ചയെ  രസകരമാക്കാനായി. എഴുത്തിലെ ആശയപരമായ വിയോജിപ്പുകൾ സ്വാഗതാർഹം. അങ്ങനെതന്നെയാവണം ചർച്ചകൾ. 
കോരസൺ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക